നേരായ വഴിയില്‍ സി.ബി.ഐ

മനുഷ്യത്വവും മാനവികതയും മരവിപ്പിച്ചുകൊണ്ട് ഏഴു വര്‍ഷം മുമ്പ് കണ്ണൂരില്‍ കമ്യൂണിസ്റ്റുകള്‍ വധശിക്ഷക്കിരയാക്കിയ എം.എസ്.എഫ് പ്രവര്‍ത്തകന്‍ അരിയില്‍ ഷുക്കൂറിന്റെ ഘാതകര്‍ക്ക് നിയമവും പുരോഗമന സമൂഹവും അനുശാസിക്കുന്ന പരമാവധി ശിക്ഷ ലഭിക്കുന്നതിലേക്ക് കുറ്റാന്വേഷണം പുരോഗമിച്ചുവെന്ന വാര്‍ത്ത മനുഷ്യ സ്‌നേഹികളായ സര്‍വരെയും സന്തോഷിപ്പിക്കുന്ന ഒന്നായിരിക്കുന്നു. കേസില്‍ സി.ബി.ഐ നടത്തിയ അന്വേഷണത്തില്‍ മുഖ്യപ്രതികള്‍ക്കുപുറമെ സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജനും ടി.വി രാജേഷ് എം.എല്‍.എക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി തലശ്ശേരി ജില്ലാസെഷന്‍സ് കോടതി ജഡ്ജി ടി. ഇന്ദിര മുമ്പാകെ തിങ്കളാഴ്ച കുറ്റപത്രം സമര്‍പ്പിച്ചിരിക്കുകയാണ്. ഷുക്കൂറിന്റെ വന്ദ്യമാതാവും സഹോദരങ്ങളും ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെയുള്ള സമൂഹം നാളിതുവരെ ആവശ്യപ്പെട്ടുവരുന്ന കാര്യം സി.ബി.ഐ നിര്‍വഹിച്ചിരിക്കുന്നുവെന്നത് ചെറുതായ ആശ്വാസമല്ല ഇവരില്‍ ഉളവാക്കിയിരിക്കുന്നത്. കുറ്റപത്രം ചാര്‍ത്തപ്പെട്ടതുകൊണ്ടുമാത്രം പ്രതികള്‍ ആ വകുപ്പില്‍ ശിക്ഷിക്കപ്പെടണമെന്നില്ല എങ്കിലും ആ ദിശയിലേക്കുള്ള സുപ്രധാന ചുവടുവെപ്പായി സി.ബി.ഐയുടെ നീക്കത്തെ കാണാന്‍ കഴിയും. ഐ.പി.സിയിലെ 302, 120 ബി വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചാര്‍ത്തിയിരിക്കുന്നത്. കേസില്‍ 32ഉം 33ഉം പ്രതികളാണ് ഇരുവരും.
സി.പി.എമ്മിന്റെ നിയമസഭാസാമാജികനാണ് ടി.വി രാജേഷെങ്കില്‍ മുന്‍ എം.എല്‍.എ കൂടിയാണ് പി.ജയരാജന്‍. ഇരുവര്‍ക്കുമെതിരെ സംഭവത്തിന്റെ തുടക്കത്തില്‍തന്നെ ശക്തമായ ആരോപണമാണ് ഉയര്‍ന്നിരുന്നത്. സി.പി.എം പോലും ഇക്കാര്യം പരോക്ഷമായി അംഗീകരിച്ചിട്ടുള്ളതാണ്. ജയരാജന്‍ സഞ്ചരിച്ച വാഹനത്തിനുനേരെ കല്ലെറിഞ്ഞുവെന്നതാണ് കൊലപാതകത്തിന് കാരണമായി അദ്ദേഹത്തിന്റെ പാര്‍ട്ടി സമ്മതിക്കുന്നത്. നിര്‍ഭാഗ്യകരമായ സംഭവമാണ് അണികളില്‍നിന്നുണ്ടായതെന്ന് നേതാക്കള്‍ പറയുന്നു. കേസിലെ ഒന്നു മുതലുള്ള ആദ്യപ്രതികളെമാത്രം കൊലപാതകികളാക്കിക്കൊണ്ട് നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് കഴിഞ്ഞ കാലങ്ങളില്‍ നടത്തിയതെങ്കില്‍ ഇനിയത് സാധ്യമല്ലെന്ന ശക്തമായ സന്ദേശംകൂടിയാണ് സി.ബി.ഐയുടെ അനുബന്ധ കുറ്റപത്രത്തിലൂടെ വ്യക്തമായിരിക്കുന്നത്. ഷുക്കൂരിന്റേതടക്കം എത്രയെത്ര കൊടുംകൊലപാതകങ്ങളും രക്തമുറയുന്ന ക്രൂരതകളുമാണ് പി. ജയരാജന്റെ കീഴില്‍ കണ്ണൂര്‍ ജില്ലയില്‍ അടുത്ത കാലത്തായി നടന്നിട്ടുള്ളതെന്നതിന് ഇതപര്യന്തമുള്ള കൊലപാതക കേസുകള്‍ മാത്രം തെളിവാണ്. 118 പ്രകാരമുള്ള ഗൂഢാലോചനാകുറ്റം മാത്രമാണ് കേരള പൊലീസ് ഇരുവര്‍ക്കുമെതിരെ നേരത്തെ ചാര്‍ത്തിയതെങ്കില്‍ കൊലപാതകക്കുറ്റം ചുമത്താന്‍ പ്രേരകമായത് സി.ബി.ഐയുടെ പഴുതടച്ച പ്രൊഫഷണല്‍ അന്വേഷണമാണെന്ന കാര്യത്തില്‍ സംശയമില്ല. സി.ബി.ഐയുടെ അന്വേഷണ രീതിയും സത്യസന്ധതയും സംശയരഹിതമാണെന്നാണ് ഷുക്കൂര്‍ വധക്കേസിന്റെ കാര്യത്തില്‍ തെളിഞ്ഞിരിക്കുന്നത്.
2012 ഫെബ്രുവരി 20നായിരുന്നു കേരളത്തെയാകെ നടുക്കിയ രാഷ്ട്രീയ കൊലപാതകം. കേസില്‍ 33 പ്രതികളും 73 സാക്ഷികളുമാണുള്ളത്. 24 സാക്ഷികളെ കൂടി സി.ബി.ഐ പുതുതായി ഉള്‍പ്പെടുത്തി. ഷുക്കൂറിന്റെ മാതാവ് പി.സി ആത്തിക്ക ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കേസ് സി.ബി.ഐക്ക് വിടുന്നത്. സി.പി.എം നേതാക്കളെ തടഞ്ഞുവെന്ന പേരില്‍ അന്നുതന്നെ കണ്ണപുരം എന്ന സ്ഥലത്തുവെച്ച് പാര്‍ട്ടി കോടതിയുടെ വിചാരണക്കുശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ അതിക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂറിന്റെ സുഹൃത്ത് സക്കറിയയെയും സി.പി.എമ്മുകാര്‍ വെട്ടിപ്പരിക്കേല്‍പിച്ചു. മൊബൈല്‍ ഫോണില്‍ ഷുക്കൂറിന്റെയും മറ്റും ചിത്രങ്ങളെടുത്ത് അവ ജയരാജന് അയച്ചുകൊടുത്ത് അനുമതി വാങ്ങിയശേഷമായിരുന്നു കൊല. തളിപ്പറമ്പ് സഹകരണ ആസ്പത്രിയിലെ മുറിയില്‍വെച്ചായിരുന്നു ജയരാജന്റെയും രാജേഷിന്റെയും ഇ-വിചാരണ.
കണ്ണൂരിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളില്‍ ആ പാര്‍ട്ടിയുടെ നേതൃത്വം ആജ്ഞാപിക്കുന്നതിലപ്പുറം ഇലയനങ്ങാന്‍ പാടില്ലെന്ന തീട്ടൂരമാണ് ഷുക്കൂറിന്റെ വധത്തിന് കാരണം. കമ്യൂണിസത്തിന്റെ ഉന്മൂലനപ്രത്യയശാസ്ത്രം ലോകത്ത് സോവിയറ്റ് യൂണിയനിലുള്‍പ്പെടെ നടപ്പാക്കിയതിന്റെ നേര്‍ചിത്രമാണ് കണ്ണൂരിലും ആ പ്രത്യയശാസ്ത്രക്കാര്‍ കുറെക്കാലമായി നടപ്പാക്കിക്കൊണ്ടിരിക്കുന്നതെന്നതിനെക്കുറിച്ച് സംശയമുള്ളവരുണ്ടാകില്ല. നിയമവും കോടതിയും നോക്കുകുത്തിയായി നിര്‍ത്തി മജ്ജയും മാംസവുമുള്ള മനുഷ്യരെ പച്ചക്ക് അരിഞ്ഞുതള്ളാന്‍ മനസ്സറപ്പില്ലാത്ത പാര്‍ട്ടി നേതാക്കളും അതിനു കീഴിലെ സംഹാരപ്പടയുമുള്ളപ്പോള്‍ ജനാധിപത്യം ഇവരുടെ കീഴില്‍ ഓച്ഛാനിച്ചു നില്‍ക്കേണ്ടിവരുന്ന തിക്തസംഭവങ്ങള്‍ മനുഷ്യരെയാകെ നാണിപ്പിക്കുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, എന്‍.ഡി.എഫുകാരന്‍ ഫസല്‍, ആര്‍.എസ്.എസ്സുകാരന്‍ കതിരൂര്‍ മനോജ്, അധ്യാപകന്‍ ജയകൃഷ്ണന്‍ തുടങ്ങി എത്രയെത്ര പേരെയാണ് മാര്‍ക്‌സിസ്റ്റുകാര്‍ കയ്യറപ്പില്ലാതെ അരിഞ്ഞുതള്ളിയത്. ഇരകള്‍ പലരെങ്കില്‍ ആരാച്ചാരെന്നും ഒന്നുതന്നെ. അപ്പോഴൊക്കെയും നിയമത്തിനുമുന്നില്‍ അര്‍പ്പിക്കാന്‍ കൂലിപ്പട്ടാളത്തെ ഇറക്കി നേതൃത്വം. കേസില്‍ കേരള പൊലീസ് ചോദ്യം ചെയ്യാനായി പിടികൂടിയപ്പോള്‍ നെഞ്ചുവേദന അഭിനയിച്ച് നിയമത്തെ പരിഹസിച്ച നേതാവാണ് പി. ജയരാജന്‍. ധാര്‍മികത ലവലേശം തൊട്ടുതീണ്ടാത്ത സി.പി.എമ്മിന്റെ നേതാക്കള്‍ അരിതിന്നും ആശാരിച്ചിയെ കടിച്ചിട്ടുമെന്നപോലെ ന്യായാധിപന്മാരെ ‘ശുംഭന്മാ’ രെന്നും സി.ബി.ഐയെ ‘പോടാപുല്ലേ’ എന്നുമൊക്കെ പരസ്യമായി അധിക്ഷേപിച്ചതും നാം കണ്ടു. പാര്‍ട്ടിയില്‍നിന്ന് പ്രത്യയശാസ്ത്രവശാല്‍ തെറ്റിപ്പിരിഞ്ഞ ഒറ്റക്കാരണത്താല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്ന ഒഞ്ചിയത്തെ ടി.പി ചന്ദ്രശേഖരന്റെ ഘാതകരെ രക്ഷിക്കാനായി ഇസ്‌ലാമിക തീവ്രവാദികളാണെന്ന് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചയാളാണ് ഇന്ന് സംസ്ഥാന മുഖ്യമന്ത്രിപദത്തിലിരിക്കുന്നതെന്നതും ജനാധിപത്യത്തിന്റെയും പുരോഗമന കേരളത്തിന്റെയും ഗതികേടല്ലാതെന്ത് ?
ഷുക്കൂര്‍ കേസന്വേഷണവും വിചാരണയും ഇനിയെങ്കിലും നേരായവഴിയില്‍ മുന്നോട്ടുപോകുകയും പ്രതികള്‍ക്ക് ഭരണഘടനയും നിയമവും അനുശാസിക്കുന്ന പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സി.ബി.ഐയുടെ മാത്രമല്ല നന്മ കാംക്ഷിക്കുന്ന മനുഷ്യസമുദായത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തമാണ്. കൊല്ലുന്നതും കൊല്ലിക്കുന്നതുമായ രാഷ്ട്രീയത്തിന് നവോത്ഥാന കേരളത്തിന്റെ മണ്ണില്‍ ഇനി വേരില്ലെന്ന് പ്രഖ്യാപിക്കല്‍ കൂടിയാകണം പുതിയ കുറ്റപത്രം. ജയരാജന്മാര്‍ നേരിട്ടതെന്നുപറയുന്ന പീഡനത്തിന് പകരമാകരുത് ഒരു അരുംകൊലയും. ഇനിയൊന്നുപോലും സംഭവിക്കാത്തവണ്ണം പ്രതികളെ പുറത്തിറങ്ങാനാകാത്ത സ്ഥിതിയുണ്ടാക്കിയേ തീരൂ. അങ്ങനെയല്ലെങ്കില്‍ നാം കൊട്ടിഗ്‌ഘോഷിക്കുന്ന ജനാധിപത്യത്തിന് പുല്ലുവില പോലുമുണ്ടാകില്ല. നീതിയും നിയമവും പുലരുന്നതും ഒരു ജീവന്‍പോലും അകാരണമായി അപഹരിക്കപ്പെടാത്തതുമായ പുതിയ പുലരിയാകട്ടെ നമ്മുടെയെല്ലാം ലക്ഷ്യവും മാര്‍ഗവും.

SHARE