കാലാവസ്ഥാ വ്യതിയാനം മുന്നറിയിപ്പല്ല, യാഥാര്‍ത്ഥ്യമാണ്

കേരളം വിയര്‍ത്തു കുളിക്കാന്‍ തുടങ്ങിയിരിക്കുന്നു. തുടര്‍ച്ചയായ രണ്ട് വര്‍ഷങ്ങളിലുണ്ടായ അതിവര്‍ഷവും പ്രളയവും കാലാവസ്ഥാ മാറ്റത്തിന്റെ ചൂണ്ടുപലക മാത്രമായിരുന്നുവെന്ന് സ്ഥിരീകരിക്കുകയാണോ ഈ ഉഷ്ണം. മഞ്ഞില്‍ കുളിച്ച പ്രഭാതങ്ങള്‍ കേരളത്തിന് നഷ്ടമാകുകയാണ്. കുളിരും മഞ്ഞുമില്ലാതെയാണ് ഇത്തവണ മകരം കടന്നു പോകുന്നത്. പകരമെത്തിയത് കഠിനോഷ്ണമാണ്. ഏപ്രില്‍, മെയ് മാസങ്ങളെ വെല്ലുന്ന കൊടും ചൂടിലേക്ക് കേരളം എടുത്തെറിയപ്പെട്ടിരിക്കുന്നു. ജനുവരിയില്‍ തന്നെ താപനില 36 ഡിഗ്രി കടന്നു. വേനല്‍ക്കാലമെത്തുമ്പോള്‍ ചൂട് താങ്ങാനാകുമോ മനുഷ്യരാശിക്കും ജന്തു സസ്യജാലങ്ങള്‍ക്കും.
കേരളത്തിന് മാത്രമായുണ്ടാകുന്ന പ്രതിഭാസമല്ലിത്. ലോകമെമ്പാടും ചൂട് കൂടുന്നുണ്ട്. 1956ന് ശേഷം ഓരോ പതിറ്റാണ്ടിലും 0.13 ഡിഗ്രി വീതം ചൂട് കൂടിയെന്നാണ് ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി) പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി വരെ താപനിലയില്‍ വലിയ വര്‍ധന രേഖപ്പെടുത്തിയിരുന്നില്ല. എന്നാല്‍ വ്യവസായ വിപ്ലവത്തോടെയും വാഹനങ്ങള്‍ ക്രമാതീതമായി പെരുകിയതോടെയും അന്തരീക്ഷ താപനിലയില്‍ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ വര്‍ഷവും ഉയര്‍ന്ന താപനിലയില്‍ റിക്കോര്‍ഡ് സ്ഥാപിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. കേരളത്തില്‍ ശരാശരി 33 ഡിഗ്രി താപനില എന്നത് 36 ഡിഗ്രിയായി മാറിയത് ചുരുങ്ങിയ വര്‍ഷങ്ങള്‍ക്കുള്ളിലാണ്.
ഇത്തവണ വേനല്‍ അതികഠിനമായിരിക്കുമെന്ന് മുന്നേ തന്നെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ പ്രവചിച്ചിരുന്നു. പ്രവചനങ്ങളെ വെല്ലുന്ന ചൂടിലേക്കാണ് കേരളം നടന്നു കയറുന്നത്. പുലര്‍കാല മഞ്ഞില്‍ കുളിരിലൂടെ നടക്കേണ്ട കേരളം ചൂടില്‍ അമരുകയാണ്. ശരാശരി നാല് ഡിഗ്രി വരെ ചൂട് ദ്രുതഗതിയില്‍ ഉയര്‍ന്നത് അപായസൂചന തന്നെയാണ്. ജനുവരി മാസത്തില്‍ കഠിനമായ ചൂട് ഇത്തരത്തില്‍ മുമ്പുണ്ടായിട്ടില്ലെന്നാണ് കണക്കുകള്‍. അതിശൈത്യത്തിലേക്ക് വീണ മൂന്നാര്‍ പോലും കുളിരിന്റെ പ്രഭാവത്തില്‍ നിന്ന് തെന്നിമാറുകയാണ്. അറബിക്കടലിലെ താപനില ഉയര്‍ന്നതാണ് കടലോര ജില്ലകളില്‍ പെട്ടെന്നുണ്ട താപവര്‍ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. കേരള തീരത്തെ കാറ്റിന്റെ ഗതിയിലുണ്ടായ വ്യതിയാനവും ഉഷ്ണത്തിന്റെ തീവ്രത വര്‍ധിക്കാന്‍ കാരണമാണത്രെ.
ആഗോള താപനം സൃഷ്ടിക്കുന്ന കാലാവസ്ഥാ വ്യതിയാനം തന്നെയാണ് കേരളത്തിന്റെ പ്രകൃതിയെ മാറ്റിമറിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ രണ്ട് ഫലങ്ങളില്‍ ഒന്ന് കഠിനോഷ്ണവും രണ്ടാമത്തേത് അതിവൃഷ്ടിയുമാണ്. രണ്ടും കേരളത്തില്‍ അനുഭവവേദ്യമായിക്കഴിഞ്ഞു. അതിവൃഷ്ടി ഉണ്ടാകുമ്പോഴും മഴലഭ്യത കുറയുന്നു. ശക്തമായ മഴ കൂടുതലുണ്ടാകുമ്പോഴും ലഭിക്കുന്ന മൊത്തം മഴയുടെ അളവില്‍ കുറവ് വരുന്നു. ഈ സീസണില്‍ മാത്രം 18 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. പരക്കെ മഴക്ക് പകരം ഒറ്റപ്പെട്ട പ്രദേശങ്ങളില്‍ കൂടുതല്‍ മഴ ലഭിക്കുന്നുമുണ്ട്. അതിവൃഷ്ടിയില്‍ പ്രളയവും മഴയില്ലെങ്കില്‍ വരള്‍ച്ചയുമെന്ന വിരുദ്ധ കാലാവസ്ഥയാണ് കേരളമിപ്പോള്‍ നേരിടുന്നത്. മഴക്കാലം അവസാനിക്കുമ്പോള്‍ തന്നെ ശുദ്ധജലക്ഷാമം നേരിടുന്ന പ്രദേശമായി കേരളം മാറിക്കഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനം നമ്മുടെ ജീവിതരീതിയെ തന്നെ മാറ്റിമറിക്കാന്‍ പോന്നതാണ്. അതി വൃഷ്ടിയും കഠിനോഷ്ണവും നമ്മുടെ കാര്‍ഷിക മേഖലയെ പാടെ തകര്‍ക്കും. ചൂട് ക്രമാതീതമായി ഉയര്‍ന്നാല്‍ വിളവില്‍ കാര്യമായ കുറവുണ്ടാകുമെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കി കഴിഞ്ഞു. നാണ്യവിള കര്‍ഷകരെ മാത്രമല്ല, റബര്‍ കര്‍ഷകരേയും ഇത് പ്രതികൂലമായി ബാധിക്കും. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ കാലാവസ്ഥയിലെ മാറ്റങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കുമെന്ന മുന്നറിയിപ്പ് കണ്ടില്ലെന്ന് നടിക്കാനാകില്ല. മനുഷ്യരിലെന്ന പോലെ ജന്തു, സസ്യജാലങ്ങളിലും രോഗങ്ങള്‍ ആളിപ്പടരും. ചിക്കന്‍ പോക്‌സ്, മൂത്രാശയ രോഗങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ തന്നെ വ്യാപകമായി കഴിഞ്ഞു. സൂക്ഷ്മജീവികളിലുണ്ടാകുന്ന മാറ്റങ്ങള്‍ കാര്‍ഷികമേഖലയെ സംബന്ധിച്ച് പ്രധാനമാണ്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനങ്ങള്‍ പ്രകൃതിയിലുണ്ടാക്കിയിട്ടുള്ള മാറ്റങ്ങള്‍ യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോഴും പഴയപടിയാണ് സര്‍ക്കാര്‍ കാര്യങ്ങള്‍. മാറുന്ന പ്രകൃതിക്കനുസരിച്ച്, മാറ്റങ്ങള്‍ എല്ലാ മേഖലയിലും കൊണ്ടു വരാന്‍ സര്‍ക്കാരാണ് മുന്‍കയ്യെടുക്കേണ്ടത്. ആരോഗ്യ രംഗത്തും കാര്‍ഷിക മേഖലയിലും പ്രകൃതിയുടെ മാറ്റത്തിനൊപ്പം മാറാനായില്ലെങ്കില്‍ ഇതുവരെയുണ്ടായ നേട്ടങ്ങള്‍ അപ്രസക്തമാകും.
ഇതിനൊപ്പം പ്രകൃതിയുടെ സന്തുലനാവസ്ഥയെ തിരികെ കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങളും ഉണ്ടാകണം. കേരളത്തിന് മാത്രമായി കാലാവസ്ഥാ വ്യതിയാനത്തെ തടഞ്ഞുനിര്‍ത്താനാകില്ല. കാലാവസ്ഥാ വ്യതിയാനത്തിന്റെ ഇരകള്‍ എന്ന നിലയ്ക്ക് സ്ഥിതി കൂടുതല്‍ ഗുരുതരമാകാതിരിക്കാന്‍ ചില കരുതലുകള്‍ എടുക്കാമെന്ന് മാത്രം. പ്രകൃതിയില്‍ നിന്നും വേറിട്ട ജീവിത രീതിയിലേക്ക് കേരളം കടന്നതോടെയാണ് പ്രകൃതിയുടെ പ്രകൃതിയില്‍ വലിയ മാറ്റങ്ങള്‍ പൊടുന്നനെ ഉണ്ടായത്. കോണ്‍ക്രീറ്റ് കെട്ടിടങ്ങളും ടാര്‍ റോഡുകളും ശീതീകരണ യന്ത്രങ്ങളുടെ അമിതോപയോഗവും ഒക്കെ അന്തരീക്ഷ താപനില കൂട്ടുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. അന്തരീക്ഷ മലിനീകരണത്തിനൊപ്പം ജലാശയങ്ങളും വൃക്ഷങ്ങളും കുറഞ്ഞത് ചൂട് വര്‍ധിക്കുന്നതിന് പ്രധാന കാരണമാണ്. പാടങ്ങള്‍ നികത്തി മാളികകള്‍ തീര്‍ത്തതോടെ ഇരട്ട പ്രഹരമാണ് പ്രകൃതിക്ക് നല്‍കുന്നത്. സ്വാഭാവിക നീര്‍ത്തടങ്ങള്‍ ശേഷിക്കാത്ത വിധം പ്രകൃതിക്ക് മേല്‍ മനുഷ്യ കയ്യേറ്റം ഇപ്പോഴും നിര്‍ബാധം തുടരുകയാണ്. നിയമങ്ങളുടെ പഴുതുകളിലൂടെ പണവും അധികാരവും ഭൂമിയുടെ ചരമക്കുറിപ്പ് എഴുതിക്കൊണ്ടേയിരിക്കുന്നു. മുന്നറിയിപ്പുകളെ അവഗണിക്കുകയെന്നത് ശീലമാക്കിയ മട്ടിലാണ് പ്രകൃതി ചൂഷണം കൊടുമ്പിരി കൊള്ളുന്നത്.
പരിഹാര ക്രിയകള്‍ വൈകിയാല്‍ പ്രകൃതിയെ വീണ്ടെടുക്കാന്‍ കഴിയാത്ത വിധം നിസ്സംഗരായിപ്പോകും നമ്മള്‍. മനുഷ്യന്റെ അത്യാര്‍ത്തിയെ അണകെട്ടി നിര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ഉഷ്ണച്ചൂടില്‍ വെന്തുരുകിയും മഹാ പ്രളയങ്ങളില്‍ ഒലിച്ചും കേരളം ഇല്ലാതാകും. ശീതീകരണ യന്ത്രങ്ങള്‍ കൊണ്ട് വാസഇടങ്ങളെ തണുപ്പിക്കാമെങ്കിലും പ്രകൃതിയെ അത് കൂടുതല്‍ ചുട്ടുപൊള്ളിക്കും. പ്രകൃതിയിലേക്ക് മടങ്ങാനുള്ള തയാറെടുപ്പുകള്‍ക്ക് ഇനിയും വൈകരുത്. കേരളം ഇപ്പോള്‍ തന്നെ അപകട മുനമ്പിലാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. മലകള്‍ തുരന്നും നീര്‍ത്തടങ്ങള്‍ നികത്തിയും പ്രകൃതിയെ കൂടുതല്‍ മുറിവേല്‍പിക്കാതെ സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. വരും തലമുറയ്ക്കായി കേരളത്തെ കാത്തുവെക്കാനുള്ള വിവേകവും തന്റേടവുമാണ് സര്‍ക്കാരും മനുഷ്യസ്‌നേഹം ഉള്ളില്‍ സൂക്ഷിക്കുന്ന എല്ലാ മനുഷ്യരും കാട്ടേണ്ടത്.

SHARE