Connect with us

Video Stories

വഴിവിട്ട നിയമനങ്ങള്‍ ഉടന്‍ റദ്ദാക്കണം

Published

on

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ വകുപ്പിന് കീഴിലെ വിവിധ സ്ഥാപനങ്ങളില്‍ വഴിവിട്ട് നിയമനം നടന്നതായ വാര്‍ത്തയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ അന്വേഷണം അനിവാര്യമായിരിക്കയാണ്. ‘ചന്ദ്രിക’യാണ് കഴിഞ്ഞ ദിവസം വിവാദ നിയമനം പുറത്തുകൊണ്ടുവന്നത്. നൂറോളം പേരെ വകുപ്പിനു കീഴിലെ വിവിധ തസ്തികകളില്‍ മാനദണ്ഡങ്ങള്‍ മറികടന്ന് നിയമിച്ചതായാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. നിയമനം ലഭിച്ചവരില്‍ ന്യൂനപക്ഷകാര്യ മന്ത്രിയുടെ അടുത്ത ബന്ധുവും ഉള്‍പെടുന്നുവെന്ന വിവരം ഗൗരവാര്‍ഹമാണ്. ന്യൂനപക്ഷ ഡയറക്ടറേറ്റ്, ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന്‍, ന്യൂനപക്ഷ കമ്മീഷന്‍, ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ എന്നിവയിലാണ് അനധികൃത നിയമനം നടന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇടതു മുന്നണി സര്‍ക്കാര്‍ അധികാരത്തിലേറി അഞ്ചാം മാസം തന്നെ ബന്ധു നിയമനം കാരണം ഒരു മന്ത്രിക്ക് സ്ഥാനത്യാഗം ചെയ്യേണ്ടി വന്നിരിക്കെ മന്ത്രി കെ.ടി ജലീലിന്റെ കാര്യത്തിലും സമാനമായ സ്ഥിതി വിശേഷമാണ് ഉരുത്തിരിയുന്നത്. ഇതേക്കുറിച്ച് പ്രതികരിക്കാന്‍ പോലും മന്ത്രിയുടെ വകുപ്പോ മന്ത്രിയോ മുഖ്യമന്ത്രിയോ തയ്യാറായിട്ടില്ലാത്ത നിലക്ക് ഇനി കോടതിയുടെ ഇടപെടല്‍ മാത്രമാണ് പോംവഴി.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ന്യൂനപക്ഷവകുപ്പില്‍ കരാറടിസ്ഥാനത്തില്‍ നിയമിക്കപ്പെട്ടവരുടെ സേവന കാലാവധി മൂന്നു കൊല്ലത്തേക്കുകൂടി നീട്ടിക്കൊണ്ടുള്ള 2016 ഫെബ്രുവരി രണ്ടിലെ മന്ത്രിസഭാ തീരുമാനം നിലവിലിരിക്കെയാണ് ഈ നിയമനമെന്നത് അതീവ ഗൗരവതരമായിരിക്കുന്നു. പുറത്താക്കപ്പെട്ട എഴുപതോളം പേര്‍ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത് നീതി പുലരുമെന്ന പ്രതീക്ഷക്ക് വക നല്‍കുന്നുണ്ടെങ്കിലും ഔദ്യോഗിക സംവിധാനം സ്വേച്ഛക്കുവേണ്ടി ദുരുപയോഗം ചെയ്തതിനുള്ള ശിക്ഷ ബന്ധപ്പെട്ട മന്ത്രിയും സര്‍ക്കാരും ഏറ്റുവാങ്ങേണ്ടിവരും. തനിക്ക് മന്ത്രി പദവി നല്‍കിയ സി.പി.എമ്മിന്റെ ലോക്കല്‍ നേതാക്കള്‍ക്കാണ് അവരുടെ സമ്മര്‍ദത്തിന് വഴങ്ങി മന്ത്രി വഴിവിട്ട് നിയമനം നല്‍കിയിരിക്കുന്നത്. പിന്നെ സ്വന്തം ഇഷ്ടക്കാരെയും ബന്ധുക്കളെയും. സി.പി.എം ജില്ലാ കമ്മിറ്റികള്‍ നല്‍കിയ പട്ടികയനുസരിച്ചാണ് പല നിയമനങ്ങളുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പലയിടത്തും പ്രിന്‍സിപ്പല്‍ തസ്തികയില്‍ സി.പി.എമ്മിന്റെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിമാര്‍ വരെ കയറിക്കൂടി എന്നതിനാല്‍ ഭരണകക്ഷിക്കും ഈ പാപക്കറ കഴുകിക്കളയാന്‍ വിഷമമാണ്. കോച്ചിങ് സെന്ററുകളില്‍ പ്രിന്‍സിപ്പലാകാന്‍ ബിരുദാനന്തര ബിരുദവും നെറ്റ്, സെറ്റ് തുടങ്ങിയവയും പാസായിരിക്കണമെന്ന നിബന്ധന ലംഘിച്ചാണ് തെക്ക് മുതല്‍ വടക്കേയറ്റം വരെയുള്ള ജില്ലകളിലെ കോച്ചിങ് സെന്ററുകളില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിച്ചിരിക്കുന്നത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് സേവനമനുഷ്ഠിച്ചുവന്നവരെ പുറത്താക്കി ഒറ്റയടിക്ക് രാഷ്ട്രീയ താല്‍പര്യം പരിഗണിച്ച് നിയമിക്കുകയായിരുന്നുവെന്നാണ് കരുതുന്നത്. ഭരണം അഞ്ചു മാസമായപ്പോള്‍ തന്നെ നിലവിലുള്ളവരെ മുഴുവന്‍ പിരിച്ചുവിട്ടാണ് ഈ നിയമനം നടത്തിയിരിക്കുന്നത്. ഇന്റര്‍വ്യൂ ബോര്‍ഡില്‍ വകുപ്പു ഡയറക്ടര്‍ പങ്കെടുത്തിരുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്.
സാധാരണ ഗതിയില്‍ മാധ്യമങ്ങളില്‍ പരസ്യം നല്‍കി അഭിമുഖവും റാങ്ക് പട്ടികയും പ്രകാരമാണ് കരാര്‍ നിയമനം നടത്തേണ്ടതെന്നിരിക്കെ ഒറ്റ രാത്രികൊണ്ട് വകുപ്പിന്റെ വെബ്‌സൈറ്റില്‍ പരസ്യം നല്‍കിയാണ് പിറ്റേന്നു മുതല്‍ നിയമനം നടത്തിയതെന്നത് തികഞ്ഞ സ്വജനപക്ഷപാതം തന്നെയാണ്. ഇതുസബന്ധിച്ച് ന്യൂനപക്ഷ വകുപ്പ് നല്‍കേണ്ട വിവരാവകാശ നിയമ പ്രകാരമുള്ള വിവരങ്ങള്‍ മറച്ചുവെക്കുന്നു എന്നതുതന്നെ പൂട മന്ത്രിയുടെ കൂടയിലാണെന്നതിന് ഒന്നാംതരം തെളിവാണ്. സഹോദരീ പുത്രനെയും മറ്റും പൊതുമേഖലാ സ്ഥാപനങ്ങളില്‍ യോഗ്യതയില്ലാതിരുന്നിട്ടും നിയമിച്ചതുവഴി രാജിവെക്കാന്‍ നിര്‍ബന്ധിതനായ വ്യവസായ വകുപ്പുമന്ത്രി ഇ.പി ജയരാജന്റെ കാര്യത്തിലേതു പോലെ മന്ത്രി കെ.ടി ജലീലിന്റെ കാര്യത്തിലും നടപടിയെടുക്കാന്‍ മുഖ്യമന്ത്രിയും ഭരണമുന്നണിയും തയ്യാറാകുമോ എന്ന ചോദ്യമാണ് ഉയര്‍ന്നിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രത്യേക മന്ത്രിസഭാ ഉപസമിതിയെക്കൊണ്ട് പരിശോധിപ്പിക്കുമെന്ന് പറഞ്ഞ അതേ സര്‍ക്കാരാണ് അതിലെ ഒരു ഉത്തരവിനെ മറികടന്നുകൊണ്ട് പുതിയ നിയമനങ്ങള്‍ നടത്തിയിരിക്കുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ഏതാനും പേര്‍ ഹൈക്കോടതിയെ സമീപിച്ചതിനെതുടര്‍ന്ന് ബന്ധപ്പെട്ട ന്യൂനപക്ഷ വകുപ്പ് ഡയറക്ടറോട് കോടതി വിശദീകരണം തേടിയെങ്കിലും കോര്‍പറേഷനുകളിലെ നിയമനത്തിന് ചെയര്‍മാന് അധികാരമുണ്ടെന്ന വിശദീകരണമാണ് നല്‍കിയത്. എന്നാല്‍ ഇതംഗീകരിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ തയ്യാറല്ല. അവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാനും ഒരുങ്ങുകയാണ്. ഇക്കാര്യത്തില്‍ ഇനിയും കാലതാമസം വരുത്തി പ്രശ്‌നം മറച്ചുവെക്കാന്‍ ശ്രമിക്കുന്നത് സര്‍ക്കാരിന് ക്ഷീണമാകും. ന്യൂനപക്ഷ വകുപ്പിലെ കേന്ദ്ര ഫണ്ടുകളടക്കം ലക്ഷക്കണക്കിന് രൂപ ചെലവഴിക്കാതെ ലാപ്‌സാകുന്നുവെന്ന വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കെയാണ് ഈ വിവാദമെന്നത് ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമാണ്. അനധികൃത നിയമനം ലഭിച്ചവര്‍ പലരും ഇപ്പോഴും നടപടി ഭയന്ന് ബന്ധപ്പെട്ട തസ്തികകളില്‍ ജോലിക്ക് കയറിയിട്ടില്ല. പലരും പാര്‍ട്ടി സഖാക്കളാണെന്നതിനാല്‍ ജോലി നിര്‍വഹണം കുറ്റമറ്റതാകാനും വഴിയില്ല. ഇത് ഫലത്തില്‍ വകുപ്പിനെ കെടുകാര്യസ്ഥതക്കും കാര്യക്ഷമതയില്ലായ്മയിലേക്കുമാണ് നയിക്കുക. അഴിമതിക്കെതിരെ പുരപ്പുറത്തുകയറി പ്രസംഗിക്കുന്ന ഇടതുപക്ഷ നേതാക്കള്‍, പ്രത്യേകിച്ചും സി.പി.ഐക്കാര്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് പരസ്യമായി പ്രഖ്യാപിക്കാന്‍ തയ്യാറാവണം. അതല്ലെങ്കില്‍ അവരുടെ പ്രതിച്ഛായക്കുകൂടിയാകും ചെളിവീഴുക.
ഇക്കാര്യത്തില്‍ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉടന്‍ ഉത്തരവിടുകയോ പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുക്കുകയോ ചെയ്യേണ്ടതുണ്ട്. സ്വജന-ബന്ധു നിയമനക്കാര്യത്തില്‍ ജയരാജനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. ഇതിന്മേലുള്ള കോടതി നടപടികളും പാതിവഴിയിലാണ്. ഈ ഘട്ടത്തില്‍ പുതിയ നിയമന വിവാദം സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. വിജിലന്‍സ് ഡയറക്ടറുടെ സത്യസന്ധതയും ആത്മാര്‍ത്ഥതയും ചോദ്യം ചെയ്യപ്പെട്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ഇപ്പോള്‍ വിജിലന്‍സ് സ്വമേധയാ ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കരുതുന്നതും മൗഢ്യമായിരിക്കും. അതിനാല്‍ മുഖ്യമന്ത്രി ഇടപെട്ട് ഉടന്‍ ഈ അനധികൃത നിയമനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ഉത്തരവിടുകയാണ് വേണ്ടത്. നിയമനം നല്‍കിയവര്‍ക്കെതിരെ നടപടിയെടുക്കാനും സര്‍ക്കാര്‍ തയ്യാറാകണം.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending