ഇത് ദേശീയ ദുരന്തമല്ലെങ്കില്‍ പിന്നെന്താണ്

ഒരു നൂറ്റാണ്ടിനിടെ ദര്‍ശിച്ച ഏറ്റവും വലിയ പ്രളയക്കെടുതിയില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ് കേരളം. പ്രകൃതിയുടെ സംഹാര താണ്ഡവത്തില്‍ 20,000 കോടിയുടെ നഷ്ടമാണ് സംസ്ഥാനത്തിന് സംഭവിച്ചിരിക്കുന്നത്. മെയ് 29ന് തുടങ്ങിയ പേമാരിയില്‍ 350തിലധികം പേര്‍ ഇതുവരെ മരണപ്പെട്ടു. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു.

3,026 ക്യാമ്പുകളിലായി 3,53,000 പേരുണ്ട്. 46,000 ത്തിലധികം കന്നുകാലികളും രണ്ടു ലക്ഷത്തിലധികം കോഴി-താറാവുകളും ചത്തു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. 22 ഹെലികോപ്റ്റര്‍, 83 നേവി ബോട്ടുകള്‍, 169 എന്‍.ഡി.ആര്‍.എഫ് ടീമുകളും ബോട്ടുകളും, അഞ്ച് ബി.എസ്.എഫ് സംഘം, കോസ്റ്റ് ഗാര്‍ഡിന്റെ 35 ടീമും ബോട്ടും, ആര്‍മി എഞ്ചിനീയറിംഗിന്റെ 25 സംഘം, ഫയര്‍ ആന്റ് റസ്‌ക്യൂവിന്റെ 59 ബോട്ടുകള്‍, തമിഴ്‌നാട്, ഒറീസ ഫയര്‍ ആന്റ് റസ്‌ക്യൂ ടീമുകള്‍, 600 മത്സ്യത്തൊഴിലാളി ബോട്ടുകള്‍, 40,000 പോലീസ് സേനയും അവരുടെ ബോട്ടും, 3200 ഫയര്‍ ആന്റ് റസ്‌ക്യൂ ജീവനക്കാര്‍ എന്നിവര്‍ രംഗത്തുണ്ട്.

ഇതിനുപുറമേയാണ് ബഹുജനങ്ങളും വിവിധ സ്ഥാപനങ്ങളും സംഘടനകളും നല്‍കുന്ന പിന്തുണ. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും മികച്ച രീതിയിലുള്ള സഹായമാണ് സംസ്ഥാനത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തെലങ്കാന -25 കോടി, മഹാരാഷ്ട്ര- 20 കോടി, ഉത്തര്‍പ്രദേശ് -15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്‌നാടും ഒഡിഷയും അഞ്ചുകോടി വീതം, ഛത്തീസ്ഗഡ് മൂന്നു കോടിയും ഏഴു ടണ്‍ ധാന്യവും എന്നിങ്ങനെയാണ് ലഭിച്ചത്. കരുണയുടെ കൈനീട്ടി അറബ് രാജ്യങ്ങളും രംഗത്തു വന്നിരിക്കുകയാണ്.യു.എ.ഇയില്‍ ദുരിതാശ്വാസത്തിനായി പ്രത്യേക കമ്മിറ്റി രൂപീകരിക്കുകയും ഷാര്‍ജ, ഒമാന്‍ ഭരണാധികാരികള്‍ സഹായഹസ്തം നീട്ടിയിരിക്കുകയുമാണ്.

എന്നാല്‍ ഇത്രയും ഭയാനകമായ സാഹചര്യം സംജാതമായിട്ടും കേന്ദ്രസര്‍ക്കാറിന്റെ കേരളത്തോടുള്ള സമീപനം ദുരന്തത്തിന്റെ ഗൗരവം വേണ്ടത്ര ഉള്‍ക്കൊള്ളാത്ത രീതിയിലാണെന്ന് ആക്ഷേപം ഉയര്‍ന്നിരിക്കുകയാണ്. പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ പ്രധാനമന്ത്രിയോട് കേരളം ആവശ്യപ്പെട്ടത് 2000 കോടിയായിരുന്നു. എന്നാല്‍ അദ്ദേഹം അനുവദിച്ചത് അഞ്ഞൂറ് കോടിമാത്രമാണ്. സംസ്ഥാനത്തൊട്ടാകെയുണ്ടായ നാശനഷ്ടത്തിന്റെ കണക്കുകള്‍ മുഖ്യമന്ത്രി ഉള്‍പെടെയുള്ളവര്‍ വിശദീകരിച്ചെങ്കിലും പ്രധാനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിച്ച സഹായം ഉണ്ടായില്ല. 500 കോടിക്ക് പുറമെ മോദി നല്‍കിയ വാഗ്ദാനങ്ങളാകട്ടെ നിലവിലുുള്ള കേന്ദ്രപദ്ധതികളുടെ ഭാഗമായുള്ളതാണ്.

അനുവദിച്ച തുകയിലെ അപര്യാപ്തയേക്കാളുപരി ദേശീയ ദുരന്തമായിപ്രഖ്യാപിക്കണമെന്ന ആവശ്യത്തോട് കേന്ദ്രം സ്വീകരിക്കുന്ന വിമുഖതയാണ് സംസ്ഥാനത്തിന് കനത്ത തിരിച്ചടിയാകുന്നത്. ഈ ആവശ്യത്തോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ പ്രധാനമന്ത്രിതയ്യാറാകാത്തത് ദുരന്തമുഖത്ത് നില്‍ക്കുന്ന സംസ്ഥാനത്തിന് കടുത്ത നിരാശയാണ് സമ്മാനിച്ചിരിക്കുന്നത്. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതോടെ പ്രളയക്കെടുതിയുടെ അതിജീവനത്തിനുള്ള ഉത്തരവാദിത്തം കേന്ദ്രസര്‍ക്കാറിലും നിക്ഷിപ്തമാവുമെന്നതാണ് സംസ്ഥാനത്തിനുള്ള നേട്ടം. സൈന്യത്തെ വിന്യസിക്കുന്നതിലും ധന സഹായം അനുവദിക്കുന്നതിലും കേന്ദ്രത്തോട് കെഞ്ചേണ്ട അവസ്ഥ ഒഴിവാകും. പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള മേല്‍നോട്ടമുണ്ടാവുകയും ചെയ്യും. എന്നാല്‍ ഈ ഉത്തരവാദിത്തത്തില്‍ നിന്നെല്ലാം ഒഴിവായി ഏതാനും കോടികള്‍ സഹായമായി അനുവദിച്ച് കൈകഴുകുന്ന സമീപനമാണ് നിലവില്‍ കേന്ദ്രം സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാറിന്റെ ഈ നിലപാടിന് പിന്നില്‍ കേരളത്തോടുള്ള രാഷ്ട്രീയ വിദ്വേഷം സ്വാധീനിക്കപ്പെട്ടിട്ടുണ്ടോ എന്നത് ന്യായമായും സംശയിക്കപ്പെടാവുന്നതാണ്. സംസ്ഥാനം ഇന്നേവരെ അനുഭവിച്ചിട്ടില്ലാത്ത, ഭരണകൂടത്തിന് അഭിമുഖീകരിച്ച് പരിചയമില്ലാത്ത ഒരു മഹാ ദുരന്തത്തെ നേരിടാന്‍ ഈ നാടിന്റെ കൈയ്യില്‍ ഇഛാശക്തി മാത്രമണ് കൈമുതലായുണ്ടായിരുന്നത്. ലോകത്തെ അല്‍ഭുതപ്പെടുത്തിക്കൊണ്ട് അനന്യസാധാരണമായ പോരാട്ട വീര്യത്തോടെ ഈ മഹാദുരന്തത്തെ മറികടക്കാന്‍ ശ്രമിക്കുന്ന കൊച്ചു പ്രദേശത്തിന് പൂര്‍വ്വ സ്ഥിതിയിലേക്ക് മടങ്ങാന്‍ രാജ്യം ഭരിക്കുന്നവരുടെ പിന്തുണയും സഹായവും കൂടിയേ തീരൂ. അതു നിഷേധിക്കുന്നത് ഒരു ഭരണകൂടം തങ്ങളുടെ ജനതയോട് കാണിക്കുന്ന മഹാ അപരാധമാണ്.

പ്രളയക്കെടുതിയില്‍ അകപ്പെട്ടവരെ രക്ഷപ്പെടുത്താന്‍ രക്ഷാചുമതല പൂര്‍ണമായും സൈന്യത്തിനു കൈമാറണമെന്ന ആവശ്യത്തോട് സംസ്ഥാന സര്‍ക്കാര്‍ മുഖം തിരിക്കുന്നതും ആശങ്കവര്‍ധിപ്പിക്കുന്നതാണ്. സൈന്യത്തെ വിളിക്കണമെന്നു പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി തന്നെ പുച്ഛിച്ചു തള്ളിയെന്ന പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലും ഗൗരവതരമാണ്. ആയിരങ്ങള്‍ ഇപ്പോഴും സഹായം ലഭ്യമാവാതെ വീടുകളിലും മറ്റും കുടുങ്ങിക്കിടക്കുകയും രക്ഷാപ്രവര്‍ത്തകര്‍ക്ക് അവിടങ്ങളില്‍ എത്താന്‍ കഴിയാതിരിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സൈന്യത്തിന് ഇക്കാര്യത്തില്‍ പലതും ചെയ്യാന്‍ സാധിക്കും. മാത്രമല്ല മുമ്പ് പലസംസ്ഥാനങ്ങളിലും പ്രളയക്കെടുതികള്‍ നേരിട്ടപ്പോള്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ അനുഭവ സമ്പത്തും സൈന്യത്തിന് മുതല്‍ കൂട്ടായുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയെ ദുരഭിമാനം വേട്ടയാടുന്നുണ്ടെങ്കില്‍ അതുപേക്ഷിച്ച് ജനങ്ങളുടെ ജീവന്‍ രക്ഷിക്കുകയെന്ന പരമപ്രധാനമായ കാര്യത്തിന് അദ്ദേഹം മുന്‍ഗണന നല്‍കണം. പ്രളയക്കെടുതി ബാധിച്ചുതുടങ്ങിയിട്ട് അഞ്ചാം ദിവസമായിട്ടും സംസ്ഥാനത്തുടനീളം അതിദയനീയമായ കാഴ്ചയാണ്. പ്രത്യേകിച്ചും ചെങ്ങന്നൂര്‍, തിരുവല്ല, പന്തളം, റാന്നി, ആറന്‍മുള, പറവൂര്‍, അങ്കമാലി, ആലുവ, ചാലക്കുടി തുടങ്ങിയ മേഖലകളിലെല്ലാം സ്ഥിതിഗതികള്‍ ദയനീയമെന്നേ പറയാനാകൂ. ഇവിടുത്തെ ദീനരോദനങ്ങള്‍ക്ക് മുന്നില്‍ രക്ഷാപ്രവര്‍ത്തകര്‍ പലപ്പോഴും നിസ്സഹായരാണ്. ഇത്തരം സാഹചര്യങ്ങളില്‍ പൂര്‍ണമായും രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിയുന്നത് സൈന്യത്തിന് മാത്രമാണ്. പലയിടങ്ങളിലും രക്ഷാ പ്രവര്‍ത്തനം വൈകുന്നേരത്തോടെ അവസാനിക്കുന്നുവെന്നും രാത്രിയില്‍ വിളിച്ചാല്‍ അവരെ ലഭ്യമാവുന്നില്ലെന്നുമുള്ള പരാതികള്‍ പലകോണുകളില്‍ നിന്നും ഉയരുന്ന സാഹചര്യത്തില്‍ വിശേഷിച്ചും.

പ്രളയത്തെ അതിജീവിക്കുന്നതില്‍ കേരളം കാണിച്ച സമചിത്തതയെ ലോകം പ്രശംസിക്കുമ്പോഴും അതിനു മങ്ങലേല്‍പ്പിക്കുന്ന വിധത്തിലുള്ള പ്രവണതകള്‍ ചിലഭാഗങ്ങളില്‍ നിന്നെങ്കിലുമുണ്ടായത് ഖേദഖരമാണ്. ജനങ്ങള്‍ ഭീതിയുടെ മുനമ്പില്‍ നില്‍ക്കുമ്പോള്‍ സേഷ്യല്‍മീഡിയവഴി പല തെറ്റായ സന്ദേശങ്ങളും നല്‍കി അവരുടെ ഭീതി ഇരട്ടിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയുണ്ടായി. അത്തരം സന്ദേശങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസിന് ഓര്‍മിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണ്. ഇന്ധനക്ഷാമമെന്ന പേരില്‍ പെട്രോളും ഡീസലും വാങ്ങിക്കൂട്ടുകയും കൃത്രിമ ക്ഷാമത്തിന് വഴിയൊരുക്കുകയും ചെയ്യുന്നതും ബോട്ടുകള്‍ ഉള്‍പ്പെടെയുള്ള ദുരന്തനിവാരണത്തിന് ആവശ്യമുള്ള വസ്തുക്കള്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും നല്‍കാതിരിക്കുകയും ചെയ്യുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതല്ലെന്ന് മാത്രമല്ല കടുത്ത ദുരിതമനുഭവിക്കുന്ന ഒരു ജനതയോട് ചെയ്യുന്ന ക്രൂരത കൂടിയാണ്.

SHARE