‘ഉമ്മ’ കത്തിയെരിഞ്ഞ് നിലവിളിക്കുമ്പോള്‍ അകത്തേക്ക് കയറാന്‍ അനുവദിക്കാതെ അവര്‍ എന്നെ തടഞ്ഞുവെച്ചു

ഡല്‍ഹി കലാപത്തില്‍ അക്ബാരി എന്ന വയോധിക കൊല്ലപ്പെട്ടതില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മകന്‍ സയീദ് സല്‍മാനി. ചൊവ്വാഴ്ച ഉച്ചയോടെ കുറേ ആളുകള്‍ ഗാമ്രി എക്സ്റ്റന്‍ഷനിലെ വീടു വളയുകയും തീവയ്ക്കുകയും ചെയ്യുകയായിരുന്നെന്ന് സല്‍മാനി പറഞ്ഞു. ‘പാല്‍ തീര്‍ന്നുപോയെന്നു മക്കള്‍ പറഞ്ഞത് കേട്ട് അതു വാങ്ങാനാണ് താന്‍ വീട്ടില്‍നിന്ന് ഇറങ്ങിയത്. പാല്‍ വാങ്ങി തിരികെ വരുമ്പോള്‍ കുറേ ആളുകള്‍ വീടു വളഞ്ഞെന്നു മകന്‍ വിളിച്ചു പറഞ്ഞു. അകത്തുനിന്ന് ഗേറ്റിനു കുറ്റിയിട്ട് കുട്ടികള്‍ ഇരിക്കുകയാണെന്നും പറഞ്ഞു.’

‘വീട്ടില്‍ തിരിച്ചെത്തി അകത്തേക്കു കടക്കാന്‍ ശ്രമിച്ചപ്പോള്‍ അകത്തേക്കുപോയാല്‍ എന്നെ കൊല്ലുമെന്ന് അവര്‍ ഭീഷണിപ്പടുത്തി. ഉമ്മ മൂന്നാം നിലയില്‍ അകപ്പെട്ടുപോയിരുന്നു. കുട്ടികള്‍ എന്നെ വിളിച്ച് കരഞ്ഞ് രക്ഷിക്കണേ എന്നു പറയുന്നുണ്ടായിരുന്നു, എനിക്ക് അകത്തേക്കു പോകാനായില്ല’ സല്‍മാനി കൂട്ടിച്ചേര്‍ത്തു.താഴത്തെ നിലയില്‍ വസ്ത്രനിര്‍മാണം നടക്കുന്ന സ്ഥലമാണ് അക്രമികള്‍ ആദ്യം തീയിട്ടത്. പിന്നീട് ഒന്നും മൂന്നും നാലും നിലകള്‍ തീയിട്ടു. മൂന്നാം നിലയിലാണ് കുടുംബം താമസിച്ചിരുന്നത്. സല്‍മാനിയുടെ കുട്ടികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. 10 മണിക്കൂറോളം കഴിഞ്ഞ് തീകെടുത്തിയശേഷമാണ് അക്ബാരിയുടെ മൃതദേഹം പുറത്തെടുത്തത്. തീപ്പൊള്ളലേറ്റെങ്കിലും പുക ശ്വസിച്ചാണ് അക്ബാരി മരണമടഞ്ഞതെന്ന് അധികൃതര്‍ അറിയിച്ചു. ‘രക്ഷയ്ക്കായി ഉമ്മ നിലവിളിച്ചുകാണണം’. കരഞ്ഞുകൊണ്ട് സല്‍മാനി കൂട്ടിച്ചേര്‍ത്തു.

SHARE