ഡൽഹി എയിംസിൽ രോഗിയെ രക്ഷിക്കാൻ കോവിഡ് സുരക്ഷാ കവചങ്ങൾ വലിച്ചെറിഞ്ഞ് കശ്മീരി ഡോക്ടർ; കയ്യടിച്ച് ആരോഗ്യ പ്രവർത്തകർ

ഡോ. സാഹിദ് അബ്ദുല്‍ മജീദ്

കോവിഡ് ഡ്യൂട്ടിക്കിടെ അത്യാസന്ന നിലയിലുള്ള രോഗിയുടെ ജീവൻ രക്ഷിക്കുന്നതിനായി സുരക്ഷാ സജ്ജീകരണങ്ങൾ ഉപേക്ഷിച്ച് ഇടപെട്ട ഡോക്ടറിന് അഭിനന്ദനവുമായി ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും. ഡൽഹി ആൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ (എയിംസ്) ഡോ. സാഹിദ് അബ്ദുൽ മജീദാണ്, തനിക്ക് കോവിഡ് പകർന്നേക്കാമെന്ന ഭീഷണി പോലും വകവെക്കാതെ മുഖാവരണം നീക്കി രോഗിയുടെ ജീവൻ രക്ഷിക്കാൻ സമയോചിതമായി ഇടപെട്ടത്. സ്വന്തം സുരക്ഷ മറന്നുകൊണ്ടുള്ള ഇടപെടൽ രോഗിയുടെ ജീവൻ രക്ഷിച്ചെങ്കിലും ഡോ. സാഹിദിന് 14 ദിവസ ക്വാറന്റൈനിൽ പോകേണ്ടി വന്നു.

മെയ് ഏഴിന് വൈകുന്നേരം ഡോ. സാഹിദ് നോമ്പ് തുറക്കാൻ ഒരുങ്ങുമ്പോഴാണ് അത്യാസന്ന നിലയിലുള്ള രോഗിയുമായി ആംബുലൻസ് എയിംസിൽ എത്തുന്നത്. കോവിഡ് സുരക്ഷാ കവചത്തിനുള്ളിലായിരുന്ന ഡോ. സാഹിദ്, നോമ്പുതുറ മാറ്റിവെച്ച് രോഗിയെ ഐ.സി.യുവിലേക്ക് മാറ്റുന്നതിനായി മുന്നിട്ടിറങ്ങി. ആംബുലൻസിൽ എത്തിയപ്പോഴാണ് രോഗിക്ക് കൃത്രിമ ശ്വാസം നൽകിയിരുന്ന ട്യൂബ് സ്ഥാനം തെറ്റിക്കിടക്കുന്നതായി ഡോക്ടറുടെ ശ്രദ്ധയിൽപ്പെട്ടത്. ഏതുസമയവും മരണം സംഭവിക്കാവുന്ന സാഹചര്യമായിരുന്നു അത്.

ട്യൂബ് യഥാസ്ഥാനത്ത് സ്ഥാപിക്കാൻ ഡോ. സാഹിദ് ശ്രമിച്ചെങ്കിലും തന്റെ സുരക്ഷാ വസ്ത്രവും ആവരണങ്ങളും അതിന് തടസ്സമായിരുന്നു. ഒട്ടും സമയം പാഴാക്കാതെ അദ്ദേഹം സുരക്ഷാ കവചം നീക്കുകയും സമ്പർക്കത്തിലൂടെയുള്ള അപകടസാധ്യത വകവെക്കാതെ കൈകൾ കൊണ്ട് ട്യൂബ് പുന:സ്ഥാപിക്കുകയും ചെയ്തു. ഇതോടെ രോഗിക്ക് ശ്വാസംനൽകാൻ സാധിക്കുകയും ഐ.സി.യുവിലേക്ക് മാറ്റുകയും ചെയ്തു. രോഗിയുമായി നേരിട്ട് സമ്പർക്കം പുലർത്തേണ്ടി വന്നതിനാൽ 14 ദിവസ ക്വാറന്റൈനിലാണ് ഇപ്പോൾ അദ്ദേഹം.

ഡൽഹി എയിംസിലെ സീനിയർ റസിഡന്റ് ഡോക്ടർ സയാൻ നാഥ് ആണ് സഹപ്രവർത്തകന്റെ ധൈര്യം സോഷ്യൽ മീഡിയവഴി പുറംലോകത്തെത്തിച്ചത്. ജമ്മു കശ്മീരിലെ ഇസ്ലാമാബാദ് സ്വദേശിയായ ഡോ. സാഹിദ് കശ്മീർ മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ് പാസായത്. പിന്നീട് ഷേർ എ കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ അനസ്‌തേഷ്യോളജി, ക്രിറ്റിക്കൽ കെയർ എന്നിവയിൽ എം.ഡി എടുത്ത ശേഷമാണ് ഡൽഹി എയിംസിൽ ജോലി ആരംഭിച്ചത്.

സ്വന്തം ജീവൻ അപകടപ്പെടുത്തിക്കൊണ്ടുള്ള ഡോ. സാഹിദിന്റെ പ്രവൃത്തി അതിരറ്റ ധൈര്യമാണെന്നാണ് ഡോ. സയാൻനാഥ് കുറിച്ചത്. എന്നാൽ, താൻ ചെയ്തത് മറ്റാരെങ്കിലും അനുകരിക്കാൻ പറ്റുന്നതല്ലെന്നും സാഹചര്യം ആവശ്യപ്പെട്ടതു കൊണ്ടുമാത്രമാണ് അങ്ങനെ ചെയ്തതെന്നും ഡോ. സാഹിദ് ഫേസ്ബുക്കിൽ കുറിച്ചു.

അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മനസ്സാക്ഷിയോട് എന്ത് മറുപടി പറയും എന്നതാണ് എനിക്ക് തോന്നിയത്. റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ…

ഡോ. സാഹിദ് അബ്ദുല്‍ മജീദ്

I can’t defend its wisdom ..I tell you all not to do this ..but the situation over flooded my capacity of prioritising…

Zahid Abdul Majeed ಅವರಿಂದ ಈ ದಿನದಂದು ಪೋಸ್ಟ್ ಮಾಡಲಾಗಿದೆ ಶುಕ್ರವಾರ, ಮೇ 8, 2020

‘എന്റെ പ്രവൃത്തി ഒട്ടും മാതൃകാപരമല്ല. അപ്രകാരം ചെയ്യരുതെന്നാണ് ഞാൻ നിങ്ങളോട് പറയുക. ഒരു മാതൃകയായി മാറാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സ്വന്തം സുരക്ഷയാണ് ആരായാലും നോക്കേണ്ടത് എന്നാണ് എന്റെ പക്ഷം. പക്ഷേ, അപ്പോൾ അങ്ങനെ ചെയ്തില്ലായിരുന്നെങ്കിൽ മനസ്സാക്ഷിയോട് എന്ത് മറുപടി പറയും എന്നതാണ് എനിക്ക് തോന്നിയത്. റമസാനിൽ നോമ്പെടുക്കുന്നതിലൂടെ ഇസ്ലാം നമ്മെ പഠിപ്പിക്കുന്നത് നിസ്വാർത്ഥതയും മറ്റുള്ളവരെ സഹായിക്കണം എന്നതുമാണല്ലോ… പ്രതിസന്ധികളിൽ നമ്മുടെ ജന്മവാസനയാണ് പ്രവർത്തിക്കുക…’ – ഡോ. സാഹിദ് കുറിച്ചു.

SHARE