സര്‍ക്കാരേ, അവളെ രക്ഷിക്കാമായിരുന്നില്ലേ..

കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം ലോക നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി നവ കേരള മിഷന്റെ ഭാഗമായി 2017ല്‍ ഇടതുസര്‍ക്കാര്‍ ആരംഭിച്ച പ്രത്യേക പദ്ധതിയുടെ പേരാണ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം. ഇതിന്റെ പേരില്‍ ഒന്നുമുതല്‍ 12വരെ ക്ലാസുകളിലെ നിരവധി കുട്ടികള്‍ സ്വകാര്യമേഖലയില്‍നിന്നും സര്‍ക്കാര്‍ വിദ്യാഭ്യാലയങ്ങളിലേക്ക് കടന്നുവന്നിട്ടുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്കുകളും അവകാശവാദവും. എന്നാല്‍ കേരളത്തിലെ വലിയ പൊതുവിദ്യാഭ്യാസ സ്ഥാപനത്തിലൊന്നില്‍ ബുധനാഴ്ച സംഭവിച്ചത് വിദ്യാഭ്യാസ വകുപ്പിന്റെയും സര്‍ക്കാരിന്റെയും ഇടതുപക്ഷത്തിന്റെയും ഈ അവകാശവാദത്തിനേറ്റ കനത്ത മുഖത്തടിയായി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ വയനാട് സുല്‍ത്താന്‍ബത്തേരി ഗവ. ഹൈസ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി ഷഹ്്‌ലഷറിന്‍ ക്ലാസ്മുറിയില്‍വെച്ച് പാമ്പുകടിയേറ്റ് മരണപ്പെടാനിയടായെന്ന വാര്‍ത്തയാണ് കേരളത്തെയാകെ ഞെട്ടിച്ചിരിക്കുന്നത്. ക്ലാസ് മുറിയിലെ തറയില്‍ പലയിടത്തായുള്ള മാളങ്ങളിലൊന്നില്‍നിന്നാണ് കുട്ടിക്ക് പാമ്പു കടിയേറ്റത്. ക്ലാസെടുത്തുകൊണ്ടിരിക്കെ വൈകീട്ട് 3.10നാണ് ബഞ്ചിനടിയില്‍നിന്ന് ഷഹ്‌ലയുടെ കാലില്‍ പാമ്പ് കടിച്ചത്. പൊത്തില്‍നിന്ന് പുറത്തുവന്ന പാമ്പിനെ കുട്ടികള്‍ കണ്ടതായി പറയുന്നു. കടിച്ചത് വിഷപ്പാമ്പാണെന്ന് സംശയിക്കാന്‍ തക്ക എല്ലാ സൂചനകളുമുണ്ടായിരുന്നിട്ടും അധ്യാപകരും സ്‌കൂള്‍അധികൃതരും കാണിച്ച അക്ഷന്തവ്യമായ അലസതയും കൃത്യനിര്‍വഹണ വീഴ്ചയുമാണ് വിലപ്പെട്ട കുരുന്നുജീവന്‍ നഷ്ടപ്പെടാനിടയാക്കിയത്. ഇതേക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറോട് വിദ്യാഭ്യാസ വകുപ്പുമന്ത്രി സി.രവീന്ദ്രനാഥ് നിര്‍ദേശിച്ചെന്നാണ് വിവരം. ക്ലാസ് അധ്യാപകന്‍ ഷിജിലിനെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയുമാണ്. അറ്റകുറ്റപ്പണി തീരും വരെ ക്ലാസ് അടച്ചിടാനും തീരുമാനിച്ചത്രെ.ഇതെല്ലാംകൊണ്ട് സര്‍ക്കാരിന് നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുനല്‍കാനാവുമോ? പാമ്പു കടിയേറ്റയുടന്‍ തക്ക ചികില്‍സ കിട്ടിയിരുന്നെങ്കില്‍ ദാരുണമായ ഒരു മരണം ഇല്ലാതാക്കാനും പ്രസ്തുത വിദ്യാലയത്തിന്റെ ഇല്ലായ്മകള്‍ മൂടിവെക്കാനും കഴിയുമായിരുന്നുവെന്നാണ് സര്‍ക്കാര്‍ ഇപ്പോള്‍ കരുതുന്നുണ്ടാകുക. ഇത്രയും കുട്ടികള്‍ പഠിക്കുന്ന വിദ്യാലയത്തില്‍ ഇത്തരമൊരു അവസ്ഥ ഏറെ നാളായി തുടരുന്നതിന് ഉത്തരവാദി വിദ്യാഭ്യാസ വകുപ്പും അതിനെ നിയന്ത്രിക്കുന്നവരുമാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരു അധ്യാപകനില്‍മാത്രം കുറ്റം ചുമത്തി മറ്റുള്ളവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയുന്ന അവസ്ഥ ഒരു കാരണവശാലും ഉണ്ടാകരുത്.
