‘പാര്‍ക്കില്‍ യോഗ നടത്താമെങ്കില്‍ നിസ്‌ക്കരിക്കുന്നതിലെന്താണ് കുഴപ്പം? ‘; ഹരിയാന മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

ഗുരുഗ്രാം: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാറിന്റെ നമസ്‌ക്കാര പരാമര്‍ശത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്ത്. മുസ്‌ലിംകള്‍ പാര്‍ക്കിലോ മറ്റിടങ്ങളിലോ നിസ്‌ക്കരിക്കരുതെന്നും വീടുകളിലോ പള്ളികളിലോ നിസ്‌ക്കരിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിവാദപരാമര്‍ശം. ഇതിനെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ രംഗത്തെത്തുകയായിരുന്നു. തെരുവുകളിലും പാര്‍ക്കിലും യോഗ സംഘടിപ്പിക്കാമെങ്കില്‍ നിസ്‌ക്കരിക്കുന്നതിനെന്താണ് കുഴപ്പമെന്ന് കോണ്‍ഗ്രസ് ചോദിച്ചു.

2019-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഹിന്ദുതീവ്രവാദികളെ ഇറക്കി ബി.ജെ.പി സര്‍ക്കാര്‍ വര്‍ഗ്ഗീയകാര്‍ഡിറക്കി കളിക്കുകയാണെന്ന് കോണ്‍ഗ്രസ്സും ലോക്ദളും പറഞ്ഞു. അത് വ്യക്തമാക്കുന്നതാണ് മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറുടെ വാക്കുകളെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഗുരുഗ്രാമില്‍ പത്തുകൊല്ലത്തിനപ്പുറമായി മുസ്‌ലിംകള്‍ തുറന്ന സ്ഥലങ്ങളില്‍ നിസ്‌ക്കരിക്കാറുണ്ട്. 2019-ലെ തെരഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ക്ക് സമൂഹത്തെ മതപരമായി വിഭജിക്കേണ്ടതുണ്ട്. ഇത് ഹിന്ദുവോട്ടുകള്‍ കിട്ടാനുള്ള നിലവാരമില്ലാത്ത കളിയാണെന്ന് കോണ്‍ഗ്രസ് നേതാവും മുന്‍ ഊര്‍ജ്ജമന്ത്രിയുമായിരുന്ന അജയ് യാദവ് പറഞ്ഞു.

മുസ്‌ലിംകള്‍ക്ക് നിസ്‌ക്കരിക്കാന്‍ വലിയ ഇടങ്ങള്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പറയണം. ഒരു വലിയ സ്ഥലമില്ലാത്തതുകൊണ്ടാണ് അവര്‍ തെരുവുകളില്‍ സംഘടിക്കുന്നത്. പാര്‍ക്കുകളില്‍ യോഗയും റോഡുകളില്‍ കൂടി ജാഗ്രനും സംഘടിപ്പിക്കാമെങ്കില്‍ മുസ്‌ലിംകളെ എന്തിനാണ് നിസ്‌ക്കരിക്കുന്നതിന്റെ പേരില്‍ ഒറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം ചോദിച്ചു.

‘ജനങ്ങളെ വോട്ടിന്റെ പേരില്‍ വിഭജിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യങ്ങളില്‍ വര്‍ഗ്ഗീയത കളിച്ച് ജനങ്ങളെ വിഭജിപ്പിച്ചു കൊണ്ടിരിക്കുകയാണ് അവര്‍. മുസ്‌ലിംകളെ സുരക്ഷിതരാക്കേണ്ട ചുമതല സര്‍ക്കാരിനുണ്ട്. നമസ്‌ക്കാരം നിര്‍വ്വഹിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി നല്‍കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണെന്നും’ വിഷയത്തില്‍ ലോക്ദള്‍ നേതാവ് ഗോപി ചന്ദ് ഗെലോട്ട് പറഞ്ഞു. അതേസമയം, പരാമര്‍ശത്തില്‍ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയിട്ടുണ്ട്. നിസ്‌ക്കാരം നിറുത്തിവെക്കാന്‍ താനൊരിക്കലും പറഞ്ഞിട്ടില്ലെന്നാണ് മനോഹര്‍ലാല്‍ ഖട്ടറിന്റെ വിശദീകരണം.

ഡല്‍ഹിയോടു ചേര്‍ന്നുള്ള ഗുഡ്ഗാവിന്റെ പല ഭാഗങ്ങളിലും തീവ്രഹിന്ദുത്വവാദികളാണ് നിസ്‌ക്കാരം തടഞ്ഞത്. ഇത് ന്യായീകരിച്ചായിരുന്നു ഖട്ടാറിന്റെ വരവ്. പൊതുസ്ഥലങ്ങളില്‍ നിസ്‌ക്കരിക്കുന്നത് ഒഴിവാക്കി നിസ്‌ക്കാരം പള്ളികളിലോ വീടുകളിലോ ആക്കണമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം. മറ്റുള്ളവര്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പൊതുസ്ഥലങ്ങളില്‍ നിസ്‌ക്കരിക്കാമെന്നും സ്ഥലപരിമിതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ കണക്കിലെടുത്ത് നിസ്‌ക്കാരം പൊതുസ്ഥലങ്ങളില്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പരാമര്‍ശം.