ഇത് കൊടുംവഞ്ചന


കോവിഡ്-19നെ പ്രതിരോധിക്കുന്ന കാര്യത്തില്‍ കേരളം ലോകത്തുതന്നെ മുന്‍പന്തിയിലാണെന്നും വിദേശികള്‍പോലും സംസ്ഥാനത്ത് കോവിഡ്കാലത്ത്് തികഞ്ഞതൃപ്തി രേഖപ്പെടുത്തിയിരിക്കയാണെന്നുമൊക്കെയായിരുന്നു സര്‍ക്കാരും മുഖ്യമന്ത്രിയും നിരവധിതവണ ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. അതേസമയംതന്നെയാണ് മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ ആരംഭിച്ചപ്പോള്‍ മുതല്‍ വിവരണാതീതമായ പ്രയാസങ്ങളില്‍ ഇതേ കേരളത്തില്‍ ജനിച്ചുവളര്‍ന്ന മലയാളിപ്രവാസിസമൂഹം അകപ്പെട്ടത്. ലോകത്തിന്റെ വിവിധനാടുകളില്‍ കോവിഡ് വ്യാപിക്കുകയും ആയിരങ്ങള്‍ മരിക്കുകയുംചെയ്യുമ്പോള്‍ ലോകത്താകെയുള്ള മലയാളികളും പ്രവാസികുടുംബങ്ങളും അക്ഷരാര്‍ത്ഥത്തില്‍ തീ തിന്നുകയായിരുന്നു. മുപ്പതു ലക്ഷത്തോളം മലയാളികളുള്ള ഗള്‍ഫിലുള്‍പ്പെടെ മരണസംഖ്യവര്‍ധിക്കുന്നതുകാരണം എത്രയുംപെട്ടെന്ന് സ്വന്തംനാടുകളിലേക്കെത്താനാണ് പ്രവാസിസമൂഹം ആഗ്രഹിച്ചത്. അന്താരാഷ്ട്ര വിമാനസര്‍വീസുകള്‍ മാര്‍ച്ച്22ന് നിര്‍ത്തലാക്കിയതോടെ അന്യനാടുകളില്‍ ചെലവിന് പോലും പണമില്ലാതെ കുടുങ്ങുകയായിരുന്നു തൊഴിലും വിസയും നഷ്ടപ്പെട്ട തൊഴിലാളികളും വിദ്യാര്‍ത്ഥികളും യാത്രക്കാരും അടക്കമുള്ള ലക്ഷക്കണക്കിന് മലയാളികള്‍. ഇവര്‍ക്ക് ഇന്ത്യയിലേക്കുവരാന്‍ മെയ് ഏഴുമുതല്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും മതിയായ ക്വാറന്റൈന്‍ സൗകര്യം ഉറപ്പാകുമോ എന്നതായിരുന്നു പലരുടെയും ഭയം. എന്നാല്‍ ഒരു തരത്തിലുള്ള ഭീതിയും വേണ്ടെന്നും തിരിച്ചെത്തിയാല്‍ മതിയെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തുടര്‍ച്ചയായ അറിയിപ്പ്. പക്ഷേ ആ വാക്കുകളെല്ലാം അട്ടിമറിച്ച് കേരളസര്‍ക്കാര്‍ ഇപ്പോള്‍ പറയുന്നത് തിരക്കുപിടിച്ച് ആരും നാട്ടിലേക്ക് വരേണ്ടെന്നാണ്. കഴിഞ്ഞദിവസം മുഖ്യമന്ത്രിയും ആരോഗ്യവകുപ്പുമന്ത്രി കെ.കെ ശൈലജയും ഇക്കാര്യം ആവര്‍ത്തിച്ചതോടെ പ്രവാസികള്‍ ഒരു കൊടുംവഞ്ചനയുടെ രുചിയറിയുകയായിരുന്നു. അതിലുമേറെ കടന്ന് ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായിവിജയന്‍ മറ്റൊരു ഇരുട്ടടികൂടി വിദേശങ്ങളിലെ മലയാളിപ്രവാസികള്‍ക്ക് നല്‍കിയിരിക്കുകയാണ്. വിദേശത്തുനിന്ന് വരുന്നവര്‍ക്കുള്ള സമ്പര്‍ക്കവിലക്കിന്റെ ചെലവ് സര്‍ക്കാരിന് ഇനി വഹിക്കാനാകില്ലെന്നും അവരവര്‍തന്നെ അത് വഹിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ചുരുക്കത്തില്‍ കഴിഞ്ഞ രണ്ടുമാസത്തിലധികമായി കേരളസര്‍ക്കാര്‍ കൊട്ടിഘോഷിച്ച കോവിഡ് പ്രതിരോധത്തിലെ പൊയ്മുഖങ്ങളെല്ലാം ഒറ്റയടിക്ക് അഴിഞ്ഞുവീണിരിക്കുകയാണ് ഈ ഒരൊറ്റ അറിയിപ്പിലൂടെ. ഇതായിരിക്കുമോ കോവിഡ്പ്രതിരോധത്തിന്റെ കാര്യത്തില്‍ പിണറായി സര്‍ക്കാരിന് മലയാളികളോടെല്ലാവരോടും ഇനി പറയാനുള്ളതെന്നേ ഇനി കാത്തിരിക്കാനുള്ളൂ. വാക്കുപാലിക്കാത്തവരെ വിളിക്കുന്നത് പിതൃശൂന്യരെന്നാണ്!
മെയ്ഏഴിന് കേന്ദ്രസര്‍ക്കാര്‍ ‘വന്ദേഭാരതം’ പരിപാടിയിലൂടെ വിദേശങ്ങളില്‍നിന്ന് ഇന്ത്യക്കാരെ കൊണ്ടുവന്നുതുടങ്ങുന്നതിന് മുമ്പുതന്നെ കേരളസര്‍ക്കാര്‍ സംസ്ഥാനം പൂര്‍ണസജ്ജമാണെന്നും കേന്ദ്രം വൈകിയാണ് തീരുമാനമെടുത്തതെന്നുമാണ് പറഞ്ഞുകൊണ്ടിരുന്നത്. ഏത് അടിയന്തിരസാഹചര്യത്തെയും നേരിടാന്‍ സജ്ജമാണെന്നും രണ്ടരലക്ഷത്തോളം കിടക്കകള്‍ സര്‍ക്കാര്‍ തയ്യാറാക്കിക്കഴിഞ്ഞെന്നുമായിരുന്നു ഔദ്യോഗികഭാഷ്യം. എന്നാല്‍ വെറും 11,000 ത്തില്‍ ചില്വാനംപേര്‍ മാത്രം 20 ദിവസത്തിനിടെ കേരളത്തിലെത്തിയപ്പോഴേക്കും സര്‍ക്കാര്‍ അവകാശപ്പെട്ടതെല്ലാം സ്വയംവിഴുങ്ങുന്ന അനുഭവമാണ് ഉണ്ടായിരിക്കുന്നത്. പിണറായിസര്‍ക്കാരിന്റെ പ്രവാസികളോടുള്ള പതിവുസമീപനം തന്നെയാണ് കോവിഡിന്റെ കാര്യത്തിലും സംഭവിച്ചിരിക്കുന്നതെന്നര്‍ത്ഥം.
പിണറായി വിജയന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത 2016ല്‍ ആദ്യമായി ഗള്‍ഫ്‌നാടുകളിലേക്ക് അദ്ദേഹം നടത്തിയ സന്ദര്‍ശനത്തിലെ സ്വീകരണപരിപാടിയില്‍ അദ്ദേഹം പല മോഹനവാഗ്ദാനങ്ങളും പ്രവാസികള്‍ക്കുമുന്നില്‍ മലവെള്ളംപോലെ അവതരിപ്പിക്കുകയുണ്ടായി. അതിലൊന്നായിരുന്നു പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചുവന്നാല്‍ പുനരധിവാസത്തിന് പദ്ധതി തയ്യാറാക്കുമെന്നും ജോലിനഷ്ടപ്പെട്ടവര്‍ക്ക് ആറുമാസത്തെ ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്നുമൊക്കെ. പ്രവാസിപെന്‍ഷന്‍, വ്യവസായസംരംഭകസഹായം തുടങ്ങിയ വാഗ്ദാനങ്ങളും അദ്ദേഹം എടുത്തുകാട്ടി. എന്നാല്‍ കണ്ണൂരിലും കൊല്ലത്തുമുള്‍പ്പെടെ പ്രവാസിമലയാളികള്‍ക്ക് വ്യവസായം തുടങ്ങിയതിന്റെ പേരില്‍ ജീവനുകള്‍പോലും ഭരണകക്ഷിക്കാരുടെ ഭീഷണിയില്‍ ഒടുക്കേണ്ടിവന്നപ്പോള്‍ മിണ്ടാട്ടം മുട്ടിയിരിക്കുകയായിരുന്നു ഈ മുഖ്യമന്ത്രി. ചതിയുടെ കഥ അവസാനിക്കുന്നില്ല. ന്യൂനപക്ഷകാര്യമന്ത്രി മെയ്6 ന് സമൂഹമാധ്യമത്തില്‍ ‘കേരളം തയ്യാര്‍’ എന്ന തലക്കെട്ടിലെഴുതിയ കുറിപ്പില്‍ പറഞ്ഞത് ഇങ്ങനെ: ‘കേന്ദ്രസര്‍ക്കാര്‍ എത്രപേരെ നാട്ടിലെത്തിച്ചാലും അത്രയുംപേരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ കേരളം നേരത്തെതന്നെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരുന്നു. അതിനുള്ള മുഴുവന്‍ചെലവും സംസ്ഥാനസര്‍ക്കാരാണ് വഹിക്കുകയെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു’. ഇന്നലെ മലയാളികളില്‍ ബഹുഭൂരിപക്ഷവും പ്രതിപക്ഷം സര്‍വകക്ഷിയോഗത്തിലും സര്‍ക്കാരിനെതിരെ ശക്തമായവിമര്‍ശനം ഉയര്‍ത്തിയതോടെ പതുക്കെ പ്രശ്‌നത്തില്‍നിന്ന് തലയൂരുകയാണ് മുഖ്യമന്ത്രി ചെയ്തിരിക്കുന്നത്. മിനിഞ്ഞാന്ന് ‘പാവപ്പെട്ടവരായാലും വിദേശത്തുനിന്ന് വരുന്നവര്‍ ചെലവ ്‌വഹിക്കണമെന്നാ’ വര്‍ത്തിച്ച പിണറായിവിജയന്‍ മറിച്ച് തീരുമാനമുണ്ടാകുമെന്ന് അറിയിച്ചിരിക്കുകയാണിപ്പോള്‍.
നാലരലക്ഷത്തോളം പേരാണ് വിദേശങ്ങളില്‍നിന്ന് കേരളത്തിലേക്ക് വരാനായി നോര്‍ക്കയിലും എംബസിയിലുമായി പേര് രജിസ്റ്റര്‍ചെയ്ത് കാത്തിരിക്കുന്നത്. ഇതരസ്ഥാനങ്ങളില്‍നിന്ന് രണ്ടുലക്ഷത്തിലധികം പേരും. കഴിഞ്ഞ 20ദിവസത്തിനിടയില്‍ വെറും 11,000 പേരെ മാത്രമേ വിദേശത്തുനിന്ന് എത്തിക്കാനായിട്ടുള്ളൂ. അതില്‍ വിമാനച്ചെലവ് വഹിച്ചത് കെ.എം.സി.സി പോലുള്ള സന്നദ്ധസംഘടനകളും. സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ നയാപൈസപോലും ചെലവഴിച്ചിട്ടില്ല. ക്വാറന്റൈന്‍ ചെലവ് പലരുംവഹിക്കുന്നത് സ്വന്തം പണമെടുത്താണ്. ചെറിയൊരുശതമാനം പേര്‍ മാത്രമാണ് സര്‍ക്കാരിന്റെ ഏഴുദിവസത്തെ ക്വാറന്റൈനില്‍ കഴിയുന്നത്. ഇവര്‍ക്കുള്ള ഭക്ഷണമാകട്ടെ പഞ്ചായത്തുകള്‍മുഖേന നാട്ടിലെ നല്ല മനസ്സുള്ളവരുടെ പക്കല്‍നിന്നും. ആകെ ചെലവ് കെട്ടിട വാടക മാത്രവും. എന്നിട്ടാണ് ഈ ചെറിയ തുകക്കുവേണ്ടി ‘നാടിന്റെ നട്ടെല്ലെ’ന്ന് വിളിച്ച നാവുകൊണ്ടുതന്നെ മുഖ്യമന്ത്രി പണം ആവശ്യപ്പെടുന്നത്. പാലുകൊടുത്ത കൈക്ക് കൊത്തുന്ന പണിയായി ഇത്. കോടികള്‍ ലോക കേരളസഭക്കും ടി.വിഷോക്കും ധൂര്‍ത്തിനുമായി ചെലവഴിച്ചിട്ടുള്ള പിണറായി സര്‍ക്കാരിന് കേരളം കെട്ടിപ്പടുത്ത പ്രവാസികള്‍ വലിയപ്രയാസം നേരിട്ടപ്പോള്‍ കണ്ണില്‍ചോരയില്ലാതെ പെരുമാറാന്‍ കഴിയുന്നതെങ്ങനെയെന്നാണ് പലരും ചോദിക്കുന്നത്. സി.പി.എമ്മിനെക്കുറിച്ചറിയാത്ത ശുദ്ധമനസ്‌കര്‍ക്കല്ലാതെ അങ്ങനെ സംശയിക്കാനാകില്ല.

SHARE