പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ചിട്ടില്ലെന്ന് ഡി.ജി.പി

പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. അത്തരത്തിലുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ല. ക്രമസമാധാനപ്രശ്‌നമുണ്ടായാല്‍ നടപടിയെടുക്കാനാണ് നിര്‍ദേശം നല്‍കിയത്.മറിച്ച് വരുന്ന വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും ഡി.ജി.പി പ്രസ്താവനയില്‍ വ്യക്തമാക്കി.

പൗരത്വ നിയമ ഭേദഗതിക്കെതിരെ ചില സംഘടനകള്‍ നടത്തിയ പ്രതിഷേധങ്ങള്‍ക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയെന്നാരോപിച്ച് പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തിയ പ്രതിഷേധ പരിപാടികളില്‍ കേസൊന്നുമുണ്ടായില്ല. ഈ ഇരട്ടത്താപ്പിനെതിരെ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് നിര്‍ദേശവുമായി ഡി.ജി.പി രംഗത്തെത്തിയിരിക്കുന്നത്.

ഗതാഗത തടസ്സം, ശബ്ദമലിനീകരണം, സംഘം ചേര്‍ന്ന് തടസ്സമുണ്ടാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതിഷേധപ്രകടനം നടത്തുന്നവര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നത്. ഞായറാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ഭരണഘടനാ സംരക്ഷണ സമിതിയുടെ മഹാറാലിയുടെ അനൌണ്‍സ്‌മെന്റ് വാഹനം കോഴിക്കോട് എലത്തൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

SHARE