കഞ്ചാവ് കേസ് പ്രതി കോടതിയില്‍ വിചാരണക്കെത്തിയത് മദ്യപിച്ച് ആടിക്കുഴഞ്ഞ്

കഞ്ചാവ് കേസിലെ പ്രതി കോടതിയില്‍ വിചാരണക്കെത്തിയത് മദ്യലഹരിയില്‍ ആടിക്കുഴഞ്ഞ്. മുടവൂര്‍ ആനകുത്തിയില്‍ ബിനോയാണ് മദ്യപിച്ചെത്തിയത്. ഒന്നര കിലോഗ്രാം കഞ്ചാവുമായി പിടിയിലായ ബിനോയിക്കെതിരെ മൂവാറ്റുപുഴ എക്‌സൈസ് റജിസ്റ്റര്‍ ചെയ്ത കേസിന്റെ വിചാരണ നടക്കുമ്പോഴാണ് സംഭവം. രാവിലെയുള്ള വിസ്താരം കഴിഞ്ഞ് കോടതി പിരിഞ്ഞ ശേഷം വീണ്ടും കോടതിയില്‍ വിസ്താരം ആരംഭിച്ചപ്പോഴായിരുന്നു മദ്യപിച്ചെത്തിയത്.

ജഡ്ജിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ ആടിക്കുഴഞ്ഞ് പിറുപിറുത്തു നിന്ന ബിനോയി മദ്യപിച്ചിട്ടുണ്ടോ എന്നു ജഡ്ജി ചോദിച്ചു. രാവിലത്തെ വിസ്താരം കഴിഞ്ഞ് പുഴത്തീരത്തു പോയി രണ്ടെണ്ണം അടിച്ചുവെന്നും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാതിരുന്നതിനാല്‍ തലയ്ക്കു പിടിച്ചെന്നുമായിരുന്നു ഇയാളുടെ മറുപടി. കോടതി നിര്‍ദേശപ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.

SHARE