ഫലസ്തീന്‍ ജനതയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുന്ന തീരുമാനവുമായി ട്രംപ്‌

വാഷിങ്ടണ്‍: ഫലസ്തീനുള്ള 200 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായം അമേരിക്ക നിര്‍ത്തലാക്കി. പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് അമേരിക്കന്‍ വിദേശകാര്യ വകുപ്പിന്റെ തീരുമാനം. പ്രതിവര്‍ഷം ഏകദേശം 300 മില്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായമാണ് അമേരിക്ക ഫലസ്തീന് നല്‍കിവരുന്നത്. ഇതില്‍ നിന്നാണ് ഇരുനൂറ് മില്യണ്‍ ഡോളര്‍ വെട്ടിക്കുറക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഫലസ്തീന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കി ആ തുക മറ്റാവശ്യങ്ങള്‍ക്ക് ചിലവഴിക്കാനാണ് ട്രംപിന്റെ നിര്‍ദേശം. ജറൂസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ തീരുമാനത്തിനെതിരെ ഫലസ്തീനില്‍ വന്‍ പ്രതിഷേധം അരങ്ങേറിയിരുന്നു. ഫലസ്തീന് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തലാക്കുമെന്നായിരുന്നു ഇതിനോട് ട്രംപിന്റെ പ്രതികരണം.

യു.എന്‍ ഫലസ്തീന് നല്‍കി വരുന്ന സാമ്പത്തിക സഹായനിധിയിലേക്ക് നല്‍കിയിരുന്ന വിഹിതം അമേരിക്ക രണ്ട് മാസം മുമ്പ് വെട്ടിക്കുറച്ചിരുന്നു. 125 മില്യണ്‍ ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 60 മില്യണ്‍ മാത്രമാണ് അമേരിക്ക നല്‍കിവരുന്നത്.

ട്രംപിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്‍ രംഗത്തെത്തി. വിലകുറഞ്ഞ രാഷ്ട്രീയ നീക്കമാണ് അമേരിക്കയുടേതെന്ന് പി.എല്‍.ഒ കുറ്റപ്പെടുത്തി. അമേരിക്കയുടെ ഭീഷണിക്ക് ഫലസ്തീന്‍ നേതാക്കളും ജനങ്ങളും വഴങ്ങില്ലെന്നും അവര്‍ പറഞ്ഞു.

SHARE