Connect with us

Video Stories

ഹാരിസണ്‍ കേസില്‍ പുറത്തായ ഒത്തുകളി

Published

on

കേരളത്തിലെ ആറു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമിയുടെ ഉടമസ്ഥാവകാശം സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാരും ഹാരിസണ്‍ മലയാളം ലിമിറ്റഡും തമ്മില്‍ നടന്നുവന്ന കേസില്‍ സുപ്രീംകോടതി രണ്ടംഗ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിന് അപമാനകരവും ഒപ്പം സങ്കടകരവുമാണ്. ഇടുക്കി, പത്തനംതിട്ട, കൊല്ലം, കോട്ടയം, വയനാട്, കോഴിക്കോട് ജില്ലകളിലായി സംസ്ഥാനത്തിന്റെ വിലപ്പെട്ട ഭൂമി കൈവശപ്പെടുത്തിയ കമ്പനി പല വിധ രീതിയില്‍ നിയമത്തിലെ പഴുതുകളുപയോഗപ്പെടുത്തി തങ്ങളുടേതാക്കി മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. റവന്യൂരേഖകള്‍ പ്രകാരം ഭൂമിയുടെ ഉടമസ്ഥത ഹാരിസണ്‍ മലയാളം കമ്പനിക്കാണെന്നതിന് തെളിവുണ്ടെന്നും അതിന്മേല്‍ നടപടിയെടുക്കാന്‍ സിവില്‍ കോടതിക്ക് മാത്രമേ അധികാരമുള്ളൂവെന്നുമാണ് സുപ്രീംകോടതിയിലെ രോഹിംടണ്‍ എസ്.നരിമാന്‍, ഇന്ദുമല്‍ഹോത്ര എന്നിവരുടെ വിധി. ഇത് കേരളത്തിന്റെ പൊതുതാല്‍പര്യത്തിനും നിയമ നടപടികള്‍ക്കും വലിയ ആഘാതമായിരിക്കുകയാണ്. സംസ്ഥാനം ഭരിച്ചുകൊണ്ടിരിക്കുന്ന ഇടതുപക്ഷസര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് ഈ ദു:സ്ഥിതിക്ക് വഴിവെച്ചതെന്ന് സുതരാം വ്യക്തമാകുകയാണ്. കഴിഞ്ഞ ഏപ്രില്‍പത്തിനാണ് ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ച കേസില്‍ ഹാരിസണ്‍ മലയാളം കമ്പനിക്ക് അനുകൂലമായ വിധി കേരള ഹൈക്കോടതി പ്രഖ്യാപിച്ചത്. മതിയായ പര്യാലോചനകളും നിയമവശങ്ങള്‍ വേണ്ടത്ര പരിശോധിക്കാതെയും കോടതിയുടെ മുന്നില്‍ ചെന്നതിനാലായിരുന്നു സര്‍ക്കാരിനെതിരായി വിധിയുണ്ടായത്. ഇതുസംബന്ധിച്ച പ്രത്യേകാനുമതി ഹര്‍ജിയില്‍ ഹൈക്കോടതിയുടെ അതേവിധിതന്നെ സ്ഥാപിക്കുകയാണ് തിങ്കളാഴ്ച രാജ്യത്തെ ഉന്നത നീതിപീഠം ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ അപ്പീല്‍ വലിയ പരിശോധനകള്‍ കൂടാതെ തന്നെ തള്ളിയിരിക്കുകയാണ്. കേരളത്തിലെ ആദിവാസികളും ദരിദ്രരുമടക്കമുള്ള ഭൂരഹിത ജനവിഭാഗങ്ങള്‍ക്ക് കിടപ്പാടം പോലും അന്യമായിരിക്കെയാണ് ഏക്കര്‍ കണക്കിന് ഭൂമി സംസ്ഥാനത്തിന്റെ പല ജില്ലകളിലായി സ്വകാര്യ കമ്പനി കൈവശം വെച്ചിരിക്കുന്നത് എന്നത് നഗ്നമായ നീതിനിഷേധവും സാമാന്യമര്യാദകളുടെ ലംഘനവുമാണ്.
യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 2014ല്‍ അന്നത്തെ ലാന്റ്‌റവന്യൂ കമ്മീഷണറായിരുന്ന എം.ജി രാജമാണിക്യമാണ് റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെന്ന നിലയില്‍ ഹാരിസണ്‍ മലയാളം ലിമിറ്റഡിന്റെ മുപ്പത്തെട്ടായിരത്തോളം ഏക്കര്‍ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതായി അറിയിച്ചത്. മതിയായ വിവരങ്ങള്‍ ശേഖരിച്ചശേഷമായിരുന്നു ഇത്. ഇതിനെതുടര്‍ന്ന് കോടതിയെ സമീപിക്കുകയായിരുന്നു കമ്പനി. സ്വകാര്യ വ്യാവസായിക ആവശ്യത്തിന് വേണ്ടിയാണ് ആദ്യ കാലത്ത് വിദേശ കമ്പനിയായിരുന്ന ഹാരിസണ്‍ മലയാളം ലിമിറ്റഡ് ഇത്രയും ഏക്കര്‍ഭൂമി പാട്ടത്തിനെടുത്തിരുന്നത്. ഇതിനുശേഷം കാലങ്ങളായി കൃത്രിമ രേഖകള്‍ ചമച്ചും മറ്റും രജിസ്‌ട്രേഷന്‍ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് സ്വന്തമായി കൈവശപ്പെടുത്തുകയായിരുന്നുവെന്നാണ് പരാതി. സര്‍ക്കാരിന്റെ റവന്യൂ ഭൂമിയായി പരിഗണിച്ച് ആവശ്യക്കാര്‍ക്ക് പതിച്ചുനല്‍കുന്നതിനായാണ് അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ ഏറ്റെടുക്കല്‍ നടപടി പ്രഖ്യാപിച്ചത്. കമ്പനി കോടതിയെ സമീപിച്ചപ്പോള്‍ ഇതിനായി സ്‌പെഷ്യല്‍ ഗവ. പ്ലീഡറായി യു.ഡി.എഫ് സര്‍ക്കാര്‍ സുശീലഭട്ടിനെ നിയമിക്കുകയും ചെയ്തിരുന്നു. വിഷയം സംബന്ധിച്ച് നല്ല ഗ്രാഹ്യവും താല്‍പര്യവുമുള്ള വ്യക്തി എന്ന നിലയിലാണ് ഭട്ടിന് നിയമോപദേശക പദവി നല്‍കിയത്. എന്നാല്‍ 2016ല്‍ അധികാരത്തില്‍വന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭട്ടിനെ തല്‍സ്ഥാനത്തുനിന്ന് മാറ്റിയപ്പോള്‍തന്നെ ചില ദുസ്സൂചനകള്‍ മണത്തിരുന്നു. ഹാരിസണ്‍ മുതലാളിമാരെ സഹായിക്കാനാണ് ഇടതുപക്ഷത്തിന്റെയും വിശിഷ്യാ സി.പി.എമ്മിന്റെയും നീക്കമെന്നായിരുന്നു പ്രധാന ആരോപണം. കഴിഞ്ഞ ദിവസത്തെ വിധിയോടെ ഈ ആരോപണം ശരിയാണെന്ന് പകല്‍പോലെ വ്യക്തമായിരിക്കുകയാണ്.
1957ലെ കേരള ഭൂ സംരക്ഷണനിയമമനുസരിച്ചാണ് ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തില്‍ റവന്യൂ സ്‌പെഷ്യല്‍ ഓഫീസറെ നിയമിക്കാന്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്. ഇതനുസരിച്ചു പ്രവര്‍ത്തിക്കുക മാത്രമാണ് യു.ഡി.എഫ് സര്‍ക്കാര്‍ ചെയ്തത്. 2007ല്‍ ഉന്നതതല സമിതിയും അതിനടുത്തവര്‍ഷം ജസ്റ്റിസ് മനോഹരന്‍ സമിതിയും സര്‍ക്കാരിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശമെന്നും അതിനാല്‍ സര്‍ക്കാരിന് ഭൂമി ഏറ്റെടുക്കാമെന്ന് ശിപാര്‍ശ ചെയ്യുകയായിരുന്നു. ഇതനുസരിച്ചാണ് പിന്നീടുവന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് സ്വീകരിച്ചതും നിയമ നടപടിയുമായി മുന്നോട്ടുപോയതും. ഹാരിസന്റെ രേഖകളില്‍ അപര്യാപ്തതകളുണ്ടെന്നും ഇത്രയും ഭൂമിക്ക് കമ്പനി അവകാശികളല്ലെന്നുമുള്ള വാദമാണ് കേരള സര്‍ക്കാരിന് വേണ്ടി ഇപ്പോള്‍ ഉന്നയിച്ചതെങ്കിലും ഉന്നത കോടതി ഈ വാദങ്ങള്‍ തള്ളുകയായിരുന്നു. മതിയായി കാര്യങ്ങള്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ ബോധ്യപ്പെടുത്താതെ ആകാശത്ത് വടിയെറിഞ്ഞ രീതിയിലുള്ള അലക്ഷ്യവാദമുഖങ്ങളാണ് യഥാര്‍ത്ഥത്തില്‍ കേരളത്തിന് വിനയായതെന്നാണ് കരുതേണ്ടത്. സംസ്ഥാന സര്‍ക്കാരും ഹാരിസണ്‍ കമ്പനിയും തമ്മില്‍ വല്ല ഒത്തുകളിയും അകത്തളങ്ങളില്‍ നടന്നിട്ടുണ്ടോ എന്നു മാത്രമേ ഇനി പുറത്തുവരേണ്ടതുള്ളൂ.
ഹൈക്കോടതിയിലെയും സുപ്രീംകോടതിയിലെയും വാദമുഖങ്ങളില്‍ കേരള സര്‍ക്കാര്‍ അഭിഭാഷകര്‍ ജാഗ്രത പുലര്‍ത്താതിരുന്നതിനെതിരെ സുശീലഭട്ട് അടക്കമുള്ള വിദഗ്ധര്‍ വരെ രംഗത്തുവന്നുകഴിഞ്ഞു. കണ്ണൂരിലെ ഓട്ടോഡ്രൈവര്‍ ചിത്രലേഖക്ക് യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച രാഷ്ട്രീയമെങ്കിലും ഹാരിസണ്‍ കാര്യത്തില്‍ എന്തുകൊണ്ടുണ്ടായില്ലെന്നാണ് ജനങ്ങളും ചോദിക്കുന്നത്. പലവിധ സ്വകാര്യ എസ്റ്റേറ്റുകളായി ലക്ഷക്കണക്കിന് ഏക്കര്‍ ഭൂമിയാണ് സ്വകാര്യ വ്യക്തികളിന്നും ചായത്തോട്ടം പോലുള്ള വ്യാവസായിക ആവശ്യത്തിനും അതുവഴി കൊള്ളലാഭം കൊയ്യുന്നതിനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും കേരളം പോലുള്ള പുരോഗമന ഭൂമികയില്‍ കയ്യേറിയിരിക്കുന്നത്. കേരള ഭൂ പരിഷ്‌കരണ നിയമത്തിലെ 15 ഏക്കര്‍ ഭൂമിയെന്ന സ്വകാര്യ വ്യക്തിയുടെ പരിധി ബാധകമല്ലാത്തതാണ് തോട്ടങ്ങളുടെ പേരിലെ ഈ പകല്‍കൊള്ളക്ക് കാരണം. പല സ്വകാര്യ ചായത്തോട്ടങ്ങളും റവന്യൂഭൂമിയിലാണെന്ന റിപ്പോര്‍ട്ടുകളും പാട്ടക്കരാര്‍ ലംഘനവും ചൂണ്ടിക്കാട്ടപ്പെട്ടിട്ടും അവയൊന്നും ഇനിയും സര്‍ക്കാരിന് മുതല്‍കൂട്ടാനാകുന്നില്ലെന്ന വസ്തുതയുടെ മറുവശംകൂടിയാണ് തിങ്കളാഴ്ചയോടെ കൂടുതല്‍ വികൃതമായി പുറത്തുവന്നിരിക്കുന്നത്. നാഴികക്ക് നാല്‍പതുവട്ടം തൊഴിലാളി വര്‍ഗ സ്‌നേഹവും ചൂഷണ വിരോധവും ആലപിക്കുന്ന കമ്യൂണിസ്റ്റുകളുടെ മൂന്നാര്‍ കയ്യേറ്റക്കാരുടെ കാര്യത്തിലൊക്കെയുള്ള പരസ്യമായ നിലപാടുമതി ഇതിന്റെയൊക്കെ പിന്നിലെ തിരശീല വകഞ്ഞുമാറ്റപ്പെടാന്‍.

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending