കര്‍ഫ്യൂകൊണ്ട് തീരില്ല ഭരണകൂട ഉത്തരവാദിത്വം

കോവിഡ്-19 കൂട്ടമരണങ്ങളുടെ പശ്ചാത്തലത്തില്‍ ലോകരാഷ്ട്രങ്ങളെല്ലാം തങ്ങളുടേതായ പ്രതിരോധനടപടികളുടെ തിരക്കിലാണ്. ചൈനയിലെ വുഹാനില്‍ ആരംഭിച്ച നോവല്‍കൊറോണ വൈറസ് മരണം ലോകത്താകെ പതിനായിരത്തിലധികം മനുഷ്യരുടെ ജീവനുകളാണ് കവര്‍ന്നെടുത്തിരിക്കുന്നത്. ചൈനയെക്കൂടാതെ ഇറ്റലി, ഇറാന്‍, ദക്ഷിണകൊറിയ തുടങ്ങിയ രാഷ്ട്രങ്ങളില്‍ വീശിയടിച്ച മരണക്കൊടുങ്കാറ്റ് അമേരിക്ക, ബ്രിട്ടന്‍ , കാനഡ തുടങ്ങിയ വികസിതരാഷ്ട്രങ്ങളെപോലും വിടാതെ പിന്തുടരുകയാണ്. ഇന്ത്യയില്‍ ഇതിനോടകം അഞ്ചുപേര്‍ മരണത്തിനിരയായി. ലോകത്താകെ ഇന്നലെ വൈകുന്നേരത്തെ കണക്കുപ്രകാരം 10,496 പേര്‍ക്ക് ജീവഹാനി സംഭവിച്ചതായാണ് വിവരം. ഇതിനോടകം രോഗബാധിതരുടെ സംഖ്യ രണ്ടരലക്ഷം കവിഞ്ഞിരിക്കുന്നു. അടുത്തദിവസങ്ങളിലാണ് രോഗവ്യാപനത്തിന്റെ തീവ്രത കൂടുതല്‍ ബോധ്യമാകുക. മിക്കരാഷ്ട്രങ്ങളും പൗരന്മാരുടെ ജീവിത താളം തിരിച്ചുപിടിക്കാനായി പദ്ധതികള്‍ പ്രഖ്യാപിക്കുന്ന തിരക്കില്‍കൂടിയാണിപ്പോള്‍.

ജോലിയും കൂലിയും നഷ്ടപ്പെട്ട് പതിനായിരങ്ങള്‍ വീട്ടിലും ആസ്പത്രികളിലും ഏകാന്തവാസത്തിന് വിധേയമാക്കപ്പെട്ടിരിക്കുന്നതുമൂലം അവരുടെ കുടുംബങ്ങള്‍ക്ക്‌മേല്‍ വലിയ ഭീതിയാണ് വന്നുചേര്‍ന്നിരിക്കുന്നത്. സമൂഹത്തിലും രാഷ്ട്രത്തിലും ഇത് ചെലുത്തുന്ന സ്വാധീനം ചെറുതല്ല. കമ്പനികളും വ്യാപാരസ്ഥാപനങ്ങളും അടച്ചിട്ടതുമൂലം ഉണ്ടായിട്ടുള്ള നഷ്ടം ശതകോടികള്‍ വരും. സുമാര്‍ 2.5 ശതമാനത്തിന്റെ ഇടിവാണ് കോവിഡ് കാരണം ലോകസമ്പദ്‌രംഗത്ത് സംഭവിക്കാനിരിക്കുന്നതെന്നാണ് അന്താരാഷ്ട്രധനകാര്യസ്ഥാപനങ്ങള്‍ വിലയിരുത്തുന്നത്. അമേരിക്ക കുടുംബത്തിന് ആയിരംഡോളര്‍ വീതം ( 45 ബില്യന്‍ ഡോളര്‍) സാമ്പത്തികപാക്കേജ് പ്രഖ്യാപിച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ്ട്രംപ് പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് രാജ്യത്ത് ചെറുകിടക്കാരില്‍ വലിയ ആശ്വാസമാണ് ഉളവാക്കിയിരിക്കുന്നത്.

ഇറ്റലിയും സമാനമായ ദുരന്തരിഹാരപാക്കേജിന് രൂപംനല്‍കി. കാനഡ 27 ബില്യന്‍ ഡോളറാണ് തൊഴിലാളികള്‍ക്കും ചെറുകിട കച്ചവടക്കാര്‍ക്കുമായി മാര്‍ച്ച് 18ന് പ്രഖ്യാപിച്ചത്. ചൈനയുടെ വിവരങ്ങളനുസരിച്ച് അടുത്തൊന്നും അവര്‍ക്ക് ഈ ദുരന്തത്തില്‍നിന്ന് കരകയറാനാകുമെന്ന് തോന്നുന്നില്ല. 3248 പേരാണ് ചൈനയില്‍ കോവിഡ് ബാധിച്ച് മരിച്ചിരിക്കുന്നത്. അവരും സാമ്പത്തികപാക്കേജുകളുടെ പിറകിലാണ്. നോട്ടുനിരോധനവും ചരക്കുസേവനനികുതിയും കാരണം 2 ശതമാനത്തിലധികം ഇടിഞ്ഞ ഇന്ത്യന്‍സമ്പദ്‌വ്യവസ്ഥ കോവിഡ്മൂലം ഇനിയും കൂപ്പുകുത്തുമെന്നാണ് പ്രവചനം. ഇത് വലിയ മാന്ദ്യത്തിലേക്കാകും രാജ്യത്തെ കൊണ്ടെത്തിക്കുക. തൊഴില്‍നഷ്ടവും പട്ടിണിയുംവരെ ഫലമായുണ്ടാകും.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യാഴാഴ്ച രാത്രി നടത്തിയ രാഷ്ട്രത്തോടുള്ള പ്രഖ്യാപനം വളരെ പരിഹാസ്യമായാണ് അനുഭവപ്പെട്ടിരിക്കുന്നത്. മോദിയുടെ വ്യാഴാഴ്ച എട്ടുമണിക്കുള്ള ദൂരദര്‍ശനിലെ പ്രഭാഷണത്തില്‍ രാജ്യത്തെ ജനത പൊതുവില്‍ പ്രതീക്ഷിച്ചത് ഇന്നത്തെ അവസ്ഥയില്‍നിന്ന് കരകയറാനുള്ള പോംവഴികള്‍ പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നായിരുന്നു. അമേരിക്കയുടെയും ബ്രിട്ടന്റെയും രാഷ്ട്രത്തലവന്മാര്‍ തങ്ങള്‍ പുതുതായി രൂപീകരിച്ച പ്രത്യേകആരോഗ്യടാസ്‌ക് ഫോഴ്‌സ് മേധാവികളുമായി നിരന്തരം കൂടിക്കാഴ്ച നടത്തുകയും അവരുമായി ദിവസവും വാര്‍ത്താലേഖകരെ അഭിമുഖീകരിക്കുകയും ചെയ്യുകയാണ്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ്‌ജോണ്‍സണ്‍ ദിവസവും പതിവുള്ള വാര്‍ത്താസമ്മേളനം കോവിഡിനായി മാറ്റിവെച്ചിരിക്കുന്നു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടികള്‍ താന്‍തന്നെ നല്‍കുകയും അതിന് കഴിയാത്തവക്ക് വിദഗ്ധരെവിളിച്ച് കാര്യങ്ങള്‍ അവരോട് അവതരിപ്പിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്യുന്ന കാഴ്ച ബി.ബി.സി പോലുള്ള ടി.വി ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്യുന്നുണ്ട്.സഊദി, യു.എ.ഇ,ഖത്തര്‍, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ തുടങ്ങിയ അറബ് ഭരണകര്‍ത്താക്കള്‍ ജനങ്ങള്‍ക്ക് ആത്മവീര്യം പകരുന്ന പദ്ധതികളും പ്രതിരോധ പ്രവര്‍ത്തനങ്ങളും വിശദീകരിക്കുന്നു. ഇത് കാണുമ്പോഴാണ് വ്യാഴാഴ്ചത്തെ മോദിയുടെ രാഷ്ട്രത്തോടുള്ള പ്രഖ്യാപനം പരിഹാസ്യമായി അനുഭവപ്പെടുന്നത്. ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ തികച്ചും ഏകാധിപത്യ രാജ്യത്തോടെന്ന പോലെയാണ് മോദിയുടെ പ്രഭാഷണം.

ഞായറാഴ്ച ‘ജനതാ കര്‍ഫ്യൂ’ ജനങ്ങള്‍ സ്വയം പ്രഖ്യാപിക്കണമെന്നാണ് പ്രധാന ആവശ്യം. രാജ്യത്തെ ഐ.ടി കമ്പനികളടക്കം പലതും ഇതിനോടകം തങ്ങളുടെ പല ജോലികളും വീട്ടിലിരുന്ന് ചെയ്യാവുന്ന തരത്തിലാക്കി. സര്‍ക്കാര്‍ സേവനങ്ങളും പരിമിതപ്പെടുത്തിയിരിക്കുന്നു. കടകളും ഇതരവ്യാപാരസ്ഥാപനങ്ങളും ആളൊഴിഞ്ഞ പ്രതീതിയിലാണ്. ഇതൊക്കെ സ്വയംകണ്ടറിഞ്ഞ് ചെയ്യുമ്പോള്‍ പ്രധാനമന്ത്രിയുടെ പ്രത്യേകമായ ഉപദേശം ഇതിന് ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മാത്രമല്ല, പ്രധാനമന്ത്രി നിര്‍ദേശിച്ച ഒരുദിവസത്തെ മാത്രം കര്‍ഫ്യൂകൊണ്ട് തീരുന്നത്ര ലളിതമല്ല കോവിഡ് കാലത്തെ പ്രതിരോധം.

സ്‌കൂളുകളും പരീക്ഷകളും നിര്‍ത്തലാക്കിയെങ്കിലും ഗതാഗത സംവിധാനങ്ങളും നിത്യോപയോഗസാധനങ്ങള്‍ക്കും ആസ്പത്രി ആശ്യങ്ങള്‍ക്കുമായുള്ള ജനങ്ങളുടെ ഓട്ടവും നിരോധിക്കാനാകില്ലതന്നെ. അവര്‍ക്ക് സാധനങ്ങള്‍ വീടുകളിലെത്തിച്ചുനല്‍കുന്നതിനെപ്പറ്റിയോ സൗജന്യനിരക്കിലുള്ള റേഷനിംഗിനെപറ്റിയോ മോദിക്ക് മിണ്ടാട്ടമോ ചിന്തയോ പോലുമില്ല. മാത്രമല്ല, ഒരുദിവസത്തേക്ക് വീട് അടച്ചിട്ട് കുടുംബനാഥന്മാര്‍ അകത്തിരുന്നാല്‍ ദിവസവരുമാനക്കാരുടെ ഗതിയെന്താകുമെന്ന് പ്രധാനമന്ത്രി പറയണമായിരുന്നു. ഇവരുടെ കുടുംബങ്ങള്‍ക്കെങ്കിലും സൗജന്യറേഷന്‍ പ്രഖ്യാപിക്കാനോ അവശ്യസാധനങ്ങള്‍ വീടുകളിലെത്തിക്കാനോ പ്രധാനമന്ത്രി ആശയം രൂപീകരിക്കണമായിരുന്നു.

വരും ദിവസങ്ങളില്‍ മാത്രമല്ല, ആഴ്ചകളോളം പുറത്തിറങ്ങാതെ തുടരണമെന്ന മോദിയുടെ നിര്‍ദേശം സാധാരണക്കാരന് നടപ്പാക്കാനാകുമെങ്കിലും ഒരു പ്രധാനമന്ത്രി അതിന് പരിഹാരം കൂടി നിര്‍ദേശിക്കണമായിരുന്നു. സ്വകാര്യസ്ഥാപനങ്ങളില്‍ വരാന്‍ കഴിയാത്തവര്‍ക്ക് ശമ്പളം മുടക്കരുതെന്ന് പറയുന്ന പ്രധാനമന്ത്രി സര്‍ക്കാര്‍ ഓഫീസുകളില്‍ എത്താന്‍ കഴിയാത്ത ഉദ്യോഗസ്ഥരുടെ കാര്യത്തില്‍ ശമ്പളം മുടങ്ങാതിരിക്കാനുള്ള ഒരു നിര്‍ദേശവും പറഞ്ഞുകണ്ടില്ല. ജനങ്ങള്‍ ഇക്കാലത്ത് ലോകകാര്യങ്ങളെക്കുറിച്ച് വലിയബോധമുളളവരാണെന്നും അവര്‍ ഭരണകൂടത്തില്‍നിന്ന് പ്രതീക്ഷിക്കുന്നത് നോട്ടുനിരോധനം പോലുള്ള മണ്ടന്‍നടപടികളല്ലെന്നും മോദിയും സര്‍ക്കാരും മഹാമാരിയുടെ കാലത്തെങ്കിലും തിരിച്ചറിയാത്തത് ലജ്ജാകരമാണ്.

SHARE