‘പരാജയപ്പെട്ട പ്രധാനമന്ത്രി’

ഭരണകൂടത്തിന്റെ വീഴ്ചകള്‍ കാരണം രാജ്യംതന്നെ അപകടത്തിലാകുന്ന അവസ്ഥയെ വിളിക്കുന്ന പേരാണ് ‘ഫെയില്‍ഡ് സ്റ്റേറ്റ്’ അഥവാ ‘പരാജയപ്പെട്ട രാഷ്ട്രം’ എന്ന്. ജനാധിപത്യത്തില്‍ ഒരു പ്രധാനമന്ത്രിക്ക് എന്തെല്ലാം ഭരണപരമായ വീഴ്ചകള്‍ സംഭവിച്ചെന്നിരിക്കിലും രാഷ്ട്രീയമായേ അദ്ദേഹം വിമര്‍ശിക്കപ്പെടാറുള്ളൂ. എന്നാല്‍ നരേന്ദ്രദാമോദര്‍ദാസ് മോദിയുടെ കാര്യത്തില്‍ അദ്ദേഹം ഒരു ‘പരാജയപ്പെട്ട പ്രധാനമന്ത്രി’ ആകുന്നത് അദ്ദേഹത്തിന്റെയും സര്‍ക്കാരിന്റെയും ഭരണപരാജയങ്ങള്‍കൊണ്ട് മാത്രമല്ല. ഏതെല്ലാം രാഷ്ട്രീയ വിഷയത്തിലാണോ നാം ഒരു പ്രധാനമന്ത്രിയെ അധികാരത്തിലേറ്റുന്നത് എന്നതുപോലെ പ്രസക്തമാണ് അദ്ദേഹത്തോടുള്ള ജനതയുടെ വ്യക്തിപരമായ വിലയിരുത്തലുകളും. പ്രധാനമന്ത്രിയുടെ പദവിക്ക് നൂറു ശതമാനം അനുയോജ്യരായ വ്യക്തികള്‍ മാത്രമേ ഇന്നുവരെ ഇന്ത്യയുടെ ഈ അത്യുന്നത പദവിയില്‍ ഇരുന്നിട്ടുള്ളൂ. എന്നാല്‍ മോദിയുടെ കാര്യത്തില്‍ നാം അമ്പരക്കുന്നത് അദ്ദേഹം ഇന്ത്യന്‍ പ്രധാനമന്ത്രി സ്ഥാനത്തിന് യോജിച്ച ആളേ അല്ലെന്നത് കൊണ്ടാണ്. മറ്റാരേക്കാള്‍ അദ്ദേഹം തന്നെയാണ് നിരന്തരം അത് സ്വന്തം വാക്കുകളിലൂടെ തെളിയിക്കുന്നതും.
വംശ വിരുദ്ധ നടപടികളും നിലപാടുകളും വിടുവായിത്തത്തോടടുക്കുന്ന പ്രസ്താവനകളുംകൊണ്ട് സൃഷ്ടിക്കപ്പെട്ട മോശം പ്രതിച്ഛായയാണ് ഗുജറാത്ത് വംശഹത്യയുടെ പ്രയോക്താവെന്ന് ആരോപിക്കപ്പെടുന്ന നരേന്ദ്ര മോദിയുടേത്. ഇതിന് അനുയോജ്യമായ പ്രസ്താവനയാണ് മോദി ആ മഹനീയ സ്ഥാനത്തിരുന്നുകൊണ്ട് ശനിയാഴ്ച ഉത്തര്‍പ്രദേശില്‍ നടത്തിയിരിക്കുന്നത്. ‘എന്നെക്കുറിച്ച് ഇത്രയൊക്കെ പറഞ്ഞിട്ടും 50 കൊല്ലംനീണ്ട എന്റെ കഷ്ടപ്പാടിനെ ഇല്ലാതാക്കാന്‍ നിങ്ങള്‍ക്കായിട്ടില്ല…മിസ്റ്റര്‍ ക്ലീന്‍ എന്ന് പറയുന്ന നിങ്ങളുടെ പിതാവ് അഴിമതിക്കാരനായാണ് മരിച്ചത്.’ ഇതാണ് പ്രതാപ്ഗഡിലെ തെരഞ്ഞെടുപ്പു പ്രചാരണ പൊതുയോഗത്തില്‍ പ്രധാനമന്ത്രി നടത്തിയ സന്മനസ്സുള്ള ആര്‍ക്കും വേദനാജനകമായ പ്രസ്താവന. അദ്ദേഹം ഇത് പറയുന്നത് തനിക്കെതിരെ ഈ തെരഞ്ഞെടുപ്പില്‍ അഹോരാത്രം പ്രചാരണം നടത്തുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയോടാണ് എന്നതാണ് മോദിയുടെ പ്രസ്താവനയിലെ നിലവാരം വ്യക്തമാക്കുന്നത്. അഞ്ചു വര്‍ഷക്കാലത്തെ തന്റെ സര്‍ക്കാരിന്റെ ഒരു നേട്ടമെങ്കിലും പറയാനാകാതെ ഒരു മുന്‍പ്രധാനമന്ത്രിയെകുറിച്ച് അതേ പദവയിലിരിക്കുന്ന മറ്റൊരാള്‍ പറയേണ്ടുന്ന വാചകങ്ങളാണോ മോദി തന്റെ സ്വന്തംനാവുകൊണ്ട് ഉച്ചരിച്ചിരിക്കുന്നത്. എത്ര നികൃഷ്ടമായാണ് മോദി ഇവിടെ സ്വയം തുറന്നുകാട്ടപ്പെട്ടിരിക്കുന്നത്!
