ദേവനന്ദയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

കൊല്ലം: കൊല്ലം നെടുമണ്‍കാവില്‍ നിന്നും കാണാതായ ആറുവയസ്സുകാരി ദേവനന്ദയുടെ മരണം മുങ്ങി മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശ്വാസകോശത്തിലും രക്തക്കുഴലുകളിലും വെള്ളവും ചെളിയും കണ്ടെത്തി. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമോര്‍ട്ടം നടന്നത്. ഇന്നലെ രാവിലെ 10.30ഓടുകൂടിയാണ് കുഞ്ഞിനെ കാണാതായത്.

മുങ്ങിമരണമെന്നായിരുന്നു ഇന്‍ക്വസ്റ്റിലെയും പ്രാഥമിക നിഗമനം. ദേഹത്ത് മുറിവോ ചതവോ ഇല്ല. ബലപ്രയോഗം നടന്നിട്ടില്ല. 11.30ഓടെ മൃതശരീരം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെത്തിച്ചു. ഫോറന്‍സിക് മേധാവി ഡോക്ടര്‍ ശശികലയുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റുമോര്‍ട്ടം.

വീടിന് സമീപത്തെ ഇത്തിക്കരയാറ്റില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ മുങ്ങല്‍ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയില്‍ ആറ്റില്‍ കണ്ടെത്തിയത്. വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാര്‍ത്ഥിയാണ്. നെടുമ്പന ഇളവൂര്‍ കിഴക്കേക്കരയില്‍ ധനീഷ്ഭവനില്‍ പ്രദീപ്കുമാറിന്റെയും ധന്യയുടെയും മകളാണ് മരിച്ച ദേവനന്ദ. കുട്ടിയെ കാണാതായതിന് ശേഷം സംസ്ഥാനത്തൊട്ടാകെ വാഹനപരിശോധന നടന്നിരുന്നു. ചാത്തനൂര്‍ എസിപിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു അന്വേഷണം നടത്തിയത്.

SHARE