കാമാര്‍ത്തരുടെ ബലം ആള്‍ക്കൂട്ടക്കൊലകള്‍


കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ വെള്ളംചോദിച്ചെത്തിയ യുവാവ് എട്ടാംക്ലാസുകാരിയെ പീഡിപ്പിച്ചുകടന്നു. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ പതിനാറുകാരിയെ പീഡിപ്പിച്ചതിന് പ്രായപൂര്‍ത്തിയാകാത്ത നാല് കൗമാരക്കാരെ അറസ്റ്റുചെയ്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാല്‍സംഗംചെയ്ത് കത്തിച്ചതിന് യുവാവിനെ ത്രിപുരപൊലീസ് അറസ്റ്റുചെയ്തു. ശിഷ്യയെ പീഡിപ്പിച്ചതിന് അധ്യാപകനെ അറസറ്റ് ചെയ്തു. ഇന്നലെ ഒരൊറ്റദിവസത്തെ പ്രഭാതപത്രത്തിലെ തലവാചകങ്ങളാണിവ. ഒരാവൃത്തികൂടി വായിച്ചുനോക്കാതെ വിശ്വസിക്കാന്‍തന്നെ പ്രയാസകരം! തെലുങ്കാനയില്‍ 26കാരിയായ ഡോക്ടറെ ബലാല്‍സംഗംചെയ്ത് തീവെച്ചുകൊന്ന കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്നതിന്റെയും യു.പി ഉന്നാവില്‍ എട്ടുമാസംമുമ്പ് ബലാല്‍സംഗംചെയ്യപ്പെട്ട യുവതി പ്രതികള്‍ക്കെതിരെ മൊഴിനല്‍കാന്‍ പോകുന്നതിനിടെ അഗ്നിക്കിരയാക്കപ്പെട്ട് ആസ്പത്രിയില്‍ മരണപ്പെട്ടതിന്റെയും വാര്‍ത്താദിവസം തന്നെയാണ് ഈ റിപ്പോര്‍ട്ടുകളും ജനത വായിച്ചുതീര്‍ത്തത്. സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും തുണ ഏറെആവശ്യമുള്ള സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമാണ് ഏറെയുംപീഡനം ഏല്‍ക്കേണ്ടിവരുന്നതെന്നതാണ് അത്യന്തം സങ്കടകരമായവസ്തുത. അതും ബി.ജെ.പി പോലെ ഹിന്ദുത്വത്തെക്കുറിച്ച് കൊട്ടിഘോഷിക്കുന്ന ഒരുപാര്‍ട്ടിയുടെയും അവരുടെ സനാതനമെന്നഭിമാനിക്കുന്ന സംഘടനകളുടെയും നേതാക്കളുടെയും അധികാരക്കസേരകള്‍ക്കുതൊട്ടുതാഴെ.
ഇന്ത്യയില്‍ 2015ല്‍ 3.2 ലക്ഷം കേസുകളാണ് സ്ത്രീകള്‍ക്കെതിരായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെങ്കില്‍ തൊട്ടടുത്തവര്‍ഷം അത് 3.8 ലക്ഷമായി 2017ല്‍ 3,59,849 ഉം. ഇതില്‍ 56,011 കേസും ബി.ജെ.പി ഭരിക്കുന്ന യു.പിയിലാണ്. മഹാരാഷ്ട്രയില്‍ 31,979. രാജ്യത്തെ കുറ്റകൃത്യങ്ങളില്‍ 21.7 ശതമാനമാണിത്.32559 ബലാല്‍സംഗക്കേസുകളാണ് ഇതേ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. യു.പി.എ കാലത്ത് സംസ്ഥാനങ്ങള്‍ക്ക് അനുവദിച്ച കോടിക്കണക്കിന് രൂപയുടെ ‘നിര്‍ഭയസ്ത്രീസുരക്ഷാനിധി’ യില്‍നിന്ന് ചെലവഴിച്ചത് വെറും പത്തുശതമാനത്തിനടുത്ത് മാത്രവും. ഭരണകൂടങ്ങള്‍ നീതിപൂര്‍വം പ്രവര്‍ത്തിച്ചാല്‍ ഇതിന് പരിഹാരംകാണാന്‍ കഴിയുമെന്നതിന് തെളിവാണ് അടുത്തകാലത്തായി രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായ കുറ്റകൃത്യങ്ങളുടെ കുറവ്. ലോകത്തിനുമുന്നില്‍ ഇന്ത്യയുടെസ്ഥാനം ഒരുകാലത്ത് മഹത്തായൊരു സങ്കരസംസ്‌കാരത്തിന്റേതായിരുന്നു. എന്നാല്‍ അടുത്തകാലത്തായി പുറത്തുവരുന്ന ഓരോപീഡനവാര്‍ത്തയും ആ മഹത്വത്തിന് നേര്‍ക്കുള്ള കാര്‍ക്കിച്ചുതുപ്പലായി മാത്രമേ കാണാന്‍കഴിയുന്നുള്ളൂ. രാഷ്ട്രപിതാവിന്റെയും പണ്ഡിറ്റ് നെഹ്രുവിന്റെയും മൗലാനാആസാദിന്റെയും പാരമ്പര്യം നാം കളഞ്ഞുകുളിച്ചുവോ എന്ന് സംശയിക്കപ്പെടുന്ന അവസ്ഥയിലേക്ക് നാടിനെ കൊണ്ടുപോകുകയാണ് ആസുരകാലത്തെ മോദിഭരണകൂടം. ഗുജറാത്തില്‍ 2002ല്‍തുടങ്ങിവെച്ച വെറുപ്പിന്റെയും അപരദൂഷണത്തിന്റെയും വംശീയവിത്തുകള്‍ ഇന്ന് ഡല്‍ഹിയും രാജസ്ഥാനും കടന്ന് നാടാകെ വ്യാപിച്ചിരിക്കുന്നുവെന്നതാണ് വാസ്തവം.
സത്യത്തില്‍എവിടെനിന്നാണ് ഇതിനുള്ള ധൈര്യം ക്രിമിനലുകള്‍ക്ക് ലഭിക്കുന്നത് ? പൗരന്മാരുടെ ജീവനുംസ്വത്തും സംരക്ഷിക്കുന്നതിനുപുറമെ വളരെ പ്രധാനപ്പെട്ടതാണ് അവരിലെ സ്ത്രീകളുടെയും കുട്ടികളുടെയും പ്രാഥമികമായ ജീവല്‍സുരക്ഷ. സ്ത്രീയെ മാതാവും ദേവിയുമായി കാണുന്നസംസ്്കാരമാണ് ഹിന്ദുമതത്തിന്റേത്. ഇതരമതങ്ങളും സംസ്‌കാരങ്ങളും പഠിപ്പിക്കുന്നതും സ്ത്രീയെ എല്ലാറ്റിനേക്കാളും മതിക്കേണ്ടതിനെക്കുറിച്ചാണ്. എന്നാല്‍ നാട്ടില്‍ ഇന്ന് അരങ്ങേറിക്കൊണ്ടിരിക്കുന്ന കാമവെറിയന്മാരുടെ പേക്കൂത്തുകള്‍ക്ക് സമൂഹത്തിലെ പകുതിയോളം വരുന്ന ജനത വെറുംകയ്യോടെ സ്വശരീരം ത്യജിച്ച് നിന്നുകൊടുക്കേണ്ടിവന്നിരിക്കുന്നുവെന്ന അവസ്ഥ അതീനവേദനാജനകമെന്നല്ലാതെന്തുപറയണം.കാവിഭരണകൂടങ്ങളും സംഘപരിവാരവും അഴിച്ചുവിട്ട അപരവിദ്വേഷത്തിന്റെയും സ്വനിയമവാഴ്ചയുടെയും ബലിയാടുകളാണ് രാജ്യത്തെ പെണ്‍സമൂഹമിന്നെന്ന് വിലയിരുത്തുന്നതാവും ഉചിതം. കോണ്‍ഗ്രസ്‌നേതാവ് രാഹുല്‍ഗാന്ധി എം.പി പറഞ്ഞതുപോലെ ,ഇന്ത്യ ബലാല്‍സംഗങ്ങളുടെ തലസ്ഥാനമായിരിക്കുന്നുവെന്ന പ്രസ്താവന അദ്ദേഹത്തിന്റെ കഠോരമായ വേദനയില്‍നിന്നുല്‍ഭവിച്ചതാകണം. അതേവികാരംതന്നെയാണ് രാജ്യത്തെ ഓരോസമാധാനകാംക്ഷികളായ പൗരനും ഇപ്പോഴനുഭവപ്പെടുന്നതും. ശനിയാഴ്ച ഡല്‍ഹിയില്‍ പ്രതിഷേധപ്രകടനത്തിനിടെ സ്വന്തംകുഞ്ഞിനെ മണ്ണെണ്ണയൊഴിച്ച് തീകൊളുത്താന്‍ശ്രമിച്ച വീട്ടമ്മയുടെ വികരമാണത്. വെറുതെയല്ല, രാഷ്ട്രപതിക്കും ചീഫ്ജസ്റ്റിസിനുപോലും ഇതിനെതിരെ പ്രതികരിക്കാതിരിക്കാന്‍ കഴിയാതെവന്നത്. പുതിയ തലമുറയിലെ വ്യാപിച്ച ലൈംഗികത്വരയാണ് കാരണമെന്നും അവരെ പൊലീസിനെ ഉപയോഗിച്ച് വെടിവെച്ചിടുകയാണ് വേണ്ടതെന്നും വാദിക്കുന്നവര്‍ സത്യത്തില്‍ മോദിയുടെയും അമിത്ഷായുടെയും ആര്‍.എസ്.എസ്സിന്റെയും നയനടപടികള്‍ക്ക് കൈയൊപ്പുചാര്‍ത്തുകയാണ്. മുസ്്‌ലിംകള്‍ക്കൊഴികെ രാജ്യത്ത് പൗരത്വംനല്‍കുമെന്ന് പറയുകയും അതിനായി നിയമനിര്‍മാണം നടത്താനിരിക്കുകയും ചെയ്യുന്നൊരു ഭരണകൂടവും അവരുടെ ജീവസന്ധാരണത്തിനിടെ കൃത്രിമമായുണ്ടാക്കിയ മതസംഹിതകളുടെപേരില്‍ വഴിയിലിട്ട് തല്ലിക്കൊല്ലുകയും അവരുടെ ആരാധനാലയംതകര്‍ത്ത് ക്ഷേത്രംനിര്‍മിക്കുകയും ചെയ്യുന്നവരില്‍നിന്നാണ് യഥാര്‍ത്ഥത്തില്‍ രാജ്യത്തെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഓരോപീഡനവും ഉയിര്‍കൊള്ളുന്നത്; ഭരണകൂടഭീകരര്‍ക്ക് പൗരന്മാരെ തെരുവിലിട്ട് വെടിവെച്ചുകൊല്ലാനുള്ള ഊര്‍ജവും.
ഉത്തര്‍പ്രദേശ് ഭരിക്കുന്നത് കഴിഞ്ഞ നാലുവര്‍ഷമായി ബി.ജെ.പിയാണെന്നതോ പോകട്ടെ, അതിന്റെ മുഖ്യസ്ഥാനത്തുള്ളത് സന്യാസിയും പൂജാരിയുമായ തലമുണ്ഡനം ചെയ്ത കാഷായവസ്്ര്രതധാരിയാണ്. അവിടെയാണ് ഉന്നാവും ബുലന്ദ്ഷഹറും ദാദ്രിയും തുടരെത്തുടരെ ഉണ്ടാകുന്നത്. ഉന്നാവില്‍ ഈവര്‍ഷംമാത്രം ഇതുവരെ 86 ബലാല്‍സംഗങ്ങളും 185 ബലാല്‍സംഗശ്രമങ്ങളുണ്ടായി എന്നതുമാത്രംമതി യോഗിഭരണത്തിന്റെ മേനിയറിയാന്‍. ഇവിടെയാണ് 2017ലെ ബലാല്‍സംഗക്കേസ് പ്രതിയും കൊലയാളിയുമായ ബി.ജെ.പി എം.എല്‍.എ സെന്‍ഗാറിനെ സര്‍ക്കാരിന്റെയും പാര്‍ട്ടിയുടെയും തണലില്‍ തീറ്റിപ്പോറ്റുന്നത്. യോഗി ആദിത്യനാഥ് എന്ന ഗോരഖ്പൂര്‍ക്ഷേത്രത്തിലെ മഹന്തിന് നാട്ടിലെ താനുത്തരവാദപ്പെട്ട സമൂഹത്തിന്റെകൂടി സുരക്ഷയും സംരക്ഷണവും നിറവേറ്റേണ്ടതുണ്ടെന്ന സാമാന്യമായ ഭരണഘടനാബോധം എന്തുകൊണ്ടില്ലാതെ പോകുന്നു. ദേശീയക്രൈംറിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് ഏറ്റവുംകൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത് ആദിത്യനാഥിന്റെ സ്വന്തംഉത്തര്‍പ്രദേശിലാണ്. ഇതിനെയാണ് ‘ഉത്തമപ്രദേശ’് എന്ന്് ചിലര്‍ മിഥ്യാഭിമാനം വിളിക്കുന്നത്.

SHARE