ഈ കുഴി സി.പി.എം സ്വയം കുഴിച്ചത്


കേരളപ്പിറവിദിനത്തില്‍ കോഴിക്കോട് പന്തീരാങ്കാവില്‍നിന്ന് രണ്ട് സി.പി.എം പ്രവര്‍ത്തകരെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് കേരള പൊലീസ് അറസ്റ്റുചെയ്ത് ജയിലിലിടച്ചിട്ട് മൂന്നാഴ്ച പിന്നിടുകയാണ്. വ്യാജ ഏറ്റുമുട്ടലിലൂടെ അട്ടപ്പാടിയില്‍ നാല് മാവോയിസ്റ്റുകളെ ഇടതുപക്ഷ സര്‍ക്കാരിന്റെ പൊലീസ് വെടിവെച്ചുകൊന്നതിന് തൊട്ടടുത്ത ദിവസങ്ങളിലാണ് ഈ അറസ്റ്റും പ്രതികള്‍ക്കെതിരെ കരിനിയമമായ യു.എ.പി.എ ചാര്‍ത്തലും. അറസ്റ്റുകള്‍ക്ക് തൊട്ടുപിറകെ കേരളം ഭരിക്കുന്ന സി.പി.എം സ്വന്തം പ്രവര്‍ത്തകരെ സംരക്ഷിക്കാനായി വീറോടെ രംഗത്തുവരികയുണ്ടായി. ആദ്യ ഘട്ടത്തില്‍ പാര്‍ട്ടിയുടെ പ്രാദേശിക കമ്മിറ്റികളാണ് പൊലീസിനെതിരെ രംഗത്തുവന്നതെങ്കില്‍ പിന്നീട് ജില്ലാസെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റുംവരെ പരസ്യമായി രംഗത്തെത്തി. എന്തിനേറെ സ്വന്തം പാര്‍ട്ടി നേതാവ് ആഭ്യന്തര വകുപ്പ് കൈയാളുമ്പോള്‍ അതേ പാര്‍ട്ടിയുടെ അംഗങ്ങളെ പൊലീസ് ഭീകരനിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്തത് പിന്‍വലിക്കണമെന്ന ആവശ്യവുമായി പാര്‍ട്ടിയുടെ തലതൊട്ടപ്പനായ സീതാറാം യെച്ചൂരിയും പ്രകാശ ്കാരാട്ടുംവരെ പ്രതികരണങ്ങളുമായി രംഗത്തുവന്നു. എന്നാല്‍ മുഖ്യമന്ത്രിയും പൊലീസുമാകട്ടെ യു.എ.പി.എ അനിവാര്യമാണെന്ന ശാഠ്യത്തിലാണ് നിലയുറപ്പിച്ചത്. മന്ത്രി തോമസ് ഐസക് അലന്റെ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിക്കാന്‍വരെ തയ്യാറായി. അലന്‍ ശുഹൈബ്, താഹ ഫസല്‍ എന്നീ സി.പി.എമ്മുകാരുടെ ബാഗുകളിലും വീടുകളിലുംനിന്ന് മാവോയിസ്റ്റുകളാണെന്ന് ഉറപ്പിക്കുന്ന രേഖകള്‍ ലഭിച്ചതായി പൊലീസ് തെളിവുകള്‍ പുറത്തുവിട്ടു. ഇപ്പോഴിതാ ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസും പ്രോസിക്യൂഷനും സര്‍ക്കാരും സി.പി.എമ്മുകാരായ ഇവര്‍ മാവോയിസ്റ്റുകളാണെന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. ജാമ്യം ലഭിക്കാത്ത വകുപ്പാണ് യു.എ.പി.എ എന്നതിനാല്‍ പ്രതികളുടെ മോചനം പെട്ടെന്നൊന്നും ഉണ്ടാകാന്‍ പോകുന്നില്ലെന്നാണ് കരുതേണ്ടത്. കേസില്‍ മലപ്പുറം സ്വദേശിയായ മൂന്നാമനെ തിരിച്ചറിഞ്ഞിട്ടുണ്ട്.
അത്ഭുതകരമെന്നുപറയട്ടെ, നാളുകള്‍ പിന്നിട്ടതോടെ സ്വന്തം പാര്‍ട്ടിക്കാരെയും നാട്ടുകാരെയും ഞെട്ടിച്ചുകൊണ്ട്, സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും മുഖ്യമന്ത്രി ഉള്‍പ്പെട്ട ഉന്നത സമിതിയായ പൊളിറ്റ്ബ്യൂറോയും പഴയ വാദമുഖങ്ങളില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. ഇതിന്റെ ഏറ്റവും പുതിയ മുഖമാണ് കഴിഞ്ഞദിവസം കോഴിക്കോട്ട് ഒരു പൊതുവേദിയില്‍ പാര്‍ട്ടി ജില്ലാസെക്രട്ടറി പി. മോഹനന്‍ സി.പി.എമ്മുകാരായ പ്രതികള്‍ക്കുപിന്നില്‍ മുസ്‌ലിം തീവ്രവാദികളാണെന്ന പുതിയ വാദവുമായി രംഗത്തുവന്നിരിക്കുന്നത്. സത്യത്തില്‍ ജില്ലാസെക്രട്ടറിയുടെ ഈ വെളിപാടിലുണ്ട് ആപാര്‍ട്ടി ചെന്നുപെട്ടിരിക്കുന്ന സമകാലികമായ സര്‍വവിധ ആശയക്കുഴപ്പങ്ങളും നയ-നിലപാടു രാഹിത്യങ്ങളും.
ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചത് എന്നാണെന്നുപോലും വ്യക്തതയില്ലാതെ ചേരിതിരിഞ്ഞ് വാര്‍ഷികാഘോഷങ്ങള്‍ ആചരിക്കുന്ന തിരക്കിലാണ് പാര്‍ലമെന്ററി രാഷ്ട്രീയം അംഗീകരിച്ചുപ്രവര്‍ത്തിക്കുന്ന രണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍. പാര്‍ട്ടിയുടെ ശതാഭിഷേകമാണ് ഈ വര്‍ഷമെന്ന് സി.പി.എം പറയുമ്പോള്‍ അത് വരാനിരിക്കുന്നതേ ഉള്ളൂവെന്ന നിലപാടിലാണ് സി.പി.ഐ. ഇരു കമ്യൂണിസ്റ്റുകളും വേര്‍പിരിഞ്ഞ് ഉണ്ടായതുതന്നെ 1964ല്‍ ശത്രുവിനെ നേരിടേണ്ടതെങ്ങനെ എന്നതിനെച്ചൊല്ലിയുള്ള ആശയ സംഘട്ടത്തിനൊടുവിലാണ്. 64ലെ സി.പി.എം പാര്‍ട്ടി പരിപാടിയില്‍ ഇങ്ങനെ പറയുന്നു: ‘പല സ്ഥലത്തും പാര്‍ട്ടിക്ക് ജനാധിപത്യ സര്‍ക്കാരുകള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ ഇന്നത്തെ സാഹചര്യത്തില്‍ ആ സര്‍ക്കാരുകള്‍ക്ക് വലുതായൊന്നും ചെയ്യാന്‍ കഴിയില്ല’. ഇരു പാര്‍ട്ടികളും സമ്മതിക്കുന്ന ഒന്നാണ്, ഇന്ത്യയില്‍ സോവിയറ്റ് റഷ്യയിലെയോ ചൈനയിലെയോ പോലെ സായുധ വിപ്ലവത്തിന് സാംഗത്യമില്ലെന്ന വസ്തുത. അത്രയെങ്കിലും സ്വാഗതാര്‍ഹമാണത്. എന്നാല്‍ മുതലാളിത്ത ശക്തികളെ നേരിട്ട് പരാജയപ്പെടുത്തുന്നതിന് മാവോ സേതുങ്ങിന്റെ ചൈനീസ് രീതിയാണ് സോവിയറ്റ് ലെനിനിസ്റ്റ് രീതിയേക്കാള്‍ അഭികാമ്യമെന്ന് സി.പിഐ പറയുന്നു. ഏതായാലും ഇന്ത്യന്‍ അവസ്ഥയില്‍ തൊഴിലാളികളെയും പാവപ്പെട്ടവരെയും സംഘടിപ്പിച്ചുകൊണ്ട് സായുധ കലാപത്തിലൂടെ കമ്യൂണിസം കെട്ടിപ്പടുക്കണമെന്ന ആശയത്തിലാണ് സി.പി.ഐ മാവോയിസ്റ്റ്. രാജ്യത്ത് രൂപംകൊണ്ടിട്ടുള്ള ഇരുപതിലധികം സായുധാഭിമുഖ്യമുള്ള കമ്യൂണിസ്റ്റ് സംഘടനകളുടെ പുതിയ രൂപമാണിത്. ഇവരാണ് കേരളത്തിലും ഛത്തീസ്ഗഡിലും മധ്യപ്രദേശിലും ആന്ധ്രയിലും മറ്റും വനാന്തരങ്ങളില്‍ ഗൂഢമായി പ്രവര്‍ത്തിച്ച് നിരപരാധികളെയുള്‍പ്പെടെ വകവരുത്തിക്കൊണ്ടിരിക്കുന്നത്.
സി.പി.എമ്മിനെസംബന്ധിച്ചിടത്തോളം രാജ്യത്ത് അവശേഷിക്കുന്ന ഏക താവളമാണ് കേരളം. പശ്ചിമബംഗാളിലും ത്രിപുരയിലും അവരുടെ അണികള്‍ കൂട്ടത്തോടെ ബി.ജെ.പിയുടെ വര്‍ഗീയ രാഷ്ട്രീയത്തിലേക്ക് ചേക്കേറിക്കഴിഞ്ഞു. കേരളത്തില്‍ ഇക്കഴിഞ്ഞ ലോക്‌സഭാതെരഞ്ഞെടുപ്പുഫലം വിലയിരുത്തുമ്പോള്‍ ബോധ്യമാകുന്നത്, ബാക്കിയുള്ള കോട്ടകളിലും പാര്‍ട്ടി നാമാവശേഷമായിക്കൊണ്ടിരിക്കുകയാണെന്നാണ്. ഹിന്ദുത്വ വര്‍ഗീയതയെ നേരിടാന്‍ ഉറച്ച മതേതര ബോധമുള്ള അണികളെയാണ് തങ്ങള്‍ സൃഷ്ടിച്ചുവെച്ചിരിക്കുന്നതെന്നു പറയുന്ന സി.പി.എമ്മിനാണ് അവരെയിപ്പോള്‍ മുസ്്‌ലിം തീവ്രവാദികള്‍ റാഞ്ചിക്കൊണ്ടുപോകുന്നുവെന്ന് പരസ്യമായി പരിതപിക്കേണ്ടിവന്നിരിക്കുന്നത്. മറിച്ച് എന്തുകൊണ്ട് ഹിന്ദുത്വ തീവ്രവാദികളാണ് പാര്‍ട്ടി അണികളെ ചാക്കിട്ടുപിടിക്കുന്നതെന്ന് സി.പി.എം ജില്ലാസെക്രട്ടറിക്ക് പറയാനാകാതെ വന്നത്? സ്വന്തം കുറ്റവും കുറവും മറയക്കാന്‍ അന്യരെ പഴി പറയുന്നതിന് തുല്യമാണിത്. ഇനി പി.മോഹനന്റെ വാദം അംഗീകരിച്ചാല്‍തന്നെ എന്തുകൊണ്ട് നേരത്തെപരാര്‍ശിച്ച പാര്‍ട്ടിയുടെ നയങ്ങളെ സ്വന്തം അണികളുടെ ചിന്തകളില്‍ കരിപ്പിടിപ്പിക്കാന്‍ കഴിയാതെ പോയി? ഇസ്്‌ലാമികമായാലും ഹൈന്ദവ തീവ്രവാദമായാലും അവക്കെതിരെ സന്ധിയില്ലാത്ത സമരവും ത്യാഗവും പ്രഖ്യാപിച്ചും അനുസരിച്ചും പ്രവര്‍ത്തിക്കുന്നവരാണ് മുസ്്‌ലിംലീഗും അതടങ്ങുന്ന ഐക്യജനാധിപത്യമുന്നണിയും. എന്നാല്‍ ആ പാര്‍ട്ടികളെ നഖശിഖാന്തം എതിര്‍ക്കുകയും നാല് പഞ്ചായത്ത് സീറ്റിനുവേണ്ടി തീവ്രവാദികളുമായി കൂട്ടുകൂടുകയും ചെയ്യുന്നവരാണ് സി.പി.എമ്മുകാര്‍. തീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടും മറ്റും കേരളത്തില്‍ വളര്‍ന്നതിന്റെ വഴിയും സി.പി.എം വെട്ടിയതാണ്. അന്ധമായ കോണ്‍ഗ്രസ് വിരോധംകൊണ്ട് ബി.ജെ.പിയുടെ സീറ്റുകള്‍ രണ്ടില്‍നിന്ന് നാടു ഭരിക്കാവുന്ന അവസ്ഥയിലേക്ക് വളര്‍ത്തിക്കൊടുത്തതിലും സി.പി.എം നേതാക്കളുടെ സംഭാവനയും ഇന്ത്യന്‍ ജനത മറക്കില്ല. പാര്‍ട്ടിയിലെ യുവാക്കള്‍ പുതിയ മരുപ്പച്ചകള്‍തേടി കൂടുവിട്ടുപോകുമ്പോള്‍ പൊട്ടിയൊലിക്കുന്ന മോഹനന്മാരുടെ പരിദേവനത്തിന് എ.കെ ബാലന്റെ ഭാഷ കടമെടുത്താല്‍, പുണ്ണ് മാന്തിപ്പൊട്ടിക്കുമ്പോഴുള്ള ദുര്‍ഗന്ധമാണ് സാമാന്യജനം ഇപ്പോഴനുഭവിക്കുന്നത്.

SHARE