ഇടുക്കി അണക്കെട്ട്: ജാഗ്രത വേണം

കനത്ത കാലവര്‍ഷത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ മലമ്പുഴ, പീച്ചി, ബാണാസുരസാഗര്‍ ഉള്‍പ്പെടെ ഏതാണ്ടെല്ലാ ഡാമുകളും ഇന്നലെയോടെ തുറന്നുവിട്ടുകഴിഞ്ഞു. തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം പതിറ്റാണ്ടിലെ ഏറ്റവും വലിയ അളവില്‍ മഴ വര്‍ഷിക്കുകയും കുട്ടനാട് ഉള്‍പ്പെടെ കേരളത്തിന്റെ മിക്കവാറും പ്രദേശങ്ങള്‍ പ്രളയം കവര്‍ന്നെടുക്കുകയും ചെയ്തതോടെ ഇടുക്കി അണക്കെട്ടിലെ വെള്ളവും തുറന്നുവിടണമെന്ന നിര്‍ദേശം ഉയര്‍ന്നിട്ട് നാളേറെയായി. 167.68 മീറ്റര്‍ ഉയരത്തില്‍ രണ്ടു മലകള്‍ക്കിടെ കോണ്‍ക്രീറ്റില്‍ നിര്‍മിക്കപ്പെട്ട ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച്ച്ഡാമുകളിലൊന്നായ ഇടുക്കി അണക്കെട്ട് ഒരുമീറ്റര്‍ ഒഴികെ ശേഷിക്കുന്ന ഭാഗമെല്ലാം നിറഞ്ഞിരിക്കുകയാണിപ്പോള്‍. പരമാവധി സംഭരണശേഷിയായ 2403 അടിയില്‍ ബുധനാഴ്ചത്തെ അളവനുസരിച്ച് 2398 അടിയാണ്. ഇന്നലത്തെ കനത്തമഴ വെള്ളത്തിനൊപ്പം പെരിയാര്‍ തീരത്തെ ലക്ഷക്കണക്കിന് മനുഷ്യരുടെ ആശങ്കകളുടെ തോതും വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതാദ്യമായാണ് ഡാമില്‍ ഇത്രയും ജലം നിറയുന്നത്. 1992ന് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നത് എന്നതിനാല്‍ അതിന്റെ ഫലം ചിലപ്പോള്‍ പ്രതീക്ഷിക്കുന്നതിലും മാരകമായേക്കാം. ചെന്നൈ മഹാനഗരത്തില്‍ 2015ലുണ്ടായ വെള്ളപ്പൊക്കത്തിന് കാരണം മഴക്കിടെ ചെമ്പരാമ്പക്കം അണക്കെട്ട് ആലോചിക്കാതെ തുറന്നുവിട്ടത് മൂലമായിരുന്നുവെന്ന പാഠം നമുക്കുവേണം.
സംസ്ഥാനത്ത് വൈദ്യുതി ഏറ്റവും കൂടുതല്‍ (780 മെഗാവാട്ട്) ഉത്പാദിപ്പിക്കുന്ന അണക്കെട്ട് എന്ന നിലക്ക് ഇടുക്കിയുടെ പ്രാധാന്യം ഏറെ വലുതാണ്. അതിന് തടസ്സം വരുന്ന വിധത്തില്‍ വെള്ളം ഒഴുക്കിവിടരുതെന്ന വൈദ്യുത ബോര്‍ഡിന്റെ ആവശ്യത്തെ തള്ളിക്കളയാനാവില്ല. മഴക്കുറവ് കാരണം തുടര്‍ച്ചയായി വൈദ്യുതി ഉല്‍പാദനം മുടങ്ങിയ അണക്കെട്ടാണ് ഇടുക്കിയിലേത്. ഇന്നത്തെ അളവില്‍ ജലനിരപ്പ് ഉയരുകയാണെങ്കില്‍ വരുന്ന രണ്ടു ദിവസത്തിനകം തന്നെ ഇടുക്കി അണക്കെട്ട് പരമാവധി ശേഖരത്തിലേക്ക് എത്തുമെന്നത് തീര്‍ച്ചയാണ്. കഴിഞ്ഞദിവസം 2395.38 അടിയായതോടെ നടപടിക്രമമനുസരിച്ചുള്ള മുന്നറിയിപ്പായ ഓറഞ്ച് ജാഗ്രതാനിര്‍ദേശം ജലസേചനവകുപ്പ് പ്രഖ്യാപിച്ചു. ഇനി വെള്ളം തുറന്നുവിടുന്നതിന് 24 മണിക്കൂര്‍ മുമ്പ് അതീവ ജാഗ്രതാനിര്‍ദേശം (റെഡ്അലര്‍ട്ട് ) പ്രഖ്യാപിക്കുക മാത്രമേ വേണ്ടൂ. ഇതിനിടയില്‍ സംസ്ഥാന സര്‍ക്കാരിലെ മൂന്നു വകുപ്പുമന്ത്രിമാരും സംസ്ഥാന വൈദ്യുതി ബോര്‍ഡും വ്യത്യസ്തമായ അഭിപ്രായ പ്രകടനങ്ങളും വിശദീകരണങ്ങളുമായി രംഗത്തുവന്നത് ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലെ ജനങ്ങളിലാകെ വലിയ തോതിലുള്ള ആശയക്കുഴപ്പങ്ങള്‍ക്കും ഭയപ്പാടിനും വഴിവെച്ചിരിക്കുകയാണ്.
കേരളത്തിലെ ഏറ്റവും വലിയ നദിയായ പെരിയാറിലേക്കാണ് ഇടുക്കി അണക്കെട്ട് തുറന്നുവിട്ടാല്‍ വെള്ളം കുത്തിയൊലിച്ചെത്തുക. നദിയുടെ ഇരു കരകളിലുമായി വസിക്കുന്നവര്‍ക്ക് ഈ മലവെള്ളപ്പാച്ചില്‍ കനത്ത തോതിലുള്ള നാശനഷ്ടം വരുത്തുമെന്ന ആശങ്കയും ആകുലതയുമാണ് ജനങ്ങളെയും പൊതുപ്രവര്‍ത്തകരെയും ഇപ്പോള്‍ ഗ്രസിച്ചിരിക്കുന്നത്. എന്നാല്‍ ആശങ്ക നീക്കി കാര്യങ്ങള്‍ ബോധ്യപ്പെടുന്നവിധം അവരെ മനസ്സിലാക്കിക്കുന്നതിന് ഉത്തരവാദിത്തപ്പെട്ട സര്‍ക്കാരാണ് മേല്‍വിധത്തില്‍ ഞഞ്ഞാപിഞ്ഞ കളിക്കുന്നത് എന്നത് മലവെള്ളത്തേക്കാള്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തിയിരിക്കുന്നതെന്ന് പറയാതെ വയ്യ. തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുല്ലപ്പെരിയാറിലെ ജലവും പത്തനംതിട്ട മുതലിങ്ങോട്ടുള്ള ജലവും കൂടിച്ചേര്‍ന്നാണ് ഇടുക്കിയിലെത്തുന്നത്. ഇത് താങ്ങാനുള്ള ശേഷി ഇടുക്കി അണക്കെട്ടിനുണ്ടോ എന്നത് ഇതിനകം തന്നെ ഉയര്‍ന്നിട്ടുള്ള ആശങ്കയാണ്. അതിനിടെയാണ് ഈ വര്‍ഷം ചരിത്രത്തിലെ അപൂര്‍വതയായി പെരുംമഴയെത്തിയത്. പതിവായി വരള്‍ച്ചകൊണ്ട് പൊറുതിമുട്ടുന്ന കേരളത്തിന് അനുഗ്രഹമായി ഭവിക്കേണ്ട കാലവര്‍ഷമാണ് ഇത്തവണ 115 ഓളം പേരുടെ മരണത്തിനും കൊടിയ കൃഷി-സ്വത്തു നാശങ്ങള്‍ക്കും കാരണമായത്. ഇതിനിടയില്‍ അതിലും വലിയ മഹാദുരിതമോ ദുരന്തമോ താങ്ങാനുള്ള ശേഷി കേരളത്തിനില്ല. പ്രത്യേകിച്ചും നാലു ജില്ലകളിലെ ജനങ്ങളില്‍ നല്ലൊരു പങ്കിനും ദുരിതം അനുഭവിക്കേണ്ടിവരും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ കാലാവധി തീര്‍ന്നിട്ടു വര്‍ഷങ്ങളായി. ഈ അണക്കെട്ട് തകര്‍ന്നാല്‍ ഉണ്ടായേക്കാവുന്ന ദുരന്തത്തെക്കുറിച്ച് ആലോചിക്കാനേ വയ്യ. ആ വിഷയം തമിഴ്‌നാട് കൂടി ബന്ധപ്പെട്ടതാണെന്നതിനാല്‍ നമ്മുടെ പൂര്‍ണനിയന്ത്രണത്തിലല്ലെന്നു പറയുമ്പോഴാണ് ഇടുക്കി അണക്കെട്ട് തുറക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ ഉന്നതരില്‍തന്നെ പരസ്യമായ വാദപ്രതിവാദങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നത്. അണക്കെട്ട് തുറക്കുന്നതാണ് നല്ലതെന്ന് വൈദ്യുതി വകുപ്പുമന്ത്രി ഇടുക്കിക്കാരനായ എം.എം മണി അഭിപ്രായപ്പെടുമ്പോള്‍ ജനതാദളുകാരനായ ജലവിഭവവകുപ്പുമന്ത്രി പറയുന്നത് തുറക്കാന്‍ അടിയന്തിര സാഹചര്യമില്ലെന്നാണ്. സി.പി.ഐക്കാരനായ റവന്യൂ വകുപ്പുമന്ത്രിക്ക് പറയാനുള്ളത് 2397 അടിയില്‍ ജലമെത്തിയാല്‍ തുറക്കല്‍ അനിവാര്യമാണെന്നും. എന്നാല്‍ വൈദ്യുതി ബോര്‍ഡ് വാദിക്കുന്നതാകട്ടെ വൈദ്യുതി ഉല്‍പാദനത്തിന് കുറവു വരുത്താന്‍ കാരണമാകുന്ന തരത്തില്‍ വെള്ളം ഒഴുക്കിവിടരുതെന്നാണ്. പരമാവധി ശേഷിയായ 2403 അടിയിലെത്തിയാല്‍ മാത്രമേ ഡാം തുറക്കേണ്ടതുള്ളൂവെന്ന് സ്വന്തം വകുപ്പുമന്ത്രിയെ തിരുത്തിക്കൊണ്ട് ബോര്‍ഡ് അധികൃതര്‍ പറയുന്നു. ഇതുസംബന്ധിച്ച തര്‍ക്കവിതര്‍ക്കം രൂക്ഷമായപ്പോഴാണ് ഇന്നലെ മന്ത്രിസഭായോഗം ചേര്‍ന്ന് അണക്കെട്ട് തുറക്കണമെന്ന നിര്‍ദേശം പരസ്യപ്പെടുത്തിയത്. ഇതുസംബന്ധിച്ച നടപടികള്‍ക്കായി വൈദ്യുതി വകുപ്പുമന്ത്രിയെ ചുമതലപ്പെടുത്തുകയും ചെയ്തു. ജനതാദളിന്റെ ജല വകുപ്പുമന്ത്രിയെ നിസ്സാരനാക്കിയാണ് സി.പി.എം പ്രതിനിധിക്ക് ചുമതല കൈമാറിയിരിക്കുന്നത്.
അണക്കെട്ട് പൂര്‍ണമായി നിറഞ്ഞാല്‍ വെള്ളം തുറന്നുവിടുമ്പോള്‍ കൂടുതല്‍ പ്രശ്‌നങ്ങളുണ്ടാകും. അതിനാല്‍ ഇപ്പോള്‍തന്നെ വെള്ളം പതുക്കെയായി തുറന്നുവിട്ട് പരിശോധന നടത്താമെന്ന നിര്‍ദേശം പ്രായോഗികമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മന്ത്രിതന്നെ ഉറച്ചൊരു തീരുമാനം പറയാത്ത നിലക്ക് ജനങ്ങളിലുയര്‍ന്ന വേവലാതി വലുതാവുകയാണ്. അണക്കെട്ട് തുറക്കുമ്പോള്‍ 25 കിലോമീറ്റര്‍ പരിധിയില്‍ വെള്ളം പുഴയില്‍ പൊങ്ങുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതുസംബന്ധിച്ച് ഭൂ സര്‍വേ നടത്തിയിട്ടുണ്ട്. ചെക്ക്ഡാമുകളില്‍ ശേഖരിച്ചുവെച്ചിരിക്കുന്ന വെള്ളത്തിന്റെ അളവിനെക്കുറിച്ച് സര്‍ക്കാരിന് വ്യക്തമായ വിവരമില്ല. ചെറുതോണി മുതല്‍ ലോവര്‍ പെരിയാര്‍ വരെ പുഴയുടെ തീരത്ത് പത്തു മീറ്ററിനരികെ പോലുമുള്ള അയ്യായിരത്തിലധികം കെട്ടിടങ്ങളും അതിലുമെത്രയോ കുടുംബങ്ങളും ഇരയാക്കപ്പെടും. ഇവരുടെ പുനരധിവാസം ഉറപ്പുവരുത്തണം. റവന്യൂ, വനം, ജലവിഭവം, ആഭ്യന്തരം, കൃഷി, വൈദ്യുതി വകുപ്പുകളുടെ ഏകോപനമാണ് ഇവിടെ വേണ്ടത്. സൈന്യത്തെയും പൊലീസിനെയും ദുരന്തനിവാരണസേനയെയും രക്ഷാസംവിധാനങ്ങളും മുന്‍കൂര്‍ വിന്യസിക്കണം. ഓഖിയും ഉരുള്‍പൊട്ടലും പോലെ ദുരന്തത്തിനുശേഷം നഷ്ടപരിഹാരം വിതരണം ചെയ്യേണ്ട ഒന്നല്ല ഇത്.

SHARE