Connect with us

Video Stories

ആസ്പത്രികള്‍വഴി രോഗം പടരുന്നത് ആശങ്കാജനകം

Published

on

രക്തദാനത്തിന് ഏറ്റവും വിപുലമായ പ്രചാരണമാണ് നമ്മുടെ സര്‍ക്കാരുകളും പൊതുസമൂഹവും നല്‍കിവരാറുള്ളത്. അടിയന്തിരമായി രക്തം കയറ്റേണ്ടിവരുമ്പോള്‍ പെട്ടെന്നുതന്നെ രോഗിക്ക് യോജിച്ചരക്തം മുന്‍കൂട്ടി ലഭ്യമാക്കുന്നതിനായാണ് രക്തദാനവും ശേഖരണവും എന്നരീതി പരിഷ്‌കൃതസമൂഹം സംവിധാനിച്ചുവെച്ചിട്ടുള്ളത്.. നിര്‍ഭാഗ്യകരമെന്നുപറയട്ടെ, രക്തം ദാനം ചെയ്യുന്നവരില്‍നിന്ന് ദാനപ്രക്രിയവഴി അറിഞ്ഞോ അറിയാതെയോ ദാതാവിന്റെ ശരീരത്തിലുള്ള രോഗം സ്വീകര്‍ത്താവായ രോഗിയിലേക്ക് പടരുന്നു എന്നത് നമ്മുടെ സാങ്കേതികവിദ്യയുടെ പോരായ്മയായേ വിലയിരുത്തപ്പെടാന്‍ കഴിയൂ. ഒരു മഹത്പുണ്യം മഹാഅപരാധമായി മാറുന്ന അനുഭവം. ഇത് രക്തംസ്വീകരിക്കുന്ന ആരെ സംബന്ധിച്ചിടത്തോളവും അത്യന്തം വേദനാജനകമാണ്. എയ്ഡ്‌സ് പോലെയുള്ള അതിമാരകമായ രോഗങ്ങളാണ് രക്തദാനത്തിലൂടെ പകരുന്നത് എന്നത് അതിലുമേറെ വലിയ ആശങ്കകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.
രക്തം സ്വീകരിച്ചതിലൂടെ തിരുവനന്തപുരം റീജീണല്‍കാന്‍സര്‍ സെന്ററില്‍ ആലപ്പുഴ സ്വദേശിയായ രോഗിക്ക് എയ്ഡ്‌സ് രോഗം പടര്‍ന്നതായി കണ്ടെത്തിയെന്ന് കഴിഞ്ഞയാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. കാന്‍സര്‍ രോഗിയായ ബാലികക്കാണ് ചികില്‍സക്കിടെ എച്ച്.ഐ.വി അണുബാധ ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്. ഒരുരോഗം ചികില്‍സിച്ച് ഭേദമാക്കാന്‍ രോഗിയും അയാളുടെ ബന്ധുക്കളും പെടുന്ന ബുദ്ധിമുട്ടും സാമ്പത്തികച്ചെലവുകളും തന്നെ വലിയ ജീവിതഭാരമായിരിക്കുമ്പോള്‍ ചികില്‍സക്കിടെ മറ്റൊരു മാരകരോഗം പിടികൂടപ്പെടുക എന്നത് ഊഹിക്കാന്‍ പോലുമാകുന്നില്ല. ഭിക്ഷ കിട്ടിയില്ലെങ്കിലും പട്ടിയുടെ കടികൊള്ളുന്ന അവസ്ഥ. അര്‍ബുദ ചികില്‍സയുടെ ഭാഗമായുള്ള നാലാമത്തെ കീമോതെറാപ്പിക്ക് ശേഷം രോഗിയായ കുട്ടിയുടെ അമ്മക്ക് നല്‍കിയ രേഖയില്‍നിന്നാണ് കുട്ടിക്ക് എച്ച്.ഐ.വി ബാധ ഉള്ളതായി മാതാപിതാക്കളുടെ ശ്രദ്ധയില്‍പെടുന്നത്. കുട്ടിയെ ചികിസിച്ച ഡോക്ടര്‍ രോഗിയുടെ ബന്ധുക്കളോട് ആ വിവരം പറയാതിരുന്നത് അതിലും വലിയ അല്‍ഭുതമായിരിക്കുന്നു. തന്റെ പിഴവ് മൂലമാണ് കുട്ടിക്ക് പുതിയ രോഗം വന്നതെന്ന തിരിച്ചറിവിലുള്ള ജാള്യതയും ഭയവും മൂലമായിരിക്കാം പ്രസ്തുത ഭിഷഗ്വരന്‍ ആ വിലപ്പെട്ട വിവരം രോഗിയുടെ ബന്ധുക്കളില്‍ നിന്ന് മറച്ചുവെച്ചത്. ബന്ധുക്കള്‍ വിശദീകരണം തേടിയപ്പോള്‍ പോലും രോഗിക്ക് കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന ഒഴുക്കന്‍ മറുപടിയാണ് ലഭിച്ചതെന്നാണ് രോഗിയുടെ പിതാവ് മാധ്യമങ്ങളോട് വെളിപ്പെടുത്തിയത്. മന്ത്രിക്ക് മാതാപിതാക്കള്‍ നല്‍കിയ പരാതിയെതുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അര്‍ബുദത്തിന് ചികില്‍സിച്ച ആര്‍.സി.സി ആസ്പത്രിയില്‍ നിന്നല്ല എയ്ഡ്‌സ് ബാധ ഉണ്ടായതായി കണ്ടെത്തിയിട്ടുള്ളത്. ആലപ്പുഴയിലെ ഒരു ആതുരകേന്ദ്രത്തില്‍ വെച്ചാവാം എയ്ഡ്‌സ് ബാധിച്ചതെന്നാണ് പ്രാഥമികമായ നിഗമനം. ബാലികക്ക് രക്തം നല്‍കിയ നാല്‍പതോളം പേരെ പരിശോധനക്ക് വിധേയമാക്കിയിരിക്കയാണിപ്പോള്‍.
പ്രശ്‌നത്തിന്റെ സാങ്കേതികവശങ്ങളിലേക്ക് കടക്കുമ്പോള്‍ മനസ്സിലാകുന്നത്, രക്തംദാനം ചെയ്യുന്ന വ്യക്തിക്ക് എയ്ഡ്‌സ് രോഗം ഉള്ളതായി അറിവില്ലെങ്കില്‍ അത് പടരാനുള്ള സാധ്യതയാണ് ഒന്ന്. മറ്റൊന്നുള്ളത്, രക്തം ദാനംചെയ്ത ശേഷവും രണ്ടാഴ്ച വരേക്കും എച്ച്.ഐ.വി ബാധ സ്വീകര്‍ത്താവില്‍ തെളിയില്ലെന്നതാണ്. സാങ്കേതികവിദ്യയുടെ പോരായ്മയാണിത്. ആര്‍.സി.സി കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ പ്രമുഖമായതും അര്‍ബുദചികില്‍സാംരംഗത്ത് ഏറെ ആദരിക്കപ്പെടുന്നതുമായ ആതുരാലയമാണ്. രക്തദാനം നടത്തുന്നതിനു മുമ്പ് നടത്തപ്പെടുന്ന എലീസ പരിശോധനയില്‍ എയ്ഡ്‌സ് രോഗാണു തെളിയില്ലത്രെ. ആര്‍.സി.സി യിലും സ്ഥിതി സമംതന്നെ. എന്നാല്‍ നൂതനമായ ന്യൂക്ലിക് ആസിഡ് പരിശോധന ( നാറ്റ് ) യില്‍ ഈ കാലാവധി ബാധകമല്ല. അപ്പോള്‍ നമ്മുടെ ആസ്പത്രികളില്‍ പ്രതിദിനം നടക്കുന്ന ആയിരക്കണക്കിന് ആളുകളുടെ രക്തദാനവും രക്തസ്വീകരണവും ഉയര്‍ത്തുന്ന ആശങ്ക ഒട്ടും സുരക്ഷിതവും ലളിതവുമേയല്ലെന്നുവരുന്നു.
കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ ആറു കുട്ടികള്‍ക്ക് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ആലപ്പുഴ സ്വദേശിയായ ബാലികയുടെ മാതാപിതാക്കളില്‍ നടത്തിയ പരിശോധനയില്‍ എയ്ഡസ് ബാധ കണ്ടെത്തിയിട്ടില്ല എന്നതും ഇതുസംബന്ധിച്ച ജാഗ്രതയിലേക്കാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഇടുക്കിയിലെ ഒരു കുട്ടിക്കും സമാനമായി രോഗം പിടികൂടപ്പെട്ടിട്ടുണ്ട്. ഇതിനുപുറമെ 2012 ജൂലൈയില്‍ വയനാട്ടിലെ മാനന്തവാടിയില്‍ നിന്നുള്ള കുട്ടിക്ക് രക്തസ്വീകരണത്തിലൂടെ എയ്ഡ്‌സ് പടര്‍ന്നിരുന്നു. തലാസിമിയ എന്ന അര്‍ബുദരോഗത്തിനുള്ള ചികില്‍സക്കിടെയായിരുന്നു രോഗബാധ. അന്വേഷണത്തില്‍ മാനന്തവാടി ജില്ലാ ഗവ.ആസ്പത്രിയിലും കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികില്‍സിച്ചിരുന്നെന്നും അവിടങ്ങളിലെവിടെയോ വെച്ച് രോഗം പടര്‍ന്നിരിക്കാമെന്നുമായിരുന്നു കണ്ടെത്തിയത്. ഒടുവില്‍ സര്‍ക്കാരിന് 12 ലക്ഷംരൂപ ഖജനാവില്‍ നിന്ന ്‌നഷ്ടപരിഹാരം നല്‍കേണ്ടിവന്നു. സമാനമായ രീതിയില്‍ പാലക്കാട്ടെ രണ്ടുകുട്ടികള്‍ക്കും കോഴിക്കോട്ടെ മറ്റൊരു കുട്ടിക്കും എയ്ഡ്‌സ് പടരുകയുണ്ടായെന്നാണ് റിപ്പോര്‍ട്ട്.
മതിയായി സ്‌റ്റെറിലൈസേഷന്‍ നടത്താത്ത സിറിഞ്ചുകളുടെ ഉപയോഗവും ജീവനക്കാരുടെയും ഡോക്ടര്‍മാരുടെയും അവധാനതക്കുറവും സാങ്കേതികത്തകരാറുകളുമെല്ലാം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യതയെയാണ് നമുക്കുമുന്നില്‍ തുറന്നിട്ടിരിക്കുന്നത്. രക്തം പോയിട്ട് ഉമിനിരില്‍കൂടി പോലും പകരുന്നതാണ് എച്ച്.ഐ.വി അണു. ഇക്കാര്യങ്ങള്‍ അറിയാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ ആതുരാലയങ്ങളില്‍പോലും ഇതിനുതക്ക സംവിധാനങ്ങള്‍ ഇനിയും ഉണ്ടായിട്ടില്ല എന്നത് നമ്മെയെല്ലാം ഇരുത്തിച്ചിന്തിപ്പിക്കേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന തിരുവനന്തപുരം ആര്‍.സി.സിയില്‍ ഉള്‍പ്പെടെ സംസ്ഥാനത്ത് ചികില്‍സക്കിടെ എയ്ഡ്‌സ് ബാധിച്ച കുട്ടികളുടെ കാര്യത്തില്‍ രക്തസ്വീകരണം വഴിയല്ല രോഗം പടര്‍ന്നതെന്ന വിവരവും സുരക്ഷിതമല്ലാത്ത ആതുരാലയസംവിധാനങ്ങളിലേക്കാണ് വീണ്ടും വിരല്‍ചൂണ്ടപ്പെടുന്നത്.
ജനങ്ങളുടെ ജീവനും ആരോഗ്യവും സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ അടിസ്ഥാനമായ കടമയാണെന്നിരിക്കെ ആസ്പത്രികള്‍ വഴി രോഗം പകരുന്നുവെന്നത് ചെറുതായി കാണേണ്ടതല്ല. സര്‍ക്കാര്‍ ആസ്പത്രികളുടെ കണക്ക് മേല്‍പറഞ്ഞതാണെങ്കില്‍ സംസ്ഥാനത്തെ ഡസന്‍കണക്കിന് സ്വകാര്യ ആതുരാലയങ്ങളിലെ തികില്‍സാ-പരിശോധനാസംവിധാനങ്ങളുടെ സുരക്ഷിതത്വത്തെക്കുറിച്ച് കൂടുതലെന്തെങ്കിലും പറയേണ്ടതുണ്ടോ. പ്രതിദിനം അഞ്ചുലക്ഷം യൂണിറ്റ് രക്തം സംസ്ഥാനത്ത് ദാനം ചെയ്യപ്പെടുന്നതായാണ് കണക്ക്. സൗജന്യമായും ദാതാക്കളില്‍ ചിലര്‍ പണത്തിനുവേണ്ടിപോലും രക്തം ദാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഇവരെ മതിയായ പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടോ എന്നത് രക്തം സ്വീകരിക്കുന്നവരും രക്തബാങ്കുകളും ആസ്പത്രികളും ഡോക്ടര്‍മാരും അവരുടെ സംഘടനകളുമൊക്കെ ആലോചിക്കണം. എലീസക്ക് പകരം എല്ലാ രക്തസാമ്പിളുകളും നാറ്റ് പരിശോധനക്ക് വിധേയമാക്കുന്നുണ്ടെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം. എന്നിട്ടൊക്കെ മതി രക്തദാനത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇനിയെങ്കിലും പ്രചുരപ്രചാരണം നടത്താന്‍.

Health

ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ് വേനല്‍ കനത്തതോടെ ചിക്കന്‍ പോക്‌സ് പടരുന്നു

സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം.

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹചര്യത്തില്‍ ചിക്കന്‍ പോക്സിനെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. സ്വയം ചികിത്സ പാടില്ല. രോഗ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ എത്രയും വേഗം ചികിത്സ തേടണം. ശിശുക്കള്‍, കൗമാരപ്രായക്കാര്‍, മുതിര്‍ന്നവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍, കാന്‍സര്‍ ബാധിതര്‍, അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവര്‍, കീമോതെറാപ്പി, സ്റ്റീറോയിഡ് മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍, ദീര്‍ഘകാലമായി ശ്വാസകോശ/ ത്വക്ക് രോഗമുള്ളവര്‍ എന്നിവര്‍ക്ക് രോഗം ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ പ്രത്യേകം ശ്രദ്ധിക്കണം.

എന്താണ് ചിക്കന്‍ പോക്സ്

വേരിസെല്ലാ സോസ്റ്റര്‍ എന്ന വൈറസ് മൂലമുളള പകര്‍ച്ചവ്യാധിയാണ് ചിക്കന്‍ പോക്സ്. ഇതുവരെ ചിക്കന്‍ പോക്സ് വരാത്തവര്‍ക്കോ, വാക്സിന്‍ എടുക്കാത്തവര്‍ക്കോ ഈ രോഗം വരാന്‍ സാധ്യതയുണ്ട്.
രോഗപ്പകര്‍ച്ച

