പൊലീസ് നമുക്കൊപ്പമുണ്ട്, ജയ് ശ്രീറാം; ഡല്‍ഹി അക്രമിയുടെ വീഡിയോ വൈറല്‍

ഡല്‍ഹിയില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായി സമരം നടത്തുന്നവരുടെ ഇടയിലേക്ക് ആക്രമണം അഴിച്ചു വിട്ട ഹിന്ദുത്വ ഭികരര്‍ക്ക് പൊലീസ് സഹായം ലഭിക്കുന്നുവെന്ന് തെളിയിക്കുന്ന വീഡിയോ പുറത്തുവിട്ട് സോഷ്യല്‍ മീഡിയ. സമരക്കാര്‍ക്കിടയിലേക്ക് കല്ലെടുത്തെറിയുന്ന ഒരു അക്രമി തന്നെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നത്.

അക്രമ സംഭവങ്ങളുടെ പശ്ചാതലത്തില്‍ എടുത്ത വീഡിയോയാണ് പുറത്തു വന്നത്. ഇതെല്ലാം നമ്മുടെ ഹിന്ദു സഹോദരന്‍മാരാണ്. പൊലീസും നമ്മുടെ കൂടെയാണെന്നാണ് അക്രമി വീഡിയോയില്‍ പറയുന്നത്.

അക്രമം തടയുന്നതില്‍ ഡല്‍ഹി പൊലീസ് തീര്‍ത്തും പരാജയമായിരുന്നുവെന്ന് വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വന്നത്. ജയ് ശ്രീറാം വിളികളോടെയുള്ള വീഡിയോയില്‍ അക്രമി പൊലീസിനും ജയ് വിളിക്കുന്നതായി കാണാം.

സി.എ.എ സമരക്കാര്‍ക്കെതിരായി ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടെ പ്രകോപനപരമായ വാക്കുകള്‍ പുറത്തു വന്നതിനു ശേഷമാണ് ഡല്‍ഹിയില്‍ സംഘര്‍ഷം ഉടലെടുത്തത്. കഴിഞ്ഞ മൂന്നു ദിവസമായി വടക്കു കിഴക്കന്‍ !ഡല്‍ഹിയില്‍ എകപക്ഷീയമായി നടന്നുകൊണ്ടിരിക്കുന്ന കലാപത്തില്‍ ഇതുവരെയായി പത്തു പേരാണ് മരിച്ചത്. ഇരുന്നൂറിലധികം പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം.