കിഫ്ബിയിലെ ഒളിച്ചുകളി എന്തു മറയ്ക്കാന്‍


ഭരണഘടനാസ്ഥാപനങ്ങളെ മറികടന്നും അവയെ നിസ്സാരവല്‍കരിച്ചും കേന്ദ്രത്തിലെ ബി.ജെ.പി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളുടെമേല്‍ കുതിരകയറുകയാണെന്നാണ് ഇടതുപക്ഷകക്ഷികള്‍ ഉള്‍പ്പെടെ പൊതുവില്‍ വിമര്‍ശിക്കാറുള്ളത്. എന്നാല്‍ സി.പി.എം നേതൃത്വത്തിലുള്ള ഇടതുപക്ഷ സര്‍ക്കാര്‍ ഭരണഘടനാതീതമായി പ്രവര്‍ത്തിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണത്തിന് ബലംവെപ്പിക്കുന്നതാണ് കിഫ്ബിയുടെയും ഊരാളുങ്കല്‍ സഹകരണ സ്ഥാപനത്തിന്റെയും മറ്റും കാര്യത്തില്‍ അടുത്ത ദിവസങ്ങളിലായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വസ്തുതകള്‍. റവന്യൂ വരുമാനത്തിന്റെ നല്ലൊരു ശതമാനവും ശമ്പളം മുതലായ അത്യാവശ്യ ഇനങ്ങളില്‍ സര്‍ക്കാരിന് ചെലവിടേണ്ടിവരികയാണെന്നും അതിന് പരിഹാരമായി മറ്റൊരു വരുമാന സ്രോതസ്സ് കണ്ടെത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇടതുമുന്നണി സംസ്ഥാനത്ത് കേരള ഇന്റഫ്രാസ്ട്രക്ചര്‍ ഡവലപ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫ്ബി) എന്ന പേരില്‍ സ്ഥാപനത്തിന് രൂപംനല്‍കിയതും അതിലേക്ക് പൊതുജനങ്ങളുടെ ധനം ശേഖരിച്ചതും. എന്നാല്‍ സര്‍ക്കാരിന്റെ മരാമത്തു പ്രവൃത്തികള്‍ക്ക് കിഫ്ബി വഴി ചെലവഴിക്കുന്ന ധനത്തിന് സര്‍ക്കാരിന്റെയും ഭരണഘടന നിര്‍ബന്ധിക്കുന്നതുമായ ഓഡിറ്റ് പരിശോധനാസംവിധാനം വേണ്ടെന്ന നിലപാടിലാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ നിലപാടെടുത്തിരിക്കുന്നത്. ഇതിന് പിന്നില്‍ കൊടിയ അഴിമതിയാണെന്ന ആരോപണമാണ് യു.ഡി.എഫ് ഉയര്‍ത്തുന്നതെങ്കിലും നിയമസഭയോടും ജനങ്ങളോടും മറുപടി പറയേണ്ട ധനവകുപ്പും മുഖ്യമന്ത്രിയും ഒളിച്ചോടുന്ന അനുഭവമാണ് ഇപ്പോഴുണ്ടായിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ 42,363 കോടി രൂപയാണ് 533 പദ്ധതികള്‍ക്കായി കിഫ്ബി വഴി അംഗീകാരം നല്‍കിയതെന്നാണ് സര്‍ക്കാര്‍തന്നെ പറയുന്നത്. ഇതില്‍ സുമാര്‍ പതിനായിരം കോടി രൂപയുടെ പദ്ധതികളാണ് ടെന്‍ഡറായിരിക്കുന്നത്. എണ്ണായിരത്തോളം കോടി രൂപയുടെ പ്രവൃത്തികള്‍ ആരംഭിച്ചതായും സര്‍ക്കാര്‍ പറയുന്നു. മുഖ്യമന്ത്രി ചെയര്‍മാനായി ഐ.എ.എസ് ഉദ്യോഗസ്ഥന്‍ വൈസ്‌ചെയര്‍മാനുമായി രൂപീകരിച്ച കിഫ്ബിയുടെ കണക്കുകള്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ പരിശോധിക്കേണ്ടതില്ലെന്ന് സര്‍ക്കാര്‍ പലതവണയായി പറഞ്ഞുകഴിഞ്ഞു. ഭരണഘടനയും ചട്ടങ്ങളും ഉദ്ധരിച്ച് ഇതിനെ സി.എ.ജി തന്നെ ചോദ്യം ചെയ്തിരിക്കുകയാണ്. നാലാമത്തെ കത്താണ് കിഫ്ബിയിലെ ഓഡിറ്റിന് വേണ്ടി സി.എ.ജിക്ക് അയക്കേണ്ടിവന്നിരിക്കുന്നത്. ധനമന്ത്രിയാകട്ടെ അത് സാധ്യമല്ലെന്ന നിലപാട് നിയമസഭയില്‍പോലും ആവര്‍ത്തിക്കുന്നു. വൈദ്യുതി ബോര്‍ഡിന്റെ ട്രാന്‍സ് ഗ്രിജഡ് പദ്ധതിയില്‍ ലക്ഷങ്ങളുടെ വെട്ടിപ്പാണ് കിഫ്ബി വഴി നടന്നിരിക്കുന്നതെന്ന് അടുത്തിടെയായി പ്രതിപക്ഷം ആവര്‍ത്തിച്ച് ഉന്നയിച്ചുവരികയാണ്. മറ്റ് പൊതുമരാമത്ത് പ്രവൃത്തികളിലെ അഴിമതി ഇതിന് പുറമെ വരും. ജനാധിപത്യത്തില്‍ ജനങ്ങളാണ് ഭരണത്തിന്റെ അധിപരെന്നിരിക്കെ അവരോട് വെളിപ്പെടുത്താതെ കണക്കുകളും ചെലവുകളുമൊക്കെ തന്നിഷ്ടംപോലെ പൂഴ്ത്തിവെക്കാനുള്ള ഇടതുപക്ഷത്തിന്റെ തീരുമാനം ഫലത്തില്‍ തങ്ങളെതന്നെ പരിഹസിക്കുന്നതിന ്തുല്യമാണ്. അഴിമതി നടന്നിട്ടില്ലെന്ന് ആവര്‍ത്തിക്കുകയും എന്നാല്‍ പരിശോധന വേണ്ടെന്ന് പറയുകയും ചെയ്യുന്ന ധനമന്ത്രി ഡോ.തോമസ് ഐസക്കിന്റെ നിലപാടാണ് ജനങ്ങളില്‍ സംശയം ഉളവാക്കുന്നത്. ഒരു നയാപൈസയുടെ ചെലവ്‌പോലും സുതാര്യമായിരിക്കേണ്ട അനിവാര്യത ഉണ്ടായിരിക്കെയാണ് തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഡിറ്റിനെ എതിര്‍ക്കുന്നത്.
കഴിഞ്ഞദിവസം വീണ്ടും കിഫ്ബിയെക്കുറിച്ച് പരാതി ഉന്നയിച്ച് രംഗത്തുവന്നത് പ്രതിപക്ഷമല്ല, മറിച്ച് ധനമന്ത്രിയുടെ സഹപ്രവര്‍ത്തകനായ പൊതുമരാമത്തുമന്ത്രി ജി.സുധാകരനാണ്. പൊതുമരാമത്തുവകുപ്പിന്റെ ആവശ്യങ്ങളില്‍ ചമ്രം പടിഞ്ഞിരിക്കുകയാണ് കിഫ്ബിയെന്നാണ് സുധാകരന്‍ പരസ്യമായി പൊട്ടിത്തെറിച്ചത്. പുരാണത്തിലെ ഭക്ഷണപ്രിയനായ ബകനോടാണ് മന്ത്രി കിഫ്ബിയെ ഉപമിച്ചത്. ഇത് ചെന്നുകൊള്ളുന്നത് തീര്‍ച്ചയായും മുഖ്യമന്ത്രിയെയും ധനമന്ത്രിയെയുമാണെന്ന് അറിയാതെയാകില്ല സുധാകരന്റെ പുരാണോദ്ധാരണം. മൂന്നു ദിവസത്തില്‍ കൂടുതല്‍ ഒരു ഫയലും സര്‍ക്കാരോഫീസുകളില്‍ കെട്ടിക്കിടക്കരുതെന്ന് നിര്‍ദേശിച്ചതും അവയോരോന്നും ഓരോ ജീവനാണെന്നും പറഞ്ഞത് മുഖ്യമന്ത്രിതന്നെയാണ്, എന്നിട്ടും നാലും ആറും മാസമായി പൊതുമരാമത്ത് റോഡുകളുടെയും പാലങ്ങളുടെയും പണിക്കുള്ള ഫണ്ടുകള്‍ കിഫ്ബി അധികൃതര്‍ പിടിച്ചുവെച്ചിരിക്കുകയാണെന്ന് സുധാകരന്‍ പറയുന്നു. എന്നാല്‍ ഇത് കാര്യമാക്കേണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് മന്ത്രി