കാലില്‍നിന്ന് രക്തം വാര്‍ന്നൊഴുകുകയും കുട്ടി വേദനകൊണ്ട് പുളയുകയും ചെയ്തിട്ടും എന്തുകൊണ്ട് അധ്യാപകര്‍ക്കും പ്രധാനാധ്യാപകനും സാമാന്യമായി ഏതൊരുവ്യക്തിക്കും തോന്നേണ്ട ഉത്തരവാദിത്തബോധം ഉണ്ടായില്ല. സഹപാഠികള്‍ പറയുന്നതനുസരിച്ച് കുട്ടിയെ സ്‌കൂളില്‍നിന്ന് കൊണ്ടുപോകുന്നത് തടഞ്ഞത് ഷിജില്‍ എന്ന അധ്യാപകനാണത്രെ. ബെഞ്ച് തട്ടിയതാണെന്നും ആണിയോ കല്ലോ ആയിരിക്കാമെന്നുമുള്ള കുറ്റകരമായ ന്യായീകരണമാണ് കുട്ടിയുടെ ദാരുണാന്ത്യത്തിലെത്തിച്ചത്. അധ്യാപകര്‍ക്ക് ചെരിപ്പ് ഉപയോഗിക്കാമായിരുന്നിട്ടും ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് അത് നിഷേധിച്ചതെന്തിനായിരുന്നു. സ്‌കൂള്‍ ഓഡിറ്റോറിയത്തിന് സമീപത്ത് പാമ്പുകളുടെ കൂട് തന്നെയുണ്ടെന്നും പല തവണയും ഭാഗ്യംകൊണ്ടാണ് കടിയേല്‍ക്കാതെ രക്ഷപ്പെട്ടതെന്നും കുട്ടികള്‍ പറയുന്നു.
കുട്ടിയുടെ പിതാവ് എത്തിയശേഷം ആസ്പത്രിയില്‍ എത്തിക്കുമ്പോഴേക്കും സമയം മുക്കാല്‍ മണിക്കൂര്‍ പിന്നിട്ടിരുന്നുവെന്നാണ് വിവരം. പല അധ്യാപകര്‍ക്കും ഉണ്ടായിരുന്ന കാര്‍ ഉപയോഗിച്ചാല്‍ സമയത്ത് വീട്ടിലെത്താന്‍ കഴിയില്ലെന്നായിരുന്നു അധ്യാപകരുടെയും പ്രധാനാധ്യാപകന്റെയും ഉത്കണ്ഠ! അടുത്തുള്ള സര്‍ക്കാര്‍ ആസ്പത്രിയിലെത്തിച്ചപ്പോള്‍ പാമ്പു വിഷത്തിനുള്ള ആന്റിവെനം ഇഞ്ചക്ഷന്‍ ഉണ്ടായിരുന്നിട്ടും ഡോക്ടര്‍ അതിന് തയ്യാറാകാതിരുന്നത് പാമ്പ് ഏതുതരത്തിലുള്ളതാണെന്ന് അറിയാത്തതുമൂലമാണെന്ന വിശദീകരണം ആരോഗ്യവകുപ്പിന്റെകൂടി ദുരവസ്ഥയെ സൂചിപ്പിക്കുന്നു. കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദേശിക്കുകയായിരുന്നുവത്രെ അവര്‍. കുട്ടിയുടെ അവസ്ഥ വീണ്ടും മോശമാകുന്നതുകണ്ട് പിതാവ് ബൈക്കിലിരുത്തിയാണ് സ്വകാര്യ ആസ്പത്രിയിലെത്തിച്ചത്. അപ്പോഴേക്കും മണിക്കൂറുകള്‍ കഴിഞ്ഞിരുന്നു. മണിക്കൂര്‍ മുമ്പേ എത്തിയിരുന്നെങ്കില്‍ജീവന്‍ നഷ്ടപ്പെടില്ലായിരുന്നുവെന്നാണത്രെ ആസ്പത്രി അധികൃതര്‍ പറഞ്ഞത്. വയനാട്ടിന് സ്വന്തമായി ഒരു ഗവ.മെഡിക്കല്‍ കോളജ് ഇല്ലായെന്നതും ദുരന്തത്തിന് കാരണമായി.
ആരോഗ്യ-വിദ്യാഭ്യാസ മേഖലയിലെ പുരോഗതിയെക്കുറിച്ച് അഹങ്കരിക്കുന്നവനാണ് മലയാളി. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തെക്കുറിച്ച് വാചാലരാകുന്ന സര്‍ക്കാര്‍ അതിനുകീഴിലെ ഉദ്യോഗസ്ഥവൃന്ദം ഇവിടെ എന്തുചെയ്യുകയാണെന്ന ചോദ്യമാണ് ആദ്യമായും അവസാനമായും ഉന്നയിക്കേണ്ടതും മറുപടി തേടേണ്ടതും. സര്‍ക്കാര്‍ വിദ്യാലയങ്ങളുടെ കെട്ടിട സൗകര്യങ്ങള്‍ പരിശോധിക്കാന്‍ പതിനായിരങ്ങള്‍ ശമ്പളം കൊടുത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, അസി.ഓഫീസര്‍ തുടങ്ങിയ തസ്തികളിലിങ്ങോട്ട് നിരവധി ഉദ്യോഗസ്ഥര്‍ വിദ്യാഭ്യാസ വകുപ്പില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ തങ്ങളുടെ പരിശോധനാസമയത്ത് ബത്തേരി സ്‌കൂളിലെ അവസ്ഥ കണ്ടില്ലെന്നാണോ? രക്ഷിതാക്കള്‍ ഒന്നടങ്കം സ്‌കൂളിനെതിരെ ഇന്നലെ രംഗത്തുവന്നതിന് കാരണം ഇതാണ്. സ്വകാര്യ വിദ്യാലയങ്ങളില്‍ മികച്ച സൗകര്യങ്ങളുണ്ടായിട്ടും ഈ സര്‍ക്കാരിന്റെ വാക്ക് വിശ്വസിച്ചാണ് അവര്‍ തങ്ങളുടെ പിഞ്ചുമക്കളെ പൊതുവിദ്യാലയങ്ങളിലേക്ക് അയച്ചിരിക്കുക. അതിന് സര്‍ക്കാര്‍ നല്‍കിയ വിലയാണോ ഷഹ്്‌ലയുടെ ജീവന്‍? സംസ്ഥാനത്ത് പലയിടത്തും സ്‌കൂള്‍ കെട്ടിടം തകര്‍ന്ന് കുട്ടികള്‍ മരിക്കുകയും പരിക്കേല്‍ക്കുകയുംചെയ്ത സംഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ഇപ്പോഴും മറ്റു പലപൊതുവിദ്യാലയങ്ങളുടെയും അവസ്ഥ ഇതൊക്കെതന്നെയാണെന്ന് കരുതുന്നതിലും തെറ്റില്ല. പൊതുവിദ്യാലയങ്ങളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി പൊതുജനങ്ങളില്‍നിന്നടക്കം ധനം സമാഹരിക്കുമെന്നാണ് പറഞ്ഞിരുന്നത്. സൗകര്യങ്ങളെക്കാളൊക്കെ യജ്ഞത്തിന്റെ പ്രധാന മുദ്രാവാക്യം വിദ്യാലയത്തിലെ അക്കാദമിക മികവാണെന്ന് 2017 ല്‍ ഇതേപൊലൊരു നവംബറിലാണ് മന്ത്രി രവീന്ദ്രനാഥ് വ്യക്തമാക്കിയിരുന്നത്. ഉന്നത വിദ്യാഭ്യാസ രംഗം ആന കയറിയ കരിമ്പിന്‍തോട്ടം പോലെയാക്കിയ ഇടതു സര്‍ക്കാരിന് ഒരു പിഞ്ചു വിദ്യാര്‍ത്ഥിനിയുടെ ജീവന്‍ പോലും സംരക്ഷിക്കാനാകാഞ്ഞിട്ടാണോ അക്കാദമിക മികവിനെക്കുറിച്ചും ഹൈടെക് ക്ലാസ്മുറികളെക്കുറിച്ചുമുള്ള വാചകമടി? ബഹുമാനപ്പെട്ട സര്‍ക്കാരേ-പബുകള്‍ ആരംഭിക്കാന്‍ തിരക്ക് കൂട്ടുന്ന നിങ്ങള്‍ ഒന്ന് താഴോട്ട് നോക്കുക- നമ്മുടെ സര്‍ക്കാര്‍ സ്‌ക്കൂളുകളുടെ അവസ്ഥ… രക്ഷിക്കാമായിരുന്നില്ലേ നിങ്ങള്‍ക്ക് ആ കൊച്ചു കുട്ടിയെ…

SHARE