നിങ്ങള്‍ ശരിയാക്കേണ്ട, പക്ഷേ കേരളത്തെ തകര്‍ക്കരുത്


പട്ടിണി മാറ്റാന്‍ കുഞ്ഞുങ്ങള്‍ മണ്ണ് വാരി തിന്ന വാര്‍ത്ത വന്ന അതേദിവസമാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് ഹെലികോപ്ടര്‍ വലിയ വാടകക്കെടുക്കുന്നുവെന്ന വിവരവും പുറംലോകത്തെത്തിയത്. ഇതേദിവസം തന്നെ സര്‍ക്കാരില്‍ വിശ്വാസം നഷ്ടമായെന്ന ഹൈക്കോടതിയുടെ നിരീക്ഷണവും ഉണ്ടായി. വ്യത്യസ്ത സംഭവങ്ങളാണെങ്കിലും സാമ്പത്തിക ഞെരുക്കത്തില്‍ വികസനം നിശ്ചലമായ സംസ്ഥാനത്തെ ധൂര്‍ത്തിന്റേയും ഭരണ അനിശ്ചിതത്വത്തിന്റേയും നേര്‍ചിത്രം വരച്ചുകാട്ടുന്നുണ്ട് മൂന്ന് സംഭവങ്ങളും. കോടതിയുടെ വാക്കാലുള്ള പരാമര്‍ശങ്ങള്‍ രാഷ്ട്രീയ വിമര്‍ശനമെന്ന് തള്ളാനാകാത്തതു കൊണ്ടാകണം സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഒരു ജനകീയ സര്‍ക്കാരിനെ ഇതേമട്ടില്‍ തീവ്രതയോടെ ഏതെങ്കിലും കോടതികള്‍ വിമര്‍ശിക്കുന്നത് അപൂര്‍വമാണ്. ഓരോ ജനതയ്ക്കും അവര്‍ അര്‍ഹിക്കുന്ന ഭരണാധികാരികളെയാണ് കിട്ടുന്നതെന്ന ബര്‍ണാഡ്ഷായുടെ ഉദ്ധരണി പരാമര്‍ശിച്ച കോടതി മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണോ താല്‍പര്യമെന്നും ചോദിച്ചു.
ഇന്നലെ വരെ പ്രതിപക്ഷം ഉന്നയിച്ച ആരോപണം സംസ്ഥാനത്തെ ഉന്നത കോടതി ഉന്നയിക്കുമ്പോള്‍ നാണക്കേടാല്‍ സര്‍ക്കാര്‍ തല കുമ്പിട്ട് നില്‍ക്കുകയാണ്. എന്നാല്‍ തിരുത്തല്‍ നടപടികളിലേക്ക് കടക്കാന്‍ തയാറല്ലെന്ന നിലപാടിലുറച്ച് മുന്നോട്ടു പോകുകയും ചെയ്യുന്നു. വര്‍ഷം 17.28 കോടി രൂപ നല്‍കി ഹെലികോപ്ടര്‍ വാടകക്കെടുക്കാനുള്ള തീരുമാനം തിരുത്താനിടയില്ലെന്നാണ് സൂചന. നക്‌സലൈറ്റ് ഭീഷണിയുടെ മറവില്‍ പൊലീസ് ആവശ്യത്തിനെന്ന പേരില്‍ മുഖ്യമന്ത്രിയുടെ യാത്രക്കാണ് ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്. നാല് മാവോയിസ്റ്റുകളെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ സംഭവത്തില്‍ ഗൂഢാലോചന ഉന്നയിക്കപ്പെടുന്നുണ്ട് പുതിയ സാഹചര്യത്തില്‍. ടെണ്ടര്‍ പോലും ക്ഷണിക്കാതെ ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പവന്‍ ഹംസ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഹെലികോപ്ടര്‍ വാടകക്കെടുക്കുന്നത്. കേരളത്തിലെ ഒരു കമ്പനി ഇതിന്റെ പകുതി വാടകയ്ക്ക് ഇതിലും സൗകര്യമുള്ള കോപ്ടര്‍ നല്‍കാമെന്ന് സര്‍ക്കാരിന് കത്ത് നല്‍കിയെങ്കിലും മറുപടി ഒന്നുമുണ്ടായില്ല. എല്ലാം നിശ്ചയിച്ചുറപ്പിച്ച മട്ടില്‍ കാര്യങ്ങള്‍ നീങ്ങി. സാമ്പത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന കേരളത്തിന് ഇത്തരമൊരു ആഢംബരം വേണ്ടതുണ്ടോ എന്ന ചോദ്യം മുന്നിലുണ്ട്. ഇനി പ്രതിസന്ധിയേക്കാള്‍ വലുതാണ് കോപ്ടറെങ്കില്‍ പൊതു ടെണ്ടര്‍ വിളിച്ച് ഏറ്റവും കുറഞ്ഞ നിരക്കില്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നില്ലേ വേണ്ടത്.
കോപ്ടര്‍ വാടയ്‌ക്കെടുക്കുന്നതിന് നിര്‍ദ്ദേശം വെച്ചത് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും കരാറിന് ചുക്കാന്‍ പിടിച്ചത് സര്‍ക്കാരിന്റെ പൊലീസ് ഉപദേഷ്ടാവ് രമണ്‍ ശ്രീവാസ്തവയുമാണ്. പൊതുജനത്തിന് ഇവരില്‍ വിശ്വാസം കുറവാണെങ്കിലും രണ്ട് പേരും സര്‍ക്കാരിന്റെ വിശ്വസ്തര്‍. ഇവര്‍ക്ക് എതിര്‍വാക്ക് പറയാറില്ല സര്‍ക്കാര്‍. പക്ഷേ പൊതുജനത്തിന്റെ ചിലവില്‍ ജനകീയ സര്‍ക്കാരിന്റെ ആശിത്രവാത്സല്യം ഭൂഷണമാണോ എന്ന് ചിന്തിക്കേണ്ടത് സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയാണ്.
മന്ത്രിമാര്‍ക്ക് വിദേശയാത്രയില്‍ മാത്രമാണോ താല്‍പര്യമെന്ന കോടതിയുടെ വാക്കാലുള്ള പരാമര്‍ശം എത്രയോ കാലമായി മലയാളികള്‍ ചോദിക്കുന്നുണ്ട്. കുട്ടികള്‍ വിശപ്പടക്കാന്‍ മണ്ണ് വാരിത്തിന്ന കേരളത്തില്‍ നിന്നാണ് ലോകം ചുറ്റാന്‍ മുഖ്യമന്ത്രി കുടുംബസഹിതം എട്ട് തവണ വിമാനം കയറിയത്. കെ.കെ ശൈലജയും ഇ.പി ജയരാജനും എം.എം മണിയുമുള്‍പ്പെടെ വിദേശസന്ദര്‍ശനം നടത്തിയപ്പോള്‍ വിദേശ ടൂറിന് പോകാത്തവര്‍ ഇനി മന്ത്രിസഭയില്‍ എത്രപേര്‍ ശേഷിക്കുന്നുവെന്നത് ഗവേഷണം നടത്തേണ്ട വിഷയമാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും ഉലകം ചുറ്റാന്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് എത്ര രൂപ ചെലവഴിച്ചുവെന്ന ചോദ്യത്തിന് സര്‍ക്കാര്‍ ഇനിയും മറപടി പറഞ്ഞിട്ടില്ല. നിയമസഭയില്‍ പ്രതിപക്ഷ എം.എല്‍.എമാര്‍ മാറി മാറി ചോദ്യം ഉന്നയിച്ചെങ്കിലും വിവരം ശേഖരിച്ചു വരികയാണെന്നതായിരുന്നു സര്‍ക്കാരിന്റെ മറുപടി. ഇതിന് ഇനിയും ഒന്നര വര്‍ഷം കൂടി ഉണ്ടെന്നത് ആശ്വസിക്കാം.
മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം സംബന്ധിച്ച് കോടതിയുടെ രൂക്ഷ പരാമര്‍ശം ഉണ്ടായ ദിനത്തില്‍ മുഖ്യമന്ത്രിയും മൂന്ന് മന്ത്രിമാരും വിദേശത്താണ്. സെക്രട്ടറി തലത്തില്‍ പോലും പ്രാതിനിധ്യം ആവശ്യം ഇല്ലാത്ത ചടങ്ങുകള്‍ക്കും, കരാര്‍ ഒപ്പിടലുകള്‍ക്കുമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ യാത്ര നടത്തിയിരിക്കുന്നതെന്നാണ് ആക്ഷേപം ഉയരുന്നത്. മിനിമം മന്ത്രിതല ചര്‍ച്ച എങ്കിലും വേണ്ട കാര്യത്തിനു മാത്രമേ മുഖ്യമന്ത്രി പോകേണ്ടതുള്ളൂ. എന്നാല്‍ ഇവിടെ സെക്രട്ടറിമാരും വൈസ് ചാന്‍സിലറും ചെയ്യേണ്ട കാര്യത്തിന് മുഖ്യമന്ത്രിയും മന്ത്രിമാരും പരിവാര സമേതം ജപ്പാനിലേക്ക് പോയി. ജപ്പാനിലെ ഒസാക്ക യുണിവേഴ്‌സിറ്റിയുമായി സഹകരിച്ച് സാന്‍വിച്ച് കോഴ്‌സുകള്‍ നടത്താന്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ജോലിയല്ലല്ലോ? വൈസ് ചാന്‍സിലര്‍ ചെയ്യേണ്ട കാര്യമല്ലേ. ഫോട്ടോ എക്‌സിബിഷന്‍ ഉത്ഘാടനവും ഹിറോഷിമാ ദുരന്തസ്മാരക സന്ദര്‍ശനവുമായിരുന്നു മുഖ്യമന്ത്രിയുടെ മറ്റ് രണ്ട് പരിപാടികള്‍. ഇലക്ട്രിക്ക് വാഹനങ്ങളുടെ വികസനത്തിനുള്ള സാങ്കേതിക സഹകരണത്തിനു തോഷിബാ കമ്പനി താത്പര്യപത്രം നല്‍കിയത് വലിയ സംഭവമായി കെട്ടിഘോഷിക്കുന്നുണ്ട് സര്‍ക്കാര്‍. തോഷിബായുടെ ഇന്‍ഡ്യന്‍ മാനേജിംഗ് ഡയറക്ടറുടെ കയ്യില്‍ നിന്നും താല്‍പര്യം പത്രം വാങ്ങേണ്ട ഗതികേടിലാണോ കേരള മുഖ്യമന്ത്രി. വ്യവസായ സെക്രട്ടറി ആവശ്യപ്പെട്ടാല്‍ മെയിലില്‍ ലഭിക്കാവുന്ന താല്‍പര്യ പത്രം വാങ്ങാന്‍ പരിവാരം സമേതം മുഖ്യമന്ത്രി ജപ്പാനില്‍ പോകണമോ? ഏതൊ വലിയ സംഭവത്തിന് കരാറൊപ്പിട്ടെന്ന പേരില്‍ പ്രചരണം നടത്തിയാല്‍ മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശ സന്ദര്‍ശനത്തിന്റെ പേരില്‍ നടത്തുന്ന ധൂര്‍ത്ത് ജനക്ഷേമ കാര്യപരിപാടിയായി മാറില്ല.
കേരളം കടക്കെണിയില്‍ നിന്ന് കടക്കെണിയിലേക്ക് നീങ്ങുമ്പോള്‍ ജനങ്ങളോട് മുണ്ട് മുറുക്കിയുടുക്കാന്‍ ആഹ്വാനം ചെയ്യുന്നവര്‍ ധൂര്‍ത്തും കെടുകാര്യസ്ഥതയും കൊണ്ട് കേരളത്തിന് ബാധ്യതയായി മാറുകയാണ്. തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി ഫണ്ട് പകുതിയിലേറെ വെട്ടിക്കുറച്ച് വിദേശ യാത്രയുടെ പേരില്‍ കോടികള്‍ ധൂര്‍ത്തടിക്കാന്‍ സര്‍ക്കാരിന് ഒരു മടിയുമില്ല. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ കേരളത്തിന്റെ കടബാദ്ധ്യത ഒന്നര ലക്ഷം കോടി രൂപയായിരുന്നു. ഇപ്പോഴത് രണ്ടര ലക്ഷം കോടിയായി കുതിച്ചുയര്‍ന്നിരിക്കുന്നു. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടിയല്‍ ഒരു ലക്ഷം കോടി രൂപയാണ് കടബാദ്ധ്യത വര്‍ദ്ധിച്ചത്. കിഫ്ബിയുടെ പേരിലെ കടം ഇതിന് പുറമെയാണ്. ഇത് കൂടി കൂട്ടിയാല്‍ മൂന്നര വര്‍ഷത്തിനിടെ ഇടതു സര്‍ക്കാര്‍ വാങ്ങിക്കൂട്ടിയ കടം രണ്ടം ലക്ഷം കോടിയിലേറെയാണ്. മുടിയനായ പുത്രനെ പോലെ കടംവാങ്ങി ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കേരളത്തിന് ബാധ്യതയായി തീര്‍ന്നിരിക്കുന്നു.
മണ്ണ് തിന്നുന്ന കുഞ്ഞുങ്ങളുടെ വാര്‍ത്ത പ്രസക്തമല്ലാതാകുന്ന ഭാവിയിലേക്ക് കേരളത്തെ നയിക്കുന്ന സര്‍ക്കാര്‍ ഇനിയെങ്കിലും തെറ്റ് തിരുത്താന്‍ തയാറാകണം. ഇല്ലെങ്കില്‍ സര്‍ക്കാരിന് നേതൃത്വം നല്‍കുന്ന പാര്‍ട്ടിയെങ്കിലും അതിന് തുനിയണം. ഇന്ത്യയില്‍ ഇനി അവശേഷിക്കുന്ന തുരുത്താണ് കേരളമെന്നെങ്കിലും അവര്‍ ഓര്‍ക്കേണ്ടതുണ്ട്. പശ്ചിമ ബംഗാളിലെ പാര്‍ട്ടി സെക്രട്ടറിമാര്‍ക്ക് കൂലിപ്പണിയെടുക്കാന്‍ കേരളത്തിലേക്ക് വണ്ടികയറാനുള്ള സാധ്യതയെങ്കിലും അവശേഷിച്ചിരുന്നു. മലയാളികള്‍ കൂടി കുപ്പയിലെറിഞ്ഞാല്‍ കൊടി ഉയര്‍ത്താന്‍ ഒരു തുണ്ട് ഭൂമി ശേഷിക്കാതെ അഭയാര്‍ത്ഥികളായി അലയേണ്ടി വരും ഇക്കൂട്ടര്‍ക്ക്. തെറ്റ് തിരുത്താന്‍ ശേഷിക്കുന്നത് മാസങ്ങള്‍ മാത്രമാണ്. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞവര്‍ക്ക് അതിന് കഴിയില്ലെന്ന് ബോധ്യപ്പെട്ടു കഴിഞ്ഞു. നിങ്ങള്‍ ശരിയാക്കിയില്ലെങ്കിലും നിങ്ങള്‍ കേരളത്തെ തകര്‍ക്കരുത്.

SHARE