ഐസക് തിരിച്ചടിച്ചത്. ആലപ്പുഴയില്‍ നിന്നുള്ള ഒരേ പാര്‍ട്ടിയുടെ രണ്ടു നേതാക്കളാണ് ഇരുമന്ത്രിമാരുമെന്നതിനാല്‍ പാര്‍ട്ടിക്കുള്ളിലെ പോര് തീര്‍ക്കാനുള്ള ഇടമല്ല ജനങ്ങളുടെ ചെലവില്‍ അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കേണ്ട ഭരണകൂടത്തിലെ മന്ത്രിമാരും ഉദ്യോഗസ്ഥരും. തല്ല് പരസ്യമായിട്ടുപോലും മന്ത്രിസഭയുടെ ഭരണഘടനാപരമായ കൂട്ടുത്തരവാദിത്തം സംരക്ഷിക്കാന്‍ രംഗത്തുവരാന്‍ പോലും മുഖ്യമന്ത്രി തയ്യാറാകാത്തത് അദ്ദേഹത്തിന്റെ കൈകള്‍ക്ക് പാര്‍ട്ടി ഗ്രൂപ്പിസത്തിന്റെ പൂട്ട് വീണതുകൊണ്ടാണോ എന്ന് ധരിക്കണം. 10491 കോടിയാണ് പൊതുമരാമത്തിനുവേണ്ടി കിഫ്ബി അനുവദിച്ചിരിക്കുന്നത്. ജനങ്ങളുടെ പണത്തിന്റെ കാര്യത്തില്‍ ചെറുതരിപോലും സംശയം ജനമനസ്സുകളിലുയരാന്‍ ഇടയായതിന് മുഖ്യമന്ത്രിയും സി.പി.എമ്മും മറുപടി പറഞ്ഞേതീരൂ. ഇതുകൊണ്ടും തീരാതെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ സഭയില്‍ ഭരണപക്ഷ അനുകൂല നിലപാട് സ്വീകരിച്ചത് അതിലും കടന്നകൈയായിപ്പോയി. ചൊവ്വാഴ്ച പ്രതിപക്ഷത്തിന് വെല്ലിനടുത്ത് ചെന്ന് പ്രതിഷേധിക്കേണ്ടിവന്നത് സ്പീക്കറുടെ ഈ നിലപാടുമൂലമാണ്. ഇവരെല്ലാം ചേര്‍ന്ന് ജനാധിപത്യത്തെ കൊഞ്ഞനംകുത്തുകയാണ്.
സി.എ.ജി വകുപ്പിലെ ചട്ടം 14(1) പ്രകാരമുള്ള ഭാഗിക ഓഡിറ്റിങ് മതിയെന്നാണ് സര്‍ക്കാരിന്റെ നിലപാട്. സര്‍ക്കാര്‍ കിഫ്ബിക്ക് നല്‍കുന്ന ധനസഹായത്തിനേ ഓഡിറ്റ് ആവശ്യമുള്ളൂ എന്ന നിലപാടിലാണിത്. ഇതംഗീകരിക്കാനാകില്ലെന്നും 20(2) ചട്ടമനുസരിച്ചുള്ള സമഗ്ര ഓഡിറ്റ് വേണമെന്നും സി.എ.ജി ആവശ്യപ്പെടുന്നു. രണ്ട് കത്തിനും മറുപടി നല്‍കാന്‍പോലും കിഫ്ബി തയ്യാറായിട്ടില്ല. ഒരുതവണ കിഫ്ബി ചീഫ് എക്‌സിക്യൂട്ടിവ് ആണ് സമഗ്ര ഓഡിറ്റ് ആവശ്യമില്ലെന്ന മറുപടി നല്‍കിയത്. സ്വകാര്യ ഓഡിറ്റ് നടക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. മന്ത്രിസഭാവിവരങ്ങള്‍ വിവരാവകാശത്തില്‍വരുന്നില്ലെന്ന് പറഞ്ഞ പിണറായി സര്‍ക്കാരിന്റെ അതേ ഭയം ഇവിടെയും കാണിക്കുന്നത് ഇവരുടെ മടിയില്‍ കനമുണ്ടെന്നുതന്നെയാണ്. അതെന്തെന്നാണെന്നറിയാന്‍ ജനത്തിന് ന്യായമായും അവകാശമുണ്ട്. സി.പി.എം നിയന്ത്രിത സ്ഥാപനമായ ഊരാളുങ്കലിന് പൊലീസ് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന ആരോപണത്തിന്റെ നിജസ്ഥിതിയും ഉടന്‍ പുറത്തുവരണം.

SHARE