ലഹരിയില്‍ മുങ്ങി മലയാള ചലച്ചിത്രലോകം

റഫീഖ് സക്കറിയ

ഇന്ത്യന്‍ സിനിമക്ക് തന്നെ മലയാള സിനിമ വഴികാട്ടിയായിരുന്ന ഒരു കാലമുണ്ടായിരുന്നു. നാടകീയരംഗങ്ങളും, മനുഷ്യജീവിതവുമായി ഒരു ബന്ധവുമില്ലാത്ത പ്രമേയങ്ങളുമായി ഹിന്ദി ചലച്ചിത്രലോകവും, വിവിധ പ്രാദേശിക ഭാഷാ ചലച്ചിത്രങ്ങളും മുന്നോട്ടുപോകുമ്പോള്‍ ജീവിത ഗന്ധിയായ, സാമൂഹ്യപ്രസക്തിയുള്ള ചലച്ചിത്രങ്ങളുമായി മലയാളസിനിമ അന്ന് വ്യത്യസ്തമായി നിലകൊണ്ടു. നീലക്കുയിലും, ചെമ്മീനുമെല്ലാം ഇന്ത്യന്‍ ചലച്ചിത്രരംഗത്തെ തന്നെ നാഴിക കല്ലായി മാറിയത് അങ്ങിനെയാണ്. പി.ജെ ആന്റണി, ബാലന്‍.കെ നായര്‍, ഗോപി, മമ്മൂട്ടി, മോഹന്‍ലാല്‍, മുരളി, ശോഭന- അങ്ങിനെ ഒരു വലിയ നിരതന്നെ അഭിനയരംഗത്ത് ദേശീയശ്രദ്ധയാകര്‍ഷിച്ചു.

അടൂര്‍ ഗോപാലകൃഷ്ണന്‍, അരവിന്ദന്‍ തുടങ്ങിയ സംവിധായകരാകട്ടെ അന്തര്‍ദേശീയ തലത്തില്‍ തന്നെ അംഗീകാരങ്ങള്‍ വാരിക്കൂട്ടി. ഓരോ വര്‍ഷവും ദേശീയചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം വരുമ്പോഴും അതില്‍ ശ്രദ്ധേയമായ പല അവാര്‍ഡുകളും നേടിയിരുന്നത് ഈ കൊച്ചുകേരളത്തില്‍ നിന്നുള്ളവരായിരുന്നു. എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മലയാള ചലച്ചിത്രലോകം ഈ രംഗത്തു പിന്നോട്ടുപോയതായി കാണാന്‍ കഴിയും. തമിഴിലെയും മറ്റു പല ഭാഷകളിലേയും സംവിധായകര്‍ പുതിയ പരീക്ഷണങ്ങളുമായി രംഗത്തുവരികയും അതില്‍ വളരേയേറെ വിജയിക്കുകയും ചെയ്തപ്പോള്‍ മലയാളത്തിന് ഈ രംഗത്ത് കാര്യമായ സംഭാവനകളര്‍പ്പിക്കാന്‍ കഴിഞ്ഞില്ല എന്നത് ദുഃഖകരമായ സത്യമാണ്.

ഈയിടെയായി മലയാളത്തിലെ ചലച്ചിത്രലോകം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത് ഒരു പ്രമുഖ മലയാള നടന്‍ പ്രതിയായ കേസുമായി ബന്ധപ്പെട്ടാണ്. ഒരു പ്രമുഖ നടന്റെ നിര്‍ദ്ദേശപ്രകാരം ക്വട്ടേഷന്‍ സംഘം നടിയെ ആക്രമിച്ച് ആ രംഗങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയെന്ന ആ കേസ് ഇപ്പോള്‍ സുപ്രീംകോടതി വരെ എത്തിനില്‍ക്കുന്നു. ഈ കേസ് അന്തിമഘട്ടത്തിലേക്ക് കടക്കുമ്പോഴാണ് മലയാള സിനിമയിലെ യുവതലമുറയില്‍പെട്ട ചെറുപ്പക്കാരായ ചില നടന്മാര്‍ക്കിടയില്‍ ലഹരിമരുന്നുകളുടെ ഉപയോഗം വ്യാപകമാണെന്ന ആരോപണം വരുന്നത്. ആരോപണം ഉന്നയിച്ചതാകട്ടെ ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികളും.

പല യുവ നടന്മാരും വ്യാപകമായി ലഹരി ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരക്കാരുടെ കാരവനില്‍ അടക്കം പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട അസോസിയേഷന്‍ ഭാരവാഹികള്‍ കഞ്ചാവും മയക്കുമരുന്നും ഉപയോഗിക്കുന്ന സാധാരണക്കാരായ മറ്റുള്ളവരെ പൊലീസ് പിടികൂടുമ്പോള്‍ സിനിമാ നടന്മാര്‍ എന്ന പേരില്‍ ഇത്തരക്കാര്‍ രക്ഷപെടേണ്ട കാര്യമില്ലെന്നും നിയമം എല്ലാവര്‍ക്കും ഒരു പോലെ ബാധകമാണെന്നും ചൂണ്ടിക്കാട്ടാന്‍ മറന്നില്ല. സിനിമാരംഗത്തുള്ളവരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് നേരത്തെ തന്നെ പല ‘കഥ’കളും പ്രചരിച്ചിരുന്നുവെങ്കിലും ചലച്ചിത്രരംഗത്തുള്ള ഒരു പ്രമുഖ സംഘടന തന്നെ ഈ ആരോപണം ഉന്നയിച്ചത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു.

പ്രമുഖ യുവ നടന്‍ ഷെയിന്‍ നിഗമിനെതിരേ വിലക്ക് ഏര്‍പ്പെടുത്താനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ടാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഈ ആരോപണം ഉന്നയിച്ചതെങ്കില്‍ ഷെയിന്‍ മയക്കുമരുന്ന് ഉപയോഗിക്കാറില്ലെന്നും ഷെയിനുമായി അടുത്ത് പരിചയമുള്ളവര്‍ക്കെല്ലാം പരിചിതമായ ഷെയിന്റെ ചില പെരുമാറ്റ രീതികളാവാം നിര്‍മാതാക്കളെ ഈ സംശയത്തിന് പ്രേരിപ്പിച്ചതെന്നും ഷെയിന്റെ അടുത്ത സുഹൃത്തുക്കള്‍ പറയുന്നു. ഇതിന്റെ സത്യാവസ്ഥ എന്തായാലും മലയാള സിനിമയിലെ ചെറുപ്പക്കാരായ ചില നടീ നടന്മാരും സംവിധായകരും സാങ്കേതിക വിദഗ്ധരും ലഹരിമരുന്നുകള്‍ക്ക് അടിമയാണെന്നത് പരസ്യമായ രഹസ്യമാണ്. ചെറുപ്പക്കാരായ നടന്മാര്‍ക്ക് അച്ചടക്കമില്ലാതെ പോകുന്നതിന്റെ പ്രധാന കാരണം ഇത്തരത്തിലുള്ള ലഹരിമരുന്നുപയോഗമാണെന്നും കഞ്ചാവല്ല എല്‍എസ്ഡി പോലുള്ള മയക്കുമരുന്നാണ് പലരും ഉപയോഗിക്കുന്നതെന്നാണ് തങ്ങള്‍ സംശയിക്കുന്നതെന്നും പരിശോധനക്ക് തങ്ങളുടെ പൂര്‍ണ സഹകരണം ഉണ്ടാകുമെന്നും നിര്‍മാതാക്കള്‍ പറയുമ്പോള്‍ വിഷയം ഏറെ ഗൗരവതരമാണെന്ന് വ്യക്തം.

പാതിരാത്രി വരെ ഡിജെ പാര്‍ട്ടികളില്‍ പങ്കെടുത്ത് കലങ്ങിയ കണ്ണുകളുമായി സെറ്റിലെത്തുന്ന നടീനടന്മാരെക്കുറിച്ചും സംവിധായകര്‍ക്ക് ലഹരിപൊതി തേടി അലയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരെക്കുറിച്ചുംകഥകള്‍ പ്രചരിക്കുന്നുണ്ട്. ഇതെല്ലാം വെറും കഥകളാണെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞാലും കൊക്കെയിനുമായി ഒരു പ്രമുഖയുവനടന്‍ പിടിയിലായി ജയിലില്‍ കിടക്കേണ്ടി വന്നതും ഫഌറ്റില്‍ വെച്ച് മദ്യലഹരിയില്‍ പൂര്‍ണ നഗ്നനായി യുവതിയെ കടന്നുപിടിച്ചതിന് യുവതിരക്കഥാകൃത്ത് അറസ്റ്റിലായതും സമീപകാല സംഭവങ്ങളാണ്. യുവനടന്‍ ഷൈന്‍ ടോം ചാക്കോയെ നാല് മോഡലുകള്‍ക്കൊപ്പം കടവന്ത്രയിലെ ഫഌറ്റില്‍ നിന്നാണ് 2015 ജനുവരിയില്‍ അറസ്റ്റ് ചെയ്തത്. അറസ്റ്റിലാകുമ്പോള്‍ ഇവരുടെ പക്കല്‍ 10 ലക്ഷം രൂപയുടെ കൊക്കെയിന്‍ ഉണ്ടായിരുന്നുവെന്നാണ് കേസ്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമയുടെ തിരക്കഥാകൃത്ത് ഹാഷിര്‍ കഞ്ചാവ് തലയ്ക്കു പിടിച്ചപ്പോള്‍ പൂര്‍ണനഗ്‌നനായി പുറത്തിറങ്ങി സമീപത്തെ ഫഌറ്റിലെ യുവതിയെ കയറിപിടിച്ചപ്പോള്‍ ഓടിയെത്തിയവര്‍ ഇയാളെ കൈകാര്യം ചെയ്തു.

കോടതി ഇയാളെ മൂന്നരവര്‍ഷത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ലഹരി മരുന്ന് കടത്തു കേസിലെ പ്രതി നൈജീരിയക്കാരന്‍ ഒക്കാവോ ഷിഗോസി കോളിന്‍സ് നല്‍കിയ മൊഴിയും സിനിമാരംഗത്തുള്ളവരുടെ മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ച് സൂചന നല്‍കുന്നതായിരുന്നു. നിശാപാര്‍ട്ടിക്കിടെ ലഹരിമരുന്നുമായി സിനിമ പ്രവര്‍ത്തകര്‍ അറസ്റ്റിലായ കേസിലെ മുഖ്യകണ്ണിയായ ഇയാള്‍ മലയാള സിനിമയിലെ നാല് ന്യൂജെന്‍ നടന്മാരും രണ്ട് സംവിധായകരും രണ്ട് യുവ നിര്‍മ്മാതാക്കളും തന്റെ ഇടപാടുകാരാണെന്നായിരുന്നുവെന്ന് വെളിപ്പെടുത്തിയത് ഞെട്ടലോടെയാണ് പലരും കേട്ടത്. 2015 ജനുവരിയിലാണ് ഒക്കാവോ ഷിഗോസി അറസ്റ്റിലായതെങ്കിലും തുടര്‍നടപടികള്‍ കാര്യമായി ഉണ്ടായില്ല. കേസ് പൊലീസ് മുക്കിയെന്നാണ് ഒടുവിലുയര്‍ന്ന ആരോപണം. കേസില്‍ സാക്ഷിവിസ്താരം പൂര്‍ത്തായാകാത്ത സാഹചര്യത്തില്‍ പ്രതികളെ കൃത്യമായി ഹാജരാക്കാത്തതിനു കോടതി പൊലീസിനെയും ജയില്‍ അധികൃതരേയും വിമര്‍ശിക്കുകയും ചെയ്തു.

യുവ നടന്‍മാരുടെ ലഹരി ഉപയോഗത്തെക്കുറിച്ച് ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഉന്നയിച്ച ആരോപണം ചലച്ചിത്രരംഗത്തുള്ളവരെ രണ്ടുതട്ടിലാക്കിയിട്ടുണ്ടെന്നതാണ് ഏറെ കൗതുകകരം. നടന്‍മാരായ ഗണേഷ് കുമാറും ബാബുരാജും ഈ ആരോപണം ശരിവെക്കുമ്പോള്‍ കൊക്കെയിനുമായി പിടിയിലായി ജയില്‍വാസം അനുഭവിച്ച യുവ നടന്‍ ഷൈന്‍ ടോം ചാക്കോ ഈ ആരോപണം കഴമ്പില്ലാത്തതാണെന്നാണ് പറയുന്നത്. സിനിമയിലെ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ ഫെഫ്കയുടെ ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ കരുതലോടെയാണ് പ്രതികരിച്ചത്. നിര്‍മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും മലയാള സിനിമയുടെ സെറ്റുകളില്‍ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് പൊലീസിനെ റെയ്ഡ് ചെയ്യാന്‍ വിളിക്കുകയെന്നത് എത്രത്തോളം അസംബന്ധമാണെന്ന് ആലോചിക്കണമെന്നും അത്രത്തോളം അരാജകത്വം മലയാള സിനിമയില്‍ ഉണ്ടെന്നതിനോട് തനിക്ക് പൂര്‍ണമായും യോജിക്കാന്‍ കഴിയില്ലെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

എന്തും എളുപ്പത്തില്‍ എത്തിച്ചേരുന്ന കൊച്ചി മലയാള ചലച്ചിത്രത്തിന്റെ കേന്ദ്രമായതോടെയാണ് ലഹരിയുടെ ഒഴുക്ക് ഇവിടേക്ക് വ്യാപിച്ചതെന്നതാണ് പൊതുവെ ചൂണ്ടിക്കാട്ടപ്പെടുന്നത്. അരാജകജീവിതം നയിക്കുന്ന ഒരു കൂട്ടം യുവാക്കള്‍ അഭിനയം, സംവിധാനം, തിരക്കഥാരചന, നിര്‍മാണം തുടങ്ങിയ മേഖലകളില്‍ പിടിമുറുക്കിയതോടെ ലഹരിയുടെ വ്യാപനം ശക്തിപ്പെട്ടു. കാരവന്‍ സംസ്‌കാരത്തിന്റെ വരവും ഇതിന് കൂടുതല്‍ സഹായകരമായി. ഫഌറ്റില്‍ ഒത്തുകൂടി സിനിമാപ്രവര്‍ത്തകരുടെ കുടിയും വലിയും കൂത്താട്ടവും വ്യാപകമായതോടെ പല ഫഌറ്റുകളിലും സിനിമാക്കാര്‍ക്ക് താമസസൗകര്യം നല്‍കുന്നത് ഭീതിയോടെയാണ്.

ഈ സാഹചര്യത്തില്‍ മലയാള ചലച്ചിത്രലോകത്തെ ലഹരിയുടെ പിടിയില്‍ നിന്ന് വിമുക്തമാക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്. മദ്യവും മയക്കുമരുന്നും സര്‍ഗശേഷി വര്‍ധിപ്പിക്കുമെന്ന തെറ്റിദ്ധാരണയും, കലാകാരനാണെങ്കില്‍ മദ്യവും മയക്കുമരുന്നും അതിരുകളില്ലാത്ത ലൈംഗികതയും അനിവാര്യമാണെന്ന പ്രചാരണവും പലരേയും വഴി തെറ്റിക്കുന്നുണ്ട്. മുമ്പ് മദ്യത്തിനും മയക്കുമരുന്നിനും അടിമകളായിരുന്ന പലരും ഈ ശീലങ്ങള്‍ തങ്ങളുടെ പ്രതിഭയുടെ മാറ്റു കൂട്ടുകയല്ല നശിപ്പിക്കുകയാണ് ചെയ്തതെന്ന് പില്‍ക്കാലത്ത് നടത്തിയ കുമ്പസാരങ്ങള്‍ യുവതലമുറ പാഠമാക്കേണ്ടതുണ്ട്.

SHARE