‘മാലാഖമാരെ’ ഇനിയും അപമാനിക്കണോ

ആഗസ്റ്റ് മധ്യേ വീശിയടിച്ച നൂറ്റാണ്ടിലെ അത്യപൂര്‍വ പ്രളയക്കെടുതിയുടെ അവസ്ഥാന്തരങ്ങള്‍ മലയാളിയുടെ ജീവിത ഭാവിയെ തുറിച്ചുനോക്കുന്ന പതിതകാലഘട്ടമാണിത്. പ്രളയബാധിതരുടെ പുനരധിവാസം, പാലങ്ങളും പാതകളുമടക്കമുള്ള സംസ്ഥാനത്തിന്റെ പുനര്‍നിര്‍മാണം, സുരക്ഷിതമായ ഭാവി തുടങ്ങിയ കാര്യങ്ങളില്‍ സ്വീകരിക്കേണ്ട അതിനിര്‍ണായകമായ തീരുമാനങ്ങളും നടപടികളുമാണ് ഓരോ മേഖലയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്തെ പകുതിയോളം മനുഷ്യര്‍ ഇരയായ കെടുതിയുടെ തീവ്രത കണ്ട് മനംനൊന്തവര്‍ ലോകത്തിന്റെ വിവിധ കോണുകളില്‍നിന്ന് വാക്കുകളാലും വസ്തുക്കളായും അര്‍ത്ഥത്താലും സഹായങ്ങള്‍ ഇവിടേക്ക് വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. അതിന് കാരണം നാം നൂറ്റാണ്ടുകളായി പിന്തുടരുന്ന സാംസ്‌കാരികമായ ഔന്നത്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പലതവണ ഓര്‍മിപ്പിക്കുകയുണ്ടായി. എന്നാല്‍ ഇത്തരം തീരാവ്യഥകള്‍ക്കും മനുഷ്യ സ്പര്‍ശത്തിനുമിടയിലാണ് സ്ത്രീ സുരക്ഷയടക്കമുള്ള വിഷയങ്ങളില്‍ നിരവധി ഗൗരവമായ ആരോപണങ്ങള്‍ അദ്ദേഹം ഭരിക്കുന്ന സംസ്ഥാന ആഭ്യന്തര വകുപ്പിനെതിരെ തീമഴ പോലെ ഉയര്‍ന്നുവന്നിരിക്കുന്നത്.
2014 മുതല്‍ പതിമൂന്ന് തവണയായി കാത്തലിക് ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതിപ്പെട്ട കോട്ടയത്തുകാരിയായ കന്യാസ്ത്രീക്കും ബന്ധുക്കള്‍ക്കും അവരുടെ സമൂഹത്തിനും പരാതിപ്പെട്ട് രണ്ടര മാസമായിട്ടും സാമാന്യനീതി കിട്ടുന്നില്ലെന്ന് മാത്രമല്ല, അവരോട് എപ്പോള്‍ അത് ലഭ്യമാകുമെന്ന് ഉറപ്പുപറയാന്‍ പോലും പൊലീസിന് കഴിയുന്നില്ല. കന്യാസ്ത്രീയെ ബിഷപ്പ് ബലാല്‍സംഗം ചെയ്തുവെന്നതിന് തെളിവുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍തന്നെ ഹൈക്കോടതിക്ക് മൊഴി നല്‍കിയതാണ്. എന്നിട്ടും കന്യാസ്ത്രീക്ക് നീതി ലഭിക്കാന്‍ അവരുടെ അഞ്ച് സഹപ്രവര്‍ത്തകര്‍ക്ക് പരസ്യപ്രതിഷേധവുമായി തെരുവിലിറങ്ങേണ്ടിവന്നിരിക്കുന്നുവെന്നത് നമ്മുടെ ഭരണ സംവിധാനത്തിന് മാത്രമല്ല, ജനാധിപത്യത്തിനാകെതന്നെ നാണക്കേടാണ്. എറണാകുളത്ത് കഴിഞ്ഞ നാലു ദിവസമായി കന്യാസ്ത്രീകള്‍ നടത്തിവരുന്ന സമരത്തിന് കേരളീയപൊതുസമൂഹത്തില്‍നിന്ന് വന്‍ പിന്തുണ ലഭിച്ചുവരുന്നതെങ്കിലും ആഭ്യന്തര വകുപ്പും സര്‍ക്കാരും കാണേണ്ടിയിരുന്നു. ഇത്തരമൊരു ദയനീയ സ്ഥിതിവിശേഷം കേരളത്തെ സംബന്ധിച്ചിടത്തോളം കേട്ടുകേള്‍വിയില്ലാത്തതാണ്. കേരളത്തിന്റെ സാമൂഹിക വികസനത്തില്‍ കന്യാസ്ത്രീകള്‍ വഹിച്ച പങ്കിന് സമംവെക്കാന്‍ മറ്റൊരു വിഭാഗം വേറെയില്ലെന്നിരിക്കെ നീതിതരൂ എന്ന് തെരുവിലിറങ്ങി അപേക്ഷിക്കേണ്ട ഗതികേട് ഭൂമിയിലെ മാലാഖമാര്‍ക്ക് ഉണ്ടായെങ്കില്‍ ചരിത്രം ഇവിടുത്തെ ഭരണാധികാരികള്‍ക്കും സി.പി.എം കക്ഷിക്കും മാപ്പുനല്‍കില്ല.
പഞ്ചാബ് ജലന്ധറിലെ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീ ജൂണ്‍ 28ന് നല്‍കിയ പരാതിയില്‍ അറസ്റ്റുള്‍പ്പെടെയുള്ള നടപടിയെടുക്കാന്‍ പൊലീസിന് എന്തു തടസ്സമാണെന്ന് ഇതുവരെയും വ്യക്തമല്ല. നിയമത്തിന് ആരും അതീതരല്ലെന്ന് കേരള ഹൈക്കോടതി കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കി. കന്യാസ്ത്രീ ചൂണ്ടിക്കാണിച്ച ദിവസം സന്യാസിനീമഠത്തില്‍ ബിഷപ്പ് താമസിച്ചുവെന്നതിനും അദ്ദേഹം ഇരയെ പരാതി നല്‍കിയ ശേഷവും അപകടപ്പെടുത്താന്‍ ശ്രമിച്ചുവെന്നതിനും നിരവധി തെളിവുകളാണ് പൊലീസിനു മുമ്പാകെ എത്തിച്ചേര്‍ന്നിരിക്കുന്നത്. കഴിഞ്ഞ മാസമാദ്യം ജലന്ധറില്‍ചെന്ന വൈക്കം ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വെറും കയ്യോടെ മടങ്ങേണ്ടിവന്നുവെന്നതിന് കാരണം അന്വേഷണ ഉദ്യോഗസ്ഥരുടെ കൈകളില്‍ ഉന്നത ഭരണനേതൃത്വത്തില്‍ നിന്നുള്ള ചങ്ങല വീണിട്ടുണ്ടെന്നതിന് തെളിവാണ്. ആരോപണം ഉന്നയിച്ച കന്യാസ്ത്രീ കാത്തലിക് ആസ്ഥാനമായ വത്തിക്കാനും ഇന്ത്യയിലെ ബിഷപ്പ് സമൂഹത്തിനും നല്‍കിയ പരാതിയില്‍, ബിഷപ്പ് ഫ്രാങ്കോ രാഷ്ട്രീയ സ്വാധീനവും പണവും ഉപയോഗപ്പെടുത്തി നിയമ നടപടികളില്‍ നിന്ന് രക്ഷപ്പെടുന്നുവെന്നാണ് ആരോപിച്ചിരിക്കുന്നത്.
ബിഷപ്പിന്റെ പീഡനത്തിന് ഇരയായ കന്യാസ്ത്രീക്ക് സഭയില്‍ നിന്നും നീതി കിട്ടാത്തതിനെ തുടര്‍ന്നാണ് തെരുവിലിറങ്ങേണ്ടിവന്നതെന്നാണ് സമരക്കാര്‍ പറയുന്നത്. മറ്റൊരിടവും ഇല്ലാതെ വന്നതിനെ തുടര്‍ന്നാണ് പൊതുജനത്തിനു മുന്നിലേക്ക് തങ്ങള്‍ക്ക് വരേണ്ടി വന്നതും പൊലീസിനെയും കോടതിയെയും സമീപിക്കേണ്ടി വന്നതും. സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് വിഷയത്തില്‍ വേണ്ടവിധത്തിലുള്ള നടപടി സ്വീകരിക്കാന്‍ തടസം നില്‍ക്കുന്നതെന്നാണ് ഇപ്പോള്‍ തങ്ങള്‍ മനസിലാക്കുന്നത്. ഇരയെ സംരക്ഷിക്കാതെ വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് ഉണ്ടാകുന്നതെന്നും സമരക്കാര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം സന്യാസിനീ സമൂഹത്തെയാകമാനം അപമാനിക്കുന്ന പ്രസ്താവന നടത്തിയ നിയമസഭാസാമാജികന്‍ കേരളീയ പ്രബുദ്ധതയുടെ മേല്‍ പരക്കം പായുന്നു. ഒരു സാധാരണക്കാരനെതിരെയാണ് സമാനമായ പരാതികള്‍ കിട്ടിയിരുന്നതെങ്കിലോ യു.ഡി.എഫ് ഭരണകാലത്താണെങ്കിലോ മാസങ്ങള്‍ കഴിഞ്ഞിട്ടും ഇവ്വിധം എവിടെയും തൊടാതെ സംസാരിക്കാന്‍ ഇടതുപക്ഷത്തിനും പൊലീസിനും കഴിയുമായിരുന്നോ? ഇതിനെതിരെയൊക്കെ പ്രതികരിക്കേണ്ട വനിതാകമ്മീഷനും സി.പി.ഐയടക്കമുള്ള ഇതര കക്ഷികള്‍ക്കും നാവ് വഴങ്ങുന്നതേയില്ല.
സ്ത്രീ പീഡകര്‍ക്ക് കയ്യാമം വെക്കുമെന്ന് പറഞ്ഞവര്‍ പീഡന വീരന്‍മാര്‍ക്ക് പൂമാലയൊരുക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. വോട്ടു ബാങ്ക് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ചരടുകളാണിതെങ്കില്‍, സമാനമായ മറ്റൊരു പീഡന പരാതിയില്‍ സ്വന്തം പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കുമെന്നതായിരിക്കണം സ്വന്തം നിയമസഭാസാമാജികനായ പി.കെശശിക്കെതിരെ അനങ്ങാപ്പാറനയം സ്വീകരിക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്. പാര്‍ട്ടിക്കാരിയുടെ പരാതിയില്‍ പാര്‍ട്ടി നേതാവിനെതിരെ പാര്‍ട്ടി നേതൃത്വം അന്വേഷിക്കുമെന്ന് പറയുന്നത് കമ്യൂണിസ്റ്റുകള്‍ക്ക് മാത്രമേ അനുസരിക്കാന്‍ കഴിയൂ. എല്ലാം പാര്‍ട്ടിയാണെന്ന് പറയാന്‍ മുമ്പ് കമ്യൂണിസ്റ്റുകള്‍ ഭരിച്ച് അടിയറവു പറഞ്ഞ സോവിയറ്റ് റഷ്യയല്ല ജനാധിപത്യഇന്ത്യ. രാജ്യത്തെ ഭരണഘടനയും ചട്ടങ്ങളുമൊന്നും തങ്ങള്‍ക്ക് ബാധകമല്ലെന്ന തോന്നല്‍ തത്കാലത്തേക്ക് ഉപകരിക്കുമെങ്കിലും ജനാധിപത്യ രാഷ്ട്രീയത്തില്‍ അഹന്താനിര്‍ഭരമായ ധാര്‍ഷ്ട്യത്തിനും കബളിപ്പിക്കലിനും ഒരിറ്റും പ്രസക്തിയില്ലെന്ന് ഓര്‍മയിലുണ്ടാകട്ടെ.

SHARE