Connect with us

Video Stories

പിണറായി ചോദിച്ചു; എവിടെ നിന്നു കിട്ടി ഈ വിവരം?

Published

on

കേരളത്തെയാകെ പിടിച്ചുലച്ച ചാരക്കേസിന്റെ കാര്യത്തില്‍ സ്വീകരിച്ച വേറിട്ട നിലപാടാണ് നാല് പതിറ്റാണ്ടും കഴിഞ്ഞ് നീണ്ടു പോകുന്ന പത്ര പ്രവര്‍ത്തന കാലത്തെ ശ്രദ്ധേയ അനുഭവം.’മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ല’ എന്ന വാര്‍ത്ത അന്ന് ജോലി ചെയ്ത ചന്ദ്രിക ദിനപത്രത്തില്‍ അച്ചടിച്ചു വന്ന സമയവും കാലവും തിരിച്ചറിയുമ്പോള്‍ മാത്രമേ ആ വാര്‍ത്തയുടേയും വാര്‍ത്തയിലെ നിലപാടിന്റെയും ഗൗരവം ഉള്‍ക്കൊള്ളാന്‍ സാധിക്കുയുള്ളൂ. വലിയ റിസ്‌ക്കുള്ള നിലപാട് തന്നെയായിരുന്നു അന്നത്. കേരളത്തിലെ മാധ്യമ രംഗമാകെ അന്ന് മറ്റൊരു വഴിക്ക് ഒഴുകുകയായിരുന്നു. ഭ്രാന്തമായ ഏതോ ആവേശത്തോടെയുള്ള കുത്തൊഴുക്ക്. ചാനലുകള്‍ ഇന്നത്തേത് പോലെ സജീവമല്ലാത്തതിനാല്‍ പത്രങ്ങളായിരുന്നു ഐ.എസ്.ആര്‍.ഒ ചാരക്കഥ ആഘോഷിച്ചത്. ഒരു കഥ പിന്നേയും കഥ.. കഥകള്‍ക്ക്‌മേല്‍ കഥ, എന്നതായിരുന്നു അവസ്ഥ. അത്തരമൊരു ഘട്ടത്തില്‍ വേറിട്ട വാര്‍ത്ത വന്ന പത്രം നിയമസഭയില്‍ ഉയര്‍ത്തിപ്പിടിച്ച് പിണറായി വിജയന്‍ നടത്തിയ പ്രസംഗത്തിലെ ചോദ്യം വര്‍ഷങ്ങള്‍ക്കിപ്പുറവും കാതില്‍ മുഴങ്ങുന്നുണ്ട്. ‘മറിയം റഷീദ വന്നത് ചാര പ്രവര്‍ത്തനത്തിനല്ലെന്നാണ് കുഞ്ഞമ്മദ് വാണിമേല്‍ ചന്ദ്രികയില്‍ എഴുതിയിരിക്കുന്നത്. എവിടെ നിന്ന് കിട്ടി ഈ വിവരം….’ ഇങ്ങിനെ കത്തികയറുന്നതിനിടക്ക് ഒരു കമ്യൂണിസ്റ്റുകാരന്‍ ഒരിക്കലും ചോദിക്കാന്‍ പാടില്ലാത്ത ക്രൂരമായ ചോദ്യവും അന്നദ്ദേഹം ഉന്നയിച്ചു. ‘മറിയം റഷീദ മുസ്‌ലിമായതുകൊണ്ടാണോ ചന്ദ്രിക ഇങ്ങിനെ എഴുതിയത്’ എന്നായിരുന്നു ആ ചോദ്യം. എല്ലാം നിശബ്ദം കേള്‍ക്കുകയല്ലാതെ നിവൃത്തിയുണ്ടായിരുന്നില്ല. കെ. കരുണാകരന്‍ മുഖ്യമന്ത്രിയായ കാലമായിരുന്നു അത്. സ്വാതന്ത്ര്യ സമരസേനാനിയും ദേശീയതയുടെ ജീവിക്കുന്ന ആള്‍രൂപവുമൊക്കെയായ അദ്ദേഹം ഒരുനാള്‍ തിരുവന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലെ വന്‍ ജനാവലിക്ക് മുന്നിലെത്തിയപ്പോള്‍ ‘ചാരന്‍, ചാരന്‍’ എന്ന മര്‍മ്മരത്താല്‍ സദസ് പ്രകമ്പനം കൊണ്ടെങ്കില്‍ ചാരക്കഥക്കെതിരെ നിലപാട് സ്വീകരിച്ച വെറുമൊരു പത്രക്കാരന്‍ മാത്രമായ ഈ കുറിപ്പുകാരനും പത്രവും ആ വാര്‍ത്തയും വിമര്‍ശിക്കപ്പെടുന്നതില്‍ ഒരതിശയത്തിനും വകയില്ലായിരുന്നു. വിമര്‍ശനത്തിനും പരിഹാസത്തിനുമപ്പുറത്തേക്ക് കാര്യങ്ങള്‍ നീങ്ങുന്നുവെന്ന തോന്നലുണ്ടാക്കാനും അന്ന് ചില പത്രങ്ങള്‍ തയ്യാറായി. ചാരക്കേസില്‍ മറിയം റഷീദക്കനുകൂലമായ നിലപാട് സ്വീകരിച്ച പത്രങ്ങളുടെ ഓഫീസില്‍ സി.ബി.ഐ റെയ്ഡ് നടക്കുമെന്ന വാര്‍ത്തയായിരുന്നു അത്തരമൊരു തോന്നലിന് കാരണം. ലേഖകന്‍ അറസ്റ്റ് ചെയ്യപ്പെടുമെന്ന പ്രചാരണവും അന്ന് ചെവിമാറി ചെവിമാറി സഞ്ചരിച്ചു. മറിയം റഷീദക്ക് വേണ്ടി കേസ് വാദിച്ച തിരുവനന്തപുരത്തെ പ്രസാദ് ഗാന്ധി എന്ന അഭിഭാഷകന്റെ ഓഫീസിനു നേരെ നടന്ന ആക്രമണവും തിരുവനന്തപുരത്തെ ഐ.എസ്.ആര്‍.ഒവിന്റെ ചാര നിറത്തിലുള്ള വാഹനങ്ങള്‍ ആക്രമിക്കപ്പെട്ടതുമൊക്കെ മാധ്യമങ്ങള്‍ ഉണ്ടാക്കിയെടുത്ത മാസ് ഹിസ്റ്റീരിയയുടെ പ്രതിഫലനമായിരുന്നു. അതൊക്കെ ഇപ്പോഴും പല രൂപത്തില്‍ തുടരുന്നു. അന്വേഷിച്ചറിഞ്ഞ കാര്യങ്ങളിലുള്ള ഉറച്ച ബോധ്യമായിരുന്നു ആ വാര്‍ത്തയുടെ കാര്യത്തില്‍ അന്ന് അങ്ങിനെയൊരു നിലപാടെടുക്കാന്‍ പ്രേരണയായത്. സത്യത്തിന് എന്നും പത്തരമാറ്റാണല്ലോ. ഏതൊരു ജേണലിസ്റ്റിനും നിലപാടില്‍ ഉറച്ചു നില്‍ക്കാന്‍ ഉടമയുടെ പിന്തുണ ആവശ്യമാണ്. കേരളം കണ്ട മുസ്‌ലിം ബുദ്ധിജീവികളില്‍ പ്രഥമ സ്ഥാനീയരില്‍ ഒരാളായ പരേതനായ പ്രൊഫ. മങ്കട അബ്ദുല്‍ അസീസ് മൗലവിയായിരുന്നു അന്ന് ചന്ദ്രികയുടെ ചീഫ് എഡിറ്റര്‍. അദ്ദേഹം അദ്യാവസാനം എന്റെ നിലപാടിനെ ശ്ലാഘിച്ചു. ചരിത്ര വായനയുടെ പിന്‍ബലത്തില്‍ അദ്ദേഹം ഒരു കാര്യം ഉറപ്പിച്ചു പറഞ്ഞിരുന്നു. ‘ഒരു മാലിക്കാരനോ, മാലിക്കാരിയോ ചാര പ്രവര്‍ത്തനം പോലുള്ള ചതിയും വഞ്ചനയും കാട്ടി ഇന്ത്യയെ പോലുള്ള ശക്തമായ രാജ്യത്തിന്റെ രഹസ്യങ്ങള്‍ ചോര്‍ത്താനാകില്ല. ഇത്തരം ഒരു നീച തിന്മയില്‍ അവര്‍ പങ്കാളികളുമാകില്ല.’ അതായിരുന്നു ഇക്കാര്യത്തില്‍ അദ്ദേഹത്തിന്റെ ഉറച്ച നിലപാട്. ചാരക്കഥ വ്യാജമെന്ന് പറഞ്ഞതിനെ അക്രമിച്ചവരും അപഹസിച്ചവരും ഒടുവില്‍ പരിഹാസ്യരാകുന്നത് കേരളം കണ്ടു, കേട്ടു. അസീസ് മൗലവിയായിരുന്നു ശരി. അല്ല, അദ്ദേഹത്തിന്റെ അറിവും ബോധ്യവുമായിരുന്നു ശരി. സത്യത്തിന്റെ സൂചി എല്ലാകറക്കങ്ങളും കഴിഞ്ഞ് യഥാസ്ഥാനത്ത് വന്നുനില്‍ക്കുന്നു. അതെ മാധ്യമങ്ങളുടെ ചാരക്കഥ ചാരമായി.
‘..നിഷ മോള്‍ക്ക് ഉടുപ്പും വാങ്ങി മറിയം റഷീദ പോയി’ എന്ന വാര്‍ത്ത പ്രസിദ്ധീകരിച്ചുകൊണ്ടാണ് ആ അധ്യായം ചന്ദ്രിക പത്രത്തില്‍ ഈ കുറിപ്പുകാരന്‍ ആഘോഷിച്ചത്. മറിയം റഷീദ കേരളത്തിലേക്ക് വരുമ്പോള്‍ അവരുടെ മകള്‍ക്ക് 12 വയസായിരുന്നു. നാല് വര്‍ഷത്തിന് ശേഷം ജയില്‍ വാസവും പീഡനങ്ങളും കഴിഞ്ഞ് തിരിച്ചുപോകുമ്പോള്‍ നിഷ മോള്‍ക്കായി വാങ്ങിയ ഉടുപ്പുമായി ബന്ധപ്പെടുത്തി നല്‍കിയ ആ വാര്‍ത്തയില്‍ അത്രയും നാള്‍ സ്വീകരിച്ചു പോന്ന നിലപാടുകളത്രയും ചുരുക്കി വിവരിച്ചപ്പോള്‍ ഒരു പത്രപ്രവര്‍ത്തകന്‍ എന്ന നിലക്കനുഭവിച്ച ആഹ്ലാദം അക്ഷരങ്ങളില്‍ ഒതുങ്ങുന്നതല്ല. അതിപ്പോഴും എന്റെ സന്തോഷത്തിന്റെ ഋതുവാണ്. വിജയത്തിന്റെ വസന്തമാണ്. ഇന്നില്ലാത്ത, ഇന്ത്യാവിഷന്‍ ചാനലില്‍ ‘മാധ്യമ പക്ഷത്തെ’ ക്കുറിച്ച് നടന്ന ഒരു ചര്‍ച്ച (31.12.2007ന്) ഓര്‍ക്കട്ടെ, മാധ്യമങ്ങളുടെ നിലപാടിനെ വിമര്‍ശിക്കവേ, മുന്‍ ടെക്‌നോപാര്‍ക്ക് സി.ഇ. ഒ.യും പ്രമുഖ ഐ.ടി വിദഗ്ധനുമായ കെ. വിജയരാഘവന്റെ ചോദ്യം മാധ്യമങ്ങള്‍ ആഘോഷിച്ച ചാരക്കഥ വ്യാജമായിരുന്നുവെന്ന് തെളിഞ്ഞപ്പോള്‍ എത്രമാധ്യമങ്ങള്‍ ഖേദം പ്രകടിപ്പിച്ചു?. ഏഷ്യാനെറ്റ് ചീഫ് ഓഫ് പ്രോഗ്രാം ടി.എന്‍ ഗോപകുമാറില്‍ നിന്നാണ് ആ ചോദ്യത്തിന് അന്ന് പ്രതികരണമുണ്ടായത്. നമ്പിനാരായണനെ (ഐ.എസ്.ആര്‍.ഒ ചാരക്കഥയുടെ പേരില്‍ ഏറെ പീഡിപ്പിക്കപ്പെട്ട ശാസ്ത്രജ്ഞന്‍. ഈ പീഡന നാളുകളിലെപ്പോഴോ അദ്ദേഹത്തിന്റെ പ്രിയപത്‌നിയുടെ മനോനില തെറ്റുക പോലുമുണ്ടായി. ഇന്നദ്ദേഹം കാലത്തിന് മുന്നില്‍ തിളങ്ങി നില്‍ക്കുന്നു) വിളിച്ച് ഞാന്‍ ക്ഷമ ചോദിച്ചിരുന്നു. എന്നായിരുന്നു അക്കാലത്ത് നിലവിലുണ്ടായിരുന്ന സ്വകാര്യ മലയാളം ചാനലായ ഏഷ്യാനെറ്റിന്റെ പ്രോഗ്രാം തലവന്റെ പ്രതികരണം. ടി.എന്‍.ജിയും അദ്ദേഹത്തിന്റെ ചാനലും അത്രയെങ്കിലും ചെയ്തു. പത്രങ്ങളോ? ചാരക്കഥയുടെ ഗുണഫലം ഏറെ അനുഭവിച്ച രാഷ്ട്രീയക്കാരോ?

കുഞ്ഞമ്മദ് വാണിമേല്‍
( ചന്ദ്രികയുടെ മുന്‍ തിരുവനന്തപുരം റിപ്പോര്‍ട്ടര്‍, ഇപ്പോള്‍ മലയാളം ന്യൂസ് എഡിറ്റര്‍)

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending