അപരവല്‍കരണത്തിന്റെ ഇരുപത്തെട്ടാമാണ്ട്

‘മഴുവും പാരയും പിക്കാസുകളും കൊണ്ട് ഓരോ മകുടവും ഇടിച്ചുതള്ളുന്ന ശബ്ദവും അക്രമികളുടെ ആക്രോശങ്ങളുംകൊണ്ട് മുഖരിതമായിരുന്നു അവിടം. ആയുധങ്ങളൊന്നും കയ്യിലില്ലായിരുന്നെങ്കില്‍കൂടി വെറുംകൈകള്‍കൊണ്ടുമാത്രം അവരത് ചെയ്യുമായിരുന്നു. അത്രക്കും കൊടുംതീവ്രവിഷമാണ് അവരുടെ സിരകളിലൂടെ ആ മണിക്കൂറുകളില്‍ ഓടിയിരുന്നത്.’ 1992 ഡിസംബര്‍ 6ന് പ്രമുഖദേശീയവാരികയുടെ ലേഖകന്‍ ഉത്തര്‍പ്രദേശിലെ ചരിത്രനഗരിയായ ഫൈസാബാദിലെ ആ പുരാതന ആരാധനാലയത്തിനടുത്തുനിന്ന് നേരില്‍കണ്ടെഴുതിയ വാചകമായിരുന്നു അവ.
ഇദ്ദേഹമുള്‍പ്പെടെ നൂറുകണക്കിന് മാധ്യമപ്രവര്‍ത്തകരാണ് അന്നേദിവസം അവിടെ തടിച്ചുകൂടിയിരുന്നത്. ലക്ഷക്കണക്കിന് വരുന്ന ആള്‍ക്കൂട്ടത്തെ നയിച്ച് ബി.ജെ.പിയുടെയും സംഘപരിവാറിന്റെയും മദോന്മത്തരായ നേതാക്കള്‍ അവിടെ എത്തിയിരുന്നു. ‘മന്ദിര്‍ വഹാം ബനേംഗേ'(ക്ഷേത്രം അവിടെപണിയും) എന്നുപറഞ്ഞവര്‍ക്ക് ഇപ്പോഴിതാ അത് സാധ്യമാക്കിക്കൊടുത്തിരിക്കുകയാണ് രാജ്യത്തെ ഭരണകൂടവും ഉന്നതനീതിപീഠവും. നവംബര്‍ 9ന് നല്‍കിയ ചരിത്രപ്രധാനമായ വിധിയിലൂടെ ബാബരിമസ്ജിദ് മന്ദിരം എന്നെന്നേക്കുമായി തല്‍സ്ഥാനത്തുനിന്ന് നീക്കപ്പെടാന്‍ പോകുകയാണ്. തീവ്രവാദികൂട്ടങ്ങള്‍ നടത്തിയ പെരുംവര്‍ഗീയകളിയാട്ടത്തിന് രാഷ്ട്രത്തിന്റെ ഔദ്യോഗികാംഗീകാരം.
മസ്ജിദ് തകര്‍ക്കപ്പെട്ട് ഇന്നേക്ക് 27 സംവല്‍സരംപിന്നിടുമ്പോള്‍ കഴിഞ്ഞുപോയ തപ്തവും ശപ്തവുമായ വര്‍ഷങ്ങളെക്കുറിച്ചോര്‍ത്ത് കണ്ണീര്‍പൊഴിച്ചും സ്വയംശപിച്ചും നിരാശയുടെ കുഴിയിലേക്ക് ആണ്ടിറങ്ങുകയാണ് മതേതരത്വ ഇന്ത്യയുടെ ഇരുപത്‌കോടിയോളംവരുന്ന മുസ്്‌ലിംജനത. ലോകാസമസ്ത സുഖിനോ ഭവന്തൂ: എന്നുദ്‌ഘോഷിച്ച സനാതന സംഹിതയുടെയും രാജ്യത്തിന്റെ പരമ്പരാഗതമായ മതേതരവിശ്വാസത്തിന്റെയും അത്യുന്നതമായ മകുടങ്ങളിന്മേലാണ് ഡിസംബര്‍ 6 ന് ചെന്നുപതിച്ച ഓരോ മഴുതാഢനവും. അതുകൊണ്ടുതന്നെ ഇതൊരു പ്രത്യേകമതവിഭാഗത്തിന്റെയോ ആരാധനാസ്വാതന്ത്ര്യത്തിന്റെയോ ന്യൂനപക്ഷാവകാശ-മനുഷ്യാവകാശസംരക്ഷണത്തിന്റെയോ മാത്രമായ പ്രശ്‌നമാവുന്നില്ല. രാജ്യം ഭയത്തിന്റെ പിടിയിലാണെന്ന് മുന്‍പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗും പ്രമുഖവ്യവസായി രാഹുല്‍ബജാജും പറഞ്ഞതും ഇതുകൊണ്ടാണ്. വഴിയോരങ്ങളില്‍ ജീവസന്ധാരണത്തിനിടെ തല്ലിക്കൊല്ലപ്പെടുകയും തുടര്‍ച്ചയായി അവമതിക്കപ്പെടുകയും ചെയ്യുന്ന മനുഷ്യരെ സംബന്ധിച്ചിടത്തോളം ഇതൊരു തീരാനൊമ്പരവും ആശങ്കയുംതന്നെയാണ്.
ഓരോ അക്രമിക്കും ഇരുട്ടുവഴിയില്‍ പന്തവുമായി ഭരണകൂടങ്ങള്‍ ഇരകളുടെയും പാവപ്പെട്ടവരുടെയും നികുതിപ്പണമെടുത്ത് സംരക്ഷണവലയം തീര്‍ക്കുമ്പോള്‍ ബാബരിമസ്ജിദ് ധ്വംസനത്തിന്റെ ഇരുപത്തെട്ടാംവാര്‍ഷികത്തിന് പ്രതീകാത്മകമായ പ്രസക്തിയുണ്ട്. ബാബരിമസ്ജിദ് ഉള്‍പെടെയുള്ള ന്യൂനപക്ഷവിശ്വാസസംരക്ഷണത്തിനും സമൂഹത്തിന്റെയും നാടിന്റെയും ക്രമസമാധാനം പരിപാലിക്കുന്നതിനും നിയുക്തമായ ഭരണഘടനാസ്ഥാപനങ്ങളോരോന്നും വീണുകിടക്കുന്നൊരു സമുദായത്തിനുനേര്‍ക്ക് കാവിക്കുന്തമുനകളുമായി പാഞ്ഞടുക്കുമ്പോള്‍ ഇപ്പോഴും ഉടയാത്ത ഭരണഘടനമാത്രമാണ് ഇവരുടെ ഏകപ്രതീക്ഷാകവചം. മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ കുംഭകര്‍ണസേവ നടത്തിയ പ്രധാനമന്ത്രിയെപോലെ. ‘എല്ലാം ഞങ്ങളുടെ നിയന്ത്രണത്തിലാണ്, നിങ്ങള്‍ പൊയ്‌ക്കൊള്ളൂ’ എന്ന് വാര്‍ത്താലേഖകരോട് ഉപദേശിച്ച അയോധ്യയിലെ ഇന്‍സ്‌പെക്ടര്‍ ജനറലെപോലുള്ളവരാണ് ഇന്ന് പൂര്‍വാധികം ശക്തിയോടെ യു.പിയിലെയും ഇന്ദ്രപ്രസ്ഥത്തിലെയും സര്‍ക്കാര്‍മന്ദിരങ്ങളില്‍ വാഴുന്നത്.
ഈ ദിവസങ്ങളില്‍ തന്നെയാണ് ഇന്ത്യയിലെ മുസ്‌ലിംകളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്ന ഭീഷണിയുമായി നിയമംനിര്‍മിക്കാന്‍ ഒരുങ്ങുന്ന മോദിയും അമിത്ഷായും. കഴിഞ്ഞദിവസം കേന്ദ്രമന്ത്രിസഭ അംഗീകരിച്ച ദേശീയപൗരത്വബില്‍ അനുസരിച്ച് ഓരോഇന്ത്യക്കാരനും ഇനി അവരവരുടെ പൗരത്വം സ്വയംതെളിയിക്കണമത്രെ. രാജ്യത്തെ പൗരന്മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും സൂക്ഷിക്കുന്നതിനുമുള്ള ഭരണകൂടത്തിന്റെ ഉത്തരവാദിത്തത്തെ ചോദ്യംചെയ്യാനാവില്ലെങ്കിലും ആ യുക്തിയുടെ മറവില്‍ ഇവരുടെ ലക്ഷ്യം സ്വാതന്ത്ര്യപൂര്‍വകാലം മുതല്‍ ആര്‍.എസ്.എസ്സാദി വര്‍ഗീയാദിസംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുന്ന മുസ്‌ലിംഉന്മൂലനമാണ്. ബില്ലിന്റെ വ്യവസ്ഥയില്‍ മുസ്‌ലിംകളല്ലാത്തവരെയെല്ലാം ഇതരരാജ്യങ്ങളില്‍നിന്ന് ഇന്ത്യയിലേക്ക് സ്വീകരിക്കും എന്ന അത്യന്തം അബദ്ധജഢിലവും അപകടകരവും മനുഷ്യത്വഹീനവും മനുഷ്യാവകാശലംഘനവുമായ വ്യവസ്ഥ മറ്റൊന്നിനുമല്ല. ബംഗ്ലാദേശ്, പാക്കിസ്താന്‍, അഫ്ഗാനിസ്ഥാന്‍ എന്നീ സമീപരാജ്യങ്ങളില്‍ പീഡനം അനുഭവിക്കുകയോ അത് ഭയപ്പെടുകയോചെയ്യുന്ന ഹിന്ദു, ക്രിസ്ത്യന്‍, പാഴ്‌സി, ജൈന, സിഖ് മതവിശ്വാസികള്‍ക്കെല്ലാം ഇനി ഇന്ത്യയില്‍ പൗരത്വത്തിന് അര്‍ഹതയുണ്ടാകുമത്രെ. ഇതില്‍നിന്ന് മുസ്്‌ലിംകളെമാത്രം ഒഴിവാക്കിയതിലെ ആര്‍.എസ്.എസ്‌വിഷം സുവ്യക്തം. ഇന്ത്യയില്‍ പ്രയാസപ്പെടുന്ന മുസ്്‌ലിംകളുടെ കാര്യത്തില്‍ എന്ത് നടപടിയാണ് രാജ്യം കൈക്കൊള്ളേണ്ടതെന്നുകൂടി നിയമം വ്യക്തമാക്കണമായിരുന്നു. രാജ്യത്തേക്ക് ഇതര രാജ്യങ്ങളിലെ മുസ്‌ലിംകളൊഴികെയുള്ളവരെ സ്വീകരിക്കുമെന്ന് പറയുമ്പോള്‍ ജമ്മുകശ്മീരിലെ പ്രത്യേകാവകാശനിയമവുമായി( ഇന്ത്യന്‍ഭരണഘടനയുടെ 370-)ംവകുപ്പ്) ഇത് ബന്ധപ്പെടുന്നുണ്ട്. കശ്മീരിലേക്കും ലക്ഷദ്വീപിലേക്കും അടക്കം മുസ്്‌ലിംകളല്ലാത്തവരെ കടത്തിവിട്ട് അവിടങ്ങള്‍ മുസ്്‌ലിംഭൂരിപക്ഷമല്ലാതാക്കുകയെന്ന കുബുദ്ധികൂടിയാണിതില്‍. എന്നാല്‍ ആസാം, അരുണാചല്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗോത്രവര്‍ഗമേഖലകളെ ഇതില്‍നിന്നൊഴിവാക്കിയിരിക്കുന്നത് വോട്ടുബാങ്ക് ലക്ഷ്യമിട്ടും. വരുന്നആഴ്ച പാര്‍ലമെന്റിന്റെ ഇരുസഭകളിലും ബില്‍ പാസാക്കുന്നതോടെ ദേശീയ പൗരത്വരജിസ്റ്റര്‍ രാജ്യത്താകമാനം നടപ്പാക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന് അനുവാദം ലഭിക്കുന്നത്. ഭരണഘടനയുടെ പതിനാലാംവകുപ്പ് നിര്‍ദേശിക്കുന്ന തുല്യതക്കെതിരെയുള്ള നിയമമാണിത്. ബില്ലിനെ എതിര്‍ക്കുമെന്ന് കോണ്‍ഗ്രസും മുസ്‌ലിംലീഗും തൃണമൂല്‍ കോണ്‍ഗ്രസും വ്യക്തമാക്കിയതോടെ എന്‍.ഡി.എയിലെ ബി.ജെ.പി ഇതരകക്ഷികളുടെ തീരുമാനമാകും നിര്‍ണായകമാകുക. ബാബരിമസ്ജിദ് ധ്വംസനത്തിന്റെ ഈ വാര്‍ഷികവേളയിലെങ്കിലും മസ്ജിദ്ധ്വംസകരെ അഴിക്കുള്ളിലാക്കുന്നതിനും മസ്ജിദ് തല്‍സ്ഥാനത്ത് പുനര്‍നിര്‍മിക്കുന്നതിനുമുള്ള നടപടികളാണ് മതേതരവിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. മറിച്ച് മുസ്‌ലിംകളെ വീണ്ടും അപരവല്‍കരിക്കുന്നതിനുള്ള നീക്കവുമായാണ് മോദിസര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നാസിജര്‍മനിയുടെ ദുരന്തഗതിയാണ് നമ്മെയുംകാത്തിരിക്കുന്നതെന്ന് കരുതുന്നതാവും ഉചിതം.