മമ്മൂക്കയെ കുറ്റപ്പെടുത്തേണ്ട, ദിലീപിനെ പുറത്താക്കിയത് കൂട്ടായ തീരുമാനം: രമ്യ നമ്പീശന്‍

കൊച്ചി: ദിലീപിനെ താര സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയതിനു പിന്നില്‍ മമ്മൂട്ടിയാണെന്ന കെ.ബി.ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ആരോപണത്തിന് മറുപടിയുമായി രമ്യനമ്പീശന്‍. ദിലീപിനെ ‘അമ്മ’യില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത് ഒരാളുടെ മാത്രം അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും അതൊരു കൂട്ടായ തീരുമാനം ആയിരുന്നുവെന്നും രമ്യ പറഞ്ഞു.  ഒപ്പം ദിലീപ് നിരപരാധിയാണെന്ന് കണ്ടെത്തുന്നപക്ഷം അദ്ദേഹത്തോട് മാപ്പ് പറഞ്ഞ് സംഘടനയിലേക്ക് തിരികെയെടുക്കണമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി അവര്‍ പറഞ്ഞു.

‘അമ്മ’യില്‍ സ്ത്രീകള്‍ക്ക് 50 ശതമാനം സംവരണം വേണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന വാര്‍ത്ത തെറ്റാണെന്നും രമ്യ പ്രതികരിച്ചു. ‘വാക്കാല്‍ അങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവച്ചിട്ടുണ്ട്. അമ്മയില്‍ സ്ത്രീ പങ്കാളിത്തം നല്ല രീതിയില്‍ വരണമെന്നാണ് ഇതിന്റെ ലക്ഷ്യം. വിഷയം ചര്‍ച്ച ചെയ്യുമെന്ന് അവര്‍ എന്നെ അറിയിച്ചിട്ടുണ്ട്’, സിനിമയിലെ വനിതാസംഘടന വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ സജീവ പ്രവര്‍ത്തക കൂടിയായ രമ്യ നമ്പീശന്‍ കൂട്ടിച്ചേര്‍ത്തു.

ഡബ്യൂസിസി പുരുഷ വിദ്വേഷം വച്ചുപുലര്‍ത്തുന്ന സംഘടനയല്ലെന്നും സിനിമാ സെറ്റുകളില്‍ സ്ത്രീകള്‍ക്ക് കുറച്ചുകൂടി ആരോഗ്യകരമായ അന്തരീക്ഷമുണ്ടാക്കുകയാണ് സംഘടനയുടെ ലക്ഷ്യമെന്നും രമ്യ വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസില്‍ ശക്തമായ നിലപാടുകള്‍ സ്വീകരിച്ചവരില്‍ ഒരാളായിരുന്നു രമ്യ നമ്പീശന്‍.