ഒപ്പം നിന്നാല്‍ വിശുദ്ധരാക്കും, അല്ലാത്തപ്പോള്‍ തൊട്ടുകൂടാത്തവരും; സിപിഎമ്മിനെതിരെ വിമര്‍ശനവുമായി എംകെ മുനീര്‍


കോഴിക്കോട്: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തെ വാഴ്ത്തികൊണ്ടുള്ള സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനക്ക് മറുപടിയുമായി പ്രതിപക്ഷ ഉപനേതാവും മുസ്ലിംലീഗ് നേതാവുമായ എംകെ മുനീര്‍.

സിപിഎം മറ്റു പാര്‍ട്ടികളെ കുറിച്ച് നടത്തുന്ന അഭിപ്രായപ്രകടനങ്ങളെ വിലകല്‍പ്പിക്കുന്നില്ലെന്ന് മുനീര്‍ പറഞ്ഞു. ‘സിപിഎമ്മെന്ന കുളത്തില്‍ മുക്കിയെടുത്താല്‍ എല്ലാവരും വിശുദ്ധരാകും. യുഡിഎഫില്‍ നില്‍ക്കുകയാണെങ്കില്‍ മാണി വിഭാഗം ഏറ്റവും വലിയ അഴിമതിക്കാരും തൊട്ടുകൂടാന്‍ പറ്റാത്തവരുമാണ്. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പോലും മാണിക്കില്ലെന്ന് പറഞ്ഞവരാണ്. തങ്ങളുടെ പക്ഷത്തേക്ക് വരാന്‍ തുനിഞ്ഞാല്‍ സിപിഎം അവരെ വിശുദ്ധരാക്കും’ മുനീര്‍ വ്യക്തമാക്കി.

സിപിഎമ്മിനൊപ്പം കൂടിയാല്‍ ഏത് പാര്‍ട്ടിയേയും അവര്‍ മതേതര ജനാധിപത്യമൂല്യമുള്ളവരായി വാഴ്ത്തും. സിപിഎമ്മിന്റെ രാഷ്ട്രീയത്തിന്റെ നിര്‍വചനം അനുസരിച്ച് നിലപാടെടുക്കാന്‍ യുഡിഎഫിനെ കിട്ടില്ലെന്നും വെല്‍ഫയര്‍ പാര്‍ട്ടിയുമായുള്ള ലീഗിന്റെ ചര്‍ച്ചകളെ സംബന്ധിച്ചുള്ള ചോദ്യത്തിന് മുനീര്‍ പ്രതികരിച്ചു.

യുഡിഎഫിന് ആരേയും പുറത്താക്കുക എന്ന ചിന്തയില്ല. കേരളകോണ്‍ഗ്രസിനെ തിരിച്ചെടുക്കുന്നതിന് ജോസ് കെ.മാണി തന്നെ മുന്‍കൈ എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

SHARE