Connect with us

Video Stories

നയപ്രഖ്യാപനം നിരാശാജനകം

Published

on

സംസ്ഥാനത്തിന്റെ സമഗ്ര വളര്‍ച്ചക്ക് പ്രായോഗിക പദ്ധതികളോ പുതിയ പ്രതിസന്ധികള്‍ക്ക് പരിഹാര മര്‍ഗങ്ങളോ നിര്‍ദേശിക്കാത്ത പിണറായി സര്‍ക്കാറിന്റെ പ്രഥമ നയപ്രഖ്യാപനം തീര്‍ത്തും നിരാശാജനകമായി. കേന്ദ്ര സര്‍ക്കാറിന്റെ പൊള്ളയായ പരിഷ്‌കാരങ്ങളെ പഴിചാരിയുള്ള പരാമര്‍ശങ്ങള്‍ ആശ്വാസകരമാണെങ്കിലും സംസ്ഥാന സര്‍ക്കാറിന്റെ പോരായ്മകളെ സ്പര്‍ശിച്ചില്ല എന്നത് ഗവര്‍ണറുടെ പ്രഖ്യാപനത്തെ പ്രഹസനമാക്കുന്നതാണ്. വിഴുപ്പലക്കലും വൈദഗ്ധ്യക്കുറവും കാരണം ഭരണകൂടം നിഷ്‌ക്രിയമായി നോക്കിനില്‍ക്കുന്ന സാഹചര്യത്തില്‍ പക്ഷംപറ്റിയുള്ള ഈ പ്രഖ്യാപനം ഗവര്‍ണറിലെ വിശ്വാസ്യതക്ക് കോട്ടംതട്ടിയെന്ന് പറയാതെ വയ്യ. കൊടും കുറ്റവാളികളുടെ ജയില്‍ മോചനമടക്കമുള്ള സര്‍ക്കാറിന്റെ പല നിലപാടുകളിലും തിരുത്തും നീരസവും പ്രകടിപ്പിച്ച ഗവര്‍ണര്‍, നയപ്രഖ്യാപനത്തില്‍ കവാത്ത് മറന്ന് നമ്രശിരസ്‌കനായത് അങ്ങേയറ്റം നാണക്കേടായിപ്പോയി. ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയുടെ ആവര്‍ത്തനത്തിനപ്പുറം എന്തു മേന്മയാണ് സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനത്തില്‍ അവകാശപ്പെടാനുള്ളത്? തെരഞ്ഞെടുപ്പു കാലത്തെ പഴകിപ്പുളിച്ച വാഗ്ദാനങ്ങളും കേട്ടുമടുത്ത വര്‍ത്തമാനങ്ങളും ഗവര്‍ണര്‍ സദാശിവം സഭയില്‍ തികട്ടുന്നതു കണ്ട് സായൂജ്യമടയുന്നവരല്ല കേരളീയ സമൂഹമെന്ന് സര്‍ക്കാര്‍ മനസിലാക്കേണ്ടിയിരുന്നു. ജലസ്രോതസുകള്‍ വറ്റിവരണ്ടതിലൂടെ ഉടലെടുത്ത രൂക്ഷമായ വരള്‍ച്ചക്കും റേഷന്‍ ലഭിക്കാത്തതിനാല്‍ അനുഭവപ്പെടുന്ന കൊടിയ പട്ടിണിക്കും ക്രമസമാധനം പാടെ തകര്‍ന്നതിലൂടെയുള്ള പീഡന പരമ്പരകള്‍ക്കും മുന്നില്‍ കണ്ണടച്ചിരുന്ന് ഗിമ്മിക്കു കാണിക്കുന്ന സര്‍ക്കാര്‍ നയത്തോട് ഗവര്‍ണര്‍ താദാത്മ്യം പ്രാപിച്ചത് തികഞ്ഞ അടിമത്തവും അനൗചിത്യവുമാണ്.
നവ കേരള നിര്‍മിതിക്കായുള്ള കര്‍മപദ്ധതികളെന്നാണ് നയപ്രഖ്യാപനത്തിന്റെ മൗലികമായ സത്ത. എന്നാല്‍ ഇതിനു വേണ്ട കാതലായ കര്‍മപരിപാടികളുടെ ഫലപ്രാപ്തിയെ കുറിച്ച് പറയുന്നില്ല. ശൂന്യമായ ഖജനാവ് മുന്നില്‍വച്ച് കോടിക്കണക്കിനു രൂപയുടെ ക്ഷേമപദ്ധതികള്‍ നടപ്പാക്കുമെന്ന വീരവാദം മലര്‍പ്പൊടിക്കാരന്റെ ദിവാ സ്വപ്‌നം പോലെ കെട്ടടങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. അധികാരമേറ്റ് നാളേയ്ക്ക് ഒമ്പതു മാസം തികയുന്ന സര്‍ക്കാറിന് ക്രിയാത്മക ഭരണം കാഴ്ചവക്കാനായില്ലെന്ന് ഇടതു മുന്നണി തത്വത്തില്‍ സമ്മതിച്ചതാണ്; ഘടകകക്ഷികള്‍ ഒന്നൊഴിയാതെ പലപ്പോഴും തുറന്നു പറഞ്ഞ യാഥാര്‍ഥ്യമാണിത്. പിണറായി സര്‍ക്കാറിന്റെ സ്വത്വം അടയാളപ്പെടുത്തുന്ന പ്രധാന പദ്ധതികള്‍ ഇക്കാലയളവില്‍ കണ്ടില്ല. നവകേരള നിര്‍മിതക്കെന്ന പേരില്‍ നവംബറില്‍ കൊട്ടിഘോഷിക്കപ്പെട്ടു പ്രഖ്യാപിച്ച പദ്ധതികള്‍ പലതും നേരത്തെ നിലനില്‍ക്കുന്നനതിന്റെ നൂതന രൂപങ്ങള്‍ മാത്രം. ഭാവനാ സമ്പന്നരും ധിഷണാശാലികളുമായ ഭരണാധികാരികളില്ലെങ്കില്‍ ഒരു സര്‍ക്കാറിന് സക്രിയമായി മുന്നോട്ടുപോകാനാവില്ല എന്നതിന്റെ ഉത്തമോദാഹരണാണ് ഇടതുസര്‍ക്കാര്‍. മോന്തായം വളഞ്ഞാല്‍ അറുപത്തിനാലും വളയുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കുന്നതാണ് പിണറായിയും കൂട്ടരും. എന്തുചെയ്യണമെന്നറിയാതെ വകുപ്പുകള്‍ കയ്യില്‍വച്ച്് പകച്ചുനില്‍ക്കുന്ന മന്ത്രിമാരെ ഇവ്വിധം ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല. ഉന്നത ഐ.എ.സ് ഉദ്യോഗസ്ഥരും സെക്രട്ടറിയേറ്റ് തലം മുതല്‍ താഴേതട്ടു വരെയുള്ള സര്‍ക്കാര്‍ ജീവനക്കാരും വിവിധ പ്രശ്‌നങ്ങളുയര്‍ത്തി ശീതസമരത്തിലാണ്. സ്വേച്ഛാധിപത്യവും തന്‍പ്രമാണിത്തവും കൊണ്ട് ഇതെല്ലാം നിയന്ത്രിക്കാനാവുമെന്ന് വ്യാമോഹിക്കുന്ന മുഖ്യമന്ത്രി ഭരണസ്തംഭനം കണ്ടില്ലെന്നു നടിക്കുകയാണ്. മിക്ക സര്‍ക്കാര്‍ ഓഫീസുകളിലും ഫയലുകള്‍ അനക്കമില്ലാതെ കിടിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. ഭരണത്തിന്റെ യാഥാസ്ഥിതി ഇതായിരിക്കെ മോഹന വാഗ്ദാനങ്ങള്‍ക്ക്് പ്രാമുഖ്യം നല്‍കിയുള്ള നയപ്രഖ്യാപനം നടത്തും മുമ്പ് ഗവര്‍ണര്‍ രണ്ടുവട്ടം ആലോചിക്കേണ്ടിയിരുന്നു.
സൗമ്യയുടെ ഘാതകന് നിയമത്തിന്റെ നൂലിഴകളിലൂടെ രക്ഷപ്പെടാനും ജിഷ വധക്കേസന്വേഷണം വഴിമുട്ടിക്കാനും അവസരമൊരുക്കിയ സര്‍ക്കാറിനു വേണ്ടിയാണ് സ്ത്രീ സുരക്ഷ പ്രധാന കടമയെന്ന് ഗവര്‍ണര്‍ പ്രഖ്യാപിച്ചത്! സംസ്ഥാനത്ത് സ്ത്രീസുരക്ഷ പാളിയെന്ന് ഭരണമുന്നണിയിലെ പ്രമുഖ കക്ഷിനേതാവ്പരിതപിച്ചത് രണ്ടു ദിവസം മുമ്പാണെന്ന് ഓര്‍ക്കണം. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സത്രീകള്‍ക്കു നേരെ കൂടുതല്‍ പീഡനങ്ങല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇടതു സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷമാണെന്നത് ക്രമസമാധാന തകര്‍ച്ചയുടെ ആഴം വ്യക്തമാക്കുന്നതാണ്. സംസ്ഥാനത്ത് ഓരോ വര്‍ഷവും ബലാത്സംഗത്തിന് ഇരയാകുന്നത് 978 സ്ത്രീകളാണ്. ലൈംഗിക പീഡന സംഭവങ്ങളില്‍ 3510 ആണ് ശരാശരി. 2016 മുതല്‍ ഇതുവരെ 1,644 ബലാത്സംഗ കേസുകളും 4,035 ലൈംഗിക പീഡന കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പ്രതികളായ കേസുകള്‍ പതിവാകുന്നതാണ് സമീപകാല സംഭവങ്ങളില്‍ നിന്നു മനസിലാകുന്നത്. പല കേസുകളിലും പ്രതികളെ തൊടാന്‍ പോലും പൊലീസിന് സാധിക്കുന്നില്ല. തലശ്ശേരി കുറ്റിമാക്കൂലിലെ പാര്‍ട്ടി ഓഫീസില്‍ പരാതി പറയാനെത്തിയ ദലിത് സ്ത്രീകള്‍ക്കുണ്ടായ അനുഭവത്തില്‍ കേരളം ലജ്ജിച്ചു തലതാഴ്ത്തിയതാണ്. പരാതിയുമായി സ്റ്റേഷനുകളിലെത്തുന്നവരോട് പാര്‍ട്ടി കൊടിയുടെ നിറം നോക്കി നീതി നടപ്പാക്കുന്ന പൊലീസുകാരെ കുറിച്ച്് പരാതികളുടെ പ്രവാഹമാണ്. കൊച്ചിയില്‍ പ്രമുഖ നടിയെ അക്രമിച്ച കേസിലെ പ്രധാന പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കേരളാ പൊലീസ് ആറു ദിവസമാണ് കണ്ണിലെണ്ണയൊഴിച്ച് കാത്തിരുന്നത്. ഇന്നലെ ഇയാളെ കോടതിയിലെ പ്രതിക്കൂട്ടില്‍ നിന്ന് പിടിച്ചുകൊണ്ടുപോയി കയ്യാമംവച്ചാണ് പൊലീസ് ‘ശൂരത’ തെളിയിച്ചത്. ഇതിനെല്ലാം മൂകസാക്ഷിയായി നിന്ന ഗവര്‍ണറുടെ പ്രഖ്യാപനത്തില്‍ എത്രമാത്രം ആത്മാര്‍ത്ഥതയുണ്ടെന്ന് കാത്തിരുന്ന് കാണാം.
കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് നിരോധത്തെ വിമര്‍ശിച്ച ജസ്റ്റിസ് സാദശിവം, ഇതിന്റെ ഭവിഷ്യത്തുകളില്‍ പൊറുതിമുട്ടി ജനം പിടഞ്ഞുവീഴുമ്പോള്‍ എവിടെയായിരുന്നു? ഒറ്റ രാത്രിയില്‍ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ നിരോധിച്ച, കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങള്‍ക്ക് ശവക്കുഴി തോണ്ടാന്‍ ഉത്സാഹിച്ച മോദി സര്‍ക്കാറിനോടുള്ള പ്രതിഷേധമാണെങ്കില്‍ എന്തിന് ഇത്രകാലം കാത്തിരുന്നു? ‘അഴിമതിക്കെതിരായ പോരാട്ടത്തിനാണ് ഈ സര്‍ക്കാറിനെ ജനങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. വികസന അജണ്ടയുമായി എങ്ങനെ മുന്നോട്ടു പോകാമെന്ന് സര്‍ക്കാര്‍ തെളിയിച്ചു’ നയപ്രഖ്യാപനത്തിലെ വൈരുദ്ധ്യാത്മക വാദങ്ങളാണിവ. അഴിമതിയുടെ പേരില്‍ കരളറുത്തുമാറ്റേണ്ട നിസ്സഹായത അനുഭവിച്ച സര്‍ക്കാറാണിത്. പിണറായിയുടെ വലംകയ്യായിരുന്ന ഇ.പി ജയരാജന്‍ പരമാവധി കടിച്ചുതൂങ്ങാനുള്ള ശ്രമം പരാജയപ്പെട്ടപ്പോഴാണ് പുറത്തുപോയത്. തൊട്ടുപിന്നാലെ രണ്ടു മന്ത്രിമാര്‍ക്കെതിരെ അഴിമതിയാരോപണം ഉയര്‍ന്നുവരികയും ചെയ്തു. യു.ഡി.എഫ് സര്‍ക്കാറിന്റെ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യുന്ന കാര്യത്തില്‍ മാത്രമാണ് സംസ്ഥാനത്ത് ‘വികസനം’ നടക്കുന്നത്. കഴിഞ്ഞ സര്‍ക്കാറിന്റെ മദ്യനയത്തെ വിമര്‍ശിക്കുന്ന നയപ്രഖ്യാപനം പക്ഷേ, ഇടതു സര്‍ക്കാറിന്റെ മദ്യനയത്തെക്കുറിച്ച് നിശബ്ദത പാലിക്കുന്നതില്‍ നിഗൂഢതയുണ്ട്. യാഥാര്‍ഥ്യങ്ങള്‍ മൂടിവച്ച് സര്‍ക്കാറിന്റെ പിണിയാളായി നയപ്രഖ്യാപനം നടത്തേണ്ടിവന്ന ഗവര്‍ണറുടെ നിസഹായതയില്‍ ലജ്ജിച്ചു തലതാഴ്ത്തുകയാണ് പ്രബുദ്ധ കേരളം.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending