കോവിഡ്19; യുവജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണം; ഡോ. എം.കെ മുനീര്‍

കോവിഡ്-19 വ്യാപനവും തുടര്‍ന്ന് ലോക്ക് ഡൗണ്‍ മൂലവും സംസ്ഥാനത്ത് അപ്രഖ്യാപിത നിയമനനിരോധനം ആണെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ.എം. കെ. മുനീര്‍. ലോക്ക് ഡൗണ്‍ മൂലം പി എസ് സി യില്‍ ജീവനക്കാര്‍ എത്തിച്ചേരാത്തതും വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ ഓഫീസുകളില്‍ എത്തിച്ചേരാത്തതു മൂലം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതും മൂലമാണ് ഈ സാഹചര്യം ഉണ്ടായിരിക്കുന്നത്.

വിവിധ ബെറ്റാലിയനില്‍ നിന്ന് പോലീസ് കോണ്‍സ്റ്റബിള്‍മാരുടെ ആയിരത്തോളം ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിലവിലെ പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിക്കുകയാണ്. കോപ്പിയടി വിവാദവുമായി ബന്ധപ്പെട്ട് റാങ്ക് പട്ടിക നാലുമാസത്തോളം മരവിച്ചിരുന്നു. ഉദ്യോഗാര്‍ഥികളുടെതല്ലാ ത്ത കാരണത്താല്‍ നാലുമാസത്തോളം നിയമനം നടത്താന്‍ കഴിയാത്ത പോലീസ് റാങ്ക് ലിസ്റ്റിന്റെ കാലാവധി നാലുമാസം കൂടി ദീര്‍ഘിപ്പിക്കണമെന്നും പ്രതിപക്ഷ ഉപനേതാവ് ഡോ എം കെ മുനീര്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ നിന്നും നാമമാത്രമായ നിയമനങ്ങളാണ് നടത്തിയിട്ടുള്ളത്. പുതിയ റാങ്ക് ലിസ്റ്റ് വരുന്നതുവരെ സിവില്‍ എക്‌സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

ആരോഗ്യവകുപ്പില്‍ താല്‍ക്കാലിക നിയമനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തുന്നത്. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ് എന്നിവരുടെ നിയമനം പി എസ് സി റാങ്ക് പട്ടികയില്‍ നിന്നു നടത്തണമെന്നും എം കെ മുനീര്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പ്രധാന പല ആശുപത്രികളിലും ഐസിയു അടക്കം ജീവനക്കാരുടെ കുറവ് പരിഹരിക്കണം. നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ദീര്‍ഘിപ്പിച്ചും നിയമന ശിപാര്‍ശകള്‍ വേഗത്തില്‍ നല്‍കിയും ഒഴിവുകള്‍ അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള ഒരു കര്‍മ്മ പദ്ധതിക്ക് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപം നല്‍കണമെന്നും പി എസ് സി അധികൃതരുമായി ഇത് സംബന്ധിച്ച് ചര്‍ച്ച നടത്തി യുവാക്കളുടെ ആശങ്ക പരിഹരിക്കുന്നതിന് മുന്‍കൈയെടുക്കണമെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ ഡോ എം കെ മുനീര്‍ ആവശ്യപ്പെട്ടു.

SHARE