തന്റെ വന്ദ്യമാതാവും ലോകം കണ്ട ഉരുക്കുവനിതയുമായ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവത്യാഗത്തിനുശേഷം 1984 നവംബറിലാണ് രാജീവ്ഗാന്ധി എന്ന എയര്‍ഇന്ത്യാപൈലറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളാല്‍ അവരോധിക്കപ്പെടുന്നത്. അദ്ദേഹം അന്നുമുതല്‍ അഞ്ചു വര്‍ഷക്കാലം നടത്തിയ ഓരോ വികസന-ക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഈ രാജ്യത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രത്തില്‍ തങ്കലിപികളാല്‍ രേഖപ്പെട്ടുകിടപ്പുണ്ട്. മാതാവിനുമുമ്പ് അവരുടെ പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവും അദ്ദേഹത്തിന്റെ പിതാവ് മോട്ടിലാല്‍ നെഹ്‌റുവും ഈ രാജ്യത്തിനുവേണ്ടി സ്വാതന്ത്ര്യകാലത്തിനുമുമ്പേ ജീവന്‍ തൃണവല്‍ഗണിച്ച് പോരാടിയവരാണ്. നെഹ്‌റുവിനുശേഷം ആ കുടുംബത്തിലെ രണ്ട് കുടുംബാംഗങ്ങള്‍ക്കും ജീവന്‍ നഷ്ടമായത് ഇന്ത്യയുടെ അഖണ്ഡതക്കുവേണ്ടി നടത്തിയ ഭരണനടപടികള്‍ കാരണമായിരുന്നു. 1984-89 കാലത്ത് ഉണ്ടായ ബോഫോഴ്‌സ് തോക്കിടപാടുമായി ബന്ധപ്പെട്ടാണ് രാജീവ്ഗാന്ധിക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നത്. അതുയര്‍ത്തിയവര്‍ ആപേരില്‍ അധികാരത്തിലെത്തിയതോടെ സ്വയം പിന്‍വാങ്ങുന്ന അവസ്ഥയുണ്ടായി. ഡല്‍ഹി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും നടന്ന നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ബോഫോഴ്‌സ് ഇടപാടില്‍ രാജീവ്ഗാന്ധിക്ക് യാതൊരുവിധ പങ്കുമില്ലെന്ന് കോടതി വിധിച്ചത്. ശ്രീലങ്കയിലെ തമിഴ് ജനതക്കുവേണ്ടി ഇന്ത്യന്‍ സൈന്യത്തെ അവിടേക്ക് അയച്ചതിനാണ് രാജീവിന് സ്വന്തം ജീവന്‍ ബലിനല്‍കേണ്ടിവന്നത്. ഇന്ത്യയിലെ ഡിജിറ്റല്‍ വിപ്ലവത്തിന് തുടക്കമിട്ട ടെലികോം വിപ്ലവവും പഞ്ചായത്തീരാജും അതിലെ മൂന്നിലൊന്ന് വനിതാപ്രാതിനിധ്യവും രാജീവിന് മാത്രം അവകാശപ്പെട്ടതാണ്. ഇതിനൊക്കെ മറുപടി പറയാന്‍ ശേഷിയില്ലാതെ നിരന്തരം നെഹ്‌റുകുടുംബത്തെ വിമര്‍ശിക്കുന്ന മോദിയുടെ ഏറ്റവും ഒടുവിലത്തെ തുറുപ്പുചീട്ടാണ് രാജീവ് വിരുദ്ധപരാമര്‍ശം.
റഫാല്‍ യുദ്ധ വിമാന ഇടപാടില്‍ വിദേശ പ്രതിരോധ സാമഗ്രികളുടെ വാങ്ങലിന് രാഷ്ട്രം നിശ്ചയിച്ചിട്ടുള്ള വിദഗ്ധ സമിതിയെ മറികടന്ന് അംബാനിക്കും തനിക്കും വേണ്ടി അധികകോടികളുടെ കരാറുണ്ടാക്കിയ ആളാണ് മോദിയെന്നാണ് പലതവണയായി പുറത്തുവന്നിട്ടുള്ള ആരോപണം. കേന്ദ്ര സര്‍ക്കാര്‍ ഈ കേസില്‍ സുപ്രീംകോടതിയെ വരെ തെറ്റിദ്ധരിപ്പിച്ചതായി വിവരങ്ങള്‍ പുറത്തുവരികയും റിവ്യൂ ഹര്‍ജിയില്‍ സര്‍ക്കാര്‍ ഉരുണ്ടുകളി തുടരുകയുമാണിപ്പോഴും. അപ്പോഴാണ് അതെല്ലാം മറയ്ക്കാനായി അപകീര്‍ത്തി ഉപായവുമായി മോദി രംഗത്തുവന്നിരിക്കുന്നത്. യു.പി യിലടക്കം ഏഴ് സംസ്ഥാനങ്ങളില്‍ ഇന്നലെനടന്ന അഞ്ചാംഘട്ട തെരഞ്ഞെടുപ്പിലും വരാനിരിക്കുന്ന രണ്ടുഘട്ട തെരഞ്ഞെടുപ്പുകളിലും ഇത് തനിക്ക് പ്രയാസമുണ്ടാക്കുമെന്ന തിരിച്ചറിവാണ് മോദിയെകൊണ്ട് ഇത്തരമൊരു കടന്നകൈക്ക് പ്രേരിപ്പിച്ചതെന്നാണ് ന്യായമായും ഊഹിക്കേണ്ടത്. പ്രതാപ്ഗഡിലെ അതേ യോഗത്തില്‍, തന്നെ താറടിച്ച് ദുര്‍ബലസര്‍ക്കാരുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്ന് മോദി പറഞ്ഞതില്‍നിന്നുതന്നെ അദ്ദേഹത്തിന്റെ ഉള്‍ഭയം വ്യക്തമാണ്. കഴിഞ്ഞ അഞ്ച് ഘട്ടങ്ങളിലും ഉണ്ടാകാത്ത രീതിയിലുള്ള തിരിച്ചടിയാണ് ബി.ജെ.പിക്ക് ഇനിയുണ്ടാകാന്‍ പോകുന്നത്. ബാക്കിയുള്ള 90ലധികം സീറ്റുകളും ബി.ജെ.പിയെ സംബന്ധിച്ച് നിര്‍ണായകമാണ്. ഇതിനെ മറികടക്കാന്‍ രാജ്യത്തിന്റെ അത്യുന്നത പദവികളിലൊന്നിനെ ദുരുപയോഗപ്പെടുത്തിയ മോദി രാഹുല്‍ഗാന്ധി പറഞ്ഞതുപോലെ, കര്‍മഫലം അനുഭവിക്കുകയേ ഇനി വഴിയുള്ളൂ.
മരണപ്പെട്ടവരെക്കുറിച്ച് ഭള്ള് പറയുന്നത് ഇന്ത്യയുടെ സംസ്‌കാരത്തിന് യോജിക്കുന്നതല്ല. ഹൈന്ദവ സംസ്‌കാരത്തെക്കുറിച്ച് ഊറ്റം കൊള്ളുന്നയാള്‍ തന്നെയാണ് ഇത് ചെയ്തതെന്നത് അദ്ദേഹത്തിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പ്രസ്ഥാനങ്ങള്‍ക്കുമാണ് ദോഷം. നൂറ്റിമുപ്പതുകോടി ജനതയുടെ മനോനഭസ്സുകളില്‍ മാണിക്യമലര്‌പോലെ കുടിയിരിക്കുന്ന രാജീവ്ഗാന്ധി എന്ന രാഷ്ട്ര രക്തസാക്ഷിയുടെ യശസ്സിനുമേല്‍ ഒരുചെറു കറപോലും വീഴ്ത്താന്‍ മോദിയുടെ വീണ്‍വാക്കുകള്‍ക്ക് കഴിയില്ല. മൂന്നിലൊന്ന് മാത്രം വോട്ടര്‍മാരാലല്ല, രാജ്യം കണ്ട നാലില്‍മൂന്ന് ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റപ്പെട്ട ജനനായകനാണ് രാജീവ്.