ലാത്‌വിയ എന്ന യൂറോപ്യന്‍ രാജ്യം എല്ലാവര്‍ക്കും സുപരിചിതമായിരുന്നില്ല ഇത് വരെ. പക്ഷേ ആ നാട്ടില്‍ നിന്നും കേരളം കാണാനെത്തിയ ലിഗ എന്ന യുവതി മൃഗീയമായി കൊല ചെയ്യപ്പെട്ടപ്പോള്‍ ലോകം ഒന്നടങ്കം ഇന്ത്യയെയും കേരളത്തെയും പഴിച്ചു-ലിഗയുടെ സഹോദരി ഇവിടെയെത്തി കൊല്ലപ്പെട്ട സഹോദരിക്ക് വേണ്ടി ശക്തമായി സംസാരിച്ചു. അതോടെ ലാത്‌വിയ എന്ന അധികമാരുമറിയാത്ത യൂറോപ്യന്‍ രാജ്യത്തിനൊപ്പം നിന്നും മനസ്സലിവുള്ളവര്‍. അങ്ങനെ ലിഗ എന്ന പെണ്‍കുട്ടിയുടെ മരണത്തില്‍ പൊലീസ് അന്വേഷണത്തിന് നിര്‍ബന്ധിതമായി. ആദ്യം നമ്മുടെ നിയമപാലകര്‍ പറഞ്ഞു ലിഗയുടെ മരണം ആത്മഹത്യയാണെന്ന്. സഹോദരി വാര്‍ത്താ സമ്മേളനം നടത്തി പറഞ്ഞു ലിഗ ആത്മഹത്യ ചെയ്യില്ലെന്ന്. ആദ്യം സര്‍ക്കാര്‍ പൊലീസിനൊപ്പം നിന്നു-മുഖ്യമന്ത്രി ലിഗയുടെ സഹോദരിയെ കാണാന്‍പോലും തയ്യാറായില്ല. അശ്വതി ജ്വാല എന്ന വനിത സര്‍ക്കാരിനും പൊലിസിനുമെതിരെ രംഗത്ത് വന്നപ്പോള്‍ ചിലര്‍ അവരെ വേട്ടയാടാന്‍ തുടങ്ങി. ഒടുവില്‍ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് ലിഗ മരിച്ചത് ക്രൂരമായ ബലാല്‍സംഗത്തിന് ശേഷമാണെന്ന സത്യം മനസ്സിലായത്. അതിന് ശേഷം ലിഗയുടെ സഹോദരിയെ കാണാന്‍ മുഖ്യമന്ത്രി തയ്യാറായി. തിരുവനന്തപുരം ശാന്തി കവാടത്തില്‍ ലിഗയുടെ അന്തിമ ചടങ്ങുകള്‍ നടത്തി സഹോദരി നാട്ടിലേക്ക് മടങ്ങി. മടങ്ങുന്നതിന് മുമ്പ് തന്നെ സഹായിച്ച, സഹോദരിക്കായി മനമുരുകി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അവര്‍ നന്ദി പറഞ്ഞു. ഇതാണ് ലാത്‌വിയന്‍ മനസ്സെങ്കില്‍ നമ്മുടെ മനസ്സിനെ കുറിച്ച് ഗൗരവത്തില്‍ നമ്മള്‍ തന്നെ ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്താണ് നമ്മുടെ നാടിന് സംഭവിച്ചത്…? ഉത്തരം പറയേണ്ടത് നമ്മള്‍ തന്നെ. ദൈവത്തിന്റെ സ്വന്തം നാട് എന്നതാണല്ലോ കേരളത്തിന്റെ വിശേഷണം. നമ്മുടെ ടൂറിസം വെബ് സൈറ്റുകളില്‍ പോയാല്‍ ദൈവത്തിന്റെ സ്വന്തം നാടിന്റെ മഹത്വം മാത്രമാണ്. ആ മഹത്വത്തില്‍ വിശ്വസിച്ചാണല്ലോ ലിഗയെ പോലുളള വിദേശ വിനോദ സഞ്ചാരികള്‍ കേരളത്തിലേക്ക് വരുന്നത്. ഇങ്ങനെ വരുന്നവര്‍ക്ക് എന്ത് സഹായമാണ് നമ്മള്‍ നല്‍കുന്നത്-കേവലം അധിക്ഷേപവും പരിഹാസങ്ങളും പീഡനങ്ങളുമെല്ലാം. ടൂറിസം വെബ് സൈറ്റുകളില്‍ പറയുന്നത് മധുര മനോഹര വാഗ്ദാനങ്ങളാണ്. കേരളത്തിലെ വിനോദ കേന്ദ്രങ്ങളില്‍ സഞ്ചാരികളെ കൂടുതല്‍ ആകര്‍ഷിക്കാറുള്ളത് സംശയലേശമന്യേ പറയാം-കോവളമാണ്. എന്താണ് നിലവില്‍ കോവളത്തിന്റെ അവസ്ഥ…? ലോകോത്തര വിനോദ സഞ്ചാര കേന്ദ്രങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കോവളത്ത് ഒന്നുമില്ല. കടലോരവും പിന്നെ കൂറെ ബഹളവും. അതിനിടെ പിടിച്ചുപറിക്കാരും പോക്കറ്റടിക്കാരുമെല്ലാം. എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും ഇതാണ് അവസ്ഥ. വെറുതെയല്ല നമ്മുടെ വിദേശ വരുമാനം കുറയുന്നത്. ഒരു തവണ കേരളത്തില്‍ വന്നവര്‍ പിന്നീട് ഈ വഴിക്ക് തിരിഞ്ഞ് നോക്കില്ല എന്ന സത്യത്തിന് അടിവരയിടുകയാണ് ലിഗയുടെ കൊലപാതകം.
മുമ്പെല്ലാം അതിഥികളെ ബഹുമാനിക്കുന്നതിലും ആദരിക്കുന്നതിലും ഒന്നാം സ്ഥാനത്തായിരുന്നു നമ്മള്‍. വിദേശികള്‍ വഴി ചോദിച്ചാല്‍ അറിയാവുന്ന ഇംഗ്ലീഷില്‍ പറഞ്ഞും അവരെ സുരക്ഷിത സ്ഥാനത്ത് എത്തിക്കുന്നതില്‍ ജാഗ്രത പാലിച്ചും നമ്മള്‍ സ്വയം മാതൃകയായിരുന്നുവെങ്കില്‍ ഇന്ന് വഴി ചോദിച്ചാല്‍ പോലും കൃത്യമായി പറഞ്ഞ് കൊടുക്കാന്‍ നമ്മുടെ മനസ് അനുവദിക്കാത്തത് പോലെ. ലിഗയെ വഴി പറഞ്ഞ് തെറ്റിച്ചാണ് ആളില്ലാത്ത സ്ഥലത്തേക്ക് കൊണ്ട് പോയത്. അവിടെ വെച്ചാണ് പീഢിപ്പിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത് കര്‍ക്കശമായി തടയേണ്ടിയിരിക്കുന്നു. വിദേശികള്‍ മാത്രമല്ല സ്വദേശികളും ആക്രമിക്കപ്പെടുന്നത് വര്‍ധിക്കുമ്പോള്‍ പൊലീസ് തന്നെയാണ് ജാഗ്രത പാലിക്കേണ്ടത്. കേരളത്തിലെ പൊലീസിനെ എല്ലാത്തിനും കുറ്റം പറയാനാവില്ല. വളരെ കൃത്യമായി അന്വേഷണങ്ങള്‍ നടത്തുകയും കേസുകള്‍ തെളിയിക്കുകയും ജാഗ്രത പാലിക്കുകയും ചെയ്യുമ്പോള്‍ തന്നെ പല കോണുകളിലായി അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കുമ്പോള്‍ അത് പൊലീസിന്റെ പിഴവായി ഗണിക്കപ്പെടുന്നു. കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്ല് പൊലിസ് സ്‌റ്റേഷനും അവിടുത്തെ ഉദ്യോഗസ്ഥരും നമ്മുടെ നിയമപാലക സമൂഹത്തിന്റെ വലിയ മനസ്സിന്റെ തെളിവാണെങ്കില്‍ അത്തരത്തിലുള്ള സഹായ-സേവന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നിയമ ലംഘകരെ കര്‍ക്കശമായി നേരിടാന്‍ നിയമപാലക സമൂഹത്തിന് കഴിയണം.
കേരളത്തിലേക്ക് എല്ലാവര്‍ക്കും വരാമെന്ന സുരക്ഷാ സത്യം വ്യക്തമാക്കേണ്ടവര്‍ സര്‍ക്കാരും പൊലീസുമാണ്. ഈ കാര്യത്തില്‍ രാഷ്ട്രീയ ചിന്താഗതികള്‍ക്കപ്പുറം പൊതു മനസ്സാണ് ഉണരേണ്ടത്. ലിഗയുടെ കൊലപാതകം നല്‍കുന്ന ചിത്രത്തിന്റെ ഗൗരവം ഇപ്പോഴും പലര്‍ക്കും മനസ്സിലായിട്ടില്ല. അശ്വതി ജ്വാല എന്ന വനിതയുടെ ശബ്ദമാവണം നമ്മുടെ ശബ്ദം. അനീതി ആര് കാട്ടിയാലും അതിനെതിരെ ശക്തമായി പ്രതികരിക്കണം. അപ്പോഴാണ് പൊലീസും സര്‍ക്കാരുമെല്ലാം ഉണരുക. നിയമം ഇവിടെ കര്‍ക്കശമാണ്. ആ നിയമത്തെ കര്‍ക്കശമായി തന്നെ നടപ്പിലാക്കുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയുമെന്ന കാര്യത്തില്‍ സംശയമില്ല.
കേരളം ലോകത്തില്‍ അറിയപ്പെടേണ്ടത് നല്ല നാമത്തില്‍ മാത്രമാണ്. നമ്മുടെ സാക്ഷരതാ ബോധവും പൗര ബോധവുമെല്ലാം കാലത്തിനൊപ്പം നില്‍ക്കണം. ദൈവത്തിന്റെ സ്വന്തം നാട് എന്ന വിശേഷണം നിലനില്‍ക്കണമെങ്കില്‍ നമ്മള്‍ എല്ലാവരും പൗരബോധം പ്രകടിപ്പിക്കണം. അത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുകയും വേണം. അപ്പോഴാണ് നാടിന്റെ വിലാസം നന്നാവുക.