Connect with us

Video Stories

രാജിയാകാത്ത രാജി

Published

on

‘സി.ബി.ഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ വേദവാക്യങ്ങളായി കോടതികള്‍ കരുതിത്തുടങ്ങിയാല്‍ ജസ്റ്റിസ് ഭഗവതി മുതല്‍ വെങ്കടചെല്ലയ്യ വരെയുള്ളവര്‍ കെട്ടിപ്പൊക്കിയ സ്വാതന്ത്ര്യത്തിന്റെ നെടുംതൂണുകള്‍ ഇടിഞ്ഞുവീഴും. അതിനിനി വലിയ താമസമില്ല. ‘പ്രശസ്ത അഭിഭാഷകന്‍ കപില്‍സിബല്‍ അടുത്തിടെയാണ് ഇന്ത്യന്‍ നീതിപീഠത്തെക്കുറിച്ച് ഈയൊരു പരാമര്‍ശം നടത്തിയത്. ഇതിന് ഏതാണ്ട് ഒരാഴ്ച മുമ്പാണ് തമിഴ്‌നാട് ഹൈക്കോടതിയുടെ മുഖ്യ ന്യായാധിപ വിജയ്കമലേഷ് താഹില്‍രമണിക്ക് ഔദ്യോഗിക പദവിയില്‍നിന്ന് കണ്ണീരോടെ രാജിവെക്കേണ്ടിവന്നത്. നീതിപീഠത്തിന്റെ സ്വാതന്ത്ര്യമാണ് ജനാധിപത്യത്തിന്റെ ശുദ്ധവായു. അതിനുനേര്‍ക്ക് അടുത്തകാലത്തായുണ്ടായിക്കൊണ്ടിരിക്കുന്ന തിരിച്ചടികളിലൊന്നാണ് ജസ്റ്റിസ് താഹില്‍രമണിയുടെ സെപ്തംബര്‍ ആറിലെ രാജിയും തത്സംബന്ധിയായ വിവാദപ്പുകമറകളും. ആഗസ്ത് 28ലെ സ്ഥലംമാറ്റ ഉത്തരവ ്പുന:പരിശോധിക്കണമെന്ന ചീഫ് ജസ്റ്റിസിന്റെ അപേക്ഷ സെപ്തംബര്‍ മൂന്നിന് സുപ്രീംകോടതി കൊളീജിയം നിഷ്‌കരുണം തള്ളുകയായിരുന്നു.
മദ്രാസ് ഹൈക്കോടതി ചീഫ്ജസ്റ്റിസായ താഹില്‍രമണിയെ മേഘാലയ ഹൈക്കോടതിയുടെ ചീഫ്ജസ്റ്റിസായി സുപ്രീംകോടതി കൊളീജിയം സ്ഥലം മാറ്റിയതാണ് ഇന്ത്യന്‍ ജുഡീഷ്യറിയുടെ വിശ്വാസ്യതയുടെമേല്‍ പുതിയൊരു വിവാദക്കറകൂടി ചാര്‍ത്തിയിരിക്കുന്നത്. നിഷ്പക്ഷമായ വിധി പ്രസ്താവങ്ങള്‍ക്ക് പേരുകേട്ട ജസ്റ്റിസ് താഹില്‍രമണിയുടെ സ്ഥലം മാറ്റം അപ്രതീക്ഷിതമായ സ്ഥലത്തേക്കായതാണ് ജുഡീഷ്യറിയെ എന്ന പോലെ സാധാരണക്കാരെയും ഞെട്ടിപ്പിച്ചത്. വിവാദം ശ്രദ്ധയില്‍പെട്ടതിനെതുടര്‍ന്ന് സുപ്രീംകോടതി 14ന് ഒരു അസാധാരണ പ്രസ്താവന പുറപ്പെടുവിച്ചു: നീതിന്യായ വ്യവസ്ഥയുടെ സുഗമമായ നിര്‍വഹണത്തിനായാണ് നിര്‍ണിത വ്യവസ്ഥകളെല്ലാം പാലിച്ചുകൊണ്ട് സുപ്രീംകോടതി സ്ഥലം മാറ്റങ്ങള്‍ നടത്തുന്നത്. സ്ഥലം മാറ്റത്തിന്റെ കാരണം വെളിപ്പെടുത്തുന്നത് ശരിയല്ലെങ്കിലും വേണമെങ്കില്‍ സുപ്രീംകോടതി യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തും.
ചെന്നൈ ഹൈക്കോടതിയുടെ കീഴില്‍ മധുര ബെഞ്ചിലുള്‍പ്പെടെ 75 ന്യായാധിപന്മാര്‍ ജസ്റ്റിസ് രമണിയുടെ കീഴിലുണ്ട്. ഇതിന്റെ അധ്യക്ഷയായിരിക്കുന്ന വനിതയെയാണ് മൂന്ന് ജഡ്ജിമാര്‍മാത്രമുള്ള മേഘാലയ ഹൈക്കോടതിയിലേക്ക് മാറ്റിയത്. സ്ഥലം മാറ്റം ചെയ്യാന്‍ നിയമവശാല്‍ സുപ്രീംകോടതിയുടെ ആറംഗ കൊളീജിയം സമിതിക്ക് അധികാരമുണ്ടെങ്കിലും ഇത്തരത്തിലൊരു സ്ഥലംമാറ്റം സ്ഥാനക്കയറ്റത്തിനുപകരം സ്ഥാനക്കുറക്കലായാണ് (ഡിമോഷന്‍) മാധ്യമങ്ങളും അഭിഭാഷക സമൂഹവും കുറ്റപ്പെടുത്തുന്നത്. സ്ഥലം മാറ്റം സ്വീകരിക്കാതെ രാജി പ്രഖ്യാപിച്ചതിനെതുടര്‍ന്ന് മദ്രാസ് ഹൈക്കോടതിയുടെ മുമ്പില്‍ ഹൈക്കോടതിയിലെ ഏതാണ്ട് മുഴുവന്‍ അഭിഭാഷകരും ജോലി ബഹിഷ്‌കരിച്ച് രണ്ടു ദിവസമായി പ്രതിഷേധ പ്രകടനം നടത്തുകയുണ്ടായി. താഹില്‍രമണിയെ സ്ഥലം മാറ്റിയതിനു പിന്നില്‍ സുപ്രീംകോടതിയുടെ തന്നിഷ്ടമാണെന്നാണ് ആരോപണം. മുംബൈ കാലത്ത് ഗുജറാത്തിലെ ബില്‍ക്കിസ്ബാനു കേസിലുള്‍പ്പെടെ താഹില്‍രമണിയുടെ വിധി ന്യായങ്ങളാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന ആരോപണം ശക്തമാണ്. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലുള്ള ഭീമന്‍ വിവാദ വ്യവസായ ശാലക്കെതിരായ കേസില്‍ മധുര ബെഞ്ചിലെ ന്യായാധിപരെ മാറ്റിയതും സ്ഥലം മാറ്റത്തിന് കാരണമായെന്നാണ് കേള്‍വി. ഇതിന്റെ ഉടമസ്ഥരായ വേദാന്ത റിസോഴ്‌സസ് ഗ്രൂപ്പ് ബി.ജെ.പിയുടെ മുഖ്യ ധനസ്രോതസ്സുകളിലൊന്നാണ്.
മദ്രാസ് ഹൈക്കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാര്‍ക്ക് മധുരബെഞ്ചിലെ രണ്ട് അഭിഭാഷകരെ അവിടെ ജഡ്ജിമാരായി നിയമിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നെന്നും വേണ്ടത്ര യോഗ്യതകളില്ലാത്തതിനാല്‍ ചീഫ് ജസ്റ്റിസ് താഹില്‍രമണി വകവെച്ചില്ലെന്നുമാണ് മറ്റൊരു പരാതി. എന്നാല്‍ മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് മാര്‍കണ്്‌ഡേയ കട്ജു പറയുന്നത് മറ്റൊന്നാണ്. ജസ്റ്റിസ് താഹില്‍രമണി കുറച്ച് ജഡ്ജിമാരുടെ പേരുകള്‍ നിയമനത്തിനായി സുപ്രീംകോടതി കൊളീജിയം മുമ്പാകെ സമര്‍പ്പിച്ചിരുന്നുവെന്നും അത് കൊളീജിയം അനുവദിച്ചില്ലെന്നുമാണ്. ജസ്റ്റിസ് താഹില്‍രമണി ഏറിയാല്‍ ഉച്ചക്ക് 12.30 വരെയേ കോടതിയില്‍ ഇരിക്കൂ. ഇത് കാരണം മറ്റു ന്യായാധിപന്മാരും ഉച്ചയൂണിനുശേഷം കോടതിയില്‍ ഹാജരാകുന്നില്ല. ജസ്റ്റിസ് കട്ജു എഴുതുന്നു. അതിനിടെ അഭിഭാഷകരുടെ സംഘടനയായ ആള്‍ ഇന്ത്യ ബാര്‍ അസോസിയേഷന്‍ പറയുന്നത് ജസ്റ്റിസ് രമണി സുപ്രീംകോടതി കൊളീജിയത്തെ വില കുറച്ചുകണ്ടുവെന്നാണ്. 1982ല്‍ അഭിഭാഷകയായ ജസ്റ്റിസ് താഹില്‍രമണി മഹാരാഷ്ട്ര ഗവ.പ്ലീഡറായ ശേഷമാണ് 2001 ജൂണില്‍ മുംബൈ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെടുന്നത്. 2018 ആഗസ്ത് നാലിന് മദ്രാസ് ചീഫ്ജസ്റ്റിസായി നിയമിക്കപ്പെടുംമുമ്പ് 2017 ഡിസംബര്‍ മുതല്‍ മുംബൈ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റായിരുന്നു. മഹാരാഷ്ട്ര ലത്തൂര്‍ സ്വദേശിയായ ഈ അറുപതുകാരിക്ക് വിരമിക്കാന്‍ ഒരു വര്‍ഷമുള്ളപ്പോഴാണ് ശിക്ഷയെന്ന് തോന്നിക്കാവുന്ന സ്ഥലം മാറ്റവും വിവാദ രാജിയും.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending