ചുവപ്പു നാടകളില്‍ കുരുങ്ങിയ ജീവിതം

വിവാദങ്ങളും വിഴുപ്പലക്കലുകളും വിട്ടുമാറാത്ത ഇടതു സര്‍ക്കാറിന്റെ ഭരണ വൈകല്യങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് 65 വകുപ്പുകളുടെ നിശ്ചലാവസ്ഥ. തീര്‍പ്പുകല്‍പ്പിക്കാത്ത നാലു ലക്ഷത്തോളം ഫയലുകള്‍ സുപ്രധാന വകുപ്പുകളിലാണെന്ന കാര്യത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ പതിഞ്ഞിട്ടുണ്ടെങ്കിലും രണ്ടാഴ്ചയായി പരിഹാരമില്ലാതെ കിടക്കുന്നത് കനത്ത അനാസ്ഥയാണ്. ഫയലുകളുടെ മെല്ലെപ്പോക്ക് പരിശോധിക്കുമെന്നു നിയമസഭയില്‍ ഉറപ്പു പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കിന് പഴയ ചാക്കിന്റെ വില പോലുമില്ലെന്ന് ഒരിക്കല്‍കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. സാധാരണക്കാരുടെ നീറുന്ന പ്രശ്‌നങ്ങള്‍ മുതല്‍ ഉന്നതതല തീരുമാനം ആവശ്യമായ വികസന പദ്ധതികള്‍ ഉള്‍പ്പെടെയുള്ള ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കെട്ടിക്കിടക്കുന്നത്. കടുത്ത വരള്‍ച്ചയെ നേരിടാന്‍ ജില്ലാ ഭരണകൂടങ്ങളും ജനപ്രതിനിധികളും നിര്‍ദേശിച്ച നടപടികളത്രയും ചുവപ്പുനാടകളില്‍ കുരുങ്ങിക്കിടക്കുന്നുവെന്നത് ഗുരുതരമായ കൃത്യവിലോപമാണ്. തങ്ങളുടെ മേശപ്പുറത്തു എത്തുന്ന ഫയലുകളില്‍ നാമമാത്രമാണ് ഉദ്യോഗസ്ഥര്‍ തീര്‍പ്പു കല്‍പ്പിക്കുന്നത്. ഇത്രയധികം ഫയലുകള്‍ സെക്രട്ടറിയേറ്റില്‍ കുന്നുകൂടി കിടക്കുന്ന അവസ്ഥ ഇതിനു മുമ്പ് ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധക്കുറവും വകുപ്പ് മന്ത്രിമാരുടെ അനാസ്ഥയും ഉദ്യോഗസ്ഥരുടെ നിസ്സംഗതയും ഒരുപോലെ കാരണമാണ്. ഭരണ സിരാകേന്ദ്രത്തില്‍ ഇത്രയധികം ഫയലുകള്‍ കെട്ടിക്കിടക്കുന്നതിലെ ഗുരുതരമായ പ്രതിസന്ധികള്‍ സര്‍വ മേഖലകളിലും പ്രതിഫലിക്കുന്നുണ്ട്. സെക്രട്ടറിയേറ്റില്‍ ഫയലുകള്‍ കെട്ടിക്കിടക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്നു പറഞ്ഞു അധികാരത്തിലെത്തിയ ഇടതു സര്‍ക്കാറിന്റെ വാഗ്ദത്തം പൊള്ളയായിരുന്നുവെന്ന് പിന്നിട്ട വര്‍ഷങ്ങള്‍ തെളിയിക്കുന്നു. പിണറായി സര്‍ക്കാര്‍ ഭരണമേറ്റെടുത്തതു മുതലുള്ള ഓരോ വര്‍ഷവും തീര്‍പ്പാക്കാന്‍ ബാക്കിയുള്ള ഫയലുകളുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചുവെന്നതാണ് യാഥാര്‍ത്ഥ്യം.
പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ കൃത്യമായി പറഞ്ഞാല്‍ 3,94,728 ഫയലുകളാണ് സെക്രട്ടറിയേറ്റിലെ വിവിധ മേശപ്പുറങ്ങളില്‍ നിര്‍ജീവമായി കിടക്കുന്നത്. മൂന്നു വര്‍ഷമായി ഒരു നോട്ടവുമെത്താത്ത മുക്കാല്‍ ലക്ഷത്തോളം ഫയലുകള്‍ ഇതിലുണ്ട്. മോട്ടോര്‍ വാഹന വകുപ്പിലും വാണിജ്യ നികുതി വകുപ്പിലുമായി അര ലക്ഷത്തിലേറെ ഫയലുകള്‍ പൊടിപിടിച്ച് ശ്വാസംമുട്ടിക്കിടക്കുന്നു. 36,289 എണ്ണം മോട്ടോര്‍ വാഹന വകുപ്പിലും 79,784 എണ്ണം വാണിജ്യ നികുതി വകുപ്പിലും തീര്‍പ്പാക്കാനുണ്ട്. കാര്‍ഷിക വികസന വകുപ്പിലുമുണ്ട് 29,464 ഫയലുകള്‍ പരിശോധനക്കെടുക്കാന്‍. ജനജീവതവുമായി നിത്യബന്ധമുള്ള വകുപ്പുകളിലാണ് പ്രധാനമായും ഫയലുകള്‍ കെട്ടിക്കിടക്കുന്നത് എന്നത് സര്‍ക്കാറിന്റെ ജനവിരുദ്ധതയുടെ പ്രകടമായ തെളിവാണ്. ആരോഗ്യം, കുടുംബ ക്ഷേമം, പഞ്ചായത്ത്, തൊഴില്‍ വകുപ്പുകളുടെ സ്ഥിതിയും അതിദയനീയമാണ്. പതിനായിരക്കണക്കിന് ഫയലുകള്‍ ഈ വകുപ്പുകളിലും കെട്ടിക്കിടക്കുന്നുണ്ട്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട നടപടികളില്‍ സര്‍ക്കാറിന്റെ അനുമതിയും സഹായവും ലഭ്യമാകുന്നതിന് നല്‍കിയ അപേക്ഷകളിലേക്ക് ഒന്നു കണ്ണെത്തിക്കാന്‍ പോലും വകുപ്പ് മന്ത്രിമാര്‍ സമയം കണ്ടെത്തുന്നില്ല. നിരന്തരം വിവാദങ്ങളില്‍ കുരുങ്ങുകയും ആരോപണങ്ങളില്‍ അകപ്പെടുകയും ചെയ്യുന്ന മന്ത്രിമാരുടെ വകുപ്പുകളില്‍ തന്നെയാണ് ഒച്ചിനെ പോലും നാണിപ്പിക്കും വിധത്തില്‍ ഫയലുകള്‍ ഇഴയുന്നത്. നാഥനില്ലാ പടയായതിനാല്‍ വകുപ്പ് സെക്രട്ടറിമാരും ഉദ്യോഗസ്ഥരും അതിനനുസരിച്ചുള്ള ആത്മാര്‍ത്ഥതയേ പ്രകടിപ്പിക്കുന്നുള്ളൂവെന്ന് ഫയലനക്കങ്ങളില്‍ നിന്ന് വ്യക്തമാണ്.
ഫിഷറീസ്, വനം, സാംസ്‌കാരികം, പാര്‍ലമെന്ററികാര്യ വകുപ്പുകളും ഫയലുകള്‍ തീര്‍പ്പാക്കുന്ന കാര്യത്തില്‍ പിന്നിലാണ്. ഫയല്‍ നീക്കം മന്ദഗതിയിലാണെന്ന ആക്ഷേപങ്ങളെ തുടര്‍ന്നാണ് പൊതുഭരണ വകുപ്പ് സീക്രട്ട് സെക്ഷന്‍ എല്ലാ വകുപ്പുകളോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ റിപ്പോര്‍ട്ടും പരിഗണിക്കപ്പെടാതെ ചുവപ്പുനാടയില്‍ കുരുങ്ങിയതിനാലാണ് സെക്രട്ടറിയേറ്റിനകത്തും പുറത്തുമായി ലക്ഷക്കണക്കിനു ഫയലുകള്‍ അനക്കമില്ലാതെ കിടക്കാന്‍ കാരണം. മന്ത്രിതലത്തിലും ഉയര്‍ന്ന ഉദ്യോഗസ്ഥ നിലവാരത്തിലെടുക്കുന്ന എല്ലാ തീരുമാനങ്ങളും സമയക്രമത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന സോഫ്റ്റ്‌വെയര്‍ സംവിധാനം പ്രാവര്‍ത്തികമാക്കുന്നതിലൂടെ ഒരു ഫയല്‍ പോലും ബാക്കിയില്ലാതെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുമെന്ന് വീമ്പു പറഞ്ഞതാണ് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫയല്‍ നീക്കങ്ങള്‍ കുറ്റമറ്റതും വ്യവസ്ഥാപിതവുമാക്കാനും കാലതാമസമൊഴിവാക്കാനും സര്‍ക്കാര്‍ സത്വര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി ആവര്‍ത്തിച്ചു പറയുന്നു. എന്നാല്‍ ഇതെല്ലാം സര്‍ക്കാര്‍ ചടങ്ങുകളിലെ പ്രസംഗങ്ങളില്‍ ഉപയോഗിക്കുന്ന ആലങ്കാരിക പദങ്ങള്‍ മാത്രമാണെന്നാണ് ഇപ്പോള്‍ ബോധ്യമായിരിക്കുന്നത്. ഹാജര്‍ പുസ്തകവും അവധി പുസ്തകവും കൃത്യമായി കൈകാര്യം ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നു മേനി നടിക്കുന്ന സര്‍ക്കാറിന് ഇതും പൂര്‍ണാര്‍ത്ഥത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിനിടെ പഞ്ചിങ് സിസ്റ്റം നടപ്പാക്കിയെങ്കിലും ഇതൊന്നും ജീവനക്കാരുടെ സേനവക്ഷമത വര്‍ധിപ്പിച്ചുവെന്ന് അവകാശപ്പെടാനുമാവില്ല. ‘മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയും’ എന്ന പഴമൊഴി അന്വര്‍ത്ഥമാക്കുകയാണ് മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും. ഫയല്‍ നീക്കത്തില്‍ വേഗത വര്‍ധിപ്പിക്കണമെങ്കില്‍ അടിസ്ഥാനപരമായി ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കണം. ഉദ്യോഗസ്ഥര്‍ സേവന സജ്ജരാകണമെങ്കില്‍ വകുപ്പ് മന്ത്രി സക്രിയമാകണം. ഈ കണ്ണി ബലവത്താകുമ്പോള്‍ മാത്രമാണ് എണ്ണയിട്ട യന്ത്രം പോലെ സെക്രട്ടറിയേറ്റ് പ്രവര്‍ത്തനങ്ങള്‍ സജീവമാകുകയുള്ളൂ. സര്‍ക്കാറും സെക്രട്ടറിയേറ്റും തമ്മിലെ ചാക്രികമായ പ്രക്രിയയുടെ കണ്ണികള്‍ക്ക് ബലക്ഷയം വരുമ്പോഴാണ് സ്വാഭാവികമായും ഫയലുകള്‍ കുന്നുകൂടി പെരുകുക. ഇടതു ഭരണത്തില്‍ ഇതാണ് ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
ഓരോ ഫയലും ഓരോ ജീവിതമാണെന്ന മുഖ്യമന്ത്രിയുടെ വേവലാതി പ്രസംഗത്തില്‍ മാത്രമാണെന്നാണ് മനസിലാകുന്നത്. ലക്ഷക്കണക്കിനു മനുഷ്യരുടെ ജീവല്‍ പ്രശ്‌നങ്ങള്‍ സെക്രട്ടറിയേറ്റിന്റെ ചുമരുകള്‍ക്കുള്ളില്‍ മോചനം കാത്തു കഴിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രി ഇനിയും ഇവ്വിധം പ്രാസമൊപ്പിച്ച് പ്രസംഗിച്ചു കൊണ്ടേയിരിക്കും. അപ്പോഴും ‘ശതലക്ഷം പട്ടിണി വയറ്റിലെ ഘോരമാമിരമ്പക്ക’മെന്ന മഹാകവി വള്ളത്തോളിന്റെ വരികള്‍ പോലെ സെക്രട്ടറിയേറ്റിനകത്തും പുറത്തും ജീവല്‍ഗന്ധിയായ ഫയലുകള്‍ തുടിച്ചുകൊണ്ടേയിരിക്കുമെന്ന കാര്യം തീര്‍ച്ച.

SHARE