ജഗദേഷ് കുമാറിനെതിരെ പുറത്താക്കണം; ജെ.എന്‍.യു വിസിക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി

ന്യൂഡല്‍ഹി: ജെഎന്‍യു വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെതിരെ മുതിര്‍ന്ന ബിജെപി നേതാവും മുന്‍ മാനവ വിഭവശേഷി മന്ത്രിയുമായ മുരളി മനോഹര്‍ ജോഷി. വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാറിനെ തല്‍സ്ഥാനത്തു തുടരാന്‍ അനുവദിക്കരുതെന്ന് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് മാനവ വിഭവശേഷി മന്ത്രാലയും ആവശ്യപ്പെട്ടിട്ടും വിസി അതിനു തയ്യാറാകാത്തതിനെ മുരളി മനോഹര്‍ ജോഷി വിമര്‍ശിച്ചു. സര്‍ക്കാര്‍ തീരുമാനങ്ങള്‍ നടപ്പിലാക്കാന്‍ വിസി വിമുഖത കാണിച്ചെന്നും അതിനാല്‍ അവരെ പുറത്താക്കണമെന്നും മുരളി മനോഹര്‍ ജോഷി ആവശ്യപ്പെട്ടു.

നേരത്തെ ജെഎന്‍യു വിദ്യാര്‍ഥികള്‍ കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയത്തിലേക്കും മാര്‍ച്ച് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളുമായി മാനവ വിഭവശേഷി മന്ത്രാലയം നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്ന് സമരം തുടരുമെന്ന് വിദ്യാര്‍ത്ഥികള്‍ അറിയിച്ചു. വൈസ് ചാന്‍സിലറെ മാറ്റുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടുപോകുമെന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.

വിസിക്കെതിരെ ഡല്‍ഹിയില്‍ ഇന്ന് വിദ്യാര്‍ഥികള്‍ നടത്തിയ സമരം സംഘര്‍ഷത്തിലാണ് കലാശിച്ചത്. ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല ക്യാമ്പസിനകത്ത് മുഖംമൂടി അണിഞ്ഞ എബിവിപി ഭീകരര്‍ അതിക്രമിച്ച് കടന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ അക്രമം നടത്തിയ സംഭവത്തെ തുടര്‍ന്ന് വൈസ് ചാന്‍സിലറെ നീക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഷ്ട്രപതി ഭവനിലേക്ക് വിദ്യാര്‍ത്ഥികള്‍ മാര്‍ച്ച് നടത്തിയത്. എന്നാല്‍ സമാധാനപരമായി നടന്ന മാര്‍ച്ചിനു നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. സമാധാനപരമായി സമരം ചെയ്യാന്‍ വന്നവര്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയാണെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വിദ്യാര്‍ത്ഥികളെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം, ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയിലെ അക്രമസംഭവങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. ജെഎന്‍യുവിലെ പ്രശ്‌നങ്ങള്‍ ഇത്രയും വഷളാകാന്‍ കാരണം വൈസ് ചാന്‍സലര്‍ ജഗദേഷ് കുമാര്‍ ആണെന്നും വൈസ് ചാന്‍സലര്‍ രാജിവയ്ക്കുകയല്ല, അദ്ദേഹത്തെ പുറത്താക്കുകയാണ് ചെയ്യേണ്ടതെന്നുമാണ് വിദ്യാര്‍ത്ഥികളുടെ ആവശ്യം.