മധ്യപ്രദേശില്‍ അമിത് ഷായെ മലര്‍ത്തിയടിച്ച് ദിഗ്‌വിജയ് സിങ്ങ്

മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാരിനെ വീഴ്ത്താനുള്ള ബി.ജെ.പിയുടെ തന്ത്രങ്ങള്‍ പാളി. ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തിച്ച എട്ട് എംഎല്‍എമാരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബുധനാഴ്ച ഭോപ്പാലില്‍ തിരിച്ചെത്തി. ഇവരെ നേരെ മുഖ്യമന്ത്രിയുടെ വസതയിലേക്കാണ് കൊണ്ടുപോയത്. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ്ങ് നേരിട്ടിറങ്ങിയാണ് എംഎല്‍എമാരെ തിരിച്ചെത്തിച്ചത്. ദിഗ്‌വിജയ് സിങ്ങും മകനും മന്ത്രിയുമായ ജയ്വര്‍ധന്‍ സിങ്ങും ചേര്‍ന്നാണ് എം.എല്‍.എ മാരെ തിരിച്ചെത്തിച്ചത്. എട്ട് എംഎല്‍എമാരെ മറുകണ്ടം ചാടിക്കാനായാലും ബി.ജെ.പിയുടെ അംഗബലം 113 ആകൂ. രണ്ട് ബി.ജെ.പി എം.എല്‍.എമാര്‍ നേരത്തെ തന്നെ കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

നിലവില്‍ നാല് എം.എല്‍.എമാരാണ് തിരിച്ച് വരാനുള്ളതെന്നും എത്രയും പെട്ടെന്ന് അവരെയും തിരിച്ചെത്തിക്കുമെന്നും ദിഗ്‌വിജയ് സിങ് പറഞ്ഞു. ഇത് കര്‍ണാടകയല്ലെന്ന് താന്‍ മുമ്പ് തന്നെ വ്യക്തമാക്കിയിരുന്നതിന്റെ തെളിവാണ് കോണ്‍ഗ്രസിന്റെ എം.എല്‍.എമാരുടെ തിരിച്ചുവരവെന്നും അദ്ദേഹം പറഞ്ഞു.

പരിശ്രമം വിഫലമായതോടെ ഇപ്പോള്‍ മധ്യപ്രദേശില്‍ നടന്നുകൊണ്ടിക്കുന്നതില്‍ പാര്‍ട്ടിക്ക് റോള്‍ ഇല്ലെന്നാണ് ബിജെപി നിലപാട്. കഴിഞ്ഞ ദിവസമാണ് എം.എല്‍.എമാര്‍ റിസോര്‍ട്ടിലാണെന്നുള്ള വിവരം പുറത്തറിയുന്നത്. നാല് കോണ്‍ഗ്രസ് എംഎല്‍എമാരും നാല് സ്വതന്ത്രരും ഹരിയാനയിലെ ഗുരുഗ്രാമിലെ ഐടിസി മനേസര്‍ ഹോട്ടലിലായിരുന്നു. ഇവരെ ഡല്‍ഹിയിലേക്ക് മാറ്റാനും സാധ്യതയുള്ളതായാണ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നത്. എംഎല്‍എമാരെ ചാക്കിലാക്കാന്‍ ബിജെപി ശ്രമം നടത്തുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ് ആരോപിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു നാടകീയ നീക്കങ്ങള്‍. കര്‍ണ്ണാടകയിലടക്കം നേരത്തെ ബിജെപിയുടെ കുതിരക്കച്ചവടം പുറത്തുവന്നിരുന്നു.

ബി.ജെ.പി നേതാവ് നരോത്തം മിശ്രയുടെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഗുരുഗ്രാമില്‍ തടഞ്ഞ് വെച്ചിരിക്കുകയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം.ഇതിനിടെ ബിഎസ്പിയില്‍ നിന്ന് പുറത്താക്കിയ എംഎല്‍എ രമാബായിയെ കോണ്‍ഗ്രസ് നേതാക്കള്‍ റിസോര്‍ട്ടില്‍ നിന്ന് കൊണ്ടുപോയതായി പുറത്തുവന്നിരുന്നു. എംഎല്‍എമാരെ ബിജെപി ചാക്കിട്ട് പിടിക്കാന്‍ ശ്രമിക്കുന്നുവെന്നും 25 മുതല്‍ 35 കോടി രൂപവരെയാണ് അവര്‍ക്ക് വിലയിട്ടിരിക്കുന്നതെന്നും രണ്ട് ദിവസം മുമ്പാണ് ദിഗ് വിജയ് സിങ് പറഞ്ഞത്. 230 അംഗ സഭയില്‍ കോണ്‍ഗ്രസിന് 114 ഉം ബിജെപിക്ക് 107 ഉം അംഗങ്ങളാണ് ഉള്ളത്. ബിഎസ്പിയുടെ രണ്ടും എസ്പിയുടെ ഒരു എംഎല്‍എയും നാല് സ്വതന്ത്രരും കോണ്‍ഗ്രസിനാണ് പിന്തുണ നല്‍കിയിരുന്നത്. രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുകയാണ്.