പെട്രോളിയം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്

പെട്രോളിയം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുന്നു: കെ.പി.എ മജീദ്

കോഴിക്കോട്: പെട്രോളിയം വില സര്‍വ്വ സീമകളും ലംഘിച്ച് കുതിക്കുമ്പോള്‍ ഭരണകൂടങ്ങള്‍ കാഴ്ചക്കാരായി നിന്ന് കൊള്ളക്ക് കൂട്ടുനില്‍ക്കുകയാണെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് കുറ്റപ്പെടുത്തി. ക്രൂഡോയില്‍ വില വര്‍ധിച്ചെന്ന പേരു പറഞ്ഞ് പെട്രോളിന്റെയും ഡീസലിന്റെയും പാചക വാതകത്തിന്റെയുമെല്ലാം വില കുത്തനെ കൂട്ടി ഭരണകൂടങ്ങള്‍ കൊള്ളയടിക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ പെട്രോളിയം വിലയുള്ള സംസ്ഥാനമാണ് കേരളം. അധിക നികുതി വേണ്ടെന്ന് വെക്കാനും ഭാരം ലഘൂകരിക്കാനും എല്‍.ഡി.എഫ് സര്‍ക്കാര്‍ തയ്യാറാവണം. പെട്രോളിയം വില നിര്‍ണ്ണയാധികാരം തിരിച്ചു പിടിക്കാനും പ്രതിദിന വല നിര്‍ണ്ണയം അവസാനിപ്പിക്കാനും തീരുവ കുറക്കാനും കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ തയ്യാറാവണം. കോര്‍പ്പറേറ്റ് കുഭേരന്മാര്‍ക്ക് സുഖിക്കാനും ഭരണത്തലവന്മാര്‍ക്ക് ധൂര്‍ത്തടിക്കാനും സാധാരണക്കാരുടെ പോക്കറ്റടിക്കുന്ന പ്രവണത അംഗീകരിക്കാവുന്നതല്ല.
പെട്രോളിന് പുറമെ ഡീസലിനും എഴുപത് രൂപ പിന്നിട്ടതോടെ സാധാരണക്കാരും ഇടത്തരക്കാരുമായ 95% ജനങ്ങളുടെയും ജീവിതം വഴിമുട്ടുന്ന അവസ്ഥയായി. ചരക്കു ഗതാഗതത്തിന്റെ ചെലവേറി നിത്യോപയോഗ സാധന വില ഇനിയും വര്‍ധിക്കുന്നതോടെ കുടുംബ ബജറ്റ് താളം തെറ്റുന്ന സാഹചര്യമാണ്. കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് ലാഭം വര്‍ധിപ്പിക്കാനും കേന്ദ്ര സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് ജനങ്ങളെ പിഴിയാനുമുള്ള എളുപ്പവഴിയായി ഇന്ധന മേഖലയെ കാണുന്നത് അവസാനിപ്പിക്കണം.
ക്രൂഡോയില്‍ വില നാലിലൊന്നായി കുറഞ്ഞപ്പോള്‍ ആര്‍ക്കും മനസ്സിലാകാത്ത തൊടുന്യായം പറഞ്ഞായിരുന്നു വിലവര്‍ധന. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന് ഇപ്പോള്‍ നേരിയ വില വര്‍ധന ഉണ്ടായപ്പോഴേക്കും ഇന്ത്യയില്‍ മാത്രം വില ഗണ്യമായി വര്‍ധിപ്പിക്കുന്നത് ജനാധിപത്യ സമൂഹത്തിന് അപമാനകരമാണ്.
ഇതിനെതിരെ രാജ്യത്തെ ജനകോടികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണം. കേന്ദ്ര സര്‍ക്കാറിന്റെ കോര്‍പ്പറേറ്റ് ദാസ്യത്തിനും തൊഴില്‍ മേഖല അസ്ഥിരപ്പെടുത്തുന്നതിനും എതിരെ ഇന്നു നടക്കുന്ന തൊഴിലാളി പണിമുടക്കിനോട് എല്ലാവരും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്നും കെ.പി.എ മജീദ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY