അഫ്ഗാനില്‍ അമേരിക്ക തോറ്റോടുമ്പോള്‍

NOW ZAD, AFGHANISTAN - APRIL 01: U.S. Marines patrol single file on April 1, 2009 through Now Zad in Helmand province Afghanistan.Taliban have buried IEDs throughout the abandoned city, and U.S. forces there patrol through unpaved areas behind a mine sweeper in "Ranger file" to avoid stepping on the hidden explosives. The civilian population fled the city during previous fighting, leaving a ghost town, now a battle ground between Taliban fighters and U.S. Marines from Lima Company, 3rd Battalion, 8th Marine Regiment. (Photo by John Moore/Getty Images)

അഫ്ഗാനിസ്താനില്‍ താലിബാനുമായുള്ള യുദ്ധത്തില്‍ കനത്ത പരാജയം ഏറ്റുവാങ്ങി അമേരിക്ക തോറ്റോടുകയാണ്. സൈനിക പിന്മാറ്റമെന്നാണ് യുദ്ധതോല്‍വിക്ക് യു.എസ് പേരിട്ടിരിക്കുന്നത്. താലിബാനുമായി സമാധാന കരാറുണ്ടാക്കി അഫ്ഗാനില്‍നിന്ന് തലയൂരാനുള്ള ശ്രമം അവസാന ഘട്ടത്തിലെത്തിയെന്നാണ് റിപ്പോര്‍ട്ട്. ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ഒപ്പുവെച്ച കരാര്‍ പ്രകാരം അഫ്ഗാന്‍ ഭരണകൂടവും താലിബാന്‍ നേതൃത്വവും നേരിട്ടുള്ള ചര്‍ച്ചക്കും കളമൊരുങ്ങിക്കഴിഞ്ഞു. സമാധാന പ്രക്രിയയുടെ നിര്‍ണായക ഘട്ടമെന്ന് യു.എസ് വിശേഷിപ്പിക്കുന്ന ചര്‍ച്ചക്കും വേദിയാകുന്നത് ദോഹയാണ്. ലോകത്തെങ്ങുമുള്ള സമാധാന പ്രേമികള്‍ ആശ്വാസത്തോടെയാണ് ഈ വര്‍ത്തകളത്രയും കേള്‍ക്കുന്നത്.

അമേരിക്കയുടെ താളത്തിന് തുള്ളിയിരുന്ന അഫ്ഗാന്‍ ഭരണകൂടത്തെ താലിബാന്‍ അംഗീകരിക്കുന്നില്ലെങ്കിലും കരാറിലെ സുപ്രധാന നിര്‍ദ്ദേശമെന്ന നിലയ്ക്ക് അവര്‍ ചര്‍ച്ചക്ക് വഴങ്ങുകയായിരുന്നു. കാബൂള്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഭരണകൂടവുമായി ഒരു തരത്തിലുള്ള ഒത്തുതീര്‍പ്പിനുമില്ലെന്നായിരുന്നു താലിബാന്റെ നിലപാട്. അഫ്ഗാന്‍ ജയിലുകളില്‍ കഴിയുന്ന 5000 തടവുകാരെ മോചിപ്പിക്കാമെന്ന് ഉറപ്പുനല്‍കിയാണ് അമേരിക്ക താലിബാനെ ചര്‍ച്ചക്ക് പ്രേരിപ്പിച്ചത്. കരാറിന് മുന്നോടിയായി അമേരിക്കയും താലിബാനും നടത്തിയ മാസങ്ങള്‍ നീണ്ട ചര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ പോലും അഫ്ഗാന്‍ ഭരണകൂടത്തെ അടുപ്പിച്ചിരുന്നില്ല. അവരോട് തങ്ങള്‍ക്ക് ഒന്നും ചോദിക്കാനും പറയാനുമില്ലെന്ന് താലിബാന്‍ വ്യക്തമാക്കി. അമേരിക്കയുടെ നേതൃത്വത്തിലുള്ള വിദേശ സേന പിന്മാറുന്നതോടെ അഫ്ഗാനിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്ന് അവര്‍ വാദിച്ചു. യുദ്ധം അവസാനിപ്പിക്കുകയെന്ന ഏക ലക്ഷ്യത്തോടെ മുന്നോട്ടുപോകുന്ന അമേരിക്ക താലിബാന്റെ ആവശ്യം അംഗീകരിച്ച് ഏത് നിമിഷവും സൈന്യത്തെ തിരിച്ചുകൊണ്ടുപോകാന്‍ സന്നദ്ധമാണ്. പക്ഷെ, ഇത്രയും കാലം അഫ്ഗാനില്‍ തങ്ങളെ പിന്താങ്ങിയിരുന്ന രാഷ്ട്രീയ നേതാക്കളെ താലിബാന് വിട്ടുകൊടുത്ത് പോകുന്നത് അപടകമാണെന്ന് അമേരിക്കക്ക് അറിയാം. ചുരുങ്ങിയത് അവരെ ഉപദ്രവിക്കില്ലെന്ന ഉറപ്പെങ്കിലും വാങ്ങിയില്ലെങ്കില്‍ പല അഫ്ഗാന്‍ നേതാക്കള്‍ക്കും തല കാണില്ല. അത്തരമൊരു ദുരന്ത സാഹചര്യം ഒഴിവാക്കാനാണ് ദോഹയില്‍ താലിബാനെയും അഫ്ഗാന്‍ ഭരണകൂടത്തെയും ഒരു മേശക്ക് ചുറ്റും ഇരുത്താന്‍ യു.എസ് കിണഞ്ഞുശ്രമിക്കുന്നത്.

ഫെബ്രുവരി 29ന് ഒപ്പുവെച്ച സമാധാന കരാര്‍ പ്രകാരം അടുത്ത വര്‍ഷം മധ്യത്തോടെ അഫ്ഗാനില്‍നിന്ന് സൈന്യത്തെ പൂര്‍ണമായും പിന്‍വലിക്കുമെന്ന് അമേരിക്ക താലിബാന് ഉറപ്പുനല്‍കിയിട്ടുണ്ട്. പിന്മാറ്റം പൂര്‍ത്തിയാകുന്നതുവരെ വിദേശ സേനയെ ആക്രമിക്കരുതെന്നാണ് താലിബാനോട് യു.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. അമേരിക്കയുടെ ദയനീയമായ ഈ ആവശ്യം താലിബാന്‍ പോരാളികള്‍ അംഗീകരിച്ചിട്ടുണ്ട്. നവംബര്‍ എട്ടിന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ സൈനികരെ മുഴുവന്‍ അമേരിക്കയിലെത്തിക്കാനാണ് ട്രംപ് ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ കരാറില്‍ പറഞ്ഞതിനെക്കാള്‍ നേരത്തെ യു.എസ് സൈനികര്‍ നാട്ടിലെത്തും.
താലിബാനെ പിണക്കി കരാര്‍ തകര്‍ക്കാതിരിക്കാന്‍ യു.എസ് പരമാവധി ശ്രമിക്കുന്നുണ്ട്. തലസ്ഥാനമായ കാബൂളില്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ 15 പേരെ വെടിവെച്ചു കൊലപ്പെടുത്തിയ ആക്രമണത്തിന് പിന്നില്‍ താലിബാനാണെന്ന അഫ്ഗാന്‍ ഭരണകൂടത്തിന്റെ ആരോപണം യു.എസ് അംഗീകരിച്ചില്ല. കിരാതമായ ആക്രമണം നടത്തിയത് ഇസ്‌ലാമിക് സ്റ്റേറ്റ്(ഐ.എസ്) തീവ്രവാദികളാണെന്നായിരുന്നു അമേരിക്കയുടെ കണ്ടെത്തല്‍.

സമാധാന നീക്കങ്ങള്‍ പുരോഗതിയിലെത്തി നില്‍ക്കെ താലിബാനെ പിണക്കുന്നത് അപകടത്തിലാണെന്ന് ട്രംപ് ഭരണകൂടത്തിന് അറിയാം. അനുരഞ്ജന പ്രക്രിയക്ക് തുരങ്കംവെക്കുന്ന വിധത്തില്‍ അഫ്ഗാനില്‍ രാഷ്ട്രീയ തര്‍ക്കങ്ങള്‍ മുറുകിയപ്പോഴും അമേരിക്ക ഇടപെട്ടു. പ്രസിഡന്റ് അഷ്‌റഫ് ഗനിയും എതിരാളി അബ്ദുല്ല അബ്ദുല്ലയും ഒത്തുതീര്‍പ്പിന് വഴങ്ങിയില്ലെങ്കില്‍ അഫ്ഗാനിസ്താനുള്ള സാമ്പത്തിക സഹായം വെട്ടിച്ചുരുക്കുമെന്ന് യു.എസ് ഭീഷണിപ്പെടുത്തി. ഒടുവില്‍ അബ്ദുല്ലയെയും ഭരണകൂടത്തിന്റെ ഭാഗമാക്കി പ്രശ്‌നം പരിഹരിച്ചതോടെയാണ് ട്രംപിന് ശ്വാസം നേരെ വീണത്. അതിനിട ക്ക് ഈദുല്‍ ഫിത്വറിന്റെ പശ്ചാത്തലത്തില്‍ മൂന്ന് ദിവസത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് താലിബാന്‍ ആത്മാര്‍ത്ഥത തെളിയിച്ചു.

19 വര്‍ഷം നീണ്ട രക്തചൊരിച്ചില്‍ എന്തു നേടിക്കൊടുത്തെന്ന്് ചോദിച്ചാല്‍ യു.എസിന്റെ കണക്കില്‍ അവകാശപ്പെടാനായി ഒന്നുമില്ല. 2001ലാണ് അഫ്ഗാനില്‍ അമേരിക്ക യുദ്ധം തുടങ്ങിയത്. ലോകവ്യാപാര കേന്ദ്രം തകര്‍ക്കപ്പെട്ട സെപ്തംബര്‍ 11 ഭീകരാക്രമണത്തിന് ശേഷം അല്‍ഖാഇദ നേതാവ് ഉസാമ ബിന്‍ ലാദന്റെ ഒളിത്താവളം തേടിയായിരുന്നു അഫ്ഗാനിലേക്കുള്ള യു.എസ് യാത്ര. ഉസാമയെ ഒളിവില്‍ പാര്‍പ്പിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു അവര്‍ താലിബാനെ ആക്രമിച്ചത്. അത്യാധുനിക ആയുധങ്ങള്‍ കൈവശമില്ലാത്ത താലിബാന്‍ പോരാളികളെ പെട്ടെന്ന് ഭസ്മമാക്കാമെന്നായിരുന്നു അമേരിക്കയുടെ പ്രതീക്ഷ. പക്ഷെ, പിടിച്ചിരിക്കുന്നത് പുലിവാലാണെന്ന് തിരിച്ചറിയാന്‍ അവര്‍ക്ക് അധികം സമയം വേണ്ടിവന്നില്ല. യുദ്ധത്തിന്റെ ആദ്യ നാളുകളില്‍ തന്നെ അമേരിക്ക പരാജയത്തിന്റെ കയ്പ് അറിഞ്ഞു തുടങ്ങി.

തിരിച്ചടികള്‍ കൂടുംതോറും അമേരിക്ക അഫ്ഗാനിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ചു. ബോംബുകളും മിസൈലുകളും വര്‍ഷിച്ച് രാജ്യത്തെ ചുട്ടെടുക്കാന്‍ നോക്കി. വിജയം തൊട്ടരികെ എത്തിയെന്നായിരുന്നു അപ്പോഴെല്ലാം യു.എസ് പട്ടാള ജനറല്‍മാര്‍ പറഞ്ഞുകൊണ്ടിരുന്നത്. കൂടുതല്‍ സമയവും സൈനികരെയും നല്‍കിയാല്‍ താലിബാനെ തുരത്തുമെന്ന് അവര്‍ അവകാശപ്പെട്ടു. കോടികള്‍ മുടക്കിയാണെങ്കിലും യു.എസ് ഭരണകൂടങ്ങള്‍ അവ രണ്ടും അവര്‍ക്ക് നല്‍കി. പക്ഷെ, താലിബാന്റെ കോട്ടകളില്‍ വിള്ളല്‍വീണില്ല. പൂര്‍വ്വാധികം ശക്തിയോടെ താലിബാന്‍ പോരാളികള്‍ രാജ്യത്ത് കാലുറപ്പിക്കുകയായിരുന്നു. 2001ല്‍ ഭരണത്തിലുണ്ടായിരുന്നതിനെക്കാള്‍ ഭൂഭാഗങ്ങള്‍ അവരുടെ കാല്‍ക്കീഴിലായി. അപ്പോഴേക്ക് 2,400 സൈനികരെ അമേരിക്കക്ക് നഷ്ടപ്പെട്ടുകഴിഞ്ഞിരുന്നു. 21,000 സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പെന്റഗണ്‍ പുറത്തുവിട്ട ഔദ്യോഗിക കണക്കു മാത്രമാണിത്. യു.എസ് സേനയുടെ ഭാഗത്തുണ്ടായ ആള്‍നാശത്തിന്റെ എണ്ണം ഇതിനെക്കാള്‍ ഭീകരമാണെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. യു.എസ് ബോംബാക്രമണത്തില്‍ പതിനായിരക്കണക്കിന് സാധാരണക്കാര്‍ വേറെയും കൊല്ലപ്പെട്ടു. 2019ലെ കണക്കുപ്രകാരം അഫ്ഗാന്‍ യുദ്ധത്തിനുവേണ്ടി അമേരിക്കക്ക് ചുരുങ്ങിയത് 975 ബില്യണ്‍ ഡോളര്‍ ചെലവായിട്ടുണ്ട്. വികസനത്തിനെന്ന പേരില്‍ വേറെയും ശതകോടികള്‍ യു.എസ് ഭരണകൂടങ്ങള്‍ അഫ്ഗാനില്‍ ഒഴുക്കി. അഴിമതിക്കാരായ രാഷ്ട്രീയക്കാരുടെ കീശയിലാണ് അതിലേറെയും എത്തിയത്.

അമേരിക്കയുടെ വാക്കുകേട്ട് അഫ്ഗാനിലെത്തിയ ബ്രിട്ടനുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും തങ്ങള്‍ ചതിയില്‍ പെട്ടതായി വേഗം ബോധ്യപ്പെട്ടിരുന്നു. 2006ല്‍ അഫ്ഗാനിസ്താനിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സര്‍ ഷെറാര്‍ഡ് കോപ്പര്‍ കോള്‍സ് തന്റെ ഓര്‍മക്കുറിപ്പില്‍ ബ്രിട്ടന് സംഭവിച്ച തെറ്റ് സമ്മതിക്കുന്നുണ്ട്. ഇറാഖ് അനിധിനിവേശവും കിഴക്കന്‍ അഫ്ഗാനിസ്താന്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചതുമായിരുന്നു മുപ്പത് വര്‍ഷത്തിനിടെ ബ്രിട്ടന് സംഭവിച്ച ഗുരുതരമായ രണ്ട് പാളിച്ചകളെന്ന് അദ്ദേഹം പുസ്തകത്തില്‍ പറയുന്നു. താലിബാനെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ അമേരിക്ക ഏറെ പ്രയാസപ്പെടുന്നുണ്ട്. ബദ്ധശത്രുവായ താലിബാനെ ഭീകരപട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ പോലും അവര്‍ തയാറായി. അല്‍ഖാഇദ മാത്രമാണ് അപകടകാരിയെന്നും താലിബാന്‍ പോരാളികള്‍ ഭീകരരല്ലെന്നും യു.എസിന് സമ്മതിക്കേണ്ടിവന്നു. അവസാനം താലിബാനുമുന്നില്‍ മുട്ടുമടക്കി അഫ്ഗാനില്‍നിന്ന് രക്ഷപ്പെടാനുള്ള അവസാന ഒരുക്കത്തിലാണ് യു.എസ്. അമേരിക്കയുടെ ധിക്കാരത്തിനേറ്റ മറ്റൊരു പ്രഹരമായി ചരിത്രം ഇതിനെ അടയാളപ്പെടുത്തും.

SHARE