പ്രിയങ്കാഗാന്ധിയുടെ കരുണാഹസ്തം


കോവിഡ്-19 കാലത്ത് ഇന്ത്യനേരിടുന്ന ഏറ്റവുംവലിയപ്രതിസന്ധി ഇന്ത്യക്കാരായ പ്രവാസികളുടെയും കുടിയേറ്റതൊഴിലാളികളുടെയും കൂട്ടപലായനമാണ്. ലോകത്ത് ലോക്ക്ഡൗണ്‍മൂലം മരിക്കുന്നവരുടെ എണ്ണം കോവിഡ്ബാധിച്ചുള്ള മരണത്തേക്കാള്‍ എത്രയോ അധികമായിരിക്കുമെന്ന് പറയുന്നത് നൊബേല്‍ജേതാവ് പ്രൊഫ.മൈക്കിള്‍ ലെവിറ്റ് ആണ്. ഇന്ത്യയാണ് ആഗോളകുടിയേറ്റതൊഴിലാളികളുടെ കാര്യത്തില്‍ ലോകത്ത്ഒന്നാമത്. മെക്‌സിക്കോ രണ്ടാമതും. ഇതിനെക്കാളൊക്കെ എത്രയോവലുതും ഭയാനകവുമാണ് രാജ്യത്തിനകത്തെ കുടിയേറ്റതൊഴിലാളികളുടെ അവസ്ഥ. ഇതരസംസ്ഥാനങ്ങളില്‍ കൂലിപ്പണിക്കും മറ്റുമായി ഗ്രാമഗ്രാമാന്തരങ്ങളില്‍നിന്ന് കുടിയേറിയ പ്രവാസി ഇന്ത്യക്കാരുടെ സംഖ്യ എട്ടിനും 15നുമിടയില്‍ കോടി വരുമെന്നാണ് കണക്ക്. ഇതുസംബന്ധിച്ച് സര്‍ക്കാരുകളുടെ പക്കല്‍ യാതൊരുരേഖയുമില്ലെന്ന് വ്യക്തമാക്കപ്പെട്ട അവസരംകൂടിയാണിത്. കോവിഡ്മരണത്തിന്റെ തുടക്കത്തില്‍തന്നെ ഇന്ത്യ സമ്പൂര്‍ണലോക്ക്ഡൗണിലേക്ക്‌പോയത് രോഗികളുടെ എണ്ണംകുറച്ചെന്ന് അവകാശപ്പെടുമ്പോഴും, ലക്ഷക്കണക്കിന് മനുഷ്യരുടെ അന്നവും തൊഴിലും വരുമാനവും ജീവിതവും ജീവനുമാണ് അതെടുത്തതെന്നത് ക്രൂരമായ യാഥാര്‍ത്ഥ്യംമാത്രം. നൂറുകണക്കിനുപേര്‍ ഇന്ത്യന്‍നിരത്തുകളില്‍ പിടഞ്ഞുവീണു മരിച്ചു. തൊഴില്‍നഷ്ടമായവരുടെ സംഖ്യ കോടിക്കണക്കിനുവരും. പെട്ടെന്നൊരുരാത്രി രാജ്യംമുഴുക്കെ അടച്ചിടുന്നുവെന്ന് രാജ്യത്തെ ഉന്നതഭരണാധികാരി പ്രഖ്യാപിക്കുമ്പോള്‍ ഈഹതഭാഗ്യരുടെ ജീവിതത്തെക്കുറിച്ച് പ്രധാനമന്ത്രിയോ അദ്ദേഹത്തിന്റെ കീഴിലുള്ളവരോ തെല്ലുപോലുംചിന്തിക്കുകയോ അക്കാര്യം അദ്ദേഹത്തെ ബോധ്യപ്പെടുത്തുകയോ ഉണ്ടാകാത്തതും വേണ്ട നടപടിയെടുക്കാത്തതുമാണ് ഈ ദുരിതങ്ങള്‍ക്കെല്ലാം കാരണം.
രാജ്യത്ത് ഇതരസംസ്ഥാനതൊഴിലാളികള്‍ അധികവും ഉത്തര്‍പ്രദേശ്, ബീഹാര്‍, ഒറീസ, പശ്ചിമബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളവരാണ്. മതിയായ ജീവിതസൗകര്യങ്ങളിലും തൊഴിലുമില്ലാതെ കാര്‍ഷികത്തകര്‍ച്ചകാരണം കഴിഞ്ഞപതിറ്റാണ്ടിലാണ് ജീവസന്ധാരണത്തിനായി ഇന്ത്യന്‍ജനതയിലെ ദരിദ്രകോടികള്‍ മഹാനഗരങ്ങളിലേക്ക് ചേക്കേറിയത്. നാലുകോടിയാളുകളും അവരുടെ കുടുംബങ്ങളും ഇങ്ങനെ ഡല്‍ഹി, മുംബൈ, അഹമ്മദാബാദ് പോലുള്ള നഗരങ്ങളിലേക്ക് ചേക്കേറിതിന്റെ പ്രതിഫലനമാണ് ഈകോവിഡ്കാലത്ത് വിഭജനകാലത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടപ്പലായനത്തിലേക്കും കൂട്ടമരണങ്ങളിലേക്കും എത്തിച്ചിരിക്കുന്നത്. വെറുംനാലുമണിക്കൂര്‍ നല്‍കിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ ജനതയെ ഒന്നടങ്കം അവരെ അതതുസ്ഥലങ്ങളില്‍ പിടിച്ചിട്ടത്. 2016 നവംബര്‍എട്ടിന് രാത്രിഎട്ടുമണിക്ക്് നോട്ടുനിരോധനം പ്രഖ്യാപിച്ചുകൊണ്ട് നല്‍കിയ സമയംതന്നെയായിരുന്നു മാര്‍ച്ച്23ന് രാത്രി മോദി തന്റെജനതക്ക് വീണ്ടുംനല്‍കിയത്. വെറും നാലുമണിക്കൂര്‍കൊണ്ട് ഇതരസംസ്ഥാനങ്ങളിലെ തൊഴിലാളികളും വ്യാപാരികളും ഡ്രൈവര്‍മാരും യാത്രക്കാരും രോഗികളും അടക്കമുള്ള ജനത എങ്ങനെയാണ് സ്വന്തംസംസ്ഥാനങ്ങളിലേക്കും ഭവനങ്ങളിലേക്കും തിരിച്ചെത്തുക എന്ന് ഊഹിക്കാന്‍പോലും ചായക്കടക്കാരനായിരുന്നുവെന്ന് വീമ്പുപറയുന്ന മോദിക്ക് കഴിയാതെപോയതെന്തുകൊണ്ടാണ് !
ഏപ്രില്‍29നാണ് ഇതരസംസ്ഥാനത്തൊഴിലാളികളെ സ്വന്തംസംസ്ഥാനങ്ങളിലെത്തിക്കാന്‍ സംസ്ഥാനസര്‍ക്കാരുകള്‍ക്ക് കേന്ദ്രം അനുവാദംനല്‍കിയത്. ഇതിനായി വിട്ടുനല്‍കിയതാകട്ടെ ഏതാനും ട്രെയിനുകള്‍ മാത്രവും. ഭക്ഷണത്തിനുപോലും വഴിയില്ലാത്ത തൊഴിലാളികളുടെപക്കല്‍ യാത്രക്ക് പണമുണ്ടാകുമെന്നോ അവരുടെ യാത്രാചെലവ് ആരുവഹിക്കുമെന്നോപോലും നിര്‍ദേശിക്കാതെയായിരുന്നു കേന്ദ്രതീരുമാനം. പലസം്‌സഥാനങ്ങളിലും കോണ്‍ഗ്രസ്പാര്‍ട്ടി സ്വന്തംഫണ്ടില്‍നിന്ന് ഇതരസംസ്ഥാനതൊഴിലാളികള്‍ക്കായി യാത്രാചെലവ് വഹിക്കാന്‍തീരുമാനിച്ചു. പാര്‍ട്ടിഅധ്യക്ഷ സോണിയാഗാന്ധി നേരിട്ട് പ്രാദേശികനേതൃത്വങ്ങള്‍്ക്ക് ഇതുസംബന്ധിച്ച നിര്‍ദേശംനല്‍കി. ഇത് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്ന് കണ്ട കേന്ദ്രസര്‍ക്കാരും കേരളംപോലുള്ള സംസ്ഥാനങ്ങളും ആതുക നിഷ്‌കരുണം നിരസിക്കുകയായിരുന്നു. കണ്ണില്‍ചോരയില്ലാത്ത ഈ നടപടിക്കുപിന്നാലെ 85ശതമാനം യാത്രാചെലവ് കേന്ദ്രംവഹിക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും അതും വെറുംബഡായി മാത്രമാണെന്ന് ബോധ്യമാകുകയായിരുന്നു. 20ലക്ഷംകോടി പ്രഖ്യാപിച്ചിട്ടും നാടിന്റെ യഥാര്‍ത്ഥ നിര്‍മാതാക്കള്‍ക്കായി നയാപൈസപോലും നേരിട്ട് നീക്കിവെക്കാത്ത മോദിസര്‍ക്കാരിനെ എങ്ങനെയാണ് ഒരുജനാധിപത്യസര്‍ക്കാരെന്ന് വിശേഷിപ്പിക്കാനാകുക?
രണ്ടുദിവസംമുമ്പാണ് ആയിരംബസ്സുകള്‍ ഡല്‍ഹിയില്‍നിന്ന് യു.പിയിലേക്ക് വിട്ടുനല്‍കുമെന്ന് കോണ്‍ഗ്രസ് ജനറല്‍സെക്രട്ടറി പ്രിയങ്കഗാന്ധി ഉത്തര്‍പ്രദേശ്‌സര്‍ക്കാരിനെ അറിയിച്ചത്. യു.പി ചീഫ് സെക്രട്ടറിക്ക്് പ്രിയങ്കയുടെ സെക്രട്ടറി അയച്ചകത്തിന് രണ്ടാംദിവസവും മറുപടിയുണ്ടാകാത്തതിനാല്‍ വീണ്ടും കത്തെഴുതി. മൂന്നാംദിവസം തിങ്കളാഴ്ച യു.പിസര്‍ക്കാര്‍ നല്‍കിയമറുപടി ബസ്സുകളുടെ നമ്പറുകളുംമറ്റും അറിയിക്കണമെന്നായിരുന്നു. ഇത് നല്‍കിയപ്പോള്‍ 879 ബസ്സുകള്‍ക്ക് മാത്രമേ ശരിയായരേഖകളുള്ളൂ എന്നായി തടസ്സവാദം. എന്നാല്‍ അതിനെങ്കിലും അനുമതി നല്‍കേണ്ടതിനുപകരം തെറ്റായവിവരം നല്‍കിയെന്നുകാട്ടി പ്രിയങ്കയുടെ പേഴ്‌സണല്‍സെക്രട്ടറി സന്ദീപ്‌സിംഗിനും യു.പി.പി.സി.സിഅധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലുവിനുമെതിരെ കേസെടുക്കുകയും അറസ്റ്റുചെയ്യുകയുമാണ് യോഗിസര്‍ക്കാര്‍ ചെയതിരിക്കുന്നത്. സദ്യയിലെ പഴത്തിന് നീളംകൂടിയെന്ന് കുറ്റപ്പെടുത്തുന്നയാളുടെ മാനസികനിലവാരം മാത്രമാണിതെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? ഇന്നലെവൈകീട്ട് വീണ്ടുംസമൂഹമാധ്യമത്തിലൂടെ നടത്തിയ പ്രഭാഷണത്തില്‍, ബി.ജെ.പിയുടെ കൊടിയും ബാനറും കെട്ടിയിട്ടാണെങ്കിലും രോഗികളെയുംഗര്‍ഭിണികളെയും കുഞ്ഞുങ്ങളെയുമെല്ലാം നാട്ടിലേക്ക്് എത്തിക്കൂ എന്നാണ് പ്രിയങ്ക അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. ശിലാഹൃദയര്‍ക്കല്ലാതെ ഇത് കേള്‍ക്കാതിരിക്കാനാകില്ല. ഇപ്പോഴും യു.പി-രാജസ്ഥാന്‍ അതിര്‍ത്തിയില്‍ തൊഴിലാളികളെ നിറച്ച നൂറുകണക്കിന് ബസ്സുകള്‍ യാത്രാനുമതിക്കായി കാത്തുകിടക്കുകയാണ്. നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍നിന്ന് ഇന്നുരാവിലെ പുറപ്പെടുന്ന 500 ബസ്സുകളിലായി 20,000 പേരെയെങ്കിലും നാട്ടിലെത്തിക്കാനാകും. മുംബൈയിലും ഇതുതന്നെയാണ് അവസ്ഥ. ഇതെല്ലാംകണ്ടിട്ടും അനങ്ങാതിരിക്കുന്നവരും രാഷ്ട്രീയനിറംനോക്കി ഉടക്കിടുന്നവരുമായ ഭരണാധികാരികളുടെ പിന്‍ബലം പാവങ്ങളുടെ ശതകോടികള്‍ എഴുതിത്തള്ളിക്കൊടുക്കപ്പെട്ട ധനാഢ്യരായിരിക്കാമെങ്കിലും, ഈ ആലംബമറ്റവരുടെ കണ്ണീര്‍ചാലില്‍ ഒലിച്ചുപോകാനേ ഉള്ളൂ നിങ്ങളുടെ അധികാരസിംഹാസനങ്ങളെന്ന് മനസ്സിലാക്കണം. തൊഴിലാളികള്‍ക്കായുള്ള പ്രിയങ്കയുടെ കരുണാഹസ്തം അതുകൊണ്ടുതന്നെ തികച്ചും മനുഷ്യത്വപരമായിരിക്കുന്നു.

SHARE