ചിക്കന്‍ പോക്സ്, ഹെര്‍പ്പിസ് സോസ്റ്റര്‍ രോഗമുളളവരുമായി അടുത്ത സമ്പര്‍ക്കത്തിലൂടെയും കുമിളകളിലെ സ്രവങ്ങളിലൂടെയും ചുമ, തുമ്മല്‍ എന്നിവയിലൂടെയുള്ള കണങ്ങള്‍ ശ്വസിക്കുന്നത് വഴിയും ചിക്കന്‍ പോക്സ് ബാധിക്കാം. ശരീരത്തില്‍ കുമിളകള്‍ പൊന്തി തുടങ്ങുന്നതിന് രണ്ട് ദിവസം മുന്‍പ് മുതല്‍ അവ ഉണങ്ങുന്നതു വരെ രോഗം പകരാം. 10 മുതല്‍ 21 ദിവസം വരെ രോഗലക്ഷണങ്ങള്‍ പ്രകടമാകും.

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, ശരീരവേദന, വിശപ്പില്ലായ്മ, തലവേദന, ശരീരത്തില്‍ കുമിളകള്‍ എന്നിവയാണ് രോഗ ലക്ഷണങ്ങള്‍. മുഖം, ഉദരഭാഗം, നെഞ്ച്, പുറം, കൈകാലുകള്‍ എന്നിവിടങ്ങളില്‍ തടിപ്പുകളായി ആരംഭിച്ച് പിന്നീട് വെള്ളം കെട്ടിനില്‍ക്കുന്ന കുമിളകള്‍ വന്ന് നാലു മുതല്‍ ഏഴ് ദിവസത്തിനുള്ളില്‍ അവ പൊട്ടുകയോ ഉണങ്ങുകയോ ചെയ്യും.

കൂടുതല്‍ ശ്രദ്ധിക്കേണ്ടത്

4 ദിവസത്തില്‍ കൂടുതലുളള പനി, കഠിനമായ പനി, കുമിളകളില്‍ കഠിനമായ വേദന/ പഴുപ്പ്, അമിതമായ ഉറക്കം, ആശയകുഴപ്പം, സംഭ്രമാവസ്ഥ, നടക്കാനുള്ള ബുദ്ധിമുട്ട്, കഴുത്ത് വേദന, അടിക്കടിയുളള ഛര്‍ദ്ദില്‍, ശ്വാസംമുട്ട്, കഠിനമായ ചുമ, കഠിനമായ വയറുവേദന, രക്തസ്രാവം എന്നീ രോഗ ലക്ഷണങ്ങള്‍ കാണുന്നെങ്കില്‍ വളരെ ശ്രദ്ധിക്കണം. ഇവ ചിക്കന്‍ പോക്സിന്റെ സങ്കീര്‍ണതകളായ ന്യുമോണിയ, മസ്തിഷ്‌കജ്വരം, കരള്‍ വീക്കം, സെപ്സിസ് തുടങ്ങിയവയുടെ ലക്ഷണങ്ങളായതിനാല്‍ എത്രയും വേഗം ചികിത്സ തേടേണ്ടതാണ്.

രോഗം വന്നാല്‍ ശ്രദ്ധിക്കേണ്ടവ

വായു സഞ്ചാരമുളള മുറിയില്‍ പരിപൂര്‍ണമായി വിശ്രമിക്കുക. ധാരാളം വെളളം കുടിക്കുക. പഴവര്‍ഗങ്ങള്‍ കഴിക്കുക. മറ്റുളളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക. രോഗി ഉപയോഗിച്ച വസ്ത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്. അവ ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് അണുവിമുക്തമാക്കുക. ചൊറിച്ചിലുള്ള ഭാഗത്ത് കലാമിന്‍ ലോഷന്‍ പുരട്ടുക. ശരീരം മൃദുവായ നനഞ്ഞ തുണി കൊണ്ട് ഇടയ്ക്കിടെ ഒപ്പിയെടുക്കുക.ചിക്കന്‍ പോക്സ് ചികിത്സയിലാണെങ്കിലും സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മരുന്നുകള്‍ ഒന്നും തന്നെ നിര്‍ത്തരുത്.

Continue Reading

india

അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റ്: മാര്‍ച്ച് 31ന് ഇന്ത്യ മുന്നണിയുടെ മഹാറാലി

മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് മഹാറാലിയുമായി ഇന്ത്യ മുന്നണി. മാര്‍ച്ച് 31ന് രാംലീല മൈതാനിയിലാണ് പരിപാടിയെന്ന് ഡല്‍ഹി മന്ത്രിയും ആപ്പ് നേതാവുമായ ഗോപാല്‍ റായ് പറഞ്ഞു.

രാജ്യത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകാധിപത്യമാണ്. പ്രതിപക്ഷ പാര്‍ട്ടികളെ തകര്‍ക്കാന്‍ പ്രധാനമന്ത്രി അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നു. അറസ്റ്റ് മാത്രമല്ല ബി.ജെ.പി ചെയ്തത്. ആം ആദ്മി പാര്‍ട്ടിയുടെ ഓഫീസ് സീല്‍ ചെയ്യുകയുമുണ്ടായി. നേതാക്കള്‍ക്ക് പാര്‍ട്ടി ആസ്ഥാനത്ത് എത്താന്‍ പോലും സാധിച്ചില്ല.

രണ്ട് വര്‍ഷമായി ഡല്‍ഹി മദ്യനയ അഴിമതിയില്‍ അന്വേഷണം നടത്തിയിട്ടും ഒന്നും കണ്ടെത്തിയിട്ടില്ല. ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ അഴിമതി പണം എവിടെപ്പോയെന്നു വ്യക്തമായതാണ്. ബി.ജെ.പിക്കാണ് എല്ലാ അഴിമതി പണവും ലഭിച്ചത്. ബി.ജെ.പി ഇലക്ടറല്‍ ബോണ്ടിലൂടെ അഴിമതി നടത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പോരാട്ടമാണിതെന്ന് കോണ്‍ഗ്രസ് നേതാവ് അരവിന്ദര്‍ സിങ് ലൗലി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിലെ എല്ലാ പാര്‍ട്ടികളും ഒറ്റക്കെട്ടാണ്. ഞായറാഴ്ച നടക്കുന്ന റാലിയില്‍ ഇന്ത്യ സഖ്യത്തിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുക്കും. രാജ്യത്തെ സംരക്ഷിക്കാനാണ് റാലി.

ജനാധിപത്യവും സ്വാതന്ത്ര്യവും അട്ടിമറിക്കപ്പെടുകയാണ്. കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. മുഖ്യമന്ത്രിമാര്‍ അറസ്റ്റിലാകുന്നു. എല്ലാ വിഭാഗം ജനങ്ങളെയും റാലിയിലേക്ക് സ്വാഗതം ചെയ്യുകയാണെന്നും അരവിന്ദര്‍ സിങ് ലൗലി കൂട്ടിച്ചേര്‍ത്തു.

Continue Reading

kerala

സ്വർണവില 50,000ലേക്ക്; പവന് 800 രൂപയാണ് ഇന്ന് വർധിച്ചത്

ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില 50,000ലേക്ക്. ഓരോ ദിവസം കഴിയുന്തോറും റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറുന്ന സ്വര്‍ണവില ഇന്ന് 49,000 കടന്നു. ഇന്ന് 800 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 49,440 രൂപയായി. ഗ്രാമിന് 100 രൂപയാണ് വര്‍ധിച്ചത്. 6180 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തിന്റെ തുടക്കത്തില്‍ 46,320 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാഴ്ചയ്ക്കിടെ 3000 രൂപയിലധികമാണ് വര്‍ധിച്ചത്. ഒന്‍പതിന് 48,600 രൂപയായി ഉയര്‍ന്നാണ് ആദ്യം സര്‍വകാല റെക്കോര്‍ഡിട്ടത്. ചൊവ്വാഴ്ച 48,640 രൂപയായി ഉയര്‍ന്ന് റെക്കോര്‍ഡ് തിരുത്തി. ഈ റെക്കോര്‍ഡ് മറികടന്നാണ് ഇന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്.

Continue Reading

Trending