കാക്കിഭീകരന്‍


ഹാഫിസ്‌സഈദ്, മസൂദ്അസര്‍, ഹിസ്ബുല്‍ മുജാഹിദീന്‍, ലഷ്‌കറെ ത്വയ്യിബ തുടങ്ങിയ പേരുകളൊക്കെ നാം ഏറെ കേട്ടിട്ടുണ്ട്. എല്ലാം പാക്കിസ്താന്‍ ആസ്ഥാനമായി ഇന്ത്യയെ തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ഇനങ്ങള്‍. എന്നാല്‍ ഇന്ത്യക്കാരനായ പൊലീസുദ്യോഗസ്ഥനെ ഇപ്പണി ഏല്‍പിച്ചതാരാണ്. വര്‍ഷങ്ങളായി ദേവീന്ദര്‍സിങ് ഇന്ത്യക്കകത്ത് ഭീകരപ്പണി ചെയ്തുവരികയാണെന്നറിഞ്ഞിട്ടും ഉന്നതര്‍ ഈ ആതംഗവാദിയെ വെറുതെവിട്ടതെന്തിനായിരുന്നു? ഈ ചോദ്യമാണ് കഴിഞ്ഞ കുറച്ചുദിവസങ്ങളിലായി രാജ്യത്തുയരുന്നത്. ജനുവരി 11ന് ദക്ഷിണകശ്മീരില്‍ മീര്‍ബസാര്‍ ചെക്‌പോസ്റ്റില്‍വെച്ച് പൊലീസ് പിടികൂടിയ കാറില്‍ മൂന്ന് കൊടുംഭീകരരോടൊപ്പം യാത്രചെയ്യുകയായിരുന്നു ജമ്മുകശ്മീര്‍ പൊലീസിലെ ഡെപ്യൂട്ടിപൊലീസ്‌സൂപ്രണ്ട് ദേവീന്ദര്‍സിങ് എന്ന കശ്മീരുകാരന്‍. ഇയാളെന്തിനാണ് ഇത് ചെയ്തതെന്നന്വേഷിച്ച പൊലീസുദ്യോഗസ്ഥര്‍ക്ക് കിട്ടിയ മറുപടി ഞെട്ടിപ്പിക്കുന്നതായിരുന്നു: ടിയാന്‍ ഇരുപതുകൊല്ലമായി ആതംഗവാദപണി തുടങ്ങിയിട്ട്. ഇന്ത്യയിലേക്ക് പാക് ഭീകരരെ ഇറക്കിക്കൊണ്ടുവരിക. സ്‌ഫോടനങ്ങളും കൂട്ടക്കൊലകളും നടത്തുക, പിന്നീട് രക്ഷപ്പെടുത്തുക. സിങിന്റെപേര് ആദ്യം രാജ്യം കേട്ടത് പാര്‍ലമെന്റ് ആക്രമണക്കേസിലെ മുഖ്യപ്രതിയെന്ന് രാജ്യം കണ്ടെത്തി തൂക്കിലേറ്റിയ അഫ്‌സല്‍ ഗുരുവിലൂടെയായിരുന്നു. തന്നോട് ഒരു ഭീകരനെ ഡല്‍ഹിയില്‍ കൊണ്ടുവന്ന് താമസിപ്പിക്കാന്‍ പൊലീസുദ്യോഗസ്ഥനായ ദേവീന്ദര്‍ നിര്‍ദേശിച്ചുവെന്നായിരുന്നു തൂക്കിലേറ്റപ്പെടുംമുമ്പ് ലോകത്തോട് അഫ്‌സല്‍ ഗുരു വിളിച്ചുപറഞ്ഞത്. അന്നത് കോടതിയോ രാജ്യമോ കാര്യമായി ഗൗനിച്ചില്ല. എന്നാല്‍ ഇതടക്കം നിരവധി സ്‌ഫോടനങ്ങളിലും ഭീകരാക്രമണങ്ങളിലും ഈ കാക്കിക്കാരന് പങ്കുള്ളതായാണ് പൊലീസ്‌നേതൃത്വം തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ആരാണ് ഈ ജോലി ഇയാളെ ഏല്‍പിച്ചതെന്നതിനുത്തരം തേടി ചെല്ലുമ്പോള്‍ കണ്ടെത്തുന്നത് ഇവകൊണ്ട് ആര്‍ക്കാണ് നേട്ടമെന്നതാണ്.
ജമ്മുകശ്മീര്‍ സര്‍ക്കാരിന്റെ മികച്ച പൊലീസ് ഉദ്യോഗസ്ഥനുള്ള വിശിഷ്ടസേവാമെഡല്‍ (ഗാലന്ററി അവാര്‍ഡ്) ലഭിച്ചയാളാണ് ദേവീന്ദര്‍ എന്ന 57കാരന്‍. ഇദ്ദേഹത്തിന് ഈ പുരസ്‌കാരം ലഭിച്ചത് 2018 ആഗസ്ത് 15ന് മെഹബൂബമുഫ്തി സര്‍ക്കാരിനുള്ള പിന്തുണ ബി.ജെ.പി പിന്‍വലിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചശേഷവും. ഇതേ പൊലീസ് മേധാവി ദില്‍ബഗ്‌സിങ് പറയുന്നത് ദേവീന്ദര്‍സിങിനെ സസ്‌പെന്‍ഡ് ചെയ്‌തെന്നും കേസ് എന്‍.ഐ.എക്ക് വിടുമെന്നുമാണ്. അതുമതി എല്ലാമടങ്ങാന്‍!
2001ല്‍ പാര്‍ലമെന്റ് ആക്രമണത്തിന് മുന്നോടിയായി മുഹമ്മദ് എന്ന പാക്കിസ്താനിയെ ഡല്‍ഹിയിലെത്തിക്കാന്‍ ദേവീന്ദര്‍ നിര്‍ദേശിച്ചതായും അത് താന്‍ അനുസരിച്ചതായും ഇയാള്‍ തന്നെ ക്രൂരമായി മര്‍ദിച്ചിരുന്നതായും അഫ്‌സല്‍ ഗുരു 2008ല്‍ തന്റെ അഭിഭാഷകന് ജയിലില്‍ നിന്നയച്ച കത്തില്‍ പറഞ്ഞിരുന്നു. 2013 ഫെബ്രുവരി ഒമ്പതിനായിരുന്നു ഗുരുവിനെ തൂക്കിലേറ്റിയത്. ഇപ്പോഴും മറ്റു പ്രതികളെയാരെയും കേസില്‍ കണ്ടുപിടിക്കുകയോ ശിക്ഷിക്കുകയോ ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ശ്രീനഗര്‍ വിമാനത്താവളത്തില്‍ റാഞ്ചല്‍ വിരുദ്ധ സ്‌ക്വാഡിലെ അംഗമാണ്. ഇക്കഴിഞ്ഞ പുല്‍വാമ ഭീകരാക്രമണത്തിലും ദേവീന്ദറിന് പങ്കുള്ളതായും അത് ബി.ജെ.പി സര്‍ക്കാരിന്റെ വോട്ടു ബാങ്ക് ശക്തിപ്പെടുത്തുന്നതിന് വേണ്ടിയാണെന്നുമാണ് വിവരം. ഡല്‍ഹിയിലോ മറ്റോ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് ഭീകരാക്രമണംകൂടി നടത്താനായിരുന്നു ഏമാന്റെ പദ്ധതിയത്രെ. ജൂണില്‍ മൂന്ന് തീവ്രവാദികളുമായി ദേവീന്ദര്‍ ചണ്ഡിഗഡിലെത്തിയിരുന്നതായും വാര്‍ത്തകളുണ്ടായിരുന്നു. അന്നായിരുന്നു പത്താന്‍കോട്ട് സൈനിക കേന്ദ്രത്തിന് നേരെ ഭീകരാക്രമണം. നഗ്രോട്ട, ഉറി തുടങ്ങിയ ഭീകരാക്രമണങ്ങളിലും ഇയാളുടെ പങ്ക് തള്ളിക്കളയാനാവില്ല. ഏതോ ബുദ്ധികേന്ദ്രത്തില്‍നിന്നുള്ള കല്‍പനയാല്‍ ദേശദ്രോഹ പ്രവൃത്തി നടത്തിക്കൊടുക്കുന്ന ഏജന്റുമാരില്‍ പ്രധാനിയാണ് ദേവീന്ദറെന്നാണ് വ്യക്തമാകുന്നത്. പ്രജ്ഞാസിങ് താക്കൂറിനെയും അസീമാനന്ദയെയുംപോലെ മറ്റൊരു ഹിന്ദുത്വ ഭീകര ഏജന്റ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയമോ ബി.ജെ.പിയോ ആര്‍.എസ്.എസ്സോ വിഷയത്തില്‍ പതിവുപോലെ പ്രതികരിക്കാത്തത് കള്ളന്‍ കപ്പലിലാണെന്ന സൂചനതരുന്നു. ദേവീന്ദറിന്റെ വീട്ടില്‍നിന്നും മറ്റും കണ്ടെടുത്ത ആയുധങ്ങളും തെളിവിന് ധാരാളം. ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍പോലും ഇയാള്‍വഴി പാക്കിസ്താനിലേക്ക് കടത്തപ്പെട്ടോ എന്നും സംശയമുണ്ട്. അതേസമയം ഇന്ത്യക്കാരനായ പാക്കിസ്താന്‍ ചാരനാണ് ടിയാനെന്നാണ് മോദി അനുകൂല മാധ്യമങ്ങളുടെ മസ്തിഷ്‌ക പ്രക്ഷാളനം. തന്നോടുകൂടെ ഭീകരര്‍ക്ക് സഹായത്തിനായി മറ്റൊരു മുതിര്‍ന്ന പൊലീസുദ്യോഗസ്ഥനുമുണ്ടെന്നാണ് ദേവീന്ദര്‍ പറഞ്ഞിരിക്കുന്നത്. ഇതും മറ്റൊരു നാടകം? ശ്രീനഗര്‍ അമര്‍സിങ് കോളജിലായിരുന്നു പഠനം. 1990ല്‍ 26-ാം വയസ്സില്‍ പൊലീസിലെത്തി. 1994ല്‍ സബ്ഇന്‍സ്‌പെക്ടര്‍. വൈകാതെ ഭീകരവിരുദ്ധസംഘാംഗം. പത്തു വര്‍ഷത്തെ ഭീകരരുമായുള്ള ബന്ധം പലതിനും പ്രാപ്തനാക്കി. 2003ല്‍ കോസോവോയില്‍ യു.എന്‍ ദൗത്യസംഘാംഗമായി അല്‍പകാലം. നിരവധി കസ്റ്റഡികൊലപാതകങ്ങളിലും കൊള്ളയിലും പ്രതിയായിട്ടും യാതൊരു നടപടിയുമുണ്ടായില്ല. എല്ലാം ഭീകര വിരുദ്ധത്തിന്റെ മറവിലലിഞ്ഞില്ലാതായി. പുല്‍വാമക്കടുത്ത് ഓവറിഗുണ്ടിലാണ് ജനനം. ആഢംബര വീടുണ്ട്. ഭാര്യ അധ്യാപിക. മൂന്നു മക്കളില്‍ രണ്ട് പെണ്‍മക്കളിലൊരാള്‍ എം.ബി.ബി.സിന് പഠിക്കുന്നു.

SHARE