Connect with us

Video Stories

കേരളത്തെ മദ്യത്തില്‍ മുക്കിക്കൊല്ലണോ

Published

on

മലയാളിക്ക് ഹോട്ടലില്‍ചെന്ന് ‘ഒരു ചായയും കടിയും’ എന്നതിന് പകരം ഇനിമുതല്‍ ‘ഒരു ബിയറും കടിയും’ എന്നു മാറ്റിപ്പറയാം! മദ്യ ഫാക്ടറികള്‍ക്ക് പുറമെ സംസ്ഥാനത്തെ ഹോട്ടലുകള്‍ക്കും മദ്യം നിര്‍മിച്ച് വില്‍ക്കാന്‍ അനുവാദം നല്‍കുന്നതിനുള്ള നടപടികളിലാണ് സംസ്ഥാനത്തെ ഇടതുമുന്നണി സര്‍ക്കാരെന്ന റിപ്പോര്‍ട്ട് സമാധാനവും പുരോഗതിയും കാംക്ഷിക്കുന്ന ജനങ്ങളിലാകെ വന്‍ ഞെട്ടലാണ് ഉളവാക്കിയിരിക്കുന്നത്. പത്ത് ഹോട്ടലുകള്‍ ഇതുസംബന്ധിച്ച് അനുമതി ചോദിച്ചെന്നാണ് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ അറിയിച്ചിരിക്കുന്നത്. കര്‍ണാടകയില്‍ ഏതാനും ഹോട്ടലുകളില്‍ മൈക്രോബ്രിവറികള്‍ സ്ഥാപിച്ച് ബിയര്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്നും ഇത് മാതൃകയാക്കാനാണ് കേരളം താല്‍പര്യപ്പെടുന്നതെന്നുമാണ് കമ്മീഷണര്‍ ഋഷിരാജ്‌സിങ് അറിയിച്ചിരിക്കുന്നത്. എക്‌സൈസ് കമ്മീഷണര്‍ക്ക് ഒരു സുപ്രഭാതത്തില്‍ ഉറക്കമെണീറ്റപ്പോള്‍ തോന്നിയ വെളിപാടല്ല ഈ മൈക്രോബ്രിവറീസ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ ആലോചിച്ചതും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊടിതട്ടിയെടുത്തതുമായൊരു നിര്‍ദേശമാണ് ഇപ്പോള്‍ മാധ്യമങ്ങള്‍വഴി പുറത്തുവന്നിരിക്കുന്നത് എന്നതാണ് യാഥാര്‍ഥ്യം.
സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയതനുസരിച്ചാണ് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങ് ഈ മാസം പകുതിയോടെ ബംഗളൂരു സന്ദര്‍ശിച്ച് മൈക്രോ ബ്രിവറികളെക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ഇത് ഉടന്‍ തന്നെ സര്‍ക്കാരിന് സമര്‍പ്പിക്കാനിരിക്കെ എന്തിനാണ് വാര്‍ത്ത പുറത്തുവിട്ടത് എന്നത് സംശയാസ്പദമാണ്. മദ്യമൊഴുക്കിനെതിരെ വ്യാപകമായ പ്രതിഷേധമാണ് സംസ്ഥാനത്ത് വിവിധ ഭാഗങ്ങളില്‍ നിന്ന് പ്രത്യേകിച്ച് വനിതകള്‍, കുടുംബിനികള്‍, മതവിശ്വാസികള്‍, മദ്യനിരോധന സമിതികള്‍, അധ്യാപക സമൂഹം തുടങ്ങിയവരില്‍ നിന്ന് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനത്തെ കേരളീയ സമൂഹം പൊതുവെ സ്വാഗതം ചെയ്തതുമാണ്.
മൈക്രോ ബ്രിവറികള്‍ തുടങ്ങുന്നതിലൂടെ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്നാണത്രെ സര്‍ക്കാരിന്റെയും എക്‌സൈസ് വകുപ്പിന്റെയും വാദം. കര്‍ണാടക മാതൃകയില്‍ മദ്യത്തില്‍ നിന്ന് മോചിപ്പിക്കുന്ന ഡീഅഡിക്ഷന്‍ കേന്ദ്രങ്ങള്‍ തുറക്കണമെന്നും റിപ്പോര്‍ട്ടില്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ടത്രെ. മദ്യം പരമാവധി നല്‍കിയ ശേഷം മദ്യ ലഹരി മുക്ത കേന്ദ്രങ്ങള്‍ തുറക്കുമെന്ന് പറയുന്നതിലെ വൈരുധ്യം പരിതാപകരം തന്നെ. യു.ഡി.എഫിന്റെ മദ്യനിയന്ത്രണ നയത്തെ സി.പി.എം എതിര്‍ത്തതിന് പറഞ്ഞതിനു കാരണം സംസ്ഥാനത്ത് വിനോദസഞ്ചാരകേന്ദ്രങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് പറഞ്ഞായിരുന്നു. ഇപ്പോള്‍ ഹോട്ടലുകളില്‍ പരസ്യമായി മദ്യം വിളമ്പുന്നതിനെയും ടൂറിസത്തിന്റെ മറവിലാണോ സി.പി.എമ്മും സര്‍ക്കാരും ന്യായീകരിക്കാന്‍ നോക്കുന്നത്. മദ്യം വിളമ്പുന്നതാണ് തൊഴിലില്ലായ്മക്ക് സര്‍ക്കാര്‍ കാണുന്ന പരിഹാരമെങ്കില്‍ ഈ സര്‍ക്കാരിലെയും ഭരിക്കുന്ന പാര്‍ട്ടിയിലെയും ആളുകളുടെ സാമൂഹിക ജ്ഞാനത്തെക്കുറിച്ച് ആലോചിച്ച് ലജ്ജിക്കേണ്ടിവരും. ഇത്തരം നിരവധി ഹോട്ടലുകളില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ ഗുണമേന്മ ആര് പരിശോധിച്ച് ഉറപ്പുവരുത്തും.
അതേസമയം, ബംഗളൂരു പോലൊരു മഹാനഗരത്തിലെ ഏതാനും ഹോട്ടലുകളില്‍ പരീക്ഷിച്ച ബിയര്‍ ഉല്‍പാദന-വിപണന സംവിധാനം കേരളത്തില്‍ നടപ്പാക്കുന്നതിനു പിന്നിലുള്ള ചില അല്‍പബുദ്ധികളുടെ ചേതോവികാരത്തെയാണ് ശരിക്കും പരിശോധനക്ക് വിധേയമാക്കേണ്ടത്. അധികാരത്തിലെത്തുന്നതിനുമുമ്പ് ഒളിഞ്ഞും തെളിഞ്ഞും മദ്യത്തിനായി മുറവിളി കൂട്ടിയ ഇടതുമുന്നണി ഒന്നരക്കൊല്ലം മുമ്പ് ഭരണച്ചുമതല ഏറ്റതുമുതല്‍ തുടങ്ങിയതാണ് മദ്യത്തിലൂടെ കേരളീയരെ അടിമകളാക്കി ചൂഷണം നടത്താനുള്ള നടപടികള്‍. ഇതിന്റെ ഭാഗമായായിരുന്നു കഴിഞ്ഞ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഐക്യജനാധിപത്യമുന്നണി സര്‍ക്കാര്‍ നിരോധിച്ച ബാറുകള്‍ തുറക്കാനുള്ള തീരുമാനം. മദ്യം നിരോധിക്കുകയല്ല, വര്‍ജിക്കുകയാണ് ഇടതുമുന്നണിയുടെ നയമെന്ന ഉട്ടോപ്യന്‍ നയമാണ് മുന്നണിയുടെ നേതാക്കള്‍ കാലങ്ങളായി പറഞ്ഞുഫലിപ്പിക്കാന്‍ ശ്രമിക്കുന്നതെങ്കിലും ഫലത്തില്‍ മദ്യം വ്യാപകമാക്കി ജനങ്ങളുടെ അധ്വാനത്തിന്റെ ഫലം കവരാനും അതുവഴി ബോധം നഷ്ടപ്പെട്ട അണികളെയും ജനങ്ങളെയും സൃഷ്ടിക്കാനുമാണ് ശ്രമം. സി.പി.എം അഖിലേന്ത്യാ സെക്രട്ടറി സീതാറാംയെച്ചൂരിയുടെ വരെ വാക്കുകളും വാഗ്ദാനങ്ങളും ലംഘിച്ചായിരുന്നു സംസ്ഥാനത്തെ പൂട്ടിയ ബാറുകളെല്ലാം തുറക്കാന്‍ പിണറായി സര്‍ക്കാര്‍ തീരുമാനമെടുത്തത്. ബാറുകള്‍ തമ്മിലുള്ള ദൂരപരിധി ഇരുന്നൂറ് മീറ്ററില്‍ നിന്ന ്അമ്പതായി കുറച്ചുകൊടുക്കുകയും ചെയ്തു. അതും പോരാഞ്ഞാണ് ഇപ്പോള്‍ ഹോട്ടലുകളില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്താനുള്ള തീരുമാനം. കേരളത്തില്‍ മുന്നൂറോളം ബാറുകള്‍ അടച്ചുപൂട്ടിയപ്പോള്‍ മദ്യപാനികളുടെ എണ്ണത്തില്‍ വന്‍തോതില്‍ കുറവുണ്ടായതായി വ്യക്തമായിരുന്നു. വിനോദ സഞ്ചാരികളെ അവഹേളിക്കുന്ന രീതിയില്‍ മദ്യപിക്കാനാണ് അവര്‍ കേരളത്തില്‍ വരുന്നതെന്ന് സൂചിപ്പിച്ച് പൂട്ടിയ ബാറുകള്‍ തുറക്കാനാണ് ഈ സര്‍ക്കാര്‍ ശ്രമിച്ചത്. ദേശീയപാതയരികിലെ മദ്യശാലകള്‍ വാഹനാപകടങ്ങള്‍ കാരണം പൂട്ടിച്ച സുപ്രീം കോടതി വിധിയിലും വെള്ളം ചേര്‍ത്തി ദേശീയപാതകളുടെ പേരുമാറ്റിയാണ് അവ തുറന്നുപ്രവര്‍ത്തിക്കാന്‍ പിണറായിസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇങ്ങനെ തുറന്ന ബാറുകള്‍ക്ക് കോടതിയില്‍ നിന്ന് കടുത്ത ശകാരവും ഏല്‍ക്കേണ്ടിവന്നുവെന്ന് ഓര്‍ക്കണം.
ഏതൊരു പരിഷ്‌കൃത സമൂഹത്തിനും അടിയന്തിരമായി വേണ്ടത് ശരിയായ ജീവിതബോധത്തിലധിഷ്ഠിതമായ സമാധാനപരമായ സാമൂഹികഘടനയുമാണ്. മദ്യം ഇതിന് തടസ്സമാണെന്ന് നിരവധി പഠനങ്ങള്‍ നമ്മെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കമ്യൂണിസ്റ്റ് ഭരണകൂടങ്ങളുള്ള രാജ്യങ്ങളിലെല്ലാം മദ്യം കൊടുത്ത് ജനങ്ങളെ മയക്കിക്കിടത്തിയാണ് സ്വേഛാധിപത്യരീതിയിലുള്ള ഭരണം ഇക്കൂട്ടര്‍ നടത്തിവന്നിരുന്നതെന്ന് ചരിത്ര രേഖകളില്‍ കാണാം. കമ്യൂണിസ്റ്റ് സോവിയറ്റ് യൂണിയനിലും കിഴക്കന്‍ യൂറോപ്പിലുമൊക്കെ വോഡ്ക പോലുള്ള മദ്യം കൊടുത്ത് മയക്കിയാണ് ജനതയെ ഇവര്‍ അടക്കിഭരിച്ചത്. ചൈനയിലും മറ്റും അവസ്ഥ ഇതുതന്നെ. കാലം മാറിയിട്ടും കേരളത്തിലെ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ പഴയ മദ്യ നയവുമായാണ് മുന്നോട്ടുപോകുന്നത് എന്നത് കുറഞ്ഞത് കേരളീയര്‍ക്കെങ്കിലും മാനക്കേടാണ്. അതിലുപരി അതൊരു വലിയ ദുരന്തത്തിലേക്കുള്ള കാല്‍വെയ്പും. കേരളത്തിന്റെ മഹനീയമായ മാനുഷിക പാരമ്പര്യവും വിദ്യാഭ്യാസ-ആരോഗ്യപുരോഗതിയും തിരിച്ചറിയാതെ അവയെയെല്ലാം ഒറ്റയടിക്ക് പിറകോട്ടുപിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ഇടതുമുന്നണി സര്‍ക്കാരിന് കാലത്തിന്റെ ചുവരെഴുത്ത് വായിക്കാന്‍ കഴിയുന്നില്ലെങ്കില്‍, കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞതുപോലെ ഈ സര്‍ക്കാരിന്റെ പതനം ഇതേ മദ്യത്തിലായിരിക്കും. ഈ ദുരന്തമെത്തും മുമ്പ് അതിന് അവസരം കൊടുക്കാതെ ഈ സര്‍ക്കാരിനെ അതിശക്തമായ മദ്യവിരുദ്ധപ്രക്ഷോഭത്തിലൂടെ മുട്ടുകുത്തിക്കാനാണ് കേരളീയസമൂഹം ഉണര്‍ന്നെണീക്കേണ്ടത്.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending