Connect with us

Video Stories

കുറ്റവാളികള്‍ക്ക് മാലയിടുന്ന കേന്ദ്ര മന്ത്രിമാര്‍

Published

on

വര്‍ഗീയ കൊലക്കേസുകളില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കിടക്കുന്നവരെ കേന്ദ്ര മന്ത്രിമാര്‍ നേരിട്ട് സന്ദര്‍ശിച്ച് അഭിനന്ദിക്കുന്ന സംഭവം അത്യപൂര്‍വവും രാജ്യത്തെ നിയമ വ്യവസ്ഥക്ക് വിരുദ്ധവുമാണ്. ബീഹാറിലെ നവാഡ ജയിലിലാണ് പ്രതികളെ കേന്ദ്രമന്ത്രി ഗിരിരാജ്‌സിങ് സന്ദര്‍ശിച്ചത്. കഴിഞ്ഞവര്‍ഷം ബീഹാറില്‍ നടന്ന വര്‍ഗീയാക്രമണത്തില്‍ നിതീഷ്‌കുമാര്‍ സര്‍ക്കാര്‍ എടുത്ത കേസിലാണ് അവരുടെ സഖ്യക്ഷിയായ ബി.ജെ.പിയുടെ കേന്ദ്ര മന്ത്രി തന്നെ പരസ്യമായി നിയമം ലംഘിച്ചിരിക്കുന്നത്. സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കള്ളക്കേസുകളില്‍ കുടുക്കി ജയിലിലിടുകയാണ് നിതീഷ് സര്‍ക്കാര്‍ എന്ന് കേന്ദ്ര മന്ത്രി ഗിരിരാജ്‌സിങ് തുറന്നടിക്കുകയുണ്ടായി. പ്രതികളിലൊരാളുടെ വീട് സന്ദര്‍ശിക്കാനും മന്ത്രി മറന്നില്ല. നവാഡയില്‍ സംഘര്‍ഷം രൂപപ്പെട്ടപ്പോള്‍ സമാധാനം പുന: സ്ഥാപിക്കാന്‍ ഇടപെട്ടവരാണ് പ്രതികളെന്നാണ് ഗിരിരാജ് സിങ് മാധ്യമ പ്രവര്‍ത്തകരോട് ന്യായീകരിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ രാമനവമി ആഘോഷ പരിപാടികള്‍ക്കിടയിലായിരുന്നു മുസ്‌ലിം സമുദായാംഗങ്ങള്‍ക്കെതിരെ പ്രതികള്‍ ആക്രമണം സംഘടിപ്പിച്ചത്. 2017 ജൂലൈ മൂന്നിനും നാലിനുമായാണ് വി.എച്ച്.പി-ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം തന്നെ ഝാര്‍ഖണ്ടില്‍ മുസ്‌ലിം യുവാവിനെ പശുവിന്റെ പേരില്‍ തല്ലിക്കൊന്ന പ്രതികള്‍ക്ക് സ്വീകരണം നല്‍കിയ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ജയന്ത്‌സിങിന്റെ നടപടിയും ഇതോടൊപ്പം ചേര്‍ത്തുവായിക്കണം. പ്രധാനമന്ത്രിയുടെയും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായുടെയും മൗനമാണ് ഇക്കാര്യത്തില്‍ ഏറെ അര്‍ത്ഥഗര്‍ഭമായിട്ടുള്ളത്.
ഝാര്‍ഖണ്ട് സംഭവത്തില്‍ അഞ്ചു പ്രതികള്‍ക്ക് ജാമ്യം ലഭിച്ചതിനെതുടര്‍ന്നാണ് പ്രതികള്‍ക്കായി ബി.ജെ.പിയും ആര്‍.എസ്.എസ്സും ചേര്‍ന്ന് സ്വീകരണം സംഘടിപ്പിച്ചത്. പ്രതികളെല്ലാം കുറ്റക്കാരാണെന്ന് അതിവേഗ കോടതി കണ്ടെത്തിക്കഴിഞ്ഞതാണ്. ജാമ്യം ലഭിച്ചുവെന്നതുകൊണ്ട് പ്രതികളുടെമേല്‍ പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റം ഇല്ലാതാകുന്നില്ല. ഇക്കാര്യം അറിയാതെയാകില്ല കേന്ദ്രമന്ത്രി ഈ ചടങ്ങില്‍ പങ്കെടുത്തതും പ്രതികള്‍ക്ക് അനുകൂലമായി സംസാരിച്ചതും. പ്രതികളെയെല്ലാം ചുവന്ന പൂമാല ഇട്ടാണ് ബി.ജെ.പിക്കാര്‍ സ്വീകരിച്ചത്. പശുവിന്റെ പേരിലും ഊഹാപോഹങ്ങളുടെ പേരിലും കഴിഞ്ഞ ഏതാനും ദിവസത്തിനകം രാജ്യത്ത് വിവിധയിടങ്ങളില്‍ നാല്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. മഹാരാഷ്ട്രയിലെ ധുലെയില്‍ ജൂലൈ ഒന്നിന് അഞ്ചു പേരെ കൊലപ്പെടുത്തിയത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്ന് ആരോപിച്ചായിരുന്നു. കൊല്ലപ്പെട്ട ശേഷമാണ് നിരപരാധികളാണെന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയിലും ഝാര്‍ഖണ്ടിലുമൊക്കെ ഭരിക്കുന്നത് ബി.ജെ.പിയാണെന്നതാണ് പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നത്. ബീഹാറില്‍ ബി.ജെ.പിയോട് സഖ്യം ചേര്‍ന്നുള്ള ഭരണമാണ് ജെ. ഡി.യു നടത്തുന്നതെങ്കിലും ബി.ജെ.പിയുടെ കടുത്ത വര്‍ഗീയനിലപാടുകളെ എതിര്‍ക്കുമെന്നാണ് ആ പാര്‍ട്ടി പറഞ്ഞിട്ടുള്ളത്. നിതീഷ്‌കുമാറിന്റെ പാര്‍ട്ടി നേതാവ് കെ.സി ത്യാഗി തന്നെ കേന്ദ്രമന്ത്രിക്കെതിരെ പരസ്യമായി രംഗത്തുവന്നത് ശുഭോദര്‍ക്കമാണെങ്കിലും കേന്ദ്രമന്ത്രിമാരുടെ ചെയ്തി ഒരുനിലക്കും പൊറുത്തുകൊടുക്കാനാവാത്തതാണ്.
ഝാര്‍ഖണ്ടില്‍ കേന്ദ്രമന്ത്രി ജയന്ത്‌സിങിന്റെ ഹസാരിബാഗ് ലോക്‌സഭാ മണ്ഡലത്തിലാണ് ആള്‍ക്കൂട്ടക്കൊല നടന്നത്. ഇതാണ് പ്രതികളെ പിന്തുണക്കാനുള്ള മന്ത്രിയുടെ ഇറങ്ങിപ്പുറപ്പെടലിന് കാരണം. എന്നാല്‍ താനിരിക്കുന്ന ഉന്നതമായ ഭരണഘടനാപദവിയുടെ മഹത്വം സ്വയം ഇല്ലാതാക്കുകയാണ് പ്രതികള്‍ക്ക് നല്‍കിയ സ്വീകരണ യോഗത്തില്‍ പങ്കെടുത്ത് കുറ്റകൃത്യത്തെ ന്യായീകരിച്ചതുവഴി മന്ത്രി ചെയ്തിരിക്കുന്നത്. ജാമ്യം ലഭിച്ചവരാണെന്നതുകൊണ്ട് ഒരു പ്രതിയും നിയമത്തിന്റെ ദണ്ഡില്‍നിന്ന് പൂര്‍ണമായി മുക്തമാക്കപ്പെടുന്നില്ലെന്ന് അദ്ദേഹം ഓര്‍ത്തില്ലെങ്കിലും പൊതുജനം ഓര്‍ക്കുമെന്നെങ്കിലും അദ്ദേഹത്തിന് അറിയണമായിരുന്നു. ഇദ്ദേഹമാണത്രെ ഹാര്‍വാര്‍ഡ് സര്‍വകലാശാലയുടെ ബി.ജെ.പിയിലെ സന്തതി. കുറ്റവാളികളെ സംരക്ഷിക്കുന്നതിന്റെ പേരില്‍ ശിക്ഷാര്‍ഹനാണ് മന്ത്രി. പശുവിന്റെ പേരിലുള്ള ഘാതകരോട് ‘തന്നെ വെടിവെക്കൂ’ എന്നു പറഞ്ഞ് പ്രധാനമന്ത്രിതന്നെ നല്ലപിള്ള ചമഞ്ഞിട്ടും അദ്ദേഹത്തിന ്കീഴിലെ മന്ത്രിമാര്‍ക്കെങ്ങനെ കുറ്റവാളികളുടെയും പ്രതികളുടെയും വീടുകളിലും സ്വീകരണ യോഗങ്ങളിലും ഇങ്ങനെ നിസ്സാരമായി കയറിയിറങ്ങാന്‍ കഴിയുന്നു. ഇതിനു പിന്നില്‍ മോദി സര്‍ക്കാരിന്റെ ശുദ്ധ ഇരട്ടത്താപ്പാണുള്ളതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ അരങ്ങു തകര്‍ക്കുമ്പോള്‍ നിരവധി വിധികളിലൂടെ സര്‍ക്കാരുകളോട് നടപടിയെടുക്കാന്‍ ആവശ്യപ്പെട്ട കോടതി വിധികള്‍ നിലവിലിരിക്കെ കണ്ണടച്ചിരുന്ന് ഇത്തരം കൊലപാതകങ്ങളെ ന്യായീകരിക്കുന്ന നിലപാടാണ് മോദിയും കൂട്ടരും എടുക്കുന്നത്. ഇപ്പോഴാകട്ടെ ഇതാ കുറ്റവാളികളെയും പ്രതികളെയും നേരില്‍ മാലയിട്ട് സ്വീകരിച്ചാനയിക്കാന്‍ പോലും കേന്ദ്ര മന്ത്രിമാര്‍ മല്‍സരിക്കുന്ന കാഴ്ച ഭീതിതം തന്നെ. ജമ്മുവില്‍ ഈവര്‍ഷം ആദ്യം എട്ടു വയസ്സുകാരി അതിഭീകരമായി ലൈംഗികാക്രമത്തിന് ഇരയായി കൊല്ലപ്പെട്ടപ്പോള്‍ പ്രതികള്‍ക്കുവേണ്ടി പരസ്യമായി റാലി നടത്തിയവരാണ് ജമ്മുകശ്മീരിലെ ബി.ജെ.പി മന്ത്രിമാര്‍ എന്നതും മുസഫര്‍നഗറില്‍ നിരപരാധികളായ മുസ്‌ലിം പൗരന്മാരെ കൊന്നു തള്ളിയ പ്രതിക്ക് മൃതശരീരത്തില്‍ ദേശീയ പതാക പുതപ്പിച്ചതും ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും തനിനിറം ആവോളം തുറന്നുകാട്ടുകയുണ്ടായി.
2012ല്‍ ടി.പി ചന്ദ്രശേഖരന്‍ എന്ന മുന്‍ സഹയാത്രികന്‍ പാര്‍ട്ടിയെ എതിര്‍ത്ത് പുറത്തുപോയപ്പോള്‍ അമ്പത്തൊന്നുവെട്ട് വെട്ടിക്കൊന്ന കശ്മലന്മാര്‍ക്കുവേണ്ടി ജയിലുകളില്‍ കയറിയിറങ്ങിയ എം.എല്‍.എമാരടക്കമുള്ള സി.പി.എമ്മുകാരെ അനുസ്മരിപ്പിക്കുകയാണ് ബി.ജെ.പി മന്ത്രിമാരുടെ ബീഹാര്‍-ഝാര്‍ഖണ്ട് മോഡല്‍ പാര്‍ട്ടി വിധേയത്വ പ്രകടനങ്ങള്‍. ഇവര്‍ എത്രകണ്ട് പുറംലോകത്ത് കൊല്ലപ്പെടുന്നവര്‍ക്കും ഇരകള്‍ക്കും വേണ്ടി അട്ടഹാസം മുഴക്കിയാലും തീരാത്തവിധം നിരപരാധികളെ കൊന്നുതള്ളുന്ന കാപാലിക രാഷ്ട്രീയം ഇക്കൂട്ടരുടെ അജണ്ടയിലുള്ളത് തന്നെയാണ്. ആസുരമായൊരു ഇന്ത്യയെയാണ് ഇക്കൂട്ടര്‍ വ്യത്യസ്ത പ്രത്യയശാസ്ത്രങ്ങളുടെ പേരു പറഞ്ഞ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നതെന്നതാണ് നാടിന്റെ ഭാവിയെക്കുറിച്ച് സമാധാനകാംക്ഷികളെയാകെ ഉത്കണ്ഠപ്പെടുത്തുന്നത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending