എത്ര പണം തന്നാലും ‘നരസിംഹം’ പോലൊരു സിനിമ ഇനി ചെയ്യില്ല: രഞ്ജിത്

കോഴിക്കോട്: എത്ര പ്രതിഫലം തന്നാലും നരസിംഹം പോലൊരു സിനിമ ഇനി ചെയ്യില്ലെന്ന് രഞ്ജിത്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് ആരാധകരുടെ ഏറെക്കാലത്തെ ആവശ്യത്തെ കുറിച്ച് തന്റെ നിലപാടറിയിച്ചത്. ഇത്തരം സിനിമകള്‍ തുടര്‍ച്ചയായി ചെയ്താല്‍ ഒരു സംവിധായകനെന്ന നിലയില്‍ തനിക്ക് ബോറടിക്കും. വ്യത്യസ്തമായ ചിത്രങ്ങള്‍ ചിത്രങ്ങള്‍ ചെയ്യാനാണ് താന്‍ ശ്രമിക്കുന്നത്. പുതിയതായി എന്തെങ്കിലും ചെയ്താല്‍ മാത്രമേ തനിക്കും ആവേശം തോന്നുകയുള്ളൂ-രഞ്ജിത് പറഞ്ഞു.

പാലേരി മാണിക്യം, തിരക്കഥ തുടങ്ങിയ സിനിമകള്‍ ചെയ്തത് ഇത്തരമൊരു പുതുമയോടുള്ള താല്‍പര്യം കൊണ്ടാണ്. നരസിംഹം പോലൊരു സിനിമ ചെയ്തുകൂടെയെന്ന് നിരവധിപേര്‍ ചോദിക്കാറുണ്ട്. പക്ഷെ എപ്പോഴും അതേ രീതി തന്നെ പിന്തുടരുന്ന സംവിധായകരെ ജനം വേഗം മറക്കും-രഞ്ജിത് വ്യക്തമാക്കി.

രഞ്ജിത് തിരക്കഥയെഴുതി ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് നരസിംഹം. മോഹന്‍ലാല്‍ നായകനായെത്തിയ ചിത്രത്തില്‍ അതിഥി വേഷത്തില്‍ മമ്മൂട്ടിയും എത്തുന്നുണ്ട്. മലയാളം കണ്ട എക്കാലത്തേയും വലിയ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു നരസിംഹം.

SHARE