Connect with us

Video Stories

കസ്റ്റഡിയിലെടുത്ത വാഹനങ്ങള്‍ വേഗത്തില്‍ വിട്ടുനല്‍കണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍

Published

on

ഫിര്‍ദൗസ് കായല്‍പുറം

തിരുവനന്തപുരം: പൊലീസ് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ കഴിയുന്നതും വേഗം വിട്ടുകൊടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഡി.ജി.പിയുടെ സര്‍ക്കുലര്‍. പെറ്റിക്കേസുകളിലും വാഹന അപകടക്കേസുകളിലും ഉള്‍പെട്ട വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുക്കുന്നതില്‍ കഴിയുന്നതും വേഗം വിട്ടുനല്‍കാനും നിര്‍ദേശിച്ചു. മോട്ടോര്‍ വാഹനനിയമം 1988ലെ 207(1) വകുപ്പ് പ്രകാരം, നിയമത്തിലെ 3, 4, 66(1) വകുപ്പുകള്‍ പറയുന്ന നിബന്ധനകള്‍ ലംഘിക്കുന്നതിന് 207(1) വകുപ്പിലെ പ്രൊവൈസോ പ്രകാരം വാഹനം പിടിച്ചെടുക്കുന്നതിന് പകരം റജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പിടിച്ചെടുത്ത് രസീത് നല്‍കിയ ശേഷം അത്തരം വാഹനം കസ്റ്റഡിയില്‍ എടുക്കാതെ വിട്ടയക്കാവുന്നതാണ്.

മോട്ടോര്‍ വാഹന നിയമത്തിലെ 3, 4 വകുപ്പുകളില്‍ പറഞ്ഞിട്ടുള്ള നിബന്ധനകള്‍ ലംഘിച്ച് ഓടിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കേണ്ടിവന്നാല്‍ വാഹനം ഓടിക്കുന്നതിന് നിയമാനുസരണം ലൈസന്‍സ് സിദ്ധിച്ചിട്ടുള്ള വാഹനത്തിന്റെ ഉടമസ്ഥനോ അദ്ദേഹം ചുമതലപ്പെടുത്തിയ ലൈസന്‍സുള്ള ഒരാള്‍ക്കോ പെറ്റിക്കേസ് നടപടി പൂര്‍ത്തിയാക്കി വാഹനം വിട്ടുനല്‍കണം. മോട്ടോര്‍ ടാക്‌സേഷന്‍ ആക്ടിലെ 11-ാം വകുപ്പ് പ്രകാരം നികുതി ഒടുക്കാത്തതിന് വാഹനങ്ങള്‍ പിടിച്ചെടുത്താല്‍ നികുതി ഒടുക്കിയ രസീത് ഹാജരാക്കുന്ന മുറയ്ക്ക് പെറ്റിക്കേസ് ചുമത്തി വാഹനം എത്രയുംവേഗം വിട്ടുനല്‍കണം.

നിയമത്തിലെ 184, 185 വകുപ്പുകള്‍ പ്രകാരവും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 279 വകുപ്പ് പ്രകാരവും സ്വമേധയാ കേസുകള്‍ റജിസ്റ്റര്‍ ചെയ്ത് വാഹനങ്ങള്‍ പിടിച്ചെടുക്കുമ്പോള്‍ സാധാരണ ഗതിയില്‍ എ.എം.വി.ഐയുടെയോ മറ്റോ പരിശോധന ആവശ്യമില്ലാത്തതിനാല്‍ മഹസ്സര്‍ നടപടികള്‍ക്ക് ശേഷം ഉടന്‍ തന്നെ രേഖകള്‍ പരിശോധിച്ച് വാഹനം മൂന്നാം സ്ഥാനത്തില്‍ വിട്ടുകൊടുക്കണം. എന്നാല്‍ വാഹനം ഓടിച്ചിരുന്നയാള്‍ മദ്യലഹരിയില്‍ ആണെങ്കില്‍ ഉത്തരവാദപ്പെട്ട മറ്റൊരാളെ വാഹനം ഏല്‍പ്പിക്കണം.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 283-ാം വകുപ്പുപ്രകാരം ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതിലേക്ക് പിടിച്ചെടുക്കപ്പെട്ട വാഹനത്തിന്റെ ഉടമ രേഖകള്‍ ഹാജരാക്കുന്ന മുറയ്ക്ക് നടപടികള്‍ പൂര്‍ത്തിയാക്കി അപ്പോള്‍ത്തന്നെ മൂന്നാം സ്ഥാനത്തില്‍ വിട്ടയക്കണം. എന്നാല്‍ മനഃപൂര്‍വം മാര്‍ഗതടസം സൃഷ്ടിച്ചതാണെന്ന് ബോധ്യമായാല്‍ ആവശ്യമെങ്കില്‍ വാഹനം കോടതിയില്‍ ഹാജരാക്കാവുന്നതാണ്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 337, 338, 304(എ) വകുപ്പുകള്‍ പ്രകാരം ശിക്ഷാര്‍ഹമായ വാഹന അപകട കേസുകളില്‍ വാഹന ഉടമക്ക് നോട്ടീസ്

നല്‍കിയതിനെത്തുടര്‍ന്ന് ഹാജരാക്കുന്ന വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കേണ്ടതില്ലെങ്കില്‍ സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിലെ അധികാരപ്പെടുത്തപ്പെട്ട ഉദ്യോഗസ്ഥന്റെ പരിശോധനക്ക് ശേഷം വാഹനവുമായി ബന്ധപ്പെട്ട നടപടികള്‍ പൂര്‍ത്തിയാക്കി സേവനാവകാശ നിയമപ്രകാരമുള്ള നിശ്ചിത കാലയളവിനുള്ളില്‍ മൂന്നാം സ്ഥാനത്തില്‍ വിട്ടുനല്‍കണം. അപകട സ്ഥലത്തുനിന്നും നീക്കം ചെയ്ത് സ്റ്റേഷനില്‍ കൊണ്ടുവരുന്ന ഇത്തരം കേസുകളില്‍ ഉള്‍പെട്ട വാഹനങ്ങള്‍ കേസ് റജിസ്റ്റര്‍ ചെയ്ത് നടപടി ക്രമങ്ങള്‍ക്ക് ശേഷം കോടതിയില്‍

ഹാജരാക്കേണ്ടതില്ലാത്ത സാഹചര്യത്തില്‍ നിശ്ചിത സമയപരിധിക്കുള്ളില്‍ മൂന്നാം സ്ഥാനത്തില്‍ വിട്ടുനല്‍കണം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കാണപ്പെട്ട് കസ്റ്റഡിയില്‍ എടുക്കുന്ന വാഹനങ്ങളുടെ ഉടമസ്ഥത സംബന്ധിച്ച് വിവരം ലഭ്യമായാല്‍ വാഹനം ക്രിമിനല്‍ കേസുകളില്‍ ഉള്‍പെട്ടതല്ലെങ്കില്‍ നടപടി പൂര്‍ത്തിയാക്കി ഉടന്‍ വിട്ടുനല്‍കണം. ഉടമസ്ഥത സംബന്ധിച്ച് വിവരം ലഭ്യമാകാത്ത പക്ഷം താമസംവിനാ സബ്ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കണം.

പൊലീസ് ഉദ്യോഗസ്ഥന്മാര്‍ പെറ്റിക്കേസുകളില്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് അനാവശ്യമായി കസ്റ്റഡിയില്‍ സൂക്ഷിക്കുന്നുവെന്നും വാഹന ഉടമകള്‍ക്ക് പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും പരാതികളുള്ള പശ്ചാത്തലത്തിലാണ് സര്‍ക്കുലര്‍. കൂടാതെ പൊലീസ് സ്റ്റേഷന്‍ പരിസരത്തും റോഡ് വക്കിലും വാഹനങ്ങള്‍ സൂക്ഷിക്കുന്നതുമൂലം മാര്‍ഗതടസ്സമുണ്ടാകുന്നതും സ്റ്റേഷന്‍ പരിസരം വൃത്തികേടാകുന്നത് ഒഴിവാക്കുവാനും ഇതിലൂടെ ലക്ഷ്യമിടുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending