സ്‌നേഹയുടേയും ശ്രീകുമാറിന്റേയും വിവാഹവാര്‍ത്തക്ക് നെഗറ്റീവ് കമന്റ്; പ്രതികരണവുമായി സ്‌നേഹയുടെ ആദ്യഭര്‍ത്താവ്

മഴവില്‍ മനോരമയിലെ മറിമായം പരിപാടി അവതരിപ്പിക്കുന്ന താരങ്ങളായ എസ് പി ശ്രീകുമാറിന്റേയും സ്‌നേഹയുടേയും വിവാഹവാര്‍ത്തക്ക് താഴെ മോശം കമന്റുകള്‍ എഴുതിയവര്‍ക്ക് മറുപടിയുമായി സ്‌നേഹയുടെ ആദ്യഭര്‍ത്താവ് ദില്‍ജിത്ത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചിതരായതെന്നും ഇപ്പോഴും ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും ദില്‍ജിത്ത് പറഞ്ഞു. ഫേസ്ബുക്കിലാണ് ദില്‍ജിത്തിന്റെ പ്രതികരണം. വിവാഹവാര്‍ത്തക്ക് താഴെ ആദ്യവിവാഹത്തിന്റെ ചിത്രങ്ങളും നെഗറ്റീവ് കമന്റുകളും വന്നതോടെയാണ് ദില്‍ജിത്ത് പ്രതികരണവുമായി രംഗത്തെത്തിയത്. മറിമായം പരിപാടിയില്‍ ലോലിതനായി ശ്രീകുമാറും മണ്ഡോദരിയായി സ്‌നേഹയും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ദില്‍ജിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

‘വിവാഹിതരാവുന്നു’ എന്ന വാര്‍ത്ത എപ്പോഴും സന്തോഷം നല്‍കുന്ന ഒന്നാണ്.ഇന്നലെയും അത് തന്നെയാണ് ഉണ്ടായിട്ടുള്ളതും.ഒരിക്കല്‍ വിവാഹിതരായ രണ്ടുപേര്‍, വിവാഹ മോചിതരാവുന്നത്, അങ്ങനെ ഒന്നിച്ചു പോയാല്‍ അത് ആ രണ്ടു വ്യക്തികളുടെയും ഇനിയുള്ള ജീവിതത്തെ ബാധിക്കും എന്നുള്ളത് കൊണ്ടാണ്.അത് വ്യക്തമായി മനസിലാക്കി, പരസ്പര സമ്മതത്തോടെ വിവാഹ മോചിതരായി ഇപ്പോഴും നല്ല സുഹൃത്തുക്കളായി കഴിയുന്നവരാണ് ഞാനും സ്‌നേഹയും.

സ്‌നേഹ വിവാഹിതയാവുന്നു എന്നത് ഒരു നല്ല തീരുമാനം ആയത് കൊണ്ടും. അതെനിക്ക് നേരത്തേ അറിയുന്ന കാര്യമായതിനാലും, ഇന്നലെ അത് officially declare ചെയ്തപ്പോള്‍. എല്ലാ തരത്തിലും സന്തോഷം നല്‍കുന്ന വാര്‍ത്ത തന്നെ ആയിരുന്നു.പക്ഷേ, ഞങ്ങളുടെ വിവാഹ സമയത്തുള്ള ചിത്രങ്ങള്‍ ചേര്‍ത്ത്, ആ വാര്‍ത്തകള്‍ക്ക് ചുവട്ടില്‍ വന്ന കമന്റുകള്‍ മാത്രമാണ് വിഷമിപ്പിച്ചിട്ടുള്ളത്.

രണ്ടു വര്‍ഷം മുന്‍പ് ഡിവോഴ്‌സ് ആയ സമയത്തു തന്നെ ‘Happily Divorced’ എന്നൊരു status ഇട്ട്, ഇത്തരം കമന്റസിലൂടെ ആനന്ദം കണ്ടെത്തുന്ന കൂട്ടര്‍ക്ക് ആഘോഷിക്കാനുള്ള അവസരം കൊടുത്തില്ല എന്നൊരു തെറ്റേ ഞങ്ങള്‍ ചെയ്തുള്ളൂ.അത് ക്ഷമിച്ച് , ഈ വിവാഹിതരാവുന്നവരെ വെറുതേ വിട്ടേക്കുക.വിവാഹിതരാവുന്ന സ്‌നേഹാ, ശ്രീകുമാറിന് ഹൃദയം നിറഞ്ഞ ആശംസകള്‍.

SHARE