ഇന്ത്യ കാത്തിരിക്കുന്നെന്ന് മോദി; ട്രംപും മെലാനിയും അല്‍പസമയത്തിനുള്ളില്‍ വിമാനമിറങ്ങും

അഹമ്മദാബാദ്: മുപ്പത്തിയാറു മണിക്കൂര്‍ നീളുന്ന സന്ദര്‍ശനത്തിനായി യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മിനിറ്റുകള്‍ക്കുള്ളില്‍ ഇന്ത്യയില്‍ വിമാനമിറങ്ങും. ഭാര്യ മെലാനിയ, മകള്‍ ഇവാന്‍ക, ഇവാന്‍കയുടെ ഭര്‍ത്താവ് ജെറാദ് കുഷ്‌നര്‍ എന്നിവരും ഉന്നതതല പ്രതിനിധി സംഘവും ട്രംപിനെ അനുഗമിക്കുന്നുണ്ട്. ഇന്ന് കാലത്ത് 11.40നാണ് ട്രംപിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ സര്‍ദാര്‍ പട്ടേല്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുക. എന്നാല്‍ സഹപ്രവര്‍ത്തകരുമായുള്ള മറ്റൊരു വിമാനമാകും ആദ്യമിറങ്ങുക.

ട്രംപിന് ആത്യാവശ്യ സുരക്ഷയൊരുക്കുന്നത് അമേരിക്കതന്നെയാണ്. സുരക്ഷാ യാത്രാസാമഗ്രികളുമായി ആറു ചരക്കുവിമാനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലായി എത്തിയിരുന്നു. അത്യാധുനിക സുരക്ഷയുള്ള ‘ബീസ്റ്റ്’ എന്ന കാഡിലാക് വണ്‍ ലിമോസിന്‍ കാര്‍ ട്രംപിന് യാത്ര ചെയ്യാനായി എത്തിച്ചിട്ടുണ്ട്. ലോകത്തെ ഏറ്റവും സുരക്ഷയേറിയ വാഹനങ്ങളിലൊന്നാണിത്. ആവശ്യമെങ്കില്‍ ഉപയോഗിക്കാനുള്ള ‘മറീന്‍വണ്‍’ ഹെലികോപ്റ്ററും എത്തിച്ചിട്ടുണ്ട്.

വിമാനത്താവളത്തില്‍ എത്തുന്ന ട്രംപിനെ വരവേല്‍ക്കുക പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തിയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ഗവര്‍ണര്‍ ആചാര്യ ദേവവ്രത്, മുഖ്യമന്ത്രി വിജയ് രൂപാണി, മേയര്‍ ബിജല്‍ പട്ടേല്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടാകും. തുടര്‍ന്ന് ഗാര്‍ഡ് ഓഫ് ഓണര്‍. വിമാനത്താവളത്തില്‍നിന്ന് 12 മണിയോടെ നടക്കുന്ന റോഡ് ഷോയും നമസ്‌തേ ട്രംപ് സംസ്‌കാരിക വിരുന്നും കഴിഞ്ഞ് താജ്ഹലും സന്ദര്‍ശിച്ച ശേഷം വൈകീട്ടോടെ ഡല്‍ഹിയിലെത്തുന്ന ട്രംപ് ഐ.ടി.സി മൗര്യ ഹോട്ടലില്‍ വിശ്രമിക്കും. റോഡ് ഷോയില്‍ ട്രംപും ഭാര്യ മെലാനിക്കുമായി റോഡിലെ നീണ്ട വേദികളില്‍ 28 സംസ്ഥാനങ്ങളുടെ കലാപരിപാടികളും മറ്റുമായി ആര്‍ഭാടകരമായ വരുന്നാണ് രാജ്യം ഒരുക്കിയിരിക്കുന്നത്. സാബര്‍മതി ആശ്രമ സന്ദര്‍ശനവും അഹമ്മദാബാദ് ഓള്‍ഡ് സിറ്റി വീക്ഷിക്കാന്‍ ഇടയില്‍ നടക്കും. മോദിക്കൊപ്പം 22 കിലോമീറ്റര്‍ സഞ്ചരിച്ച് ഒന്നരയോടെ പൂര്‍ത്തിയാവുന്ന രീതിയിലാണ് റോഡ് ഷോ.

ട്രംപിന്റെ സന്ദര്‍ശന പരിപാടികളുള്ള അഹമ്മദാബാദ്, ഡല്‍ഹി, ആഗ്ര നഗരങ്ങള്‍ കനത്ത സുരക്ഷാ വലയത്തിലാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഞായറാഴ്ച മൊട്ടേര സ്‌റ്റേഡിയത്തിലെത്തി തയ്യാറെടുപ്പുകള്‍ വിലയിരുത്തി. രാവിലെ ഒമ്പതു മുതല്‍ തന്നെ കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചു തുടങ്ങി. ഇവര്‍ക്കായി ഗുജറാത്തിലെയും ഹോളിവുഡിലെയും പ്രമുഖ ഗായകരുടെ സംഗീതപരിപാടികള്‍ തുടങ്ങിയിട്ടുണ്ട്. വിശിഷ്ടാതിഥികള്‍ എത്തുന്നതിനുമുന്നേ ഇവ അവസാനിപ്പിക്കുന്ന രീതിയിലാണ് സംഘാടനം. നരേന്ദ്ര മോദിയും ഡൊണാള്‍ഡ് ട്രംപും ഒരു ലക്ഷത്തിലേറെ വരുന്ന ജനക്കൂട്ടത്തോട് സംസാരിക്കും. 3.30ഓടെ പരിപാടികള്‍ അവസാനിപ്പിക്കും.

അത്യാധുനിക സുരക്ഷയുള്ള ‘ബീസ്റ്റ്’ എന്ന ലിമോസിന്‍ കാര്‍, ഇന്ത്യയിലും ട്രംപിന്റെ യാത്ര ഈ ബീസ്റ്റിലാണ്‌.

സ്‌റ്റേഡിയത്തിനുപിന്നില്‍ പുതുതായി നിര്‍മിച്ച റോഡിലൂടെയോ ഹെലികോപ്റ്ററിലോ ആകും ട്രംപിന്റെ വിമാനത്താവളത്തിലേക്കുള്ള മടക്കയാത്ര. പ്രധാനമന്ത്രി വ്യോമസേനാ വിമാനത്തില്‍ ഡല്‍ഹിക്കും ട്രംപ് എയര്‍ഫോഴ്‌സ്‌വണ്ണില്‍ ആഗ്രയ്ക്കും തിരിക്കും. വൈകീട്ട് 4.45ന് ആഗ്രയിലെത്തുന്ന ട്രംപും സംഘവും താജ്മഹല്‍ സന്ദര്‍ശിക്കും. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥാകും ട്രംപിനെ ഇവിടെ സ്വീകരിക്കുക. വൈകീട്ട് ഡല്‍ഹിയിലെത്തും.

നയതന്ത്ര കൂടിക്കാഴ്ചകളും കരാര്‍ ഒപ്പുവെക്കലും നിശ്ചയിച്ചിരിക്കുന്നത് 25നാണ്. ഡല്‍ഹിയിലെ ഹൈദരാബാദ് ഹൗസില്‍ രാവിലെ 11നു മോദിയും ട്രംപും കൂടിക്കാഴ്ച നടത്തും. അമേരിക്കന്‍ എംബസി സംഘടിപ്പിക്കുന്ന രണ്ടു ചടങ്ങുകളിലും രാഷ്ട്രപതി രാംനാഥ് കോവിന്ദ് നല്‍കുന്ന അത്താഴവിരുന്നിലും ട്രംപ് പങ്കെടുക്കും. 36 മണിക്കൂര്‍ ഇന്ത്യയില്‍ ചെലവിടുന്ന യുഎസ് പ്രസിഡന്റ് 26ന്‌രാത്രി 10ന് മടങ്ങും.

പ്രസിഡന്റ് ട്രംപിന്റെ ആദ്യ ഇന്ത്യ സന്ദര്‍ശനമാണിത്. ഇന്ത്യയിലേക്കു മാത്രമായി ഒരു യു.എസ്. പ്രസിഡന്റ് എത്തുന്നതും ആദ്യമായാണ്. നവംബറില്‍ നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി നടത്തുന്ന സന്ദര്‍ശനം രാഷ്ട്രീയ നിരീക്ഷകര്‍ വിവിധ കോണുകളിലൂടെയാണ് നോക്കിക്കാണുന്നത്.

അതേസമയം കൊട്ടിഘോഷിച്ച് നടക്കുന്ന യു.എസ് പ്രസിഡണ്ടിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, മോദി സര്‍ക്കാറിന് തിരിച്ചടിയായി വ്യാപാര കരാറുകളില്‍നിന്നുള്ള അമേരിക്കന്‍ പിന്മാറ്റം. ഔദ്യോഗിക സന്ദര്‍ശനത്തിനായി യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഇന്ന് ഇന്ത്യയില്‍ എത്താനിരിക്കെയാണ് യു.എസിന്റെ അപ്രതീക്ഷിത പിന്മാറ്റം. തര്‍ക്ക വിഷയങ്ങളില്‍ രമ്യതയില്‍ എത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ വ്യാപാര കരാറുകള്‍ ഒപ്പുവെച്ചേക്കില്ലെന്ന് കഴിഞ്ഞ ദിവസം സൂചനകള്‍ പുറത്തു വന്നിരുന്നു. ഇത് മറികടക്കാന്‍ മിനി കരാറെങ്കിലും ഒപ്പുവെക്കാനുള്ള ശ്രമങ്ങള്‍ ഇരു രാജ്യങ്ങളും തുടരുന്നതിനിടെയാണ് യു.എസിന്റെ സമ്പൂര്‍ണ പിന്മാറ്റം. ഇതോടെ കോടികള്‍ പൊടിച്ച് അമേരിക്കന്‍ പ്രസിഡണ്ടിന് വിരുന്നൊരുക്കുന്ന മോദി സര്‍ക്കാര്‍ രാഷ്ട്രീയ എതിരാളികളുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടി പറയാന്‍ കൂടുതല്‍ വിയര്‍പ്പൊഴുക്കേണ്ടി വരും.
ട്രംപിന്റെ ഇന്ത്യാ സന്ദര്‍ശനം കൊണ്ടുള്ള നേട്ടം ചോദ്യം ചെയ്ത് നേരത്തെതന്നെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. വ്യാപാര കരാറുകള്‍ ഉയര്‍ത്തിക്കാട്ടി ഇതിനെ പ്രതിരോധിക്കാനായിരുന്നു കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. കരാര്‍ പ്രാബല്യത്തില്‍ വന്നാല്‍ ചൈനയെ മറികടന്ന് ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായി യു.എസ് മാറുകയും ചെയ്യുമായിരുന്നു. എന്നാല്‍ പുതിയ നീക്കത്തോടെ ഇതെല്ലാം വെള്ളത്തിലായി. കൂടുതല്‍ സമഗ്രമായ കരാറിലേക്ക് പോകുന്നതിന്റെ ഭാഗമായാണ് ചര്‍ച്ചകള്‍ നിര്‍ത്തിവെക്കുന്നതെന്ന് വൈറ്റ്ഹൗസ് വൃത്തങ്ങള്‍ ഇന്ത്യയെ അറിയിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

നവംബറില്‍ യു.എസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇതിനു മുമ്പ് ഇനി സമഗ്രമായൊരു വ്യാപാര കരാര്‍ ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ സാധ്യമാകില്ലെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. അതേസമയം യു.എസുമായുള്ള വന്‍ പ്രതിരോധ ഇടപാടുകള്‍ക്ക് ഇന്ത്യ തയ്യാറെടുക്കുന്നതായാണ് വിവരം. ഇതുസംബന്ധിച്ച കരാറുകള്‍ സന്ദര്‍ശനത്തിനിടെ ഒപ്പുവെച്ചേക്കുമെന്ന സൂചനയും ഇന്ത്യന്‍ വൃത്തങ്ങള്‍ നല്‍കുന്നുണ്ട്. ഇതാവട്ടെ പൂര്‍ണമായും അമേരിക്കക്ക് ഗുണം ചെയ്യുന്നതാവുമെന്നാണ് സൂചന.
എച്ച് വണ്‍- ബി വിസാ പ്രശ്‌നം മോദി – ട്രംപ് കൂടിക്കാഴ്ചയില്‍ ഇന്ത്യ ഉന്നയിച്ചേക്കുമെന്നാണ് സൂചന. മതസ്വാതന്ത്ര്യം അടിസ്ഥാനമാക്കി പൗരത്വ വിഷയം ചര്‍ച്ചയില്‍ ഉന്നയിക്കുമെന്ന സൂചന യു.എസും നല്‍കിയിട്ടുണ്ട്.