പിടിച്ചുകുലുക്കുന്ന വില-പണപ്പെരുപ്പം


സ്വാതന്ത്ര്യാനന്തര ഇന്ത്യ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള രാഷ്ട്രീയ അട്ടിമറികള്‍ക്ക് വിധേയമായിരിക്കവെ തന്നെയാണ് സാമ്പത്തികമായും രാജ്യം വെച്ചടിവെച്ചടി കീഴ്‌പോട്ട് പതിക്കുകയാണെന്ന വാര്‍ത്തകള്‍ തുടരെത്തുടരെയായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. തൊഴിലില്ലായ്മയുടെ നിരക്ക് 40 വര്‍ഷത്തിലില്ലാത്ത കുതിപ്പിലേക്ക് നീങ്ങിയിരിക്കുന്നുവെന്ന വസ്തുതകള്‍ക്ക് പിറകെയാണ് ചൊവ്വാഴ്ച പുതിയൊരു വാര്‍ത്തകൂടി സാമ്പത്തിക രംഗത്തുനിന്ന് കേള്‍ക്കേണ്ടിവന്നിരിക്കുന്നത്. രാജ്യം കടുത്ത മാന്ദ്യത്തിലാണെന്ന വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും മുന്നറിയിപ്പുകളും ഭരണാധികാരികള്‍ അവഗണിക്കുമ്പോഴാണ് പണപ്പെരുപ്പം അഞ്ചു വര്‍ഷത്തിനിടയിലെ ഏറ്റവുംകുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തിയതായി കേന്ദ്ര സര്‍ക്കാര്‍വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 14.12 ശതമാനമാണ് പണപ്പെരുപ്പം. 2013 ലുണ്ടായിരുന്ന പണപ്പെരുപ്പ നിരക്കിലേക്കാണ് രാജ്യമിപ്പോള്‍ തകര്‍ന്നടിഞ്ഞിരിക്കുന്നത്. ഇതിനുകാരണം രാജ്യത്തെ പണത്തിന്റെ മൂല്യം കുറയുന്നതാണ്. നിത്യോപയോഗ വസ്തുക്കളുടെ വിലക്കയറ്റത്തിലൂടെയാണ് ഇത് പ്രതിഫലിക്കുന്നത്. അഞ്ചു വര്‍ഷം മുമ്പുണ്ടായിരുന്ന വാങ്ങല്‍ശേഷിയാണ് വീണ്ടുമുണ്ടായിരിക്കുന്നതെന്നര്‍ത്ഥം. പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍ക്കുണ്ടായ വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനിടയാക്കിയതെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ സ്ഥിതിവിവര-പദ്ധതി നിര്‍വഹണ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നത്. പല കണക്കുകളും പുറത്തുവിടാന്‍ വയ്യാത്തതിനാല്‍ സര്‍ക്കാര്‍ നില്‍ക്കക്കള്ളിയില്ലാത്തതിനാലാണ് ഈ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്. ഇക്കഴിഞ്ഞ ഡിസംബറിലെ തോതനുസരിച്ചാണ് പണപ്പെരുപ്പകണക്ക്.
പച്ചക്കറിയുടെ കാര്യത്തില്‍ 60.5 ശതമാനമാണ് വിലവര്‍ധനവെന്ന് കണക്കുകള്‍ പറയുന്നു. ധാന്യങ്ങള്‍ക്ക് 15.44, ഭക്ഷ്യവും മദ്യവും 12.16, മല്‍സ്യമാംസം 9.57, സുഗന്ധവ്യഞ്ജനങ്ങള്‍ 5.76 എന്നിങ്ങനെയാണ് വില വര്‍ധനവുണ്ടായിരിക്കുന്നത്. നവംബര്‍ 13നാണ് ഇതുപോലുള്ളൊരു വിലക്കയറ്റം ഉണ്ടായതത്രെ. സവോളയുടെയും മറ്റും വിലക്കയറ്റമാണ് ഇതിന് കാരണമായത്. ഭക്ഷ്യവസ്തുക്കളുടെ ഉല്‍പാദനം കാലാവസ്ഥാവ്യതിയാനംമൂലം കാര്യമായി കുറഞ്ഞതാണ് വിലകയറുന്നതിനും പണപ്പെരുപ്പം ഉയരാനും കാരണമായി പറയുന്നതെങ്കിലും ജനങ്ങളുടെ ക്രയശേഷി ഗണ്യമായി ഹനിക്കപ്പെട്ടതാണ് ഇതിലെ വേദനാജനകമായ വസ്തുത. രാജ്യത്തെ വളര്‍ച്ചാനിരക്ക് ആറു വര്‍ഷത്തെ താഴേക്ക് കൂപ്പുകുത്തിയതായി സര്‍ക്കാരും ഇതര ധനകാര്യ സ്ഥാപനങ്ങളും വ്യക്തമാക്കിയത് അടുത്തിടെയാണ്. 9 ശതമാനത്തിനടുത്തെത്തിയിരുന്ന ജി.ഡി.പി നിരക്ക് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതിന്‌ശേഷം തുടരെതാഴേക്ക് പതിക്കുകയായിരുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. നിലവില്‍ 4.5 ശതമാനമാണ് വളര്‍ച്ചാനിരക്ക്. ഇത് വരുംവര്‍ഷം മെച്ചപ്പെടുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നതെങ്കിലും മാന്ദ്യം തുടരുമെന്നാണ് അന്താരാഷ്ട്ര ധനകാര്യസ്ഥാപനങ്ങളായ ലോകബാങ്കും അന്താരാഷ്ട്ര നാണയനിധിയുമെല്ലാം ചൂണ്ടിക്കാട്ടുന്നത്. മാന്ദ്യം ലക്ഷക്കണക്കിന് തൊഴിലുകളും അവസരങ്ങളും ഇല്ലാതാക്കിയിരിക്കയാണ്.
വിലക്കയറ്റത്തിന് ആനുപാതികമായി ജനങ്ങളുടെ കയ്യില്‍ പണം ഉണ്ടാകാതിരിക്കുന്നതാണ് ദുരിതം വര്‍ധിപ്പിക്കുന്നത്. കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായവില കിട്ടുമെന്ന് വരുമ്പോള്‍തന്നെ ഇടനിലക്കാരാണ് ഇതിന്റെ പകുതിയും പറ്റുന്നതെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നു. ചരക്കുസേവന നികുതിയും നോട്ടുനിരോധനവുമാണ് സത്യത്തില്‍ ജനങ്ങളുടെ ക്രയവിക്രയശേഷിയെ തകര്‍ത്ത് തരിപ്പണമാക്കിയതെന്ന് ഏതാണ്ടെല്ലാസാമ്പത്തിക വിദഗ്ധരും ഒറ്റക്കെട്ടായി സമ്മതിക്കുന്നു. ഇതിനെതിരെ യാതൊരു നടപടിയും ക്രിയാത്മകമായി സ്വീകരിക്കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്ന് മാത്രമല്ല, എടുക്കുന്ന ഓരോ തീരുമാനവും കൂനിന്മേല്‍ കുരുവാകുന്ന സ്ഥിതിയിലും. കോര്‍പറേറ്റുകള്‍ക്ക് സബ്‌സിഡി അനുവദിച്ചതാണ് ഈ മണ്ടത്തരങ്ങളിലൊന്ന്. അത് പക്ഷേ പിന്നീട് കൂട്ടിക്കൊടുത്തു. ജനങ്ങളുടെ കയ്യില്‍ പണമില്ലെങ്കില്‍ അവന് വാങ്ങാന്‍ കഴിവ് കുറയുമെന്ന സാമാന്യ യാഥാര്‍ത്ഥ്യമാണ് മോദി സര്‍ക്കാര്‍ പഠിക്കാതെ പോയത്. ഫലത്തില്‍ ആന കയറിയ കരിമ്പിന്‍ തോട്ടമായി മാറി രാജ്യത്തെ സമ്പദ്‌വ്യവസ്ഥ.
ചരക്കുസേവന നികുതി 50 ശതമാനത്തോളം ഇടിഞ്ഞതാണ് വിലക്കയറ്റത്തിനും ഉപഭോഗം കുറയുന്നതിനും ഇടയാക്കിയത്. ഇതിന് കാരണം പ്രധാനമായും ജനങ്ങളുടെ പണം കള്ളപ്പണമാണെന്ന പ്രചാരവേലയാണ്. 2016 നവംബറില്‍ പ്രധാനമന്ത്രി നേരിട്ട് നടപ്പാക്കിയ നോട്ടുനിരോധനം ഭീമാബദ്ധമാണെന്ന് വിളിച്ചുപറഞ്ഞത് റിസര്‍വ് ബാങ്ക് പ്രസിദ്ധീകരിച്ച കണക്കുകള്‍ തന്നെയാണ്. നിരോധിച്ച നോട്ടുകളില്‍ 99.7 ശതമാനവും തിരിച്ചെത്തിയതോടെ എന്തിനായിരുന്നു ഈ നടപടിയെന്നും കള്ളപ്പണം എവിടെയാണെന്നുമുള്ള ചോദ്യമുയര്‍ന്നു. പാവപ്പെട്ടവരും സാധാരണക്കാരുമാകട്ടെ നോട്ടുനിരോധനത്തിന്റെ ഏറ്റവും വലിയ ഇരകളുമായി. ഇതോടെ വ്യാപാര വാണിജ്യ ഉല്‍പാദനരംഗങ്ങള്‍ തീര്‍ത്തും അനിശ്ചിതത്വത്തിലുമായി.
വരുന്ന ഫെബ്രുവരി ആദ്യം പുതിയ സര്‍ക്കാരിന്റെ ആദ്യസമ്പൂര്‍ണ ബജറ്റ് അവതരിപ്പിക്കാനിരിക്കവെ ധനകാര്യമന്ത്രിയുടെയും രാജ്യത്തിന്റെയും റിസര്‍വ് ബാങ്കിന്റെയും മുന്നിലുള്ള കണക്കുകള്‍ ഒരുനിലക്കും ശോഭനമല്ല. വരുംനാളുകളില്‍ രാജ്യം വളര്‍ച്ചയിലേക്ക് കാലെടുത്തുവെക്കുമെന്നല്ലാതെ ഏതുവിധേനയാണ് അതിന് കഴിയുക എന്നുപറയാന്‍ പോലും സര്‍ക്കാരിലെ ഉന്നതര്‍ക്ക് കഴിയുന്നില്ല. ധനകാര്യമന്ത്രിയുടെ ചില വിതണ്ഡവാദങ്ങള്‍ക്കപ്പുറം പ്രധാനമന്ത്രി നരേന്ദ്രമോദി സാമ്പത്തിക വിഷയത്തില്‍ ഒരുവാക്കുപോലും മിണ്ടുന്നില്ല. 50 ദിവസം കൊണ്ട് രാജ്യത്തെ ധനപ്രതിസന്ധി ഇല്ലാതാക്കുമെന്നും അതല്ലെങ്കില്‍ തന്നെ ചുട്ടെരിച്ചോളൂ എന്നും പരസ്യമായി പ്രസംഗിച്ച പ്രധാനമന്ത്രി നാളുകള്‍തോറും രാജ്യം ചെന്നുപെട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക ഗര്‍ത്തത്തെക്കുറിച്ച് അറിഞ്ഞമട്ടുകാണിക്കുന്നില്ല. ജനങ്ങളുടെ ജീവിതപ്രയാസങ്ങളകറ്റുകയാണ് ഏതൊരു ഭരണാധികാരിയുടെയും അടിയന്തിര ചുമതല എന്നിരിക്കവെ മോദിയും കൂട്ടരും അധികാരത്തണലില്‍ അള്ളിപ്പടിച്ചിരിക്കാന്‍ കാണിക്കുന്ന പേക്കൂത്തുകളായി മാത്രമേ ഇതര നടപടികളെ കാണാനാകൂ. റിസര്‍വ്ബാങ്ക് നിലവിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവുന്നതും പരിശ്രമിക്കുമ്പോഴും അവയൊന്നും ഫലം കാണുന്നില്ലെന്നാണ് ഫലത്തില്‍ അനുഭവം. പലിശനിരക്ക് കുറക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് ബാങ്ക്. അതിലൂടെ മാത്രമേ നാട്ടില്‍ പണം ഇറങ്ങുകയും തൊഴിലുകള്‍ വര്‍ധിക്കുകയും വാങ്ങല്‍ ശേഷി കൂടുകയുമുള്ളൂ. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി മോദി സര്‍ക്കാര്‍ എടുത്തുകൊണ്ടിരിക്കുന്ന എല്ലാനടപടികളെയും എതിര്‍ക്കേണ്ട ഗതികേടിലാണ് ആര്‍. ബി.ഐ. ഇറാന്‍-അമേരിക്ക യുദ്ധഭീഷണിയുടെ പശ്ചാത്തലത്തിലുയര്‍ന്ന എണ്ണ, സ്വര്‍ണ വിലയും പ്രതിസന്ധിയുടെ ആഴംകൂട്ടിയിരിക്കുകയാണ്. വാഹന, റിയല്‍എസ്റ്റേറ്റ് പോലുള്ളവ എപ്പോഴാണ് എണീക്കുക എന്നുപോലും ആര്‍ക്കും പറയാനാകുന്നില്ല. പരമാവധി ജനങ്ങളിലേക്ക് പണമെത്തിച്ച് മുമ്പ് സോവിയറ്റ് യൂണിയനിലും മറ്റും സംഭവിച്ചതുപോലുള്ള സാമ്പത്തികത്തകര്‍ച്ച വരാതെ നോക്കുകയേ ഇനി ചെയ്യാനുള്ളൂ.

SHARE