മഹാരാഷ്ട്രയില്‍ ബി.ജെ.പി-ശിവസേന സഖ്യം പൊളിയുന്നു; ഇരുപാര്‍ട്ടികളും വെവ്വേറെ ഗവര്‍ണറെ കാണും

മുംബൈ: മഹാരാഷ്ട്രയില്‍ എന്‍.ഡി.എ ഘടകകക്ഷികളായ ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള തര്‍ക്കം രൂക്ഷമാവുന്നു. രണ്ടര വര്‍ഷം മുഖ്യമന്ത്രി പദം വേണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോവാന്‍ തയ്യാറല്ലെന്ന് ശിവസേന ഉറച്ച നിലപാട് സ്വീകരിച്ചതോടെയാണ് പ്രതിസന്ധി കനത്തത്. ഇതിനിടെ ഇരുപാര്‍ട്ടി നേതാക്കളും ഇന്ന് ഗവര്‍ണറെ പ്രത്യേകം പ്രത്യേകമായി സന്ദര്‍ശിക്കും.

രാവിലെ പത്തരയോടെ ദിവാകര്‍ റാവുത്തിന്റെ നേതൃത്വത്തില്‍ ശിവസേന നേതാക്കള്‍ ഗവര്‍ണര്‍ ഭഗത് സിങ് കോശ്യാരിയെ കാണാനെത്തി. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തിലാണ് ബി.ജെ.പി നേതാക്കള്‍ ഗവര്‍ണറെ കാണുക. ദീപാവലി ആശംസകള്‍ അറിയിക്കാനാണ് ഗവര്‍ണറെ സന്ദര്‍ശിക്കുന്നതെന്നാണ് ഇരുപാര്‍ട്ടികളും ഒദ്യോഗികമായി അറിയിച്ചിരിക്കുന്നത്.

രണ്ടര വര്‍ഷം മുഖ്യമന്ത്രിപദം തങ്ങള്‍ക്കുവേണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ശിവസേന. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുമ്പുണ്ടാക്കിയ 50:50 കരാര്‍പ്രകാരം മുഖ്യമന്ത്രിപദമടക്കം ഭരണസംവിധാനത്തില്‍ അമ്പത് ശതമാനം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും അത് ബി.ജെ.പി.യില്‍നിന്ന് എഴുതിവാങ്ങണമെന്നുമാണ് ശിവസേന നേതാക്കള്‍ ആവശ്യപ്പെട്ടത്.

SHARE