നോട്ട് നിരോധനം ഭീകരാക്രമണമെന്ന് രാഹുല്‍ ഗാന്ധി; ആക്രമികളെ ഇനിയും പിടികൂടിയില്ലെന്നും വിമര്‍ശനം

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ കേന്ദ്ര സര്‍ക്കാറിനെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനത്തെ ഭീകരാക്രമണത്തോട് ഉപമിച്ചായിരുന്നു രാഹുലിന്റെ വിമര്‍ശനം. രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയെ തകര്‍ക്കുകയും നിരവധി ആളുകളുടെ ജീവന്‍ അപഹരിച്ചതുമായ ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലുള്ളവരെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകിടം മറിച്ച നോട്ട് നിരോധനത്തിന്റെ മൂന്നാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ വിമര്‍ശനം.

നിരവധി ജീവന്‍ അപഹരിക്കുകയും, ലക്ഷക്കണക്കിന് ചെറുകിട ബിസിനസുകള്‍ തുടച്ചുമാറ്റുകയും, ദശലക്ഷക്കണക്കിന് ഇന്ത്യക്കാരെ തൊഴിലില്ലാത്തവരാക്കുകയും ചെയ്ത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ തകിടംമറിട്ട നോട്ട് നിരോധനമെന്ന ഭീകരാക്രമണത്തിന് മൂന്ന് വര്‍ഷമായി.
എന്നാന്‍ ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലുള്ളവരെ ഇനിയും നിയമത്തിന് മുന്നില്‍ കൊണ്ടുവന്നിട്ടില്ല, രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. #DeMonetisationDisaster എന്നാ ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

നിരോധനത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. #DeMonetisationDisaster #ModiMadeDisaster #demonetization #NotebandiSeMand-iTak തുടങ്ങിയ ഹാഷ് ടാഗുകള്‍ നിലവില്‍ ട്വിറ്ററില്‍ ട്രന്റാണ്. നോട്ട് നിരോധനത്തെ പൈശാചികവല്‍ക്കരണം എന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ അഭിസംബോധന ചെയ്തത്. സമ്പദ്‌വ്യവസ്ഥയെ നശിപ്പിച്ച തുഗ്ലക്ക് നടപടിയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക എന്നും പ്രിയങ്ക ഗാന്ധി ട്വിറ്ററില്‍ ചോദിച്ചു.