Connect with us

Video Stories

പരാജയ രാജന്‍

Published

on

‘ചെഞ്ചോരപ്പൊന്‍ കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും, കണ്ണൂരിന്റെ താരകമല്ലേ, ജയജയരാജന്‍, ധീര സഖാവ്.’ ജയിക്കാനായ് ജനിച്ച രാജാവാണ് ജയരാജന്‍. അതുപക്ഷേ പേരില്‍മാത്രം. തോല്‍വികളുടെ തീയില്‍ മുളച്ചവരാണ് ഈ ജയരാജന്മാര്‍. മുന്നില്‍ പി, ഇ, എം, വി എന്നീ ആംഗലേയാക്ഷരങ്ങളുടെ വ്യത്യാസങ്ങളേ ഉള്ളൂ. ജി.ബി (ജോര്‍ജ് ബെര്‍ണാഡ്) ഷായില്‍ പോലും ഉണ്ടായിരുന്നു ഒരു ഷാ. എ.കെ.ജിക്കും ഇ.എം.എസ്സിനും മാത്രമേ മുമ്പ് ഇനീഷ്യലിലൂടെ അറിയപ്പെടാനുള്ള ഭാഗ്യം ലഭിച്ചിട്ടുള്ളൂ. പിന്നെ വയലാറിന്റെ പി. കൃഷ്ണപിള്ളക്കും. എന്നാല്‍ ജീവിച്ചിരിക്കെ സ്വന്തമായി ജയനാമകീര്‍ത്തനം പാടിപ്പുകഴ്ത്തപ്പെടാന്‍ പാര്‍ട്ടിക്കാര്‍ക്കിടയില്‍ ഭാഗ്യം കിട്ടിയത് ആധുനിക കണ്ണൂരിന്റെ ഈ പി.ക്ക് മാത്രമാണ്. ചെഞ്ചോരയില്‍ മുത്തമിട്ടവന്‍. പാര്‍ട്ടിക്കാര്യത്തില്‍ സ്റ്റാലിനിസ്റ്റാണെന്ന് തെളിയിച്ച കയ്യറപ്പില്ലാത്ത സഖാവ്. കണ്ണൂരിലെ ഇലയനക്കങ്ങള്‍ നിശ്ചയിക്കുന്നത് താനാണെന്ന് സ്വയം ധരിച്ചുവശായവന്‍. പത്താം ക്ലാസും ഗുസ്തിയും ട്രേഡ്‌യൂണിയനിസവുമാണെങ്കിലും ഈ അറുപത്താറിലും വായനയുണ്ട്. ഭാര്യ യമുനയും രണ്ടാണ്‍മക്കളും. പാര്‍ട്ടിക്കുവേണ്ടി ഏത് ശ്രീകൃഷ്ണനാട്ടത്തിനും റെഡി. പക്ഷേ വായനയും ഭാവനയും കാടുകയറിക്കയറി ചെന്നുനിന്നത് പാട്ടിലെ വരികള്‍പോലെ ചെഞ്ചോരപ്പൊന്‍ കതിരായാണ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ഭീമന്‍ പോലെയാണ് കണ്ണൂരും സി.പി.എമ്മും പി.ജയരാജനും തമ്മിലെ കിടപ്പുവശം.
എം.എസ്.എഫിന്റെ പച്ചച്ചോര തിളക്കുന്ന ഇരുപത്തൊന്നുകാരന്‍ അരിയില്‍ ഷുക്കൂറിനെ ഏഴു കൊല്ലം മുമ്പ് നടുപ്പാടത്തിട്ട് വെട്ടിക്കൊന്ന സി.പി.എമ്മുകാര്‍ക്ക് അതിന് ഓര്‍ഡര്‍ കൊടുത്തത് ഈ സഖാവാണെന്നാണ് കഴിഞ്ഞയാഴ്ച സി.ബി.ഐ കുറ്റപത്രത്തില്‍ രേഖപ്പെടുത്തിവെച്ചിരിക്കുന്നത്. ജയരാജന്‍ സഞ്ചരിച്ച വാഹനം തടഞ്ഞുവെന്ന് ആരോപിച്ചാണ് കൊലപാതകം. കൊല നടക്കുമ്പോള്‍ തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ 315 ാം നമ്പര്‍ മുറിയില്‍ ജയരാജന്‍ ചികില്‍സയുടെ തിരക്കിലായിരുന്നു. ഷുക്കൂറിന്റെ ആക്രമണത്തില്‍ പരിക്കേറ്റിട്ടൊന്നുമായിരുന്നില്ല; കേസില്‍ നിന്ന് രക്ഷപ്പെടാന്‍ കോടതിക്കുവേണ്ടിയൊരു ആസ്പത്രിച്ചീട്ടുണ്ടാക്കണം. അത്രേയുള്ളൂ. പാര്‍ട്ടിസഖാക്കള്‍ ചേര്‍ന്ന് വിചാരണ നടത്തി ഷുക്കൂറിനെ പച്ചക്ക് അരിഞ്ഞുവീഴ്ത്തുമ്പോള്‍ ആസ്പത്രി മുറിയില്‍ ആരാച്ചാന്മാരിലൊരാള്‍ മാനസിക സുഖചികില്‍സയിലായിരുന്നു, സാഡിസത്തിന്. ഷുക്കൂര്‍ കേസില്‍ മുമ്പ് കേരള പൊലീസ് പിടികൂടിയപ്പോഴും ഇതുപോലൊരു ചികില്‍സ ജയരാജന്‍ സഖാവിന് ആവശ്യമായി വന്നു. കടുത്ത ഹൃദ്രോഗിയായ തന്നെ പീഡിപ്പിക്കുന്നേ എന്ന് കോടതിയോട് വിളിച്ചുപറയാന്‍. ആംബുലന്‍സില്‍നിന്നിറങ്ങി സ്‌ട്രെച്ചറില്‍ അകത്തുപോയ ജയരാജന്‍ ജാമ്യം കിട്ടിയ ഉടന്‍ തിരിച്ചുവന്നത് പക്ഷേ സ്വന്തം കാലില്‍ നടന്ന് ചിരിച്ചുകൊണ്ട്. ഇതെന്താ മറിമായം എന്നൊന്നും ചോദിച്ചേക്കരുത്. അതാണ് ജയരാജന്‍.
പല രാഷ്ട്രീയ പ്രവര്‍ത്തകരുടെയും ജീവന്‍ ഉള്ളംകയ്യിലിട്ട് കൈകാര്യം ചെയ്തിട്ടുള്ള സഖാവിന് വേണ്ടി ഒരുപാട്ട് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ ഉണ്ടാക്കിപ്പാടിയാലെന്താണ് തെറ്റ്. അങ്ങനെയല്ലേ ലോകത്ത് കമ്യൂണിസം മൂന്നാറിലെപോലെ ഇങ്ങനെ പച്ച, അല്ല, ചുവപ്പുപിടിച്ചുകിടക്കുന്നത്. ഇടക്കൊക്കെ അത് മറ്റുള്ളവര്‍ കയ്യേറിക്കയ്യേറിക്കൊണ്ടിരിക്കുന്നു എന്ന വ്യത്യാസം മാത്രം. പശ്ചിമബംഗാളിലും ത്രിപുരയിലുമാണ് ഇന്ത്യാമഹാരാജ്യത്ത് ആ ചുകപ്പന്‍ സാധനം പണ്ടുണ്ടായിരുന്നത്. ബംഗാളില്‍ കര്‍ഷകരെ കൊന്നുതള്ളി ബൂര്‍ഷ്വാ കുത്തക മുതലാളിക്ക് വേണ്ടി കാര്‍ ഫാക്ടറി ഉണ്ടാക്കാന്‍ തിയറിയും പ്രാക്ടിക്കലും ഉണ്ടാക്കിയതോടെ അവിടെയിപ്പോള്‍ കണികാണാന്‍ കിട്ടാതായി. ത്രിപുരയിലെ സഖാക്കളെ കാവി ബിപ്ലവ്‌ദേവിന്റെ വര്‍ഗീയവാദികളും കൊണ്ടുപോയി. ബാക്കിയുള്ളത് മധുര മനോജ്ഞകേരളമല്ലേ. ഇവിടെ കണ്ണൂരും ജയരാജന്മാരും നാട്ടില്‍ ചുക്കും ഉള്ളിടത്തോളം ഈ പാര്‍ട്ടി നിലനില്‍ക്കും. കോടതിയിലും ആസ്പത്രിയിലുമാണെന്ന വ്യത്യാസമേയുള്ളൂ. എന്നാണ് കേരള ആപ്പീസും പൂട്ടുക എന്നേ അറിയാനുള്ളൂ.
2017 നവംബര്‍ 13ന് ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന കമ്മിറ്റി ജയരാജന്റെ പോക്കിന് സുല്ലിട്ടെന്ന് പറയുന്നുണ്ടെങ്കിലും ഇതൊക്കെ എത്ര കണ്ടിരിക്കുന്നുവെന്ന മട്ടിലാണ് സഖാവ്. വേണമെങ്കില്‍ മന്ത്രിയോ മുഖ്യമന്ത്രിയോ ഒക്കെ ആകാന്‍ യോഗ്യന്‍. പക്ഷേ അതുക്കും മേലെയല്ലേ കണ്ണൂരിലെ സെക്രട്ടറി സ്ഥാനം. സംസ്ഥാന സെക്രട്ടറിയേക്കാള്‍ ഗാംഭീര്യമുണ്ടതിന്. ചേര തിന്നുന്ന നാട്ടില്‍ ചെന്നാല്‍ ചേര എന്നതുപോലെ കണ്ണൂരില്‍ നില്‍ക്കണമെങ്കില്‍ അല്‍പം വെട്ടും തടയും (ആ വെട്ടല്ല കേട്ടോ) പഠിച്ചിരിക്കണമെന്ന് മാത്രം. അതേ ചെയ്യുന്നുള്ളൂ. ഇതിനാണ് കൈക്ക് ശേഷിയില്ലാത്ത പാവം സഖാവിനെ ഈ ബൂര്‍ഷ്വാപത്രക്കാര്‍ ചേര്‍ന്ന് ആരാച്ചാരെന്നൊക്കെ വിളിച്ചാക്ഷേപിക്കുന്നത്. 1999ല്‍ ആര്‍.എസ്. എസ്സുകാര്‍ വെട്ടി കൈ പോയതിന്റെ കലിപ്പ് തീരാന്‍ ഇനിയും കുറെയെണ്ണത്തെകൂടി കിടുക്കാനുണ്ട്. പിന്നെ സ്വന്തം പാര്‍ട്ടിക്കാരുണ്ടാക്കുന്ന അരിയുണ്ടയൊക്കെ ഭക്ഷിച്ച് ശിഷ്ടകാല വിശ്രമം. പറ്റിയാല്‍ ടി.പി കേസിലെ കുഞ്ഞനന്തനെപോലെ ആജീവനാന്ത പരോളും. അഞ്ചാറ് ബൈപാസ് കഴിഞ്ഞതാണ്, സൂക്ഷിക്കണ്ടേ